ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എടുത്തിട്ടുണ്ട്. ചേതേശ്വർ പൂജാര (9), അജിങ്ക്യ രഹാനെ (5) എന്നിവരാണ് ക്രീസിൽ. രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് കൂട്ടുകെട്ട് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. രോഹിത്-ഗിൽ സഖ്യം 70 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് കൂട്ടുകെട്ടുയർത്തി. ഗിൽ ആയിരുന്നു കൂടുതൽ മികച്ചു നിന്നത്. എന്നാൽ ജോഷ് ഹേസൽവുഡ് 26 റൺസെടുത്ത രോഹിതിനെ വീഴ്ത്തി സഖ്യം പൊളിച്ചു. സ്വന്തം ബൗളിംഗിൽ ഹേസൽവുഡ് തന്നെ രോഹിത്തിന്റെ ക്യാച്ച് പിടികൂടുകയായിരുന്നു.
പങ്കാളിയെ നഷ്ടമായിട്ടും പതറാതെ ബാറ്റിംഗ് തുടർന്ന ഗിൽ ഒടുവിൽ കരിയറിലെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് തൊട്ടുപിന്നാലെ പാറ്റ് കമ്മിൻസ് യുവതാരത്തെ കാമറൂൺ ഗ്രീനിൻ്റെ കൈകളിൽ എത്തിച്ചു. കൃത്യം 50 റൺസായിരുന്നു ഗില്ലിൻ്റെ സമ്പാദ്യം. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന പൂജാരയും രഹാനെയും വളരെ സാവധാനത്തിലാണ് സ്കോർ ചെയ്തതെങ്കിലും വിക്കറ്റ് വീഴാതെ തുടർന്നു.
ആദ്യ ഇന്നിംഗ്സിൽ 338 റൺസ് എടുത്താണ് ഓസ്ട്രേലിയ പുറത്തായത്. നിലവിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്ന് 242 റൺസ് അകലെയാണ് ഇന്ത്യ. 131 റൺസ് നേടി സ്റ്റീവ് സ്മിത്താണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ.