നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കർട്ടൺറൈസറായ തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ ചരിത്ര മഹൂര്‍ത്തങ്ങള്‍ക്കായിരുന്നു കേരളം സാക്ഷിയായത്. ആഗോള തലത്തില്‍ തന്നെ കേരളത്തിന്‍റെ ഖ്യാതി പരത്തിക്കൊണ്ട് 21 കാരി തലസ്ഥാന നഗരത്തിന്‍റെ മേയര്‍ പദവിയിലെത്തിയതും സംസ്ഥാനത്ത് അങ്ങിങ്ങായി ഭരണസംവിധാനത്തിന്‍റെ അമരത്തേക്ക് സ്ത്രീകളും വിദ്യാര്‍ത്ഥികളും യുവജനങ്ങളും കടന്നു വന്നതും സമഗ്രമായ സാമൂഹ്യ മുന്നേറ്റത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടു. ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവും സൃഷ്ടിക്കുന്ന അവിശ്വസനീയമായ മാറ്റങ്ങളുടെയും അവസരങ്ങളുടെയും പ്രകടമായ തെളിവാണ് ഇനി കേരളത്തിലങ്ങോളമിങ്ങോളം അലയടിക്കുക.
എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച കൊല്ലം ജില്ലയിലെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അത്തരമൊരു ഭരണ മികവിന് പാത്രമാവുകയാണ്. പ്രചോദനകരവും പ്രശംസാര്‍ഹവുമായ അസുലഭ നിമിഷത്തിനാണ് കഴിഞ്ഞ ദിവസം പത്തനാപുരം ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാൾ സാക്ഷ്യം വഹിച്ചത്. ബ്ലോക്ക് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയായിരുന്ന വനിത അതേ ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു സംഭവമായിരുന്നു അത്.
ഒരു ദശാബ്ദക്കാലത്തോളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ തൂപ്പുജോലി ചെയ്തിരുന്ന കൊല്ലം തലവൂരുകാരി എ ആനന്ദവല്ലി ഇനി മുതല്‍ പത്തനാപുരത്തിന്‍റെ പ്രഥമ വനിതയാണ്. ബ്ലോക്ക് പഞ്ചായത്തിന്‍റെ ഭരണചക്രം കറക്കുന്ന ബഹുമാന്യയായ അദ്ധ്യക്ഷ. കാലങ്ങളോളം തൂത്തു മിനുക്കി പരിപാലിച്ച കസേരയില്‍ ഉപവിഷ്ടയായി നാടിന്‍റെ വികസന മുന്നേറ്റത്തില്‍ ഊറ്റം കൊള്ളുന്ന, തലവൂരുകാരുടെ സ്വന്തം വല്ലി.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാസംവരണമാണ്. പട്ടികജാതി ജനറൽ സീറ്റായ തലവൂർ ഡിവിഷനിൽ നിന്നാണ്, തലവൂർ ഞാറയ്ക്കാട് ശ്രീനിലയത്തിൽ ആനന്ദവല്ലി തെരഞ്ഞെടുക്കപ്പെട്ടത്. 654 വോട്ടിന്റെ ഭൂരിപക്ഷം നേടി ആനന്ദവല്ലി വിജയം കൈവരിച്ചപ്പോള്‍, ആനന്ദവല്ലിയെ പ്രസിഡന്റായി നിശ്ചയിച്ച് പാർട്ടി തലവൂരിനെ ചേർത്ത് പിടിച്ചു. പട്ടികജാതി വനിതാസംവരണ സീറ്റായ പട്ടാഴി വടക്കേക്കര ഡിവിഷനിൽനിന്ന് സിപിഎം പ്രതിനിധി വിജയിച്ചെങ്കിലും പാർട്ടി ആനന്ദവല്ലിയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫിന് 7 അംഗങ്ങളുണ്ട്. പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിട്ടുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് 6 അംഗങ്ങളുള്ള യുഡിഎഫിന് പരിഗണിക്കാന്‍ ആളില്ലാത്തത് മൂലം ആനന്ദവല്ലിക്ക് എതിരുമുണ്ടായിരുന്നില്ല.
