“സ്ത്രീകളുടെ പുരോഗതി എത്രത്തോളമുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ പുരോഗതി വിലയിരുത്തേണ്ടത്,” ഇന്ത്യന്‍ ഭരണഘടന ശില്‍പി ഡോ. ഭീംറാവു രാംജി അംബേദ്കറുടെ വാക്കുകളാണിവ. ഭരണഘടനാ നിര്‍മാണ വേളയില്‍ സ്ത്രീകളുടെ ക്ഷേമത്തിനായുള്ള ചട്ടങ്ങള്‍ക്കുവേണ്ടി അംബേദ്കര്‍ വാദിച്ചു. സ്ത്രീയ്ക്കും പുരുഷനും തുല്യപദവി നിഷ്കര്‍ഷിക്കുന്ന, ആര്‍ട്ടിക്കിള്‍ 14-16 ചട്ടങ്ങള്‍ അങ്ങനെ രൂപീകൃതമായി. സ്ത്രീകളുടെ ഉന്നമനം സമൂഹത്തിന്‍റെ വളര്‍ച്ചയിലെ സുപ്രധാന ഘടകമായി പരിഗണിക്കപ്പെടുന്ന രാജ്യത്ത് പക്ഷെ, ലിംഗ സമത്വത്തിനായുള്ള മുറവിളികള്‍ പൂര്‍വ്വാധികം ശക്തമായി ഇന്നും പ്രതിധ്വനിക്കുന്നു.
സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സ്ത്രീകളുടെ ഉന്നമനമാണ് സ്ത്രീ ശാക്തീകരണം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. അതൊരു പോരാട്ടമാണ്. നിലവിലുള്ള സാമൂഹിക വ്യവസ്ഥകള്‍ക്ക് വായ്ക്കരിയിട്ട് പ്രതിസന്ധികളോട് പൊരുതിക്കൊണ്ടുള്ള മുന്നേറ്റം. ഒരു പെണ്‍കുഞ്ഞ് പിറന്നു വീഴുന്നതു മുതല്‍ ശാക്തീകരണത്തിലേക്കുള്ള അവളുടെ പോരാട്ട വഴികളും തുറക്കുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ പരിഛേദത്തില്‍ വലിയൊരു വിഭാഗം ആള്‍ക്കാര്‍ മകള്‍ക്ക് പകരം മകനെ ആഗ്രഹിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ പെണ്‍ഭ്രൂണഹത്യ പോലുള്ള ക്ഷുദ്രകര്‍മ്മങ്ങളോട് പൊരുതി വേണം അവള്‍ക്ക് മണ്ണിന്‍റെ മടിത്തട്ടിലേക്ക് നാഭിയറ്റു വീഴാന്‍.

ഈ ഘട്ടം പൂര്‍ത്തീകരിച്ച പെണ്‍ കരുന്നുകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥാപിത പെണ്‍ സങ്കല്‍പ്പങ്ങളോടാണ് അടുത്ത ഘട്ട പോരാട്ടം ആരംഭിക്കുന്നത്. അടിസ്ഥാന അവകാശങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഇന്ത്യയിലെ മിക്കപെണ്‍കുട്ടികള്‍ക്കും ഇന്നും അപ്രാപ്യമാണ്. ശൈശവ വിവാഹം, ബാലവേല, ലിംഗഅസമത്വം, ശാരീരിക പീഡനം അങ്ങനെ എണ്ണംപറഞ്ഞ ദുരന്തങ്ങൾ പെൺകുഞ്ഞുങ്ങൾ സഹിക്കുന്നുണ്ട്. അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതിലൂടെ മുഖ്യധാരയിലേക്ക് കടന്നുവരാനും അവര്‍ക്ക് സാധിക്കുന്നില്ല.
