കൊച്ചി: വാഗമണിലെ ലഹരി പാർട്ടി കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പികെ മധുവിനാണ് അന്വേഷണച്ചുമതല. കേസിൽ സംസ്ഥാനത്തിന് പുറത്തേക്കും വിപുലമായ അന്വേഷണം വേണ്ടിവരുന്ന സാഹചര്യത്തിലാണ് നടപടി.
നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് അടക്കം ഒമ്പത് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. തൊടുപുഴ സ്വദേശി അജ്മലാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നതെന്നും കണ്ടെത്തിയിരുന്നു. എന്നാൽ എവിടെനിന്നാണ് ലഹരിമരുന്ന് വരുന്നത്, ഇതിന്റെ ഇടനിലക്കാർ ആരെല്ലാം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ തീരുമാനം.
ലഹരിമരുന്ന് എത്തിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് ഗോവ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. കേസിൽ അറസ്റ്റിലായവർക്ക് സിനിമാമേഖലയിലെ പ്രമുഖരുമായി അടുത്തബന്ധമുള്ളതായും സൂചനയുണ്ട്. സംസ്ഥാനത്തെ മറ്റുചില തട്ടിപ്പുകളുമായി പ്രതികൾക്ക് ബന്ധമുള്ളതായും വിവരമുണ്ട്.
വാഗമണിലെ റിസോർട്ടിൽ സംഘടിപ്പിച്ച പാർട്ടിയിൽ യുവാക്കളും യുവതികളും ഉൾപ്പെടെ അറുപതോളം പേരാണ് പങ്കെടുത്തത്. ഇവരിൽ പാർട്ടിക്ക് നേതൃത്വം നൽകിയവരെയും ലഹരിമരുന്ന് കൈവശംവെച്ചവരെയുമാണ് പൊലീസ് പിടികൂടിയത്.