കേരളം, ജാതീയതയും മതഭേദവും മറികടന്ന ജാതിരഹിത മതേതര ഭൂമി. ഈ പ്രസ്താവനയില്‍ എത്രത്തോളം കഴമ്പുണ്ട്. ജാതി-മത- വര്‍ഗ ഭേദത്തിലധിഷ്ടിതമായ അതിര്‍ വരമ്പുകളില്ലാതെ മനുഷ്യന്‍ ഒന്നിച്ചുജീവിക്കുന്ന കേരളം ഒരു വിദൂര സ്വപ്നം മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. ജനാധിപത്യ ചട്ടക്കൂടിന് വിരുദ്ധമായ സാമൂഹ്യ സാഹചര്യങ്ങള്‍ തന്നെയാണ് നവോത്ഥാനാനന്തര കേരളം പേറുന്നത്. ജാതിയുടെ അടിസ്ഥാനത്തിലുള്ള പ്രത്യക്ഷ ഹിംസകള്‍ അവസാനിച്ചുവെന്ന് തോന്നാമെങ്കിലും അത് ഇനിയും നിലനില്‍ക്കുന്നു എന്നതിനുള്ള ഉദാഹരണങ്ങള്‍ ജനാധിപത്യ കേരളത്തില്‍ നിന്ന് നാം ദിവസേന കേള്‍ക്കാറുണ്ട്.
അയിത്തം വിട്ടുമാറാത്ത ഗോവിന്ദാപുരവും ജാതിമതിലുയര്‍ന്ന വടയമ്പാടിയും ഈ കേരളത്തിലാണുണ്ടായതെന്ന കാര്യം നാം വിസ്മരിക്കരുത്. മധുവും ജിഷയും അശാന്തനുമൊക്കെ ചൂണ്ടിക്കാട്ടുന്നത് കേവലം വ്യക്തി ജീവിതത്തില്‍ ഒതുങ്ങുന്ന ഒരു സംജ്ഞ അല്ല ജാതി എന്നുതന്നെയാണ്. ജാതിയില്ലെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ സൂക്ഷ്മാര്‍ത്ഥത്തിലും സ്ഥൂലാര്‍ത്ഥത്തിലും കേരളീയ സമൂഹത്തില്‍ എത്രയോ രൂക്ഷമായാണ് ജാതി നിലനില്‍ക്കുന്നതെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. പക്ഷെ അവയൊക്കെ നാം സമര്‍ത്ഥമായി മൂടിവെക്കുന്നു എന്നു മാത്രം.
ഒരാള്‍ അയാളുടെ ജാതി ഉപേക്ഷിച്ചാല്‍ അയാളെ വിട്ടു പോകുന്നത്ര നിസ്സാരമായ ഒന്നല്ല ഇന്ത്യയിലെ ജാതി വ്യവസ്ഥ. ജാതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മേലാളത്വവും കീഴാളത്വവും ജാതി ഉപേക്ഷിച്ചാലും ഇല്ലെങ്കിലും യഥാവിധി വന്നു ചേരുമെന്നതില്‍ സംശയമില്ല. അതായത് സവര്‍ണ്ണര്‍ക്ക് ലഭിക്കുന്ന മേലാളത്വം അവര്‍ക്ക് ലഭിക്കാതെ പോവുകയോ, അവര്‍ണ്ണ പിന്നോക്ക ദളിത് ജാതികള്‍ക്ക് കിട്ടിക്കൊട്ടിരുന്ന കീഴാളത്വം ഇല്ലാതാവുകയോ ചെയ്യുന്നില്ല എന്നര്‍ത്ഥം. വേണമെങ്കില്‍ ഉപേക്ഷിക്കാനും സ്വീകരിക്കാനും കഴിയുന്ന ആത്മനിഷ്ഠമായ ഘടകമല്ല, മറിച്ച് വസ്തുനിഷ്ഠമായ ഒരു യാഥാര്‍ത്ഥ്യമാണ് ജാതി എന്ന് സാരം.
