ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 കോടി കടന്നു. 10,02,80,252 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 21,49,387 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 7,22,89,169 പേരാണ് രോഗമുക്തി നേടിയതെന്നും വേൾഡോ മീറ്ററിന്റെ കണക്കിൽ പറയുന്നു.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 2,58,61,597 പേർക്കാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. 1,06,77,710 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ബ്രസീൽ, റഷ്യ, യു.കെ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, തുർക്കി, ജർമനി തുടങ്ങിയവയാണ് കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള മറ്റു രാജ്യങ്ങൾ.
അതേസമയം, യുകെയിലും ദക്ഷിണാഫ്രിക്കയിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതിതീവ്ര കൊറോണ വൈറസ് ഇന്ത്യയുൾപ്പെടെ 50ൽ അധികം രാജ്യങ്ങളിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.