2020; വേര്‍പാടും വ്യഥകളും

മുന്‍വര്‍ഷങ്ങളിലെന്ന പോലെ ശുഭപ്രതീക്ഷകളും പ്രത്യാശകളുമായി കടന്നു വന്ന വര്‍ഷമായിരുന്നു 2020. എന്നാല്‍ പ്രവചനങ്ങള്‍ക്കതീതമായി അസാധാരണ സംഭവ വികാസങ്ങള്‍ക്കാണ് 2020 സാക്ഷിയായത്. ചരിത്രത്തില്‍ തന്നെ ഒറ്റപ്പെട്ടു നില്‍ക്കുന്ന വര്‍ഷം. മഹാമാരിയും ലോക്ക് ഡൗണും സാമ്പത്തിക പരാധീനതകളും പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോള്‍ ഇന്നേവരെയില്ലാത്ത പിരിമുറുക്കത്തിലൂടെ ലോക ജനത കടന്നുപോയ വര്‍ഷം. മറക്കാന്‍ കൊതിക്കുന്ന, ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കാത്ത വര്‍ഷം.

മരണത്തിന്‍റെ മണം പേറുന്ന 2020 രോഗവും രോഗഭീതിയും ആശങ്കകളും ആവലാതികളും തളംകെട്ടി നിന്ന ദിനരാത്രങ്ങളെയാണ് വഹിച്ചത്. പരിസമാപ്തിയോടടുക്കുമ്പോള്‍ ഈ സ്ഥിതിഗതിയില്‍ സാരമായ മാറ്റങ്ങള്‍ കാണാനുമില്ല. ഇതിന്‍റെ ലാഞ്ചനകള്‍ 2021ലും കാണാമെന്നത് മറ്റൊരു വസ്തുത. മനുഷ്യനോട് മത്സരിച്ച് മഹാമാരി നില്‍ക്കുമ്പോള്‍ ശുഭ സൂചനകള്‍ ഒന്നും തന്നെ ശേഷിക്കുന്നില്ല. പ്രത്യാശകള്‍ക്കിടം നല്‍കാതെ ഇനി മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവില്‍ നിന്നുടലെടുത്ത ചില സാധ്യതകളൊഴിച്ചാല്‍ ഭീതിപരത്തുന്ന സംഭവങ്ങള്‍ മാത്രമേ 2021നും നല്‍കാനാകൂ.


നഷ്ടങ്ങളുടെ കണക്കെടുത്താല്‍ പകരം വയ്ക്കാനാവാത്ത വിടവുകള്‍ സൃഷ്ടിച്ചാണ് 2020 പടിയിറങ്ങുന്നതെന്ന് മനസ്സിലാക്കാം. ലോകത്തിന്‍റെ വിവിധ കോണുകളിലായി പതിറ്റാണ്ടുകളുടെ തിളക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളാണ് 2020ല്‍ വിടപറഞ്ഞത്. കോവി‍ഡും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും മുതല്‍ അപകടങ്ങളും ആത്മഹത്യകളുമായി നിരവധി പ്രശസ്തരെ 2020 തിരികെ വിളിച്ചു. ഇവരുടെ മരണമില്ലാത്ത സ്മരണകളില്‍ ഈ വര്‍ഷം എന്നും മുഴച്ചു നില്‍ക്കും.

അന്താരാഷ്ട്ര സമൂഹത്തിലെ തീരാനഷ്ടങ്ങള്‍

ഐതിഹാസികമായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ അമരക്കാര്‍ മുതല്‍ ലോക പ്രശസ്തരായ ഭരണാധികാരികളും സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖരും മനുഷ്യാവകാശ പ്രവര്‍ത്തകരും തുടങ്ങി നിരവധി പേര്‍ മരണത്തിന് കീഴടങ്ങിയ 2020 അന്താരാഷ്ട്ര സമൂഹത്തില്‍ വന്‍ ആഘാതം സൃഷ്ടിച്ചു. ലോക ജനതയെ ഞെട്ടിച്ചു കൊണ്ടായിരുന്നു ചിലര്‍ അകാലത്തില്‍ പൊലിഞ്ഞത്. ഇനിയും വിട്ടുമാറാത്ത ഞെട്ടലോടെ മാത്രമെ ആ മരണവാര്‍ത്തകളെ സമീപിക്കാനാവുകയുള്ളൂ. 2020ല്‍ വിടപറഞ്ഞ പ്രമുഖര്‍ തീരാനഷ്ടമാകുന്നതെങ്ങനെയെന്ന് നോക്കാം…

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് (1940- 2020)

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്

അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ദീര്‍ഘ നാളത്തെ ചികിത്സയ്‌ക്കൊടുവില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മരണപ്പെടുന്നത് 2020 ജനുവരി പത്തിനായിരുന്നു. പിതാവായ സെയ്ദ് ബിന്‍ തൈമൂറിനെ 1970 ല്‍ ബ്രിട്ടീഷ് പിന്തുണയോടെ രക്തരഹിതമായ അട്ടിമറിയിലൂടെ പുറത്താക്കി ഒമാന്‍റെ ഭരണപദത്തിലെത്തിയ ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയിലായിരുന്നു ഖാബൂസ് ബിന്‍ സഈദിന്റെ ജനനം. പുനെയിലും സലാലയിലുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നത് പൂനെയിലെ പഠനകാലത്താണ്. അതുകൊണ്ട് തന്നെ ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലര്‍ത്തിപ്പോന്നു.

ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. പിന്നീട് രാജ്യത്തെ എണ്ണ സമ്പത്ത് ഉപയോഗിച്ച്‌ അദ്ദേഹം ഒമാനെ വികസനത്തിലേക്കുള്ള പാതയിലേക്ക് നയിച്ചു. എന്നാല്‍ അവിവാഹിതനായ ഖാബൂസിന് അവകാശിയോ നിയുക്ത പിന്‍ഗാമിയോ ഇല്ലെന്നതും ശ്രദ്ധേയമാണ്.

43% പ്രവാസികള്‍ ഉള്‍പ്പെടെ 4.6 ദശലക്ഷം ആളുകള്‍ വസിക്കുന്ന ഒമാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന അഞ്ച് പതിറ്റാണ്ടുകളായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍റെ ഭരണ കാലയളവ്. 29ാം വയസ്സില്‍ ഭരണത്തിലെത്തിയ അദ്ദേഹം പിതാവ് സെയ്ദ് ബിന്‍ തൈമൂറിന്‍റെ യാഥാസ്ഥിക നിലപാടുകളെ തിരുത്തിയായിരുന്നു ഭരണമികവ് തെളിയിച്ചത്.

കോബി ബ്രയന്‍റ് (1978- 2020)

കോബി ബ്രയന്‍റും മകള്‍ ജിയാന്നയും

അമേരിക്കന്‍ ബാസ്‍കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്‍റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ലോകം സ്വീകരിച്ചത്. കോബിയുടെ പതിമൂന്നുകാരി മകള്‍ ജിയാന്ന ഉള്‍പ്പെടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഒന്‍പതുപേരും അന്ന് ദുരന്തത്തിനിരയായിരുന്നു. മകളെ ബാസ്കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകും വഴിയായിരുന്നു അപകടം.