ചരിത്ര പ്രക്രിയയിലൂടെയാണ് ജാതിയും ജാതിബോധങ്ങളും ഉണ്ടാകുന്നത്. എല്ലാ കാലഘട്ടത്തിലും അതിന്റെ സ്വഭാവം മാറി മാറി വരികയും ചെയ്യുന്നുണ്ട്. എന്നാൽ ആ മാറ്റം ജാതിയെ ഇല്ലാതാക്കുകയല്ല ചെയ്യുന്നത് മറിച്ച്, ജാതിയെ ശക്തിപ്പെടുത്തുകയും ജാതി തന്നെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അധികാര രൂപമായി മാറുകയുമാണ് ചെയ്യുന്നത്. മതം, ഭാഷ, ദേശീയത, സംസ്കാരം, വര്‍ണ്ണം, ലിംഗം, വര്‍ഗം തുടങ്ങിയവ നിലനില്‍ക്കവെ തന്നെ തുല്യതയോടെയുള്ള സഹവര്‍ത്തിത്വം നമുക്ക് ഒരുപക്ഷെ വിഭാവനം ചെയ്യാം. എന്നാല്‍ ജാതിയുടെ കാര്യം വരുമ്പോള്‍ ഇത് അസാധ്യമാണ്. കാരണം, മനുഷ്യരെ തട്ടുകളായി തിരിക്കുകയും ഏറ്റവും താഴെത്തട്ടിലുള്ളവര്‍ പോലും ഈ വിഭജനം ദൈവഹിതമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന സംവിധാനമാണ് ജാതി.
ജാതി വ്യവസ്ഥയുടെ ഏറ്റവും ഭയാനകമായ അനന്തഫലമാണ് ദുരഭിമാനക്കൊല. പാലക്കാട് തേങ്കുറുശ്ശിയില്‍ യുവാവിനെ ഉന്നത കുലജാതയായ ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയതോടെയാണ് ദുരഭിമാനക്കൊലയും കേരളത്തിലെ ജാതിബോധവും വീണ്ടും ചര്‍ച്ചയാകുന്നത്. ജാതിക്കോ മതത്തിനോ പുറത്തുള്ള വിവാഹങ്ങൾ കുടുംബത്തിന് ദുരഭിമാനമാണെന്ന ബോധം കൊലപാതകങ്ങളിലേക്കെത്തിക്കുന്ന പ്രാകൃത നയം തീര്‍ത്തും അപലപനീയം തന്നെ.
മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇത്തരം കൊലപാതകങ്ങളിലൂടെ ഉണ്ടാകുന്നതെന്ന് പലപ്രാവശ്യം ഇന്ത്യൻ നീതിന്യായ കോടതികൾ ചൂണ്ടിക്കാണിച്ചിട്ടും എത്രതന്നെ വികസനത്തിലേക്കു മുന്നേറിയിട്ടും, പുതിയ കാലത്തിന്റെ ഹൃദയസ്പന്ദനങ്ങൾ സ്വീകരിച്ചിട്ടും പരിഷ്കൃതലോകത്തെ നാണംകെടുത്തുന്ന ദുരഭിമാനക്കൊലകള്‍ക്ക് അറുതിയില്ലെന്ന വസ്തുതയാണ് അപമാനകരമാകുന്നത്. പ്രത്യേകിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ പ്രബുദ്ധതയുടെ പെരുമ്പറ മുഴക്കുന്ന കേരളത്തില്‍.