ഇന്ത്യയുടെ ജനസംഖ്യയിലെ ലിംഗഅസമത്വം തള്ളിക്കളയാനാവില്ല. ഒരു രാജ്യത്തെ ജനസംഖ്യയിലെ ലിംഗസന്തുലിതാവസ്ഥ ആ രാജ്യത്തെ ജനന സമയത്തെ ലിംഗാനുപാതത്തെയും മരണ സമയത്തെ ലിംഗാനുപാതത്തെയും രാജ്യത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള കുടിയേറ്റത്തെയും അനുസരിച്ചിരിക്കും. ജനനത്തില്‍ പെണ്‍കുട്ടികളുടെ എണ്ണത്തിലുള്ള പ്രാതിനിധ്യ കുറവും മരണത്തില്‍ താരതമേന്യ ഉയര്‍ന്ന പ്രാതിനിധ്യവും ഇന്ത്യയിലെ ലിംഗാനുപാതം പുരുഷന് അനുകൂലമാക്കുന്നു. ഇത് രാജ്യത്ത് പെണ്‍കുട്ടികള്‍ക്കുള്ള സ്ഥാനം വിളിച്ചോതുന്നു.

അവഗണന, പോഷകാഹാരകുറവ്, വിളര്‍ച്ച തുടങ്ങിയവയും അനുബന്ധമരണനിരക്കും സ്ത്രീകളിലും കുട്ടികളിലും താരതമ്യേന കൂടുതലായതു കൊണ്ടാണ് ജനസംഖ്യയിലെ ലിംഗഅസമത്വം നിലനില്‍ക്കുന്നത് എന്ന വാദം മുന്‍കാലങ്ങളില്‍ ശക്തമായിരുന്നു. എന്നാല്‍ ജനന സമയത്തെ ലിംഗാനുപാതം പരിശോധിച്ചാല്‍ ജനനത്തിനു മുന്‍പ് ഗര്‍ഭാശയത്തില്‍ വെച്ചു തന്നെ ലിംഗ നിര്‍ണയത്തിനായുള്ള ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. ലിംഗാധിഷ്ഠിത തെരെഞ്ഞെടുക്കലില്‍ ആണ്‍കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നത് വര്‍ഷത്തില്‍ ഏകദേശം 5.7 ലക്ഷം പെണ്‍കുട്ടികളെ അപത്യക്ഷമാക്കുന്നുണ്ടെന്നാണ് യുഎന്‍എഫ്പിഎ (യുണൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ട്) കണക്കുകള്‍ വ്യക്തമാക്കുന്നത്.
യുഎന്‍എഫ്പിഎയുടെ ലോക ജനസംഖ്യ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 90% ജില്ലകളിലും സ്ത്രീകളുടെ മരണനിരക്ക് കൂടുതലാണ്. അഞ്ചു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ മരണമാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ കണക്കില്‍ ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങളാണ് മുന്നില്‍. പോഷകാഹാരക്കുറവാണ് പെണ്‍കുട്ടികളുടെ മരണത്തിനുള്ള പ്രധാനകാരണമെന്നാണ് 2020ന്‍റെ അവസാനത്തോടെ സമര്‍പ്പിച്ച ദേശീയ കുടുംബാരോഗ്യ സർവെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പോഷകാഹാരക്കുറവ് കാരണം മരണപ്പെടുന്ന ആണ്‍കുട്ടികളെക്കാള്‍ 8.3 ശതമാനം കൂടുതലാണ് പെണ്‍കുട്ടികളുടെ മരണമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലുള്ള , സാമൂഹ്യ-സാംസ്കാരിക മാനദണ്ഡങ്ങൾ, അസമത്വങ്ങൾ, വിവേചനങ്ങള്‍ എന്നിവ ഇതില്‍ പ്രധാന പങ്കു വഹിക്കുന്നതായി സര്‍വ്വെയില്‍ തെളിഞ്ഞിട്ടുണ്ട്.
On National Girl Child Day, here’s a primer on how the prevailing inequalities, socio-cultural norms, and discrimination in providing nutrition to girls impacts the entire nation.
