കൊച്ചി: വീട്ടുജോലിക്കാരി ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഫ്ളാറ്റുടമ അറസ്റ്റിൽ. അഭിഭാഷകനായ ഇംതിയാസ് അഹമ്മദാണ് അറസ്റ്റിലായത്. ഇംതിയാസിന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പൊലീസിന് മുന്നിൽ ഇംതിയാസ് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്യായമായി ജോലിക്കാരിയെ തടഞ്ഞുവച്ചു എന്ന കുറ്രം ചുമത്തിയാണ് അറസ്റ്റ്. ഡിസംബര്‍ നാലിന് മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റില്‍ നിന്നും വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി തമിഴ്നാട് സേലം സ്വദേശിനി കുമാരിയാണ് ഡിസംബര്‍ 13ന് മരണമടഞ്ഞത്.
ഇതോടെ ഇംതിയാസ് അഹമ്മദ് ഒളിവിൽ പോയിരുന്നു. മാത്രമല്ല കുമാരിയെ വീട്ടിൽ പോകാൻ അനുവദിക്കാതെ ഇംതിയാസ് ഫ്ളാറ്റിൽ പൂട്ടിയിട്ടതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുമാരിയുടെ ഭർത്താവ് ശ്രീനിവാസനും പൊലീസിന് മൊഴി നൽകിയിരുന്നു.
ഫ്ളാറ്റുടമയില്‍ നിന്ന് അത്യാവശ്യ കാര്യങ്ങള്‍ക്കായി കുമാരി പതിനായിരം രൂപ അഡ്വാന്‍സ് പണം വാങ്ങിയിരുന്നെന്നും നാട്ടിലേക്ക് പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഈ പണം ആവശ്യപ്പെട്ട് പൂട്ടിയിട്ടെന്നും ഭര്‍ത്താവ് പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് എടുത്ത കേസില്‍ ഫ്ളാറ്റുടമയ്ക്ക് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമേ ചുമത്തിയിരുന്നുളളൂ. ശ്രീനിവാസന്റെ പരാതിയില്‍ ഫ്ളാറ്റുടമയുടെ പേര് നല്‍കാത്തതാണ് ഇതിനു കാരണമെന്ന് പൊലീസ് മുന്‍പ് അറിയിച്ചിരുന്നു.