കോല്‍ക്കത്ത: കോല്‍ക്കത്തയില്‍ ബിജെപി നടത്തിയ റോഡ് ഷോയ്ക്ക് നേരെ കല്ലേറും കുപ്പിയേറും. കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്, തൃണമൂല്‍ വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരി എന്നിവര്‍ പങ്കെടുത്ത റാലിക്ക് നേരെയാണ് അക്രമം.
റോഡ് ഷോയ്ക്കുനേരെ കെട്ടിടങ്ങള്‍ക്ക് മുകളില്‍നിന്ന് കുപ്പിയേറുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പതാകയേന്തിയ ചിലര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. റോഡ് ഷോയ്ക്കുനേരെ കല്ലേറ് ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയാണ് കോല്‍ക്കത്തയില്‍ ബിജെപി റോഡ് ഷോ നടത്തിയത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സൗത്ത് കൊല്‍ക്കത്തയിലുള്ള മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപി നടത്തിയ പരിവര്‍ത്തന്‍ യാത്രകളാണ് ഇന്ന് കൊല്‍ക്കത്തയില്‍ നടന്നത്. ഏപ്രില്‍ – മെയ് മാസങ്ങളിലാവും പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ്.