ഉറയുന്ന ജാതിക്കോമരങ്ങള്‍
കുടുബത്തിൻ്റെ മഹിമ എന്നത് ജാതിക്ക് കളങ്കമേൽപ്പിക്കാതിരിക്കൽ മാത്രമാകുന്നതും അതിന് വേണ്ടി സ്വന്തം മക്കളെയോ അവരുടെ ജീവിത പങ്കാളിയെയോ കൊല്ലുന്നതും ജയിലിൽ കിടക്കുന്നതും അതിൽ നിന്നുണ്ടാകുന്ന ചീത്തപ്പേര് അഭിമാനത്തോടെ ഏറ്റെടുക്കാന്‍ തയ്യാറാകുന്നതും കുടുബ ബന്ധങ്ങളേക്കാൾ ഒരുപാട് പടി ഉയരത്തിലാണ് ജാതിക്കുള്ള പ്രതിഷ്ഠ എന്നതിന്‍റെ തെളിവാണ്. മകൾ ഒരു താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കുന്നതിനേക്കാൾ ഭേദമാണ് സ്വന്തം മകളുടെ അല്ലെങ്കില്‍ മരുമകന്‍റെ കൊലയാളിയാകുന്നതെന്ന ഒരു അച്ഛൻറെ (അല്ലെങ്കില്‍ ബന്ധുക്കളുടെ) ധാർമികബോധമാണ് ജാതി.
മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പിൽ അച്ഛന്‍ മകളെ കുത്തിക്കൊന്ന വാര്‍ത്ത മലയാളികളെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു. 2018 മാര്‍ച്ച് 22ന് ആതിരയെന്ന യുവതിയെ അച്ഛന്‍ രാജന്‍ കൊലപ്പെടുത്തിയത് പുലയ സമുദായത്തില്‍ പെട്ട സൈനികനായ ബ്രിജേഷ് എന്ന യുവാവിനെ പ്രണയിച്ചതിനായിരുന്നു. പിന്നാക്ക വിഭാഗത്തില്‍ പെട്ട ഈഴവ സമുദായാംഗമായ പൂവത്തിക്കണ്ടിയിൽ പാലത്തിങ്കൽ രാജന്, മകളെ കീഴ്ജാതിക്കാരനായ ഒരാള്‍ വിവാഹം ചെയ്യുന്നത് അപമാനമായി തോന്നി. സ്വന്തം മകളുടെ രക്തം ചീന്തിയാണ് അയാള്‍ ജാത്യഭിമാനം രക്ഷിച്ചത്.
വിവാഹത്തലേന്ന് ഒരുക്കങ്ങള്‍ക്കിടെ ആ പിതാവ് മകളുടെ നെഞ്ചില്‍ കത്തിക്കുത്തിയിറക്കി കൊല്ലുകയായിരുന്നു. ഇടതുനെഞ്ചിൽ ആഴത്തിലുണ്ടായ മുറിവ് ഹൃദയം തകർത്തതാണ് മരണകാരണമെന്നാണ് ആതിരയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബ്രിജേഷുമായുള്ള ആതിരയുടെ പ്രണയ ബന്ധം തുടക്കം മുതല്‍ക്കേ രാജന്‍ എതിര്‍ത്തിരുന്നു. ഇതിന്‍റെ ഫലമായാണ് ആ കമിതാക്കള്‍ രജിസ്റ്റർ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നീട് അരീക്കോട് എസ്ഐയുടെ മധ്യസ്ഥതയിൽ 2018 മാര്‍ച്ച് 23ന് സമീപത്തെ ക്ഷേത്രത്തിൽ വിവാഹം നടത്താമെന്ന തീരുമാനത്തിൽ ആതിരയെ വീട്ടുകാരോടൊപ്പം വിടുകയായിരുന്നു. പക്ഷെ വിവാഹമേളങ്ങള്‍ നിശബ്ദമാക്കി കൊലക്കളമാവുകയായിരുന്നു ആ വീട്.
