ന്യൂഡൽഹി: പ്രായമൊന്നും പ്രശ്നമല്ല വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ലിന്. അത് ഗെയിലിന്റെ ബാറ്റിങ് കാണുന്നവർക്ക് എല്ലാം അറിയാവുന്ന കാര്യവുമാണ്. അതിനാൽ തന്നെ ഗെയിലിന്റെ വിരമിക്കലിനെ കുറിച്ചൊന്നും ആരും ആശങ്കപ്പെടുന്നില്ല. അതൊന്ന് ഊട്ടി ഉറപ്പിക്കുകകൂടിയാണ് ഈ നാൽപത്തിയൊന്നുകാരൻ.
അടുത്ത അഞ്ച് വർഷത്തേക്ക് വിരമിക്കാൻ പദ്ധതിയില്ലെന്നാണ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ഗെയ്ൽ പറഞ്ഞത്. അഞ്ച് വർഷം കൂടി കളിക്കാനാകുമെന്നാണ് എനിക്ക് തോന്നുന്നത്. 45ന് മുമ്പ് ഏതായാലും ഇല്ല. രണ്ട് ലോകകപ്പ് കൂടി കഴിയാനുണ്ട്’ -ഗെയ്ൽ പറഞ്ഞു.
ട്വന്റി20 ലോകകപ്പിന്റെ 2021, 2022 എഡിഷനുകളിൽ കളിക്കാനാകുമെന്നാണ് ‘യൂനിവേഴ്സൽ ബോസ്’ പദ്ധതിയിടുന്നത്. ഇക്കുറി യുഎഇയിൽ നടന്ന ഐപിഎല്ലിന്റെ 13ാം പതിപ്പിൽ വെറും ഏഴ് മത്സരങ്ങളിൽ നിന്നും 288 റൺസ് ഗെയ്ൽ വാരിക്കൂട്ടിയിരുന്നു. 41.14 ശരാശരിയിലായിരുന്നു ബാറ്റിങ്. ആദ്യ മത്സരങ്ങളിൽ ഗെയ്ലിന് അവസരം നൽകാതിരുന്നതിൽ കിങ്സ് ഇലവൻ പഞ്ചാബ് ഖേദിച്ച ടൂർണമെന്റ് കൂടിയായിരുന്നു അത്.