ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലി സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
സംഘര്‍ഷത്തില്‍ ചില പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്കാണ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘം മാര്‍ച്ച് നടത്തിയത്.
നൂറുകണക്കിന് പ്രവര്‍ത്തകരാണ് കൊടികളും പ്ലക്കാര്‍ഡുകളുമായി നഗരത്തിലെ ജവഹര്‍ ചൗക്ക് പ്രദേശത്ത് തടിച്ചുകൂടിയത്. ഇവര്‍ പിന്നീട് ഇവിടെനിന്ന് രാജ് ഭവനിലേക്ക് റാലി നടത്തുകയായിരുന്നു. രാജ് ഭവന് സമീപമെത്തിയതോടെ പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നോട്ടുനീങ്ങി. തുടര്‍ന്നാണ് പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിനായി പൊലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചത്.