മൈക്കിള്‍ ജോര്‍ഡന് ശേഷം ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടു കണ്ട ഏറ്റവും മികച്ച ഷൂട്ടിങ് ഗാര്‍ഡായിരുന്നു കോബി ബ്രയന്റ് . കൃത്യതയുടെ പര്യായത്തിന് ബ്ലാക് മംബ എന്ന് സ്വയം വിശേഷിപ്പിച്ച പ്രതിഭാസം. രണ്ട് ദശകം വിഖ്യാത എന്‍ബിഎ ടീം, ലോസ് ഏഞ്ചലസ് ലേക്കേഴ്‍സിന് വേണ്ടി കളിക്കാനിറങ്ങിയ കോബി, അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ ആണ് കോബി വിരമിച്ചത്.

എന്‍ബിഎ മത്സരക്രമത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ഓള്‍സ്റ്റാര്‍ 18 തവണ നേടിയ കോബി ബ്രയന്‍റ്, എക്കാലത്തെയും മികച്ച ബാസ്‍കറ്റ് ബോള്‍ താരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. ലേക്കേഴ്‍സിന്‍റെ തന്നെ ഇതിഹാസ താരമായ കരീം അബ്‍ദുള്‍ ജബ്ബാര്‍ മാത്രമാണ് ഓള്‍സ്റ്റാര്‍ പട്ടികയില്‍ കോബിക്ക് മുന്നിലുള്ളത്.

എന്‍ബിഎ ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന സ്കോര്‍ നേട്ടം കോബിയുടെ പേരിലാണ്. ലീഗിലെ ഏറ്റവും മൂല്യമുള്ള കളിക്കാരന്‍ എന്ന പദവി 2008ല്‍ കോബി നേടിയിരുന്നു. 2000, 2001, 2002 വര്‍ഷങ്ങളില്‍ കോബിയുടെ നേതൃത്വത്തിലാണ് ലേക്കേഴ്‍സ് കിരീടം ചൂടിയത്. 2009, 2010 വര്‍ഷം ഈ നേട്ടം ലേക്കേഴ്‍സ്‍ ആവര്‍ത്തിച്ചു.

2008 ബെയ്‍ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക് മത്സരങ്ങളില്‍ സ്വര്‍ണം നേടിയ യുഎസ് ബാസ്‍കറ്റ് ബോള്‍ ടീമില്‍ കോബി അംഗമായിരുന്നു. 2018ല്‍ മികച്ച അനിമേറ്റഡ് ഷോര്‍ട്ട്‍ഫിലിം വിഭാഗത്തില്‍ കോബി നിര്‍മ്മിച്ച ഡിയര്‍ ബാസ്‍കറ്റ് ബോള്‍ ഓസ്‍കര്‍ നേടിയിരുന്നു. ബാസ്‍കറ്റ് ബോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ കോബി ബ്രയന്‍റിനെ ഉള്‍പ്പെടുത്താനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതിനിടയ്‍ക്കാണ് ഇതിഹാസത്തിന്‍റെ മരണം.

ജോണ്‍ ലൂയിസ് (1940- 2020)

ജോണ്‍ ലൂയിസ്

അമേരിക്കൻ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ചരിത്ര മുഖമായ ജോൺ ലൂയിസ് തന്‍റെ എണ്‍പതാം വയസ്സില്‍ ജൂലൈ 17നായിരുന്നു ലോകത്തോട് വിടപറഞ്ഞത്. പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. കറുത്തവർഗക്കാരെ മനുഷ്യരായി പരിഗണിക്കൂ എന്ന് വിളിച്ചു പറഞ്ഞ് 1965 ൽ 25ാം വയസ്സിൽ 600 പ്രതിഷേധക്കാരെ നയിച്ച് ലൂയിസ്, മോണ്ട്ഗോമറി സെൽമയിലെ എഡ്മണ്ട് പെറ്റസ് പാലത്തിലൂടെ നടത്തിയ മാർച്ച് യുഎസ് മനുഷ്യാവകാശ ചരിത്രത്തിലെ നാഴികക്കല്ലാണ്.

വിവേചനത്തിനെതിരെ പോരാടിയ, മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ നേതൃത്വത്തിലുള്ള 6 മഹാരഥന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ലൂയിസ്. 1965 ലെ സമരം ഉൾപ്പെടെ കിങ് ജൂനിയറിനൊപ്പം വിമോചന സമരങ്ങളിൽ ലൂയിസ് മുന്നിൽ നിന്നു. ‘ബ്ലഡി സൺഡേ’ യിലെ ഈ സമരവും തുടർന്ന് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ നയിച്ച സമരങ്ങളും അമേരിക്കയിൽ കറുത്ത വർഗക്കാർക്കു വോട്ടവകാശം ലഭിക്കുന്നതിലേക്കു നയിച്ചവയായിരുന്നു.

1981 ൽ അറ്റ്ലാന്‍റ സിറ്റി കൗൺസിൽ അംഗമായി രാഷ്ട്രീയത്തിലെത്തിയ ലൂയിസ് ദീർഘകാലം ജനപ്രതിനിധി സഭാംഗവുമായിരുന്നു. 2016ൽ ഡമോക്രാറ്റ് നേതൃത്വത്തിൽ ‘തോക്ക് ലൈസൻസി’നെതിരെ കോൺഗ്രസിൽ കുത്തിയിരിപ്പു സമരത്തിനു നേതൃത്വം നൽകിയതും ലൂയിസായിരുന്നു. ആ സമരത്തീ അണഞ്ഞിട്ടില്ലെന്നു തെളിയിച്ച് സമീപകാലത്ത് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രക്ഷോഭത്തിലും ലൂയിസ് അണിചേർന്നിരുന്നു.

ചാഡ്‌വിക്ക് ബോസ്മാൻ (1976-2020)

ചാഡ്‌വിക്ക് ബോസ്മാൻ

പ്രശസ്ത ഹോളിവുഡ് നടനും ബ്ലാക്ക് പാന്തര്‍ സിനിമയിലെ നായകനുമായ ചാഡ്‌വിക്ക് ബോസ്മാന്റെ അകാല വിയോഗം ലോകമൊട്ടാകെയുള്ള ആരാധകരെ കണ്ണീരണിയിച്ച വാര്‍ത്തയായിരുന്നു. കുടലിലെ കാന്‍സര്‍ ബാധയെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ബോസ്മാൻ ലോസ് ഏഞ്ചലസിലെ സ്വവസതിയിൽ വച്ചാണ് ഇക്കഴിഞ്ഞ ആഗസ്ത് 28ന് മരണത്തിന് കീഴടങ്ങിയത്.

സൗത്ത് കരോലിനയിലെ ആൻഡേഴ്സണിലാണ് ബോസ്മാൻ ജനിച്ചതും വളർന്നതും. 2003 ൽ തേർഡ് വാച്ചിന്റെ ടെലിവിഷൻ പരമ്പരയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തുന്നത്. ബ്ലാക്ക് പാന്തറിലൂടെ ലോക സിനിമയിൽ ശ്രദ്ധേയമായ താരസാന്നിധ്യമായ ചാഡ്‌വിക്ക് ബോസ്മാന്‍ പിന്നീട് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ , അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്‌സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുള്ളത്.

റൂത്ത് ബേഡര്‍ ഗിന്‍സ്‍ബര്‍ഗ് (1933- 2020)

റൂത്ത് ബേഡര്‍ ഗിന്‍സ്‍ബര്‍ഗ്

അമേരിക്കൻ സുപ്രീംകോടതി ജഡ്ജിയും, സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ജീവതകാലം മുഴുവൻ പോരാടുകയും ചെയ്ത റൂത്ത് ബേഡർ ഗിൻസ്ബർഗിന്‍റെ നിര്യാണം ലോക ജനതയെ നൊമ്പരപ്പെടുത്തിയ വാര്‍ത്തയായിരുന്നു. കാൻസർ ചികിത്സയിലായിരുന്ന റൂത്ത് സെപ്തംബര്‍ 18നാണ് ലോകത്തോട് വിടപറഞ്ഞത്.