കൊല്ലപ്പെടുന്ന ദിവസം വൈകുന്നേരം ആതിര ബ്രിജേഷിനെ ഫോണില്‍ വിളിച്ചപ്പോഴും അച്ഛന്‍ തങ്ങളെ ഒരുമിച്ച് ജീവിക്കാനനുവദിക്കില്ലെന്ന ഭയം പ്രകടിപ്പിച്ചു. ഏത് വിധേനയും രക്ഷപ്പെടണം എന്നായിരുന്നു അവളുടെ രോധനം. എവിടെ നിന്ന്? ആരായിരുന്നു ആതിരയുടെ ശത്രു? പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്ക് സംരക്ഷണം തീര്‍ക്കാന്‍ ബാധ്യസ്ഥനായ സ്വന്തം പിതാവില്‍ നിന്നായിരുന്നു അവള്‍ക്ക് രക്ഷപ്പെടേണ്ടിയിരുന്നത്. സ്വന്തം വീടായിരുന്നു അവള്‍ക്ക് കാരാഗൃഹം. ജാതിബോധത്തില്‍ പുറത്തേക്കു തള്ളിയ രക്തദാഹിയായ തേറ്റ പല്ലുകള്‍ തനിക്കു ചുറ്റും മരണത്തിന്‍റെ മണവുമായി കറങ്ങുന്നുണ്ടെന്ന ബോധ്യമാണ് അവളെ കൂടുതല്‍ പരിഭ്രാന്തയാക്കിയത്.
പത്തൊന്‍പതാം വയസില്‍ പ്രണയിച്ച് വിവാഹം കഴിച്ച രാജന് പ്രണയ വിവാഹത്തോടായിരുന്നില്ല എതിര്‍പ്പ്. ബ്രിജേഷിന്റെ ജാതി മാത്രമായിരുന്നു തടസം. താഴ്ന്ന ജാതിക്കാരന് മകളെ കൊടുക്കില്ലെന്നു രാജന്‍ പലതവണ ആവര്‍ത്തിച്ചതുമാണ്. കൊലപാതകത്തിനു ശേഷം രാജനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. മകളെ കൊല്ലാനുപയോഗിച്ച കത്തിയും കുത്തിയ സ്ഥലവുമെല്ലാം രാജന്‍ കാട്ടികൊടുത്തു. മകളെ ബലികൊടുത്ത് ജാതിയെ ജയിച്ച ഗര്‍വ്വു തന്നെയായിരിക്കണം ഇതിനു കാരണം.
ആതിരകൊലക്കേസില്‍ പ്രധാന സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തെ തുടര്‍ന്ന് പ്രതി രാജനെ കോടതി വെറുതെ വിടുകയായിരുന്നു. മതിയായ തെളിവുകളുടെ അഭാവം കൂടിയായപ്പോള്‍ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി 2020 മെയ് 26ാം തീയതി രാജനെ കുറ്റവിമുക്തനാക്കി.
കൊലപാതകം നേരിട്ടുകണ്ട രാജന്റെ ഭാര്യ, മകന്‍, സഹോദരന്‍, സഹോദരന്റെ ഭാര്യ, സഹോദരി, രണ്ട് അയല്‍വാസികള്‍, തുടങ്ങി 12 പ്രധാന സാക്ഷികളാണ് കോടതിയില്‍ മൊഴിമാറ്റി, പ്രതിക്ക് അനുകൂലമായി നിലപാടെടുത്തത്. കൊലപാതകം കണ്ടിട്ടില്ലെന്ന് ഇവര്‍ കോടതിയില്‍ തിരുത്തിപ്പറഞ്ഞു. ഇതോടെ പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ കഴിയാത്ത സ്ഥിതിവന്നു. താലിഭാഗ്യമില്ലാതെ ആശകള്‍ നിറവേറാതെ ധാരുണമായി കൊല്ലപ്പെട്ട ആതിരയ്ക്ക് നീതി ലഭിച്ചോ എന്നത് ചോദ്യ ചിഹ്നമായി വീണ്ടും അവശേഷിക്കുന്നു. ജാതിയുടെ പേരില്‍ മകളെ കൊന്ന പാപം പേറുന്ന ആ അച്ഛന്‍ കുറ്റവിമുക്തനാകുന്നത് ജാതിക്കൊലകള്‍ക്ക് വളമാകുമോ എന്നത് ഉത്തരം അനിവാര്യമായ മറ്റൊരു ചോദ്യം.