അതിജീവനത്തിന്റെ സമാനതകളില്ലാത്ത മാതൃകയായ ആനന്ദവല്ലി കേവലം ഒരു താല്‍ക്കാലിക ശുചീകരണ തൊഴിലാളിയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് അധികാരിയായി ഉയര്‍ന്ന കഥ ജനാധിപത്യത്തിന്‍റെ കെട്ടുറപ്പുള്ള വിജയത്തിന്‍റെ കഥയാണ്. ജനങ്ങള്‍ നല്‍കിയ സ്നേഹത്തിനും പ്രോത്സാഹത്തിനും പാര്‍ട്ടി വിശ്വസിച്ചേല്‍പ്പിച്ച ചുമതലകള്‍ക്കും അകമഴിഞ്ഞ നന്ദി പ്രകടിപ്പിച്ച് സാധാരണക്കാരില്‍ സാധാരണക്കാരിയായ ആനന്ദവല്ലി, ആനന്ദഭരിതയായി അന്വേഷണം.കോമിനോട് മനസ്സു തുറന്നു. ജീവിത സാഹചര്യം കൊണ്ടെത്തിച്ച, പഞ്ചായത്ത് ഓഫീസിലെ ശുചീകരണ ജോലിയും നാട്ടുകാരെ പ്രത്യുപകാരം പ്രതീക്ഷിക്കാതെ സഹായിക്കാന്‍ സാധിച്ച അവസരങ്ങളും വന്‍ ജനസമ്മതിയോടെ ലഭിച്ച ഭരണ മേധാവിത്വവും ആ വാക്കുകളിലൂടെ അത്യന്തം പ്രചോദനകരമായി പ്രവഹിച്ചു.
രണ്ടു പെണ്‍കുട്ടികളും ഒരു മകനുമടങ്ങുന്ന തന്‍റെ കുടുംബത്തെ ആനന്ദവല്ലിയുടെ അമ്മയായ അമ്മിണി പാടത്ത് പണിയെടുത്ത് കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു മുന്നോട്ട് കൊണ്ടു പോയിരുന്നത്. അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ച് പോയതിനാല്‍ സാരമായ തോതില്‍ സാമ്പത്തിക പരാധീനതകളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ട് പഠിച്ച്, പ്രീ ഡിഗ്രി വിദ്യാഭ്യാസം വരെ പൂര്‍ത്തിയാക്കിയ ആനന്ദവല്ലി എന്‍ടിടിസി കോഴ്സ് (നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സ്) നു ശേഷം ദേവസ്വം ബോര്‍ഡിന്‍റെ സ്കൂളില്‍ ജോലി നോക്കിയിരുന്നു. ആ സമയങ്ങളില്‍ ചെറിയ തോതില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. പിന്നീട് വിവാഹ ശേഷമാണ് പഞ്ചായത്ത് ഓഫീസില്‍ ശുചീകരണ തൊഴിലാളിയായി താല്‍ക്കാലിക ജോലിക്ക് കയറുന്നത്.
“തുടര്‍ പഠനമോ ജോലി സംബന്ധമോ ആയ കാര്യങ്ങള്‍ പറഞ്ഞു തരാനോ ചെയ്തു തരാനോ ഞങ്ങള്‍ക്ക് ആരും ഉണ്ടായിരുന്നില്ല. പിന്നെ ജീവിത സാഹചര്യവും അതിന് ഒട്ടും അനുകൂലമായിരുന്നില്ല. അന്ന് ഒരു ജോലിയായിരുന്നു അത്യാവശ്യം. അതുകൊണ്ട് തന്നെ എന്ത് ജോലി ആണ് എന്നതൊന്നും കാര്യമായിരുന്നില്ല. ദിവസേന ലഭിക്കുന്ന വേതനത്തിന്‍റെ അടിസ്ഥാനത്തില്‍ വേണമായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍,” ആനന്ദവല്ലി പറഞ്ഞു.