By Prapti Adhikari and Shuma Banik @AMB_IEG @tini_tatatrusts @Outlookindia https://t.co/M2urH80oEa— Outlook Poshan (@OutlookPoshan)
January 23, 2021
ആണ്‍കുട്ടികള്‍ക്ക് പരിഗണന ലഭിക്കുന്ന വീടുകളില്‍ പെണ്‍കുട്ടികള്‍ പിറന്നാല്‍ മുലയൂട്ടുന്നതില്‍ വരെ അസമത്വം നിലനില്‍ക്കുന്നതായി പ്രസ്തുത സര്‍വ്വെ വ്യക്തമാക്കുന്നു. മുലയൂട്ടുന്നത് നേരത്തെ നിര്‍ത്തുകയും തല്‍ഫലമായി പെണ്‍കുഞ്ഞുങ്ങളില്‍ പോഷാകാഹാരക്കുറവ് സാരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. വളരെ ചെറു പ്രായത്തില്‍ തന്നെ പാചകം, വീട്ടു ജോലി, സഹോദരങ്ങളുടെ പരിപാലനം തുടങ്ങിയ ചുമതലകള്‍ പെണ്‍കുട്ടികളില്‍ നിക്ഷിപ്തമാണ്. ഇത് പോഷാകാഹാരം ലഭ്യമാകുന്നതിലെ വിവേചനം വളര്‍ത്തുന്നു. ചെറുപ്രായത്തില്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്ന ഈ പെണ്‍കുട്ടികള്‍ സ്വാഭാവികമായും ജന്മം നല്‍കുന്നതും അനാരോഗ്യരായ കുഞ്ഞുങ്ങള്‍ക്കായിരിക്കും.
ശൈശവ വിവാഹ നിരോധനനിയമവും വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തലും പ്രാബല്യത്തില്‍ വരുത്തി വര്‍ഷങ്ങള്‍ക്ക് ശേഷവും ചെറുപ്രായത്തില്‍ തന്നെ വിവാഹിതരാകുന്നവരുടെ എണ്ണം കുറക്കുന്നതില്‍ അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ രാജ്യത്തിനായില്ലെന്നതാണ് വസ്തുത. സാമൂഹ്യ നീതി വകുപ്പ് തയ്യാറാക്കിയ കണക്കനുസരിച്ച് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 220 ശൈശവ വിവാഹങ്ങളാണ് പ്രബുദ്ധ കേരളത്തില്‍ പോലും നടന്നത്. അങ്ങനെയെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യമെന്തായിരിക്കും?
യുണിസെഫിന്റെ 2019 ലെ കണക്കുകള്‍ പ്രകാരം ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത ശൈശവ വിവാഹങ്ങളുടെ മൂന്നിലൊന്ന് ഇന്ത്യയിലാണ്. രാജ്യത്ത് 27 ശതമാനത്തിലധികം പെൺകുട്ടികൾ പതിനെട്ട് വയസ്സിന് മുമ്പും 7 ശതമാനം പേർ 15 വയസ്സിനു മുമ്പും വിവാഹിതരാകുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ഓരോ വർഷവും 18 വയസ്സിന് താഴെയുള്ള 1.5 ദശലക്ഷം പെൺകുട്ടികളാണ് ഇന്ത്യയിൽ വിവാഹിതരാകുന്നത്. 15-19 വയസ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളിൽ 16 ശതമാനവും നിലവിൽ വിവാഹിതരാണ്. കോവിഡ് മഹാമാരി കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് നിരവധി ശൈശവ വിവാഹങ്ങള്‍ രാജ്യത്ത് നടന്നതായി ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
India’s Covid crisis sees rise in child marriage and trafficking https://t.co/c1gYCitqj7
— BBC News (World) (@BBCWorld)
September 17, 2020
സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നീക്കം വ്യത്യസ്തങ്ങളായ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. മാതൃമരണനിരക്ക് കുറയ്ക്കുക പെണ്‍കുട്ടികളുടെ പോഷക സമൃദ്ധിയും ആരോഗ്യവും വര്‍ധിപ്പിക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു ഈ തീരുമാനത്തിന് പുറകില്‍. എന്നാല്‍, സര്‍ക്കാര്‍ ഉന്നംവെയ്ക്കുന്ന ലക്ഷ്യത്തിലെ അപ്രയോഗികതയും വിവാഹപ്രായം ഉയര്‍ത്തുന്നതിലെ അവ്യക്തതയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകളുടെ ഉന്നമനം എന്നാല്‍ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ മാത്രമായി ഒതുങ്ങുന്നതില്‍ അര്‍ത്ഥമില്ലെന്നും വിദ്യാഭ്യാസവും മറ്റു അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കാനുള്ള കാര്യക്ഷമമായ നടപടികളാണ് വേണ്ടെതെന്നുമായിരുന്നു ഇതില്‍ പ്രധാന വാദം.