27 വർഷമായി അമേരിക്കയിലെ സുപ്രീംകോടതിയിലെ ജഡ്ജിയായി പ്രവർത്തിച്ചിട്ടുള്ള റൂത്ത് ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയാണ്. സ്ത്രീകൾക്ക് വേണ്ടിയും അവരുടെ അവകാശത്തിന് വേണ്ടിയും നിരന്തരം പോരാടിയിരുന്ന റൂത്ത് ബേഡർ ഗിൻസ്ബർഗ് നീതി നിർവഹണത്തിലും മറ്റാരേക്കാളും മുന്നിട്ട് നിന്നു.

വിർജീനിയ മിലിറ്ററി ഇൻസ്റ്റിറ്റ്യൂട്ടില്‍ പുരുഷന്മാരെ മാത്രം നിയമിക്കുന്നതിനെതിരായ ഹർജിയിൽ വിധി പറഞ്ഞതോടെയാണ് റൂത്ത് ബേഡർ ഗിൻസ്ബർഗ് ലോകശ്രദ്ധ നേടുന്നത്. ലിബറൽ, റാഡിക്കൽ ചിന്താഗതിയൊന്നും ഇത്രകണ്ട് വികസിക്കാതിരുന്ന കാലത്ത് പോലും റൂത്ത് ബേഡർ ഗിൻസ്ബർഗ് പുരോഗമന ചിന്തകൾ കൊണ്ട് ലോകത്തെ അതിശയിപ്പിച്ചു. അമേരിക്കയിൽ വിവേചനത്തിനെതിരായ നിയമത്തിന് പുതിയ മുഖം നൽകിയത് റൂത്ത് ബേഡർ ഗിൻസ്ബർഗ് ആണ്.

ഷോണ്‍ കോണറി(1930- 2020)

ഷോണ്‍ കോണറി

ആദ്യ ജെയിംസ് ബോണ്ട് ഷോണ്‍ കോണറി അന്തരിച്ചത് ഒക്ടോബര്‍ 31നായിരുന്നു. കുറച്ചു നാളായി അസുഖ ബാധിതനായ അദ്ദേഹം ബഹമാസില്‍ വെച്ച് ഉറക്കത്തിലായിരുന്നു മരണപ്പെട്ടത്. 1962 മുതല്‍ 1983 വരെ ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നായകനായ ഷോണ്‍ കോണറി നാലുപതിറ്റാണ്ടിലേറെക്കാലം ഹോളിവുഡിലെ എണ്ണപ്പെട്ട താരമായിരുന്നു. ജെയിംസ് ബോണ്ട് വേഷം അവതരിപ്പിച്ച അഭിനേതാക്കളില്‍ ഏറ്റവും മികച്ചയാളായി ഒട്ടുമിക്ക അഭിപ്രായസര്‍വേകളും തെരഞ്ഞെടുത്തത് കോണറിയെയാണ്.

കോണറിയുടെ ഡോക്ടര്‍ നോ ഉള്‍പ്പെടെയുള്ള ബോണ്ട് ചിത്രങ്ങളും ഇന്‍ഡ്യാനാ ജോണ്‍സ് ആന്‍ഡ് ദി ലാസ്റ്റ് ക്രൂസേഡ്, ദി ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍ തുടങ്ങിയവയും വന്‍ജനപ്രീതി നേടിയ ചിത്രങ്ങളാണ്. 1988 ല്‍ ദി അണ്‍ടച്ചബ്ള്‍സ് എന്ന ചിത്രത്തിലൂടെയാണ് ഷോണ്‍ കോണറി മികച്ച സഹനടനുള്ള ഓസ്കര്‍ കരസ്ഥമാക്കിയത്. ഗോള്‍ഡന്‍ ഗ്ലോബും ബാഫ്റ്റയും ഉള്‍പ്പെടെ ഒട്ടേറെ രാജ്യാന്തരപുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

ഡീഗോ മറഡോണ (1960- 2020)

ഡീഗോ മറഡോണ

ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ ഡീഗോ മറഡോണ മരണത്തിന് കീഴടങ്ങിയത് ഈ വര്‍ഷം നവംബർ 25നായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അവിശ്വസനീയതയോടെയാണ് ലോകം മറഡോണയുടെ മരണ വാര്‍ത്ത കേട്ടത്. ലോകം മുഴുവന്‍ ആരാധനയോടെ കാത്തിരിക്കുമ്പോഴും യാതൊന്നും കൂസാതെ തന്റേതായ ജീവിതത്തിലൂടെ നടന്നതു പോലെ അദ്ദേഹം തിരിച്ചു വരും എന്നു തന്നെയായിരുന്നു ഏവരും കരുതിയത്.

1986ൽ അർജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്ത മാറഡോണ വിശ്വ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. ലോകമാകെ ആരാധകരെ സൃഷ്‌ടിച്ചു. അനുപമായ കേളീശൈലി കൊണ്ട്‌ ഹൃദയം കീഴടക്കി. 1982, 1986, 1990, 1994 ലോകകപ്പുകളിൽ അർജന്റീനയ്‌ക്കായി കളിച്ചു. 1986 ലോകകപ്പിൽ ഒറ്റയ്‌ക്ക്‌ അർജന്റീനയെ കിരീടത്തിലേക്ക്‌ നയിച്ചു. ഈ ലോകകപ്പോടെയാണ്‌ മാറഡോണ ലോക ഫുട്‌ബോളിൽ സിംഹാസനം ഉറപ്പിച്ചത്‌.

ക്ലബ്ബ്‌ ഫുട്‌ബോളിൽ ബൊക്ക ജൂനിയേഴ്‌സ്‌, ബാഴ്‌സലോണ, നാപോളി ടീമുകൾക്കായി ബൂട്ടണിഞ്ഞു. ആകെ 588 മത്സരങ്ങളിൽ 312 ഗോൾ. ക്ലബ്ബിനും ദേശീയ കുപ്പായത്തിലും ഒരുപോലെ മികവുകാട്ടിയ കളിക്കാരനായിരുന്നു മാറഡോണ. അർജന്റീനയ്‌ക്കായി 106 കളിയിൽ 42 ഗോളും നേടി. 2010 ലോകകപ്പിൽ അർജന്റീന ടീമിന്റെ പരിശീലകനുമായിരുന്നു. ഫുട്ബോളിൽ ഒട്ടേറെ ഇതിഹാസങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ഒരേയൊരു ദൈവമേ പിറവിയെടുത്തിട്ടുള്ളൂ. അതായിരുന്നു ഡീഗോ അർമാൻഡോ മറഡോണ. അതുകൊണ്ടാണ് മറഡോണ മടങ്ങിയിരിക്കാം, പക്ഷേ വിടവാങ്ങുന്നില്ല എന്ന് ലയണല്‍ മെസ്സിയെ പോലുള്ള ഇതിഹാസങ്ങള്‍ പറഞ്ഞുവയ്ക്കുന്നത്.

കിം കി ഡുക്ക് (1960- 2020)

കിം കി ഡുക്ക്

ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ മരണവാര്‍ത്ത ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളില്‍ കനത്ത ആഘാതം സൃഷ്ടിച്ച ഒന്നായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്നാണ് ഡിസംബര്‍ 11ന് വിഖ്യാത ചലച്ചിത്രകാരന്‍ ലോകത്തോട് വിട പറഞ്ഞത്.

കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് സമ്പന്നമായ, സംഘർഷങ്ങളും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളും ഒപ്പിയെടുത്ത സിനിമകളിലൂടെ ആസ്വാദനത്തിന്‍റെ വിഭിന്ന തലങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ ചലച്ചിത്രകാരനാണ് കിം കി ഡുക്ക്. ഒറ്റക്കായിരിക്കുമ്പോള്‍ പോലും മനുഷ്യന്‍ അവനവനോട് തുറന്നു സമ്മതിക്കാത്ത വികാരങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന തിരശ്ശീലകളാണ് കിം കി ഡുക്കിന്‍റെ ചലച്ചിത്രങ്ങളുടെ പ്രത്യേകത. കൊറിയന്‍ ജനതയും സമൂഹവും അന്തര്‍ലീനമായ രോഷവും ആധികളും ആണ് ഡുക്കിന്റെ സിനിമകളില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നത്.

1995ലാണ് ഡുക്കിന്‍റെ ആദ്യ സിനിമയായ ക്രോക്കൊഡൈല്‍ പുറത്തിറങ്ങിയത്. സ്വന്തം തിരക്കഥയില്‍ പിറന്ന ആ ലോ ബജറ്റ് സിനിമ പരിമിതികള്‍ ഭേദിച്ച് ലോക സിനിമയുടെ നെറുകയിലേക്ക് പാഞ്ഞു കയറി. പിന്നെ ‘വൈല്‍ഡ് അനില്‍മസ്’, ‘ബേഡ്കേജ് ഇന്‍’, ‘റിയല്‍ ഫിക്ഷന്‍’ തുടങ്ങി വര്‍ഷാ വര്‍ഷം സമാനതകളില്ലാത്ത ചലച്ചിത്ര വിസ്മയങ്ങള്‍ക്ക് ഡുക്ക് ജന്മം നല്‍കി. 2003ല്‍ ‘സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്‍റര്‍ ആന്‍ഡ് സ്പ്രിങ്’ എന്ന മാസ്റ്റര്‍പീസിലൂടെ ഡുക്ക് ലോക സിനിമാ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ തന്‍റെ പേരു കൊത്തി. അല്‍പനാളത്തെ ഇടവേളയ്ക്ക് ശേഷം ഗോവന്‍ ഫെസ്റ്റിവലിലൂടെ തിരിച്ചത്തെിയ ഡുക്കിന്‍റെ പുതിയ ചിത്രമായ ‘പിയാത്ത’യിലുടനീളം ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന മാനസിക സമ്മര്‍ദവും പ്രതിഷേധവും കാണാമായിരുന്നു.

കിം കി ഡുക്ക് എന്ന കൊറിയന്‍ ചലച്ചിത്രകാരനോട് വല്ലാത്ത ഒരു സ്‌നേഹവും അഭിനിവേശവുമാണ് മലയാളികള്‍ക്ക്. ചുരുക്കം നാളുകള്‍ക്കിടയില്‍ മലയാളി നെഞ്ചേറ്റിയ അപൂര്‍വവിദേശ സംവിധായകരില്‍ ഒരാളാണ് ഡുക്ക്. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലെത്തുന്ന മലയാളി സിനിമാപ്രേമിക്ക് കിം കി ഡുക്ക് അവരുടെ സ്വന്തം സംവിധായകനായിരുന്നു. 2005ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയാണ് കിം കി ഡുക്ക് എന്ന സൗത്ത് കൊറിയന്‍ സംവിധായകനെ മലയാളി സിനിമാപ്രേമികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.

തിരക്കഥാകൃത്ത്, ഫിലിം എഡിറ്റർ, സംവിധായകൻ എന്നീ നിലകളിൽ ഡസൻകണക്കിനു സിനിമകളാണു ഡുക്ക് ഒരുക്കിയത്. കാൻ, വെനിസ്, ബെർലിൻ എന്നീ മൂന്നു ചലച്ചിത്രമേളകളിലും പുരസ്കാരം നേടിയ ഏക ദക്ഷിണ കൊറിയൻ സംവിധായകനാണ് ഡുക്ക്. “ചിലപ്പോഴൊക്കെ നിശബ്ദതക്ക് യഥാര്‍ത്ഥമായ വികാരങ്ങള്‍ സത്യസന്ധമായി പ്രകടിപ്പിക്കാനാകും. ചില സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ അര്‍ത്ഥത്തെ തന്നെ മാറ്റിക്കളയാറുണ്ട്,” കിം കി ഡുക്കിന്‍റെ ഈ വാക്കുകള്‍ കടമെടുത്തു കൊണ്ട് പറയട്ടെ എത്ര വിവരിച്ചാലാണ് അഭൂതപൂര്‍വ്വമായ ഈ പ്രതിഭയ്ക്ക് തതുല്യമാവുക. നീണ്ട നിശബ്ദത കൊണ്ട് ആ സ്മരണകള്‍ പുതുക്കുന്നതാകും ഉത്തമം.

മേല്‍പ്പറഞ്ഞവര്‍ക്ക് പുറമെ, മോണിക ലെവിന്‍സ്‍കി – ക്ലിന്‍റണ്‍ ബന്ധം പുറത്തുവിട്ട യുഎസ് ഉന്നത ഉദ്യോഗസ്ഥ ലിന്‍ഡ ട്രിപ്, ബഹ്‌റൈന്‍ പ്രധാനമന്ത്രിയായിരുന്ന ഖലീഫ ബില്‍ സല്‍മാന്‍ അല്‍ ഖലീഫ, കോവിഡ് ബാധിച്ച് മരണപ്പെട്ട, ആഫ്രിക്കന്‍ രാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രി എംബ്രോസ് ഡലമീനി, കുവൈറ്റ് മുന്‍ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ മകനും ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആയിരുന്ന ഷെയ്ഖ് നാസര്‍ ബിന്‍ സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ്, അകാലത്തില്‍ പൊലിഞ്ഞ നടിയും ഗായികയും മോഡലുമായ നയാ റിവേര, പര്‍വ്വതാരോഹകന്‍ ആങ് റിത ഷെര്‍പ, 1982ലെ ഫുട്‌ബോള്‍ ലോകകപ്പിലെ ഇറ്റലിയുടെ ഹീറോയായിരുന്നു പൗലോ റോസി, സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹി, ചാരക്കഥയുടെ എഴുത്തുകാരന്‍ മാസ്റ്റര്‍ ജോണ്‍ ലി കാരി തുടങ്ങി നിരവധി പ്രമുഖരാണ് 2020ല്‍ യാത്രയായത്. ഇറാന്‍റെ ആണവ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഹ്സീന്‍ ഫക്രിസാദെയെപ്പോലുള്ളവരുടെ വിയോഗത്തിലൂടെ ചില രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയും 2020 നല്‍കി.

നികത്താനാകാത്ത നഷ്ടങ്ങള്‍ പേറുന്ന ഇന്ത്യ

സിനിമ- സാംസ്കാരിക രംഗത്തെ പ്രശസ്തര്‍ രാഷ്ട്രീയത്തിലെ അതികായന്മാര്‍ തുടങ്ങി പ്രമുഖരുടെ മരണത്തോടെ 2020 ഇന്ത്യയ്ക്ക് നല്‍കിയത് നികത്താനാവാത്ത നഷ്ടങ്ങളാണ്. പ്രമുഖ ബംഗാളി ചലച്ചിത്ര നടന്‍ സൗമിത്ര ചാറ്റര്‍ജി, ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി എന്നിവര്‍ മുതല്‍ അകാലത്തില്‍ പൊലിഞ്ഞ സുശാന്ത് സിംഗ് രജ്പുത് വരെ ജനഹൃദയങ്ങളെ ഉലച്ച് മധുരസ്മരണകള്‍ ബാക്കിവെച്ചാണ് കടന്നുപോയത്. ഈ വര്‍ഷം ഇന്ത്യ അഭിമുഖീകരിച്ച ഭീമമായ നഷ്ടങ്ങള്‍ പരിശോധിക്കാം.