“2007ലാണ് ഞാന്‍ ആദ്യമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ സ്വീപ്പര്‍ ജോലിക്ക് പോകുന്നത്. പീന്നീട് ഭരണ സമിതി മാറി വന്നപ്പോള്‍ ജോലി നഷ്ടമായി. തുടര്‍ന്ന് എല്‍ഡിഎഫ് ഭരണസമിതി വീണ്ടും ഒഴിവു വന്നപ്പോള്‍ വിളിച്ചു. അങ്ങനെ 2011 ആയപ്പോഴേക്കും കൃഷി അഡീഷണൽ ഡയറക്ടർ ഓഫീസിൽ കാഷ്വൽ സ്വീപ്പറായി ജോലിയില്‍ കയറി. ഒരുമാസം 2000 രൂപയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. പിന്നീട് അത് 4000 ആയി. ഇപ്പോള്‍ 6000ത്തിലാണ് എത്തി നില്‍ക്കുന്നത്.” ആനന്ദവല്ലി ഓര്‍മ്മകളില്‍ വിഹരിച്ചുകൊണ്ട് അഭിമാനം കൊണ്ടു.
കേവലമൊരു സ്വീപ്പര്‍ മാത്രമായിരുന്നില്ല പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ ആനന്ദവല്ലി. ജോലി ചെയ്ത 10 വര്‍ഷത്തിനിടയില്‍ പഞ്ചായത്ത് ഓഫീസിലെ നിറ സാന്നിദ്ധ്യമായിരുന്നു ആ നാല്‍പ്പത്തിയാറുകാരി. പഞ്ചായത്തില്‍ എത്തുന്ന നാട്ടുകാര്‍ക്ക് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്ത് സഹായം വേണമെങ്കിലും ആനന്ദവല്ലി ചെയ്തു കൊടുത്തു. അപേക്ഷ പൂരിപ്പിക്കാനും നടപടിക്രമങ്ങള്‍ പറഞ്ഞു കൊടുക്കാനും ആനന്ദവല്ലി നന്നേ ഉത്സാഹം കാട്ടി. ബ്ലോക്ക് പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് ചായയും പലഹാരവുമായി പ്യൂണിനൊപ്പം കൗൺസിൽ ഹാളില്‍ കയറിയിറങ്ങുകയും മറ്റും ചെയ്യുന്നതിനാല്‍ പഞ്ചായത്തിന്‍റെ നടപടിക്രമങ്ങള്‍ മാത്രമല്ല മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ആനന്ദവല്ലിക്ക് പരിചിതരാണ്.
“ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഒരുപാട് സെക്ഷനും കാര്യങ്ങളുമൊക്കെ ഉണ്ട്. ആദ്യമായി പഞ്ചായത്തില്‍ വരുന്നവര്‍ക്കൊക്കെ ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എനിക്ക് പലരെയും സഹായിക്കാന്‍ പറ്റി. ഏത് സെക്ഷനില്‍ എങ്ങനെ എന്തൊക്കെ ആവശ്യങ്ങള്‍ക്ക് സമീപിക്കാമെന്ന കാര്യം പരിചയമില്ലാത്തവര്‍ക്ക് പറഞ്ഞു കൊടുക്കും. ജോലിക്കുശേഷം ബ്ലോക്ക് ഓഫീസ് വളപ്പിലെ ഓഫീസുകളിൽ മറ്റ് ജോലികളും ചെയ്യേണ്ടതുകൊണ്ട്, മിക്കദിവസവും വൈകീട്ടുവരെ ഓഫീസിലുണ്ടാകും. അപ്പോള്‍ പഞ്ചായത്തിലെ മറ്റ് ജീവനക്കാര്‍ക്കൊപ്പം ഫയല്‍ ഒക്കെ കെട്ടിവയ്ക്കാനും സീല്‍ അടിക്കാനും അതത് സെക്ഷനുകളിലെത്തിക്കാനുമൊക്കെ ഒരു സഹായമായി നിന്നിട്ടുമുണ്ട്,” ആനന്ദവല്ലി പറഞ്ഞു.
“എന്‍റെ ഗ്രാമ പഞ്ചായത്തില്‍ നിന്നായാലും പുറത്ത് നിന്നുള്ളവരായാലും പരിചയമില്ലാത്തവരാണെങ്കിലും ആവശ്യം കണ്ടറിഞ്ഞ് എന്നെക്കൊണ്ട് ആകുന്നതു പോലെ സഹായിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പോരാത്തതിന് പത്ത് വര്‍ഷത്തോളം അതേ ഓഫീസില്‍ ജോലി ചെയ്തതിനാല്‍ പലര്‍ക്കും ഞാന്‍ സുപരിചിതയായി. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി ആകുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ രണ്ടും കയ്യും നീട്ടിയാണ് ജനം എന്നെ സ്വീകരിച്ചത്,” സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആനന്ദവല്ലിയുടെ മറുപടി ഇങ്ങനെയായിരുന്നു.