വിവാഹം, ദാമ്പത്യജീവിതം, മാതൃത്വം, ശിശുപരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ പക്വവും സ്വതന്ത്രവുമായ തീരുമാനങ്ങളെടുക്കാനും ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കാനും ബിരുദമോ അതിനു മുകളിലോ ഉള്ള വിദ്യാഭ്യാസം ആവശ്യമാണെന്നാണ് വിവാഹപ്രായപരിധി ഉയര്‍ത്തുന്നതിലെ കേന്ദ്ര നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തിയവര്‍ ചൂണ്ടിക്കാണിച്ചത്. സ്ത്രീകള്‍ നേരിടുന്ന വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയായി വിവാഹപ്രായ പുനര്‍നിര്‍ണയത്തെ അവതരിപ്പിക്കുന്നത് നിരര്‍ത്ഥകമാണെന്നായിരുന്നു വിദഗ്ദരുടെ അഭിപ്രായം. വിവാഹപ്രായം ഉയര്‍ത്തുന്നതോടൊപ്പം പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായിക്കുന്ന സ്‌കോളര്‍ഷിപ്പുകളടക്കമുള്ള പദ്ധതികള്‍ കൂടി നിലവില്‍ വരുത്തണമെന്നായിരുന്നു ഇക്കൂട്ടര്‍ പ്രധാനമായും മുന്നോട്ടുവച്ച ആശയം.
Increase women’s marriage age to 21 for health benefits — Modi govt task force recommends
Sanya Dhingra @DhingraSanya reports#ThePrintExclusivehttps://t.co/CTQrLcfAGw
— ThePrintIndia (@ThePrintIndia)
January 15, 2021
വിദ്യാഭ്യാസ അവകാശ നിയമം പാസായി ഒരു ദശകം കഴിഞ്ഞിട്ടും രാജ്യത്തെ ജനസംഖ്യയിലെ 40 ശതമാനത്തിലധികം കൗമാരക്കാരായ പെണ്‍കുട്ടികള്‍ സ്‌കൂള്‍ അധ്യയനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുണിസെഫിന്‍റെ ‘റൈറ്റ് റ്റു എഡ്യൂക്കേഷന്‍ ഫോറം ആന്‍റ് സെന്‍റര്‍ ഫോര്‍ ബജറ്റ് പോളിസി സ്റ്റഡീസ്’ നടത്തിയ പഠനത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 15-നും 18-നും ഇടയില്‍ പ്രായമുള്ള 30ശതമാനം പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല. രാജ്യത്തെ ജനസംഖ്യയിലെ 65 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസമുള്ളത്. അതേസമയം, പെൺകുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കുന്നതിൽ ഇന്ത്യയിൽ കേരളമാണ് ഒന്നാമത്.
പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന നിരവധി പദ്ധതികള്‍ രാജ്യത്ത് നിലവിലുണ്ട്. ബേട്ടി ബചാവോ ബേട്ടി പഠാവോ 2015 ജനുവരി 22നാണ് ബിജെപിയുടെ അഭിമാനപദ്ധതിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കുറഞ്ഞുവരുന്ന പെണ്‍ശിശു ജനനനിരക്ക് വർധിപ്പിക്കുക, പെൺകുട്ടികളോടുള്ള സമൂഹത്തിന്‍റെ മനോഭാവത്തിൽ മാറ്റം വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്.