ഇര്‍ഫാന്‍ ഖാന്‍ (1967- 2020)

ഇര്‍ഫാന്‍ ഖാന്‍

പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അര്‍ബുധ ബാധയെത്തുടര്‍ന്ന് 53ാം വയസ്സിലാണ് മരണപ്പെടുന്നത്. 2018ല്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദേശത്ത് ചികില്‍സയിലായിരുന്നു അദ്ദേഹം. കോവിഡ് ലോക്ക്ഡൗണ്‍ കാരണം ലണ്ടനിലെ പ്രതിമാസ ചികില്‍സ മുടങ്ങിയത് ആരോഗ്യനില വഷളാക്കി. തുടര്‍ന്ന് ഏപ്രില്‍ 29നാണ് അദ്ദേഹം മരണപ്പെട്ടത്.

1988-ല്‍ അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ച സലാം ബോബെയില്‍ തുടങ്ങി മുപ്പതു വര്‍ഷം നീണ്ടു നിന്ന അതിസമ്പന്നമായ സിനിമാ ജീവിതത്തിനാണ് ഇതോടെ തിരശ്ശീല വീണത്. ഹിന്ദി സിനിമയില്‍ തുടങ്ങി തന്റെ സാന്നിധ്യം ഹോളിവുഡ് വരെ എത്തിക്കാന്‍ സാഹബ്‌സാദെ ഇര്‍ഫാന്‍ അലി ഖാന്‍ എന്ന ഇര്‍ഫാന്‍ ഖാന് കഴിഞ്ഞിരുന്നു.

തളരാന്‍ തയ്യാറല്ലാത്ത പോരാളിയായിരുന്നു ഇര്‍ഫാന്‍. 2003, 2004 വര്‍ഷങ്ങളിലായി ഇറങ്ങിയ ഹാസില്‍, മക്ക്ബൂല്‍ എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി. ഇതുകൂടാതെ ഹാസിലിലെ വേഷത്തിന് മികച്ച വില്ലനുള്ള ഫിലിം ഫെയറിന്റെ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. അതോടെ ഇർഫാൻ എന്ന നടൻ ബോളിവുഡിലെ മികച്ച അഭിനേതാക്കളുടെ ഇടയിലേക്ക് നിശബ്ദനായി നടന്നു നീങ്ങി.

ഇര്‍ഫാന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായത് ലൈഫ് ഇന്‍ എ മെട്രൊയിലെ മോണ്‍ടി എന്ന കഥാപാത്രമാണ്. 2007-ല്‍ ഇറങ്ങിയ സിനിമയിലെ അഭിനയത്തിന് സഹനടനുള്ള ഫിലിം ഫെയറിന്റെ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 2011-ല്‍ ഇറങ്ങിയ പാന്‍ സിങ് തോമറിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള സിനിമയിലെ കഥാപാത്രം അദ്ദേഹത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം, ഫിലിം ഫെയറിന്റെ നിരൂപക പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ക്കും അര്‍ഹനാക്കി. ബാഫ്ത അവാര്‍ഡില്‍ തിരഞ്ഞെടുത്ത 2013-ല്‍ ഇറങ്ങിയ ലഞ്ച് ബോക്‌സും ഇര്‍ഫാന്റെ ജീവിതത്തിലുണ്ടാക്കിയ ഓളം ചെറുതല്ല.

ഹൈദര്‍(2014), ഗുണ്ടെ(2014), പികു(2015), തല്‍വാര്‍(2015) എന്നീ സിനിമകളില്‍ എല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായി അദ്ദേഹം തിളങ്ങി. ഫിലിം ഫെയറിന്റെ മികച്ച നടനുള്ള അവാര്‍ഡ് ഇര്‍ഫാന് നേടിക്കൊടുത്ത സിനിമയാണ് 2017ല്‍ ഇറങ്ങിയ ഹിന്ദി മീഡിയം. ദി വാരിയര്‍, ദി നേയിംസേയ്ക്ക്, ദി ഡാര്‍ജിലിങ് ലിമിറ്റഡ്, സ്ലംഡോഗ് മില്ല്യണയര്‍, ന്യൂയോര്‍ക്ക്, ഐ ലവ് യൂ, ദി അമേസിങ് സ്‌പൈഡര്‍മാന്‍, ലൈഫ് ഓഫ് പൈ, ജുറാസിക്ക് വേള്‍ഡ്, ഇന്‍ഫെര്‍ണോ എന്നിവയാണ് അദ്ദേഹം ചെയ്ത ഹോളിവുഡ് സിനിമകള്‍. അതിൽ സ്ലം ഡോഗ് മില്യണയറും ലെെഫ് ഓഫ് പെെയും ഓസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി. 2020ലെ അംഗ്രേസി മീഡിയമാണ് അദ്ദേഹത്തിന്റെ അവസാനം ഇറങ്ങിയ സിനിമ.

ഋഷി കപൂര്‍ (1952- 2020)

ഋഷി കപൂര്‍

റൊമാന്റിക് ഭാവങ്ങളിൽ ബോളിവുഡിന്റെ വെള്ളിത്തിരയെ ത്രസിപ്പിച്ച നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂറിന്‍റെ നിര്യാണമായിരുന്നു കോവിഡ് കാലത്ത് രാജ്യം കണ്ണീരോടെ സ്വീകരിച്ച മറ്റൊരു വാര്‍ത്ത. അർബുദരോഗത്തിനുള്ള ചികിത്സയിലിരിക്കെ ശ്വാസതടസ്സത്തെത്തുടർന്നാണ് ഏപ്രില്‍ 30ന് അദ്ദേഹം മരണപ്പെട്ടത്.

ഇന്ത്യൻ ചലച്ചിത്രലോകം കണ്ട എക്കാലത്തെയും ജനപ്രിയ നടന്മാരിലൊരാളും സംവിധായകനും നിർമാതാവുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂർ, പിതാവ് സംവിധാനം ചെയ്ത ‘ശ്രീ 420’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘പ്യാർ ഹുവാ ഇക്റാർ ഹുവാ…’ എന്ന ഗാനത്തിൽ മുഖം കാട്ടിയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറിയത്. പിതാവ് രാജ് കപൂർ സംവിധാനം ചെയ്ത ‘മേരാ നാം ജോക്കർ’ എന്ന ചിത്രത്തിൽ നായകനായ പിതാവിന്റെ തന്നെ കുട്ടിക്കാലം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്കാരവും നേടി.

