തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടികിട്ടാപ്പുള്ളി ഷിഹാബുദ്ദീൻ അറസ്റ്റിലായി. ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് എൻഐഎ ഇയാളെ പിടികൂടിയത്. ദോഹയിൽ നിന്നാണ് ഷിഹാബുദ്ദീൻ എത്തിയത്.
ഖത്തറിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ നാടുകടത്തിയിരുന്നു. പ്രതികൾക്ക് തോക്കും തിരകളും എത്തിച്ചു നൽകിയത് ശിഹാബുദീനാണെന്നാണ് എൻഐഎ പറയുന്നത്.
2020 ജനുവരിയിലാണ് കളിയിക്കാവിള എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് വെടിവെച്ചത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് കളിയിക്കാവിള ചെക്പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായിരുന്നത് കൊണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് കേസ് എൻഐഎ ഏറ്റെടുത്തിരുന്നു.