ചെന്നൈ: കമല്‍ ഹാസനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. കമല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസില്‍ മത്സരാര്‍ഥിയായിരുന്നു ഇവര്‍. പിന്നീട് സുചിത്ര ഷോയില്‍നിന്ന് പുറത്താവുകയും ചെയ്തു.
ഷോയിലൂടെ കമല്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചരണം നല്‍കിയിരുന്നു. എല്ലാ മത്സരാര്‍ഥികള്‍ക്ക് ഖാദി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. എന്നാല്‍, കമല്‍ തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നല്‍കിയതെന്നും പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്നുമായിരുന്നു സുചിത്രയുടെ ആരോപണം.
കമലിനെ പരിഹസിച്ചുകൊണ്ട് ഒരു കവിത സുചിത്ര ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. കമല്‍ ഒരു പാവ കളിക്കാരന് ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നുമാണ് സുചിത്ര കുറിച്ചത്. സംഭവം വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
സുചി ലീക്ക്സിലൂടെ വിവാദങ്ങളില്‍ ഇടം നേടിയ ഗായികയാണ് സുചിത്ര. സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ധനുഷിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് നടിമാരുടെയും നടന്മാരുടെയും സ്വകാര്യചിത്രങ്ങളും പോസ്റ്റ് ചെയ്തു.
സംഭവത്തിന് ശേഷം സുചിത്ര സിനിമയില്‍നിന്ന് ഇടവേളയെടുത്തിരുന്നു. ഇവര്‍ മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയിലുമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും സിനിമയില്‍ മടങ്ങിയെത്തിയത്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായിരുന്നുവെന്ന വിശദീകരണമാണ് സുചിത്ര അന്ന് നല്‍കിയത്.