1973 ൽ രാജ് കപൂറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ബോബി’യിലാണ് ഋഷി കപൂർ ആദ്യമായി നായകവേഷം അണിഞ്ഞത്. ‘ഹം തും എക് കമ്‌രേ മേം ബന്ദ് ഹോ’ എന്ന ഇതിലെ ഗാനം അക്കാലത്തെ ജനപ്രിയ ഹിറ്റായി. ഈ ചിത്രത്തിലൂടെ മികച്ച നടനുളള ഫിലിം ഫെയർ പുരസ്കാരവും ഋഷിയെ തേടിയെത്തി. അക്കാലത്തെ സോവിയറ്റ് യൂണിയനിൽ ഏറെ ഹിറ്റായി മാറിയ ‘ബോബി’ വിദേശ ചലച്ചിത്ര രംഗത്തും തരംഗമായി

റാഫൂ ചക്കർ, കർസ്, ഹം കിസീ സെ കം നഹി, അമർ അക്ബർ ആന്റണി, ലൈല മജ്നൂ, പ്രേം രോഗ്, ഹണിമൂൺ, ചാന്ദനി, സർഗം, ബോൽ രാധാ ബോൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ റൊമാന്റിക് യുഗം സൃഷ്ടിച്ച അദ്ദേഹം ഈ ചിത്രങ്ങളിലെ വ്യത്യസ്തമായ റൊമാന്റിക് ഗാനമൂഹൂർത്തങ്ങളിലൂടെയും ആരാധകശ്രദ്ധ നേടി. 1973–2000 കാലയളവിൽ 92 സിനിമകളിൽ ഋഷി നായകനായി. തുടർന്ന് സഹനടന്റെ റോളുകളിലേക്ക് മാറി. 2012 ൽ ‘അഗ്നിപഥി’ലും 2018 ൽ ‘മുൽക്കി’ലും അദ്ദേഹത്തിന്റെ വേഷങ്ങൾ ഏറെ ശ്രദ്ധ നേടി. 2019 ൽ ജൂത്താ കഹിൻ കാ എന്ന ചിത്രത്തിലും മലയാളിയായ ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോളിവുഡ് ത്രില്ലർ ചിത്രം ‘ദി ബോഡി’യിലുമാണ് അദ്ദേഹം വെള്ളിത്തിരയിൽ അവസാനമായി അഭിനയിച്ചത്.

സുശാന്ത് സിംഗ് രജ്പുത് (1986- 2020)

സുശാന്ത് സിംഗ് രജ്പുത്

ഇര്‍ഫാന്‍ ഖാന്‍റെയും ഋഷി കപൂറിന്‍റെയും മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് മോചിതരാകാത്ത ബോളിവുഡ് ആരാധകര്‍ക്ക് ഇരട്ട പ്രഹരമായിരുന്നു യുവതാരം സുശാന്ത് സിംഗ് രജ്പുതിന്‍റെ ആത്മഹത്യ. മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റില്‍ ജൂണ്‍ 14നാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മരണ വാര്‍ത്തയായിരുന്നു സുശാന്തിന്‍റേത്. സംഭവത്തിലെ കൊലപാതക സാധ്യതകളും ഉന്നതരിലേക്കുള്ള അന്വേഷണവും ബോളിവുഡിലെ നെപ്പോട്ടിസം സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളും മയക്കുമരുന്നു മാഫിയയുടെ സാന്നിദ്ധ്യവും തുടങ്ങി നിരവധി വിവാദങ്ങളാണ് ഇതോടെ പൊട്ടിപ്പുറപ്പെട്ടത്.

ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ‌ എന്നീ നിലയിലും പ്രശസ്തനായ സുശാന്ത് ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതൻ ഭഗത്തിന്റെ ‘ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ‘കായ് പോ ഛെ’ ആണ് ആദ്യ ചിത്രം. അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റൊമാൻസ് എന്ന ചിത്രവും ഹിറ്റായി. ഇതോടെ സുശാന്ത് ബോളിവുഡിലെ മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർന്നു. എംഎസ് ധോണി; ദി അൺടോൾഡ് സ്റ്റോറിയിലെ ടൈറ്റിൽ റോളിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. ‘ദില്‍ ബേച്ചാര’യാണ് സുശാന്തിന്‍റെ അവസാന ചിത്രം.

പ്രണബ് മുഖര്‍ജി (1935- 2020)

പ്രണബ് മുഖര്‍ജി

ഇക്കഴിഞ്ഞ ആഗസ്ത് 31 നാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചത്. രാജ്യം ഭാരതരത്ന നൽകി ആദരിച്ച പ്രണബ് ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, രാജ്യസഭാ അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം. ഇന്ത്യ യുഎസ് ആണവ കരാർ നടപ്പാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചത് പ്രണബ് മുഖര്‍ജിയാണ്.

2004 ൽ പ്രതിരോധമന്ത്രിയും 200ൽ വിദേശകാര്യ മന്ത്രിയുമായിരുന്ന അദ്ദേഹം രണ്ടാം യുപിഎ സർക്കാരിൽ ധനമന്ത്രിയായിരിക്കുമ്പോൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം, പെൺകുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴിയാണ് ശ്രദ്ധേയനായത്.

1977 ൽ മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരവും 2008 ൽ പത്മവിഭൂഷണും പ്രണബ് മുഖര്‍ജിക്ക് ലഭിച്ചിട്ടുണ്ട്. ബിയോണ്ട് സർവൈവൽ, എമർജിങ് ഡൈമൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കണോമി, ചാലഞ്ച് ബിഫോർ ദ് നാഷൻ/സാഗ ഓഫ് സ്ട്രഗ്ൾ ആൻഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

എസ്പി ബാലസുബ്രഹ്മണ്യം (1946- 2020)

എസ്പി ബാലസുബ്രഹ്മണ്യം

ഗായകന്‍, സംഗീത സംവിധായകന്‍ നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭ എസ്പിബി എന്ന ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യത്തിന്‍റെ മരണം 2020 ഏല്‍പ്പിച്ച ആഴമേറിയ ആഘാതമായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ദിവസങ്ങള്‍ക്കകം കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ കാരണം സെപ്തംബര്‍ 25ന് മരണപ്പെടുകയായിരുന്നു.

1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് എസ്പിബി പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് എംജിആര്‍, ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍, തുടങ്ങിയ മുന്‍നിരനായകന്മാര്‍ക്കുവേണ്ടി പാടി. കടല്‍പ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തില്‍ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തില്‍ ആദ്യമായി പാടിയത്.

1980ല്‍ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ്പിബിയുടെ ശബ്ദം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ, കര്‍ണാടക സംഗീതവുമായി വളരെ അടുത്ത് നില്‍ക്കുന്ന ചിത്രത്തിലെ ഓംകാരനാദാനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത് സംഗീതലോകത്തിനു തന്നെ വിസ്മയമായിരുന്നു. ‘ശങ്കരാഭരണവും’ ചിത്രത്തിലെ ‘ശങ്കരാ’ എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി.

തെന്നിന്ത്യന്‍ ഭാഷകള്‍, ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40,000 ത്തിലധികം പാട്ടുകള്‍ പാടിയ എസ്പിബി ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ എന്നിങ്ങനെ നിരവധി ബഹുമതികള്‍ സ്വന്തമാക്കിയ അതുല്യ പ്രതിഭയാണ്. ബോളിവുഡ്, ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും എസ്പിബിക്ക് ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയ്ക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ എന്‍ടിആര്‍ ദേശീയ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. പദ്മശ്രീ, പദ്മഭൂഷന്‍ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്

ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീത സംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്ര പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോക റെകോർഡ് എസ്പിബിക്ക് സ്വന്തമാണ്. എസ്പിബിയുടെ മരണം തീര്‍ത്ത ദുഃഖം അതീവ നൊമ്പരമായി ഇന്നും ഇന്ത്യന്‍ ജനതയുടെ ഉള്ളില്‍ തളം കെട്ടി നില്‍ക്കുന്നുണ്ട്. ആ ശബ്ദമോർത്ത് ഇന്നും കണ്ണുനിറയാത്തവർ ഉണ്ടാകില്ല. എസ്പിബിയും ആ ശബ്ദവും അത്രയേറെ ഈ നാടിന്റെ പ്രതിരൂപമായിരുന്നു.