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വത്തിൽ സന്തോഷമുണ്ടെങ്കിലും ചെറിയ പരിഭ്രമം ഇല്ലാതില്ലെന്ന് ആനന്ദവല്ലി കൂട്ടിച്ചേര്‍ത്തു. “എന്‍റെ ജോലി ഒന്നു സ്ഥിരമായി കിട്ടണമെന്ന് മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുള്ളത്. എന്നാല്‍ ഈ അംഗീകാരം ഓര്‍ക്കാപ്പുറത്താണ് ലഭിച്ചത്. ഇങ്ങനെ ഒരു അവസരം എനിക്ക് കിട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും പ്രോത്സാഹിപ്പിച്ചതും നാട്ടുകാരും പാര്‍ട്ടിക്കാരുമാണ്. അതില്‍ ഒരുപാട് സന്തോഷം. അത് പറഞ്ഞറിയിക്കാനാവില്ല,” ഒരു ചെറു മന്ദഹാസത്തോടെ ആനന്ദവല്ലി പറഞ്ഞു. “പ്രധാന പദവിയിലേക്ക് എത്തുമ്പോള്‍ അനിവാര്യമായ ചില മാറ്റങ്ങളുമായി പൊരുത്തപ്പെടണം. പിന്നെ ഞാന്‍ എല്ലാം പഠിച്ചു വരുന്നതല്ലേ ഉള്ളൂ…, ” പാർട്ടിയും ഭരണസമിതിയിലെ പരിചയസമ്പന്നരായ അംഗങ്ങളും ഒപ്പമുള്ളതിനാൽ ജനോപകാരപ്രദമായി മികച്ച ഭരണം കാഴ്ചവയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ ആനന്ദവല്ലി തുറന്നു പറഞ്ഞു.
“ജനങ്ങള്‍ക്ക് എന്താണ് ആവശ്യമെന്നത് ആദ്യം കണ്ടെത്തണം. അത് സാധൂകരിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവശ്യമെങ്കില്‍ അവ ഏകോപിപ്പിക്കണം. ആനുകൂല്യങ്ങള്‍ ഇനിയും എത്തിച്ചേരാത്ത മേഖലകളുണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണത്തിനിറങ്ങിയപ്പോള്‍ ചിലര്‍ എന്നോട് പരാതികളും പരാധീനതകളും പറഞ്ഞിട്ടുണ്ട്. അവയൊക്കെ അവലോകനം ചെയ്ത് പര്യാപ്തമായ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കണം,” സാധാരണക്കാരന്‍റെ പ്രതിനിധിയായി, സത്യസന്ധമായി, പതറാതെ നിലകൊള്ളുമെന്ന ഉറപ്പോടെ ആനന്ദവല്ലി വ്യക്തമാക്കി.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും തലവൂർ സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ് ആനന്ദവല്ലിയുടെ ഭര്‍ത്താവ് മോഹനൻ. ബിരുദ വിദ്യാര്‍ത്ഥിയായ മിഥുന്‍, പ്ലസ് ടു വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് എന്നിവരാണ് മക്കള്‍. പുതിയ പദവിയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിലുള്ള സന്തോഷമറിയിക്കാന്‍ സമീപിച്ചപ്പോള്‍ പകല്‍ സമയങ്ങളിലെ പഞ്ചായത്ത് ഓഫീസിലെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തിന്‍റെ ചുമതലകളില്‍ വ്യാപൃതയായിരുന്നു ആനന്ദവല്ലി. ഭര്‍ത്താവിന്‍റെയും മക്കളുടെയും മറ്റ് കുടംബാംഗങ്ങളുടെയും പൂര്‍ണ്ണ പിന്തുണയോടെ തന്നില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് ആനന്ദവല്ലിയുമായുള്ള സംഭാഷണത്തില്‍ ഉടനീളം നിഴലിച്ചത്. ഒപ്പം നാടിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ അങ്ങേയറ്റം കൊതിക്കുന്ന സത്യസന്ധമായ മനസ്സും. ദൃഢനിശ്ചയവും.