വാഷിങ്ടണ്‍: ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ താല്‍ക്കാലികമായി വിലക്കി യൂട്യൂബും. ഏഴ് ദിവസത്തേക്കാണ് യൂട്യൂബ് ട്രംപിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. അക്രമത്തിനുള്ള സാധ്യത’ കണക്കിലെടുത്താണ് നടപടിയെന്നും ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് അറിയിച്ചു.
സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചതിന്റെ ഭാഗമായി ഡൊണാള്‍ഡ് ജെ ട്രംപ് എന്ന അക്കൌണ്ടില്‍ പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തിവയ്ക്കുന്നു. ചാനല്‍ യൂട്യൂബ് നയങ്ങള്‍ ലംഘിച്ചുവെന്നും യൂട്യൂബ് പ്രസ്താവനയില്‍ പറയുന്നു.
യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തെത്തുടര്‍ന്ന് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൌണ്ടുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ ആഴ്ച നിര്‍ത്തിവച്ചിരുന്നു. സസ്പെന്ഷന് പ്രഖ്യാപിച്ച ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ‘അക്രമത്തെ പ്രേരിപ്പിക്കാന്‍ ട്രംപ് ഈ വേദി ഉപയോഗിച്ചുവെന്നും അത് തുടരുമെന്ന് ആശങ്കയുണ്ടെന്നും പറഞ്ഞിരുന്നു.