ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് ഉടന്‍ ഉപയോഗിക്കില്ലെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന് ആയിരിക്കും വരും ദിവസങ്ങളില്‍ നല്‍കുകയെന്നും ഭാരത് ബയോടെക്കിന്റെ കോവാക്സിന് തല്ക്കാലം ഉപയോഗിക്കില്ലെന്നും ഗുലേറിയ പറഞ്ഞു. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകാതെ കോവ്കാസിന് അനുമതി നല്‍കിയതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കോവിഷീല്‍ഡിന്റെ അഞ്ചു കോടി ഡോസുകള്‍ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ആ സമയം കൊണ്ട് കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും. വാക്സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം എന്നിവ മൂന്നാം ഘട്ട പരീക്ഷണത്തിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ ലഭിച്ചശേഷമായിരിക്കും അത് വിതരണത്തിന് ലഭ്യമാകുക ഡോ. ഗുലേറിയ പറഞ്ഞു.
അതേസമയം, കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കിയതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് രംഗത്തെത്തി. മൂന്നാംഘട്ട പരീക്ഷണം ആദ്യം നടത്തിയത് കൊവാക്സിനാണെന്നും സുരക്ഷയും രോഗപ്രതിരോധ ഫലങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഭാരത് ബയോ ടെക് വ്യക്തമാക്കി.
മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നവംബര്‍ പകുതിയോടെ ആരംഭിച്ചിരുന്നു. ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ ആയിരത്തിലധികം വിഷയങ്ങളില്‍ വിലയിരുത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ എല്ലാം കൊവാക്സിന് പാലിക്കുന്നതായും ഭാരത് ബയോടെക് അറിയിച്ചു.
മൂന്നാംഘട്ട പരീക്ഷണം തുടരുന്ന കോവാക്സീന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പരീക്ഷണം പൂര്‍ത്തയാകാത്ത വാക്സീന് അനുമതി നല്‍കിയത് അപക്വവും അപകടരവുമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു.