യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം; നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചയാള്‍ മരിച്ചു

കാസര്‍കോട്: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച മദ്ധ്യവയസ്‌കന്‍ മരിച്ചു. കാസര്‍കോട് ചെമ്മനാട് സ്വദേശി റഫീഖ് ആണ് മരിച്ചത്. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് കുമ്പള സ്വദേശിനിയോട് റഫീഖ് അപമര്യാദയായി പെരുമാറിയെന്നും നഗ്നതാപ്രദര്‍ശനം നടത്തിയെന്നുമാണ് ആരോപണം. യുവതിയോട് മോശമായി പെരുമാറിയ ഇയാളെ ആദ്യം യുവതി മര്‍ദ്ദിച്ചു. തുടര്‍ന്ന് ആളുകള്‍ വരുന്നത് കണ്ട് രക്ഷപ്പെട്ട് പുറത്തേക്കോടുന്നതിനിടെ സ്ഥലത്തെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരില്‍ ചിലരും ഓടിച്ച്‌ മര്‍ദ്ദിച്ചു. കാസര്‍കോട് ബസ്‌ സ്‌റ്റാന്റ് പരിസരത്ത് കുഴഞ്ഞുവീണ റഫീക്കിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണമടഞ്ഞു.

റഫീഖിന്റെ മൃതദേഹം നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ എന്നാണ് പോലീസ് നല്‍കുന്ന വിവരം.

അപമാനിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ റഫീഖിനെതിരെയും അസ്വാഭാവിക മരണത്തിന് കണ്ടാലറിയാവുന്നവര്‍ക്കെതിരെയും പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.