ലഖ്നോ: ആമസോൺ പ്രൈം വെബ്സീരീസായ താണ്ഡവിനെതിരെ ഉത്തർപ്രദേശ് പൊലീസിൽ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി അണിയറ പ്രവർത്തകർക്കെതിരെയാണ് പരാതി.
താണ്ഡവിന്റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ് വിവാദ സീൻ. ശിവനോട് സാദൃശ്യം തോന്നുന്ന രീതിയിൽ വേഷം ധരിച്ച് നടനായ മുഹമ്മദ് സീഷൻ അയ്യൂബ് സ്റ്റേജ് പെർഫോമറായി എത്തി. ‘ആസാദി.. എന്താ….?’ എന്ന ഡയലോഗ് പറഞ്ഞു. എന്നിങ്ങനെയാണ് ആരോപണം. ഈ സീൻ ഹിന്ദു ദൈവങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും മതവികാരം വൃണപ്പെടുത്തുന്നതാണെന്നുമാണ് പരാതിയിൽ പറയുന്നത്.
മഹാരാഷ്ട്ര ബിജെപി എംഎൽഎ രാം കദമിന്റെ പരാതിയിൽ ആമസോൺ പ്രൈമിനോട് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയതിന് പിന്നാലെയാണ് യുപിയിലെ പരാതിയിൽ കേസെടുത്തത് . ലഖ്നോ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ അതേ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറാണ് പരാതി നൽകിയത്.
പരാതി നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി പരാതിയുടെ പകർപ്പ് ട്വിറ്ററിൽ പങ്കുവെച്ചു. യോഗി ആദിത്യനാഥിന്റെ യു.പിയിൽ ജനങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുന്ന ഒന്നിനെയും അനുവദിക്കാനാകില്ല. താണ്ഡവിനെതിരെ ഗുരുതരമായ കേസാണ് വിലകുറഞ്ഞ വെബ് സീരീസിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അണിയറ പ്രവർത്തകർ അറസ്റ്റിന് തയാറായിരുന്നോളൂ -ശലഭ മണി ത്രിപാഠി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.