പനാജി: 51-ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ തിരിതെളിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസസന്ധികളെ മറികടന്ന് ചലച്ചിത്രമേള സാധ്യമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈബ്രിഡ് രീതിയിലാണ് മേള. 2500 ഡെലിഗേറ്റുകൾക്ക് മാത്രമേ പ്രവേശനമുള്ളു. അല്ലാത്തവർക്ക് ഓൺലൈനായി സിനിമ കാണാനാകും. ജനുവരി 16 മുതൽ 24വരെയാണ് മേള നടക്കുന്നത്.
വിഖ്യാത സംവിധായകൻ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിനായാണ് സമർപ്പിക്കുന്നത്. ആകെ 224 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ അനതർ റൗണ്ടാണ് ഉദ്ഘാടന ചിത്രം. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്.
മലയാളത്തിൽ നിന്ന് അഞ്ച് ഫീച്ചർ സിനിമകളും ഒരു നോൺ ഫീച്ചർ ചിത്രവും മേളയിൽ ഇടംനേടിയിട്ടുണ്ട്. പ്രദീപ് കാളിപുറം സംവിധാനം ചെയ്ത ‘സേഫ്’, ഫഹദ് ഫാസിലിന്റെ അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’, ആസിഫ് അലി നായകനായെത്തിയ നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തിൽ ഇടം പിടിച്ചിരിക്കുന്ന സിനിമകള്‍. ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള മലയാള സിനിമ. ശരണ്‍ വേണുഗോപാലിന്റേതാണ് ചിത്രം.
15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുള്ളത്. ഈ വിഭാഗത്തില്‍ ഇത്തവണ മലയാള ചിത്രങ്ങളില്ല.അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന് പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്ശന്, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹുസൈന്(ബംഗ്ലദേശ്) എന്നിവരും ജൂറി അംഗങ്ങളാണ്.
ഹൈബ്രിഡ് രീതി ഒരുപാട് മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. നടന് കിച്ച സുദീപ് ആയിരുന്നു മുഖ്യതിഥി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, നീരജ ശേഖര്‍ (അഡീഷണല്‍ സെക്രട്ടറി, കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം), അമിത് ഖരെ(കേന്ദ്ര ഉന്നത വിദ്യാഭ്യാസ, വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി), ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രശസ്ത ഇറ്റാലിയന്‍ ഛായാഗ്രാഹകന്‍ വിറ്റോറിയോ സ്റ്റൊറാറോയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി ആദരിച്ചു. അപ്പോകാലിപ്സ് നൗ (1979), റെഡ്സ് (1981), ദ ലാസ്റ്റ് എംപറര്‍ (1987) തുടങ്ങിയ ചിത്രങ്ങളിലൂടെ മൂന്ന് ഓസ്കര് പുരസ്കാരം നേടിയ ഛായാഗ്രാഹകനാണ് അദ്ദേഹം.
അനുപം ഖേര്‍, മോഹന്‍ലാല്‍, വിദ്യ ബാലന്, രണ്‍വീര്‍ സിംഗ്, സിദ്ധാന്ത് ചതുര്‍വേദി, അപര്‍ശക്തി ഖുറാന, അനില്‍ കപൂര്‍, മാധുരി ദീക്ഷിത് എന്നിവര്‍ മേളയ്ക്ക് ആശംസകള്‍ നേര്‍ന്നു.