താലിയറുക്കുന്ന ജാതി
ആതിരയുടെ കൊലപാതകം സൃഷ്ടിച്ച ഞെട്ടലില്‍ നിന്ന് മുക്തരാകുന്നതിനു മുന്‍പേ ദുരഭിമാനം ജീവനു വിലയിട്ട സംഭവം പ്രബുദ്ധരുടെ കേരളത്തില്‍ വീണ്ടുമുണ്ടായി. 2018 മെയ് 27ന് കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ പി ജോസഫ് എന്ന ഇരുപത്തിനാലുകാരന്‍ ദുരഭിമാനകൊലയ്ക്ക് ഇരയായപ്പോള്‍ ജാതിക്കൊല സജീവ ചര്‍ച്ചാ വിഷയമാവുകയായിരുന്നു.
കെവിന്‍-നീനു പ്രണയ വിവാഹത്തിന്റെ പേരില്‍ നീനുവിന്റെ വീട്ടുകാര്‍ക്കുള്ള ജാതീയമായ എതിര്‍പ്പാണ് അരുംകൊലയില്‍ കലാശിച്ചത്. ദളിത്ക്രൈസ്തവ വിഭാഗത്തില്‍ പെട്ട കെവിനെ നീനുവുമായുള്ള രജിസ്റ്റര്‍ വിവാഹത്തിന്‍റെ തൊട്ടടുത്ത ദിവസം നീനുവിന്‍റെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് തെന്മല ചാലിയേക്കരയിലെ പുഴയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാന്റെ മൊഴിയായിരുന്നു കേസന്വേഷണത്തില്‍ വെളിച്ചമായത്.
സഹോദരനും സംഘവും കെവിനെ കോട്ടയത്ത് നിന്നും തട്ടിക്കൊണ്ട് പോയന്ന പരാതിയുമായി നീനു പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്നതിനാലും മുഖ്യമന്ത്രിയുടെ ജില്ല സന്ദര്‍ശനത്തിന്‍റെ ഭാഗമായി സുരക്ഷ ചുമതലയ്ക്ക് പുറമെ മറ്റ് കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന നീനുവിന്റെ വെളിപ്പെടുത്തല്‍ അന്ന് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. നീനുവിന്റെ പരാതിയില്‍ നടപടി വൈകിപ്പിച്ച കോട്ടയം ഗാന്ധി നഗര്‍ സ്റ്റേഷനിലെ എസ്ഐ ഷിബുവിനേയും, എഎസ്ഐ സണ്ണിയേയും സസ്‌പെന്‍ഡ് ചെയ്തും കോട്ടയം എസ്പി അബ്ദുള്‍ റഫീഖിനെ സ്ഥലം മാറ്റിയുമായിരുന്നു സര്‍ക്കാര്‍ ഈ ആരോപണത്തില്‍ നിന്ന് മുഖം രക്ഷിച്ചത്.
കെവിന്‍റേത് ജാതിക്കൊലയെന്ന് വ്യക്തമായതോടെ ദേശീയപട്ടിക ജാതി കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. പെണ്‍കുട്ടിയുടെ പരാതി അവഗണിച്ചതെന്തുകൊണ്ടെന്ന് കാട്ടി ഡിജിപിയോട് ദേശീയ പട്ടിക ജാതി കമ്മീഷന്‍ വിശദീകരണം തേടുകയും ചെയ്തു. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് ഇഷാന്‍, നിയാസ്, റിയാസ് എന്നിവര്‍ പിടിയിലായി. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന സൂചനകളാണ് പിന്നീട് പുറത്തുവന്നത്.
