ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗികമായി അറിയിപ്പ് വന്നിരിക്കുന്നത്.
‘കോവിഡ് 19 വ്യാപനത്തിന്റെ ആഗോളസ്ഥിതി പരിഗണിച്ച് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഒരു വിദേശരാജ്യ തലവനേയും മുഖ്യാതിഥിയായി പങ്കെടുപ്പിക്കേണ്ട എന്നതാണ് സര്‍ക്കാര്‍ തീരുമാനം’ വിദേശകാര്യ വാക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇതിന് മുന്പി അതിഥികളില്ലാതെ രാജ്യത്ത് റിപ്പബ്ലിക് ദിന പരേഡ് നടന്നത് 1966ലാണ്.
റിപബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകാന്‍ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഇന്ത്യ ക്ഷണിച്ചിരുന്നു. അേദ്ദഹം ക്ഷണം സ്വീകരിച്ചതായി ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രാജ്യത്ത് ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ബോറിസ് ജോണ്സന് ജനുവരി 5ന് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു. കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താന്‍ യു.കെയില്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയാത്തതിലുള്ള ഖേദം അദ്ദേഹം പ്രധാനമന്ത്രി മോദിയെ അറിയിച്ചു.