സോൾ: സമുദ്രാന്തർവാഹിനികൾ ഉപയോഗിച്ച് തൊടുത്തുവിടുന്നതെന്ന് സംശയിക്കുന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഉത്തര കൊറിയയുടെ പുതിയ വെല്ലുവിളി. വ്യാഴാഴ്ച രാത്രി തലസ്ഥാന നഗരമായ പ്യോങ്യാങ്ങിൽ നടന്ന പരേഡിലായിരുന്നു പ്രദർശനം- അല്‍ജസീറ റിപ്പോര്‍ട്ട്.
ദിവസങ്ങളായി തുടരുന്ന, ഉത്തര കൊറിയൻ ഭരണമേധാവി കിം ജോങ് ഉൻ പങ്കെടുത്ത രാഷ്ട്രീയ സമ്മേളനത്തിന്റെ അവസാന ദിനത്തിലായിരുന്നു ആയുധ പ്രദർശനം. കറുത്ത കോട്ടും തൊപ്പിയുമണിഞ്ഞ് കിം സുങ് ചത്വരത്തിൽ കിം ജോങ് ഉന്നും പരേഡ് വീക്ഷിക്കാനുണ്ടായിരുന്നു.
നഗരം ചുറ്റി കനത്ത സുരക്ഷയിൽ നടന്ന പ്രദർശനത്തിൽ കാണികളില്‍ ആവേശം നിറച്ചുകൊണ്ടായിരുന്നു മിസൈലുകൾ ഒന്നിനു പുറകെ ഒന്നായി നീങ്ങിയത്. ഉത്തര കൊറിയൻ സായുധ സേനയുടെ ശേഷി വിളിച്ചോതുന്നതുകൂടിയായിരുന്നു ഇത്.
പുക്ഗുക്സോങ്-5 എന്നാണ് പുതിയ ബാലിസ്റ്റിക് മിസൈലിന് പേരിട്ടത്. കഴിഞ്ഞ ഒക്ടോബറിൽ പ്രദർശിപ്പിച്ച പുക്ഗുക്സോങ്- 4 ന്റെ നവീകരിച്ച രൂപമാണിത്. പഴയതിനെക്കാൾ ദീർഘമാണ് പുക്ഗുക്സോങ്-5 മിസൈലെന്ന് കാലിഫോർണിയ ആസ്ഥാനമായുള്ള ജെയിംസ് മാർട്ടിൻ സെൻറർ ഫോർ നോൺപ്രോലിഫറേഷൻ സ്റ്റഡീസിലെ മൈക്കൽ ഡ്യൂട്സ്മാൻ പറയുന്നു.
കൂടുതൽ മികവുള്ള റോക്കറ്റുകളും പ്രദർശനത്തിനുണ്ടായിരുന്നു. ദക്ഷിണ കൊറിയയിൽ മാത്രമല്ല, ജപ്പാനിലും ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ആയുധ ശേഖരമെന്നാണ് നിഗമനം. അതേസമയം, ഉത്തര കൊറിയ ലോകത്തിനുമുന്നിൽ വിമ്പുപറയാറുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പ്രദർശനത്തിൽ അണിനിരന്നില്ല. യുഎസിലുൾപ്പെടെ അണുവായുധം വർഷിക്കാൻ ഇതിന് ശേഷിയുണ്ടെന്നാണ് കണക്കുകൂട്ടല്‍.
ഉത്തര കൊറിയയുടെ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തിയതായും കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും കഴിഞ്ഞ ദിവസം കിം ജോങ് ഉൻ രാഷ്ട്രീയ സമ്മേളനത്തിൽ തുറന്നു സമ്മതിച്ചിരുന്നു. അതിനിടെ, യുഎസിൽ പുതിയതായി അധികാരമേറുന്ന ജോ ബൈഡന് ശക്തമായ സന്ദേശം നൽകാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരേഡെന്ന് റിപ്പോർട്ടുണ്ട്. അയൽ രാജ്യങ്ങളായ ദക്ഷിണ കൊറിയയിലും ജപ്പാനിലും യുഎസ് സൈനിക സാന്നിധ്യമുണ്ട്.