കെവിനെ കടത്തിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ട 13 പേരെ കൂടാതെ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന നീനുവിന്റെ പിതാവ് ചാക്കോയും പ്രതിപട്ടികയില്‍ ഇടം നേടി. കൊലപാതകത്തിന് ദുരഭിമാനക്കൊലയെന്ന പട്ടം ചാര്‍ത്തിക്കിട്ടി. കെവിന്റെ ഭാര്യാപിതാവ് ചാക്കോയ്‌ക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 12 പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തി. കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കി. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ് മുഖ്യസൂത്രധാരന്‍ എന്നും കെവിനും നീനുവുമായുള്ള പ്രണയം വൈരാഗ്യത്തിന് കാരണമായെന്നും കുറ്റപത്രം ചൂണ്ടികാട്ടി. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു.
കെവിന്‍ വധം ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ ജാതിയുടെ പേരിലുള്ള ദുരഭിമാന കൊലയാണെന്ന് കോടതി തന്നെ കണ്ടെത്തിയതോടെ കെവിന്‍ വധക്കേസ് കേരളത്തില്‍ രജിസ്റ്റർ ചെയ്ത ആദ്യ ദുരഭിമാനക്കൊലയായി. 90 ദിവസത്തെ വിചാരണയ്ക്കൊടുവിൽ പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയായിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് വധ ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. എന്നാല്‍ ഇരട്ട ജീവപര്യന്തവും പിഴയുമായിരുന്നു കോട്ടയം പ്രിൻസിപ്പൾ സെഷൻസ് കോടതി വിധിച്ച ശിക്ഷ. പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയതെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും പ്രായം പരിഗണിക്കണമെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രതികളെ ആശ്രയിച്ച് കഴിയുന്ന കുടുംബം ഉണ്ടെന്നും വാദിച്ച് പ്രതിഭാഗം ശിക്ഷയില്‍ ഇളവു നേടുമ്പോള്‍ പ്രണയിനിയെ സ്വന്തമാക്കിയതിന്‍റെ പേരില്‍ അകാലത്തില്‍ പൊലിഞ്ഞ കെവിന് തന്‍റേതല്ലാത്ത കാരണത്താല്‍ മേല്‍പ്പറഞ്ഞ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട വസ്തുത നാം വിസ്മരിക്കരുത്.
ആശങ്കയാകുന്ന ആവര്‍ത്തനങ്ങള്‍
ആതിരയും കെവിനും നനുത്ത ഓര്‍മ്മകളായി അവശേഷിക്കവെയാണ് പാലക്കാട് തേങ്കുറുശ്ശിയില്‍ അനീഷ് എന്ന അപ്പു തന്‍റെ 27ാം വയസ്സില്‍ ഭാര്യവീട്ടുകാരുടെ ജാതിവെറിക്ക് മുന്നില്‍ ജീവനറ്റു വീഴുന്നത്. താലിക്ക് 90 ദിവസത്തിലേറെ ആയുസ്സില്ലെന്നു മകളെ ഭീഷണിപ്പെടുത്തുന്ന അച്ഛനും അമ്മാവനും പറഞ്ഞ വാക്ക് പാലിച്ച് ജാത്യാഭിമാനം കാത്തപ്പോള്‍ ജാതിക്കൊലയെന്ന വിപത്ത് കേരള മനസ്സാക്ഷിയെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേട്ട് പരിചയിച്ച ദുരഭിമാനക്കൊല കേരളത്തിലും പിടിമുറുക്കുകയാണോ എന്ന ആശങ്ക ഊട്ടിയുറപ്പിക്കുകയായിരുന്നു പാലക്കാട്ടെ കൊലപാതകം.
ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ സന്ധ്യക്കാണ് തേങ്കുറുശ്ശി ഇലമന്ദം അറുമുഖന്റെ മകന്‍ അനീഷ് കൊല്ലപ്പെടുന്നത്. സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വഴിയരികിലുള്ള ഒരു കടക്കു മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിലും കാലിലും ഗുരുതരമായി വെട്ടേറ്റ യുവാവ് ആശുപത്രിയിലെത്തും മുമ്പ് മരണമടഞ്ഞു.