എന്നാല്‍, സർക്കാർ തന്നെ നൽകിയ രേഖകളനുസരിച്ച് 2015ൽ നിന്ന് 2019ലേക്ക് എത്തുമ്പോൾ പദ്ധതിയുടെ ലക്ഷ്യം പ്രചാരണവും പ്രശസ്തിയും മാത്രമായി ചുരുങ്ങിയെന്നാണ് വ്യക്തമാകുന്നത്. 2015ൽ പെൺശിശു ജനനനിരക്ക് കുറഞ്ഞ 100 ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനം. രണ്ടാം ഘട്ടത്തിൽ 61 ജില്ലകളെക്കൂടി പദ്ധതിയിൽ ചേർത്തു. ഈ 161 ജില്ലകളിലെയും പെൺശിശു ജനനനിരക്ക് അനുപാതം പരിശോധിക്കുമ്പോൾ പദ്ധതിക്ക് ഇവിടങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നത് മനസ്സിലാക്കാം. ഫണ്ടുകൾ വകയിരുത്തുന്നതിലെ അപാകതയാണ് പദ്ധതിയുടെ ഭാഗിക പരാജയത്തിന് പിന്നിൽ എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
സ്കൂളിലെത്താത്ത 11–14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് വർഷത്തിൽ 300 ദിവസം പോഷകാഹാരം ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരുകൾ വഴി നടപ്പാക്കുന്ന പോഷകാഹാര പദ്ധതി, ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള കുടുംബത്തിലെ പെണ്‍കുഞ്ഞുങ്ങളുടെ പേരിൽ ആരംഭിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയായ ബാലികാ സമൃദ്ധി യോജന, ഏകമകൾക്ക് പി ജി കോഴ്സുകൾക്ക് പഠിക്കാൻ അവസരം ഉറപ്പുവരുത്തുന്ന ഇന്ദിരാഗാന്ധി സ്കോളർഷിപ്പ്, എസ്‍സി, എസ്‍ടി വിഭാഗത്തിലെ എട്ടാം ക്ലാസ് വിജയിച്ച പെൺകുട്ടികൾക്ക് 3000 രൂപ സർക്കാർ സ്ഥിരനിക്ഷേപമായി നൽകുന്ന ഇൻസെന്‍റീവ് സ്കീം, ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് പ്രതിവർഷം 6000 രൂപവരെ അനുവദിക്കുന്ന ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ് തുടങ്ങി നിരവധി പദ്ധതികള്‍ വേറെയുമുണ്ട്. എന്നാല്‍, അവയൊന്നും പ്രഖ്യാപനങ്ങള്‍ക്കൊത്ത് ഉയരുന്നില്ലെന്നതും ആവശ്യക്കാരിലേക്ക് എത്തുന്നില്ലെന്നതും മറ്റൊരു വസ്തുത.

പെണ്‍കുട്ടികള്‍ നേരിടുന്ന അസമത്വങ്ങളും വിവേചനങ്ങളും അവസാനിപ്പിച്ച് അവരുടെ തുല്യ പദവി അംഗീകരിക്കുന്നിടത്താണ് സ്ത്രീകളും സമൂഹവും അതുവഴി ദേശവും പുരോഗമനം കൈവരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കാര്യക്ഷമമായ കര്‍മ്മ പരിപാടികളും അവയുടെ കൃത്യമായ മേല്‍നോട്ടവുമാണ് നമുക്കാവശ്യം. വര്‍ഷത്തിലൊരു വട്ടം ബാലിക ദിനമോ വനിത ദിനമോ വരുമ്പോള്‍ സമത്വത്തിനും അവകാശ സംരക്ഷണത്തിനും നിലകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കുന്നതുകൊണ്ട് ഒന്നും മാറുന്നില്ല. വര്‍ഷാവര്‍ഷം സ്ത്രീ ശാക്തീകരണം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് അതിനാലാണ്.
കാലാകാലങ്ങളായി നിലനില്‍ക്കുന്ന സ്ത്രീ സങ്കല്‍പ്പങ്ങളും സമൂഹത്തിന്‍റെ അടിയുറച്ച ചട്ടങ്ങളും മാറാന്‍ സമയമെടുക്കും. സമത്വത്തിനായുള്ള ദീര്‍ഘദൂര യാത്രയില്‍ നാം പാതിവഴി കടന്നതേയുള്ളൂ. ദൃഢനിശ്ചയത്തോടെ പോരാട്ടവീര്യം ചോരാതെയുള്ള മുന്നേറ്റമാണ് അനിവാര്യം. എങ്കില്‍ മാത്രമേ അംബേദ്കറെപ്പോലുള്ള രാഷ്ട്രശില്‍പ്പികളുടെ സ്വപ്നങ്ങള്‍ നമുക്ക് ശിഥിലമാകാതെ കാക്കാന്‍ സാധിക്കൂ.