നയാമെ: നൈജർ അതിർത്തി ഗ്രാമങ്ങളിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 100ലേറെ പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൻെറ മാലി അതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിൽ ശനിയാഴ്ചയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിൽ ഏത് ഭീകര സംഘടനയാണെന്ന് വ്യക്തമായിട്ടില്ല.
നൈജർ പ്രധാനമന്ത്രി ബ്രിഗി റാഫിനിയാണ് ഇക്കാര്യം അറിയിച്ചത്. ഗ്രാമവാസികൾ രണ്ടു ഭീകരവാദികളെ കൊലപ്പെടുത്തിയതോടെയാണ് ആക്രമണം ആരംഭിച്ചത്. ആക്രമണത്തെ തുടർന്ന് സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചു. രാജ്യത്തെ രണ്ടാം ഘട്ട പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളായി ഭീകരവാദ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്.