ബന്ധുക്കളെ ധിക്കരിച്ച് മൂന്ന് മാസം മുമ്പ് വീടുവിട്ടിറങ്ങിയാണ് ഹരിത അനീഷിനെ വിവാഹം കഴിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ അനീഷ് താഴ്ന്ന സമുദാക്കാരനും സാമ്പത്തികമായി താഴെക്കിടയിലുള്ള വ്യക്തിയുമായിരുന്നു. വിവാഹത്തെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ഇരു കുടുംബങ്ങളേയും പൊലീസ്, സ്റ്റേഷനില്‍ വിളിച്ചു വരുത്തി വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുകയും അവ അംഗീകരിച്ചതോടെ മടങ്ങാന്‍ അനുവദിച്ചതുമാണ്. പക്ഷെ ജാതിവെറിയും മേലാളത്വ ബോധവും ഇതുകൊണ്ടൊന്നും നിലച്ചില്ല. നിരന്തരമായി ഭീഷണി നേരിട്ടുകൊണ്ടിരുന്ന ആ ചെറുപ്പക്കാരന്‍ മധുവിധു ആഘോഷിക്കേണ്ട നാളുകള്‍ ജീവന്‍ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. പ്രണയിച്ച പെണ്‍കുട്ടിയെ ജീവിതസഖിയാക്കിയതാണ് അവന്‍ ചെയ്ത കുറ്റം.
പ്രണയബന്ധത്തിലേര്‍പ്പെടുകയെന്ന ഒരു വ്യക്തിയുടെ അടിസ്ഥാന അവകാശത്തെ ജാതിയുടെ പേരില്‍ നിഷേധിക്കാനുള്ള ഏതൊരു ശ്രമത്തേയും കുറ്റമായി പരിഗണിക്കുന്ന നിയമങ്ങള്‍ നമുക്കുണ്ടാകണം. മാനുഷിക പരിഗണനകളോ, ബന്ധങ്ങളോ, മറ്റു വികാരങ്ങളോ തടസ്സമാകാതെ കൊലപാതകികള്‍ ശിക്ഷിക്കപ്പെടാനുള്ള നിയമ സാധുതകളാവണം അവ. മാതൃക പരമായ ആ ശിക്ഷാ വിധികള്‍ ജാത്യാഭിമാനം കാക്കാന്‍ കത്തിയെടുക്കുന്നവന് പാഠമാകണം.
നവോത്ഥാന സമരങ്ങളുടെയും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെയും സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍, മാറ്റി നിര്‍ത്തിയ ‘ജാതി’, നമ്മുടെ സ്വകാര്യമണ്ഡലത്തില്‍ സജീവമായിരുന്നു എന്നതും പൊതുമണ്ഡലത്തിലേക്ക് അവ പുനഃപ്രതിഷ്ഠിക്കാനുള്ള സാധ്യതകള്‍ ഇത്തരം ജാതിക്കൊലകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട് എന്നതും തള്ളിക്കളയാനാവില്ല. സവിശേഷമായ മാനുഷിക ബന്ധങ്ങളിലെ ജാതിയുടെ നിശബ്ദസാന്നിധ്യം രക്തചൊരിച്ചിലുകളില്‍ അവസാനിക്കുമ്പോള്‍ കടുത്ത ജാഗ്രതയാണ് ആവശ്യമായി വരുന്നത്. ആണിയടിച്ച് ആവാഹിച്ച ദുഷ്ട ശക്തികള്‍ പുറത്തുകടക്കുന്നതും പെരുകുന്നതും അപായ സൂചനയാണ്. പാതിവഴിയില്‍ നിന്നൊരു തിരിച്ചുപോക്കല്ല നമുക്ക് വേണ്ടത്. സമര സേനാനികള്‍ വെട്ടിത്തെളിച്ച പാത ഇനിയുമുണ്ട് നടന്നു നീങ്ങാന്‍.