സൗമിത്ര ചാറ്റര്‍ജി (1935- 2020)

സൗമിത്ര ചാറ്റര്‍ജി

ബംഗാളി സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി കോവിഡ് ബാധിച്ചതിനു പിന്നാലെ ആരോഗ്യം വഷളായി ഇക്കഴിഞ്ഞ നവംബര്‍ 15നാണ് നിര്യാതനായത്. സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ എന്ന ഖ്യാതിയുള്ള സൗമിത്ര ചാറ്റർജി അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സർക്കാർ കലാകാരൻമാർക്കു നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.

1959ല്‍ സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുർ സൻസാറിലൂടെയാണ് സൗമിത്ര സിനിമയിൽ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി അദ്ദേഹം. മൃണാൾ സെൻ, തപൻ സിൻഹ, അസിത് സെൻ, അജോയ് കർ, ഋതുപർണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അഭിനയിച്ചു. എന്നാല്‍ ‘റേയുടെ വിശ്രുത നായകൻ’ എന്ന നിലയിലാണ് സൗമിത്ര ചാറ്റര്‍ജി വിശേഷിപ്പിക്കപ്പെടുന്നത്. റേയുടെ പ്രശസ്‌ത ചിത്രമായ ചാരുലതയിലെ നായകനായ കവിയെ അവതരിപ്പിക്കാൻ കയ്യക്ഷരം പോലും മാറ്റിയിട്ടുണ്ട് ചാറ്റര്‍ജി. അപുർ സൻസാർ, തീൻ കന്യ, അഭിജാൻ, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേർ ദിൻ രാത്രി, അശനിസങ്കേത്, സോനാർ കെല്ല, ഗണശത്രു തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങൾ.

ബംഗാളി വെള്ളിത്തിരയിൽ സ്വാഭാവിക അഭിനയത്തിന്റെ ചാരുത വിരിയിച്ച ചാറ്റര്‍ജി തന്‍റെ നിലപാടുകളിലും കരുത്തനായിരുന്നു. എഴുപതുകളിൽ പത്മശ്രീ പുരസ്കാരം നിരസിച്ച നടപടി ഇതിന് ഉദാഹരണമാണ്. പിന്നീട് 2004 ൽ രാജ്യം പത്മഭൂഷൺ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം അൽപം വൈകിയാണെങ്കിലും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ലോക സിനിമയ്ക്കും ഇന്ത്യയുടെയും ബംഗാളിന്റെയും സംസ്കാരിക ജീവിതത്തിനും കനത്ത നഷ്ടമാണ് സൗമിത്ര ചാറ്റര്‍ജിയുടെ മരണം സൃഷ്ടിച്ചത്.

സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകരില്‍ പ്രധാനിയും ഗാന്ധി കുടുംബത്തിന്റെ എക്കാലത്തേയും വിശ്വസ്തനുമായിരുന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍ജെപി(ലോക് ജനശക്തി പാര്‍ട്ടി) നേതാവുമായ രാം വിലാസ് പാസ്വാന്‍, മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ജസ്വന്ത് സിങ്, ബോളിവുഡിലെ പ്രശസ്ത കോറിയോഗ്രാഫറും മൂന്ന് തവണ ദേശീയ പുരസ്കാര ജേതാവുമായ സരോജ് ഖാന്‍, പ്രശസ്ത കന്നട നടന്‍ ചിരഞ്ജീവി സര്‍ജ, ഇന്ത്യയുടെ ആദ്യ ഓസ്കാര്‍ ജേതാവ് ഭാനു അതയ്യ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറ, കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി, സ്വതന്ത്ര ഇന്ത്യ കണ്ട നൃത്തനിരൂപകരില്‍ സമുന്നതനും ചരിത്രകാരനും നൃത്തപണ്ഡിതനുമായ ഡോ. സുനില്‍ കോത്താരി, ഉറുദു നിരൂപകനും എഴുത്തുകാരനുമായ ഷംസൂർ റഹ്മാൻ ഫാറൂഖി, തുടങ്ങി പ്രമുഖരുടെ ജീവന്‍ കവര്‍ന്ന് രാജ്യത്തിന് തീരാനഷ്ടമായാണ് 2020ന്‍റെ പര്യവസാനം.

കണ്ണീര്‍ വാര്‍ക്കുന്ന കേരളം

കേരളത്തിന്‍റെ സാഹിത്യ- സാംസ്കാരിക ലോകത്തെ കണ്ണീര്‍ക്കയത്തിലാക്കിയാണ് 2020 കടന്നു പോകുന്നത്. എംപി വിരേന്ദ്രകുമാര്‍, അക്കിത്തം അച്യുതന്‍ നമ്പൂതിരി, സുഗതകുമാരി തുടങ്ങി നാടിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കി അതത് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവർ വിടപറയുമ്പോള്‍ തീരാവ്യഥകളായി അവശേഷിക്കുകയാണ് സമൂഹത്തില്‍ അവര്‍ ചെലുത്തിയ മരിക്കാത്ത സ്വാധീനം.

എംപി വിരേന്ദ്രകുമാര്‍ (1937- 2020)

എംപി വിരേന്ദ്രകുമാര്‍

മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായിരുന്ന എംപി വീരേന്ദ്രകുമാര്‍ മെയ് 28നാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാഷ്ട്രീയ നേതാവും പ്രഭാഷകനും എഴുത്തുകാരനും പത്രാധിപരും ഒക്കെയായി രാഷ്ട്രീയ സാമൂഹിക സാസ്കാരിക മേഖലകളിൽ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റായിരുന്നു. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവുമായിരുന്നു വിരേന്ദ്രകുമാര്‍.

2009 മുതല്‍ 2018 വരെയുള്ള ചുരുങ്ങിയ കാലമൊഴിച്ച് ഇടതുപക്ഷത്തിനൊപ്പമായിരുന്നു എംപി വീരേന്ദ്രകുമാറിന്റെ ജീവിതം. 2009 ലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നല്‍കാത്തതിനെ ചൊല്ലിയുളള തര്‍ക്കമാണ് മുന്നണി വിടുന്നതിലേക്ക് എം പി വിരേന്ദ്രകുമാറിനെ നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനോടപ്പമുള്ള വാസം ഒട്ടും സുഖകരമായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ പാലക്കാട്ടുനിന്ന് മല്‍സരിച്ച് എംബി രാജേഷിനോട് തോറ്റപ്പോള്‍ തന്നെ കോണ്‍ഗ്രസുമായുള്ള ബന്ധം അസ്വസ്ഥമായി തുടങ്ങിയിരുന്നു. പിന്നീട് 2018 ല്‍ മുന്നണി വിട്ട് എല്‍ഡിഎഫിലെത്തിയ വീരേന്ദ്ര കുമാറിന് രാജ്യസഭ സീറ്റ് നല്‍കാനും മുന്നണി തയ്യാറായി.

