ന്യൂഡൽഹി: ഒരാൾ ഹിന്ദുവാണെങ്കിൽ അയാൾ തീർച്ചയായും രാജ്യസ്നേഹിയുമായിരിക്കുമെന്ന് ആർഎസ്എസ് തലവൻ മോഹൻഭാഗവത്. ഗാന്ധിജിയുടെ ധർമത്തെ പരാമർശിച്ചാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന. ഹിന്ദുവിന് ഒരിക്കലും രാജ്യവിരുദ്ധരാവാൻ സാധിക്കുകയില്ല എന്നും ആർഎസ്എസ് തലവൻ പറഞ്ഞു.
ധർമവും രാജ്യസ്നേഹവും വ്യതസ്തമല്ല. ധർമത്തിൽ നിന്നാണ് രാജ്യസ്നേഹമുണ്ടാവുന്നതെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ആത്മീയതിയിൽ നിന്നാണ് ഗാന്ധിജിയുടെ രാജ്യസ്നേഹവം ഉണ്ടാവുന്നത്. ധർമം എന്ന് പറയുന്നത് മതം മാത്രമല്ല. അതിനേക്കാളും വിശാലമായ അർഥത്തിൽ വരുന്ന ഒന്നാണ് – മോഹൻഭാഗവത് പറഞ്ഞു.
രാജ്യത്തെ സ്നേഹിക്കുകയെന്നാൽ ഭൂമിയെ മാത്രമല്ല സ്നേഹിക്കുന്നത്. നദികൾ, സംസ്കാരം, പാരമ്പര്യം എന്നിവയെല്ലാത്തിനോടുമുള്ള ഇഷ്ടമാണ് രാജ്യസ്നേഹമെന്നും ഭാഗവത് പറഞ്ഞു. ജെ.കെ ബജാജും എം.ഡി ശ്രീനിവാസും ചേർന്ന് എഴുതിയ ’മേക്കിങ് ഓഫ് എ ഹിന്ദു പാട്രിയോട്ട്’ പ്രകാശനവേളയിലാണ് ഭാഗവതിന്റെ പരാമർശം.