ലഖ്നോ: കൊലപാതകശ്രമക്കേസിന്റെ വിചാരണക്ക് കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ പൊലീസ് കേസെടുത്തു. മെന്ഹ്ദാവല് മണ്ഡലത്തിലെ എം.എല്‍.എ രാകേഷ് സിങ് ബാഗെലിനെതിരെയാണ് കോട്വാലി പൊലീസ് കേസെടുത്തത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ സന്ത് കബീര്‍ നഗര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ (സി.എം.ഒ) ഡോ. ഹര്‍ഗോവിന്ദ് സിങിനെതിരെയും കേസെടുത്തിട്ടുണ്ട്.
2010 ലെ ഒരു കൊലപാതകശ്രമ കേസിൽ വിചാരണക്ക് ഹാജരാകാൻ അഡീഷണൽ സെഷൻസ് ജഡ്ജ് ദീപാന്ത് മണി രാകേഷ് സിംഗിന് നോട്ടിസ് അയച്ചിരുന്നു. കോടതിയിൽ ഹാജരാകാതിരിക്കാൻ കോവിഡ് ബാധിച്ചുവെന്ന വ്യാജ സർട്ടിഫിക്കറ്റ് രാകേഷ് നൽകുകയായിരുന്നു.
ഒരു സ്വകാര്യലാബില്‍ നടത്തിയ പരിശോധനയില്‍ രാകേഷ് കോവിഡ് പോസിറ്റിവ് ആണെന്ന് തെളിഞ്ഞെന്നും അദ്ദേഹം ഹോം ഐസൊലേഷനില്‍ ആണെന്നുമുള്ള സര്‍ട്ടിഫിക്കറ്റ് സി.എം.ഒ ഡോ. ഹര്‍ഗോവിന്ദ് സിങ് ആണ് കോടതിയില്‍ സമര്‍പ്പിച്ചത്.
എന്നാല്‍, ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ നിരീക്ഷണത്തിന്റെ ചുമതലയുള്ള ഡോ. വിവേക് കുമാര്‍ ശ്രീവാസ്തവ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന കാലയളവില്‍ രാകേഷ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചില്ലെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് രാകേഷും സി.എം.ഒയും ചേര്‍ന്ന് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതായി കണ്ടെത്തിയത്.