ഇഎംഎസ്, എകെജി തുടങ്ങിയവര്‍ മുതലുള്ള ഇടതുപക്ഷ നേതാക്കളുമായുള്ള ബന്ധവും രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ചിന്തയുമാണ് എംപി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചതെന്ന് പറയാം. ഇന്ത്യന്‍ സോഷ്യലിസ്റ്റുകള്‍ പലവിധത്തില്‍ ആശയപരമായി വിഘടിച്ചപ്പോഴും, പ്രത്യയശാസ്ത്രപരമായി എംപി വിരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ഉറച്ചു നിന്നു. കോണ്‍ഗ്രസ് വിരുദ്ധതയും ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെയുമായ നിലപാടുകളായിരുന്നു അതിന്റെ അടിസ്ഥാനം. അഞ്ച് പതിറ്റാണ്ടു കാലം കേരള രാഷ്ട്രീയത്തില്‍ പ്രബല സ്വാധീനമായിരുന്ന വീരേന്ദ്ര കുമാര്‍ വിട പറയുമ്പോള്‍ അത് പേരിനെങ്കിലും ശേഷിച്ചിട്ടുള്ള കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അക്കിത്തം അച്യുതന്‍ നമ്പൂതിരി (1926- 2020)

അക്കിത്തം അച്യുതന്‍ നമ്പൂതിരി

ജ്ഞാനപീഠ ജേതാവ്‌ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങിയത് ഒക്ടോബര്‍ 15ന് തന്‍റെ 94ാമത്തെ വയസ്സിലായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എഴുത്തച്ഛന്റെ വിവർത്തനകാവ്യം കൊണ്ടു നാലു നൂറ്റാണ്ടു പിടിച്ചുനിന്ന ഭാഷയിലേക്ക് ആധുനികതയുടെ തീപ്പന്തമെറിഞ്ഞയാളാണ് അക്കിത്തം. മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അദ്ദേഹം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി നിലകൊണ്ടയാളാണ്.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കി.

പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില്‍ 2019 ലെ ജ്ഞാനപീഠ പുരസ്‌കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനായി അക്കിത്തം മാറി. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങിയത്.

സുഗതകുമാരി (1934- 2020)

സുഗതകുമാരി

മലയാള സാഹിത്യത്തിന് തീരാനഷ്ടം വിതച്ച് കവയിത്രിയും എഴുത്തുകാരിയുമായ സുഗതകുമാരി നിര്യാതയാകുന്നത് ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കവിയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പോറ്റമ്മയും ധർമസ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിന് അശരണര്‍ക്ക് അഭയം നല്‍കിയ സ്നേഹമയിയുമായ സുഗതകുമാരിയുടെ വിയോഗം കേരളം അങ്ങേയറ്റം ദുഃഖത്തോടെയാണ് സ്വീകരിച്ചത്.

സാംസ്കാരിക കേരളത്തിന്റെ മനസാക്ഷിയെ പ്രകൃതി സംരക്ഷണത്തിൽ അണിചേര്‍ക്കുക മാത്രമല്ല , ജയിച്ചതും തോറ്റതുമായ അസംഖ്യം സമരങ്ങളുടെ അരങ്ങിലും അണിയറയിലും സമരവീര്യത്തോടെ സജീവമായിരുന്നു സുഗതകുമാരി. സൈലന്റ് വാലിയെ സംരക്ഷിക്കാൻ സാംസ്കാരിക കേരളത്തെ ഐക്യപ്പെടുത്തിയ സുഗതകുമാരിയുടെ പ്രതിഷേധ പടച്ചട്ടയണിഞ്ഞ കവിതകള്‍ കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചവയാണ്.

അക്ഷരങ്ങൾക്ക് വാളിനേക്കാൾ മൂർച്ചയുണ്ടെന്നും അഗ്നിയേക്കാൾ കരുത്തുണ്ടെന്നും സുഗതകുമാരി ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു. കാലത്തിന്റെ ഒരു കരുതിവയ്പ്പ് അവരില്‍ നിറഞ്ഞു നിന്നു. അടിമുടി പൂത്തു നിന്നൊരു കാവ്യ വൃക്ഷമായിരുന്നു സുഗതകുമാരി. മനുഷ്യമനസിന്റെ വിശുദ്ധിയിലേക്കുള്ള തീർത്ഥാടനമായിരുന്നു സുഗതകുമാരിയുടെ കവിത. വായനക്കാരന്റെ അബോധതലങ്ങളിൽ തരംഗങ്ങളുണർത്തുന്ന കലാരൂപമാണ് കവിതയെന്ന് അവർ വിശ്വസിച്ചിരുന്നു.

കൈക്കുടന്നയിലൊരു മുത്തുച്ചിപ്പി‘യുമായി ആറു പതിറ്റാണ്ടിനു മുൻപാണ് സുഗതകുമാരി മലയാള കവിതയിലേക്ക് കടന്നുവന്നത്. കാൽപനിക ഭാവനയിൽ ചാലിച്ച അന്തർമുഖത്വമാണ് സുഗതകുമാരി കവിതയുടെ പ്രത്യേകത. ചങ്ങമ്പുഴയ്ക്കു ശേഷം അപചയത്തിലേക്കു നീങ്ങിയ മലയാള കാൽപനിക കവിതയെ അതിന്റെ തെളിഞ്ഞ സൗന്ദര്യത്തോടെ തിരിച്ചുപിടിക്കുകയായിരുന്നു സുഗതകുമാരി. കാൽപനികതയുടെ മാന്ത്രികതയും ഭാവഗീതത്തിന്റെ സംഗീതാത്മകതയും ശുദ്ധമലയാളത്തിന്റെ പദവിന്യാസവും ആത്മാവിഷ്കാരത്തിന്റെ വൈകാരിക ഭാവവും കൊണ്ട് സുഗതകുമാരിയുടെ കവിതകൾ വായനക്കാരന്റെ ഹൃദയത്തോട് ചേര്‍ന്നു നിന്നു.

അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട് സുഗതകുമാരി. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സരസ്വതി സമ്മാന്‍ എന്നിവയ്ക്കും അര്‍ഹയായി. ഇവയ്ക്കുപുറമെ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. അക്ഷരങ്ങൾ പൂത്തു നിന്ന ബോധി വൃക്ഷച്ചുവട്ടിൽ നക്ഷത്രത്തിളക്കമുള്ള വാക്കുകൾ ഉപേക്ഷിച്ച് സുഗതകുമാരി യാത്രയാകുമ്പോള്‍ കാല്‍പനിക കവിതയിലെ ഒരു വസന്തം അവസാനിക്കുകയാണ്.

മലയാള സിനിമ താരങ്ങളായ ശശി കലിങ്ക, രവി വള്ളത്തോള്‍, അനില്‍ മുരളി, യുവ സംവിധായകന്‍ നാരാണിപ്പുഴ ഷാനവാസ് സമീപകാലത്ത് മലയാളത്തെ ഞെട്ടിച്ച് അകാലത്തില്‍ പൊലിഞ്ഞ അനില്‍ പി നെടുമങ്ങാട് തുടങ്ങിയവരുടെ വിയോഗം കേരളത്തിന് 2020 നല്‍കിയ വേദനകളായിരുന്നു. കൂടാതെ പ്രശസ്ത സാഹിത്യകാരന്‍ യുഎ ഖാദര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ തുടങ്ങി നനാതുറകളില്‍ നിന്ന് പ്രമുഖ വ്യക്തികളെ നമുക്ക് നഷ്ടമായി.

കോവി‍ഡ് മഹാമാരി പിടിപെട്ട് മരണപ്പെടുന്നവരുടെ എണ്ണം റോക്കറ്റ് വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഇരട്ട പ്രഹരമാണ് പ്രമുഖരുടെ വേര്‍പാട്. പ്രതിസന്ധികളെ തരണം ചെയ്ത് പൂര്‍വ്വസ്ഥിതി പ്രാപിക്കുമ്പോള്‍ അതത് മേഖലകളില്‍, നഷ്ടപ്പെട്ട പ്രതിഭകള്‍ക്ക് പകരം വയ്ക്കാന്‍ തതുല്യമായ പ്രതിഭാശാലികള്‍ ഉണ്ടാകുമെന്ന പ്രത്യാശയോടെ നമുക്ക് 2021 നെ വരവേല്‍ക്കാം…