ഒട്ടാവ: ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് കാനഡ വിലക്ക് ഏർപ്പെടുത്തി. വാണിജ്യ, യാത്രാ വിമാനങ്ങൾക്ക് 72 മണിക്കൂർ താൽകാലിക വിലക്കാണ് ഏർപ്പെടുത്തിയത്. ഇന്ന് അർധരാത്രി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.
കനേഡിയൻ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ ശിപാർശ പ്രകാരം മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ അറിയിച്ചു. യുകെയിൽ നിന്ന് ഞായറാഴ്ച എത്തിയ വിമാന യാത്രക്കാർക്ക് പരിശോധന, ക്വാറന്റീൻ അടക്കമുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിരുന്നു.
നേരത്തെ, നെതർലാൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിരോധിച്ചിരുന്നു. ഫ്രാൻസും ഇറ്റലിയും ജർമ്മനിയും സമാനമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്.
അതേസമയം, സൗദി അറേബ്യയയും അന്താരാഷ്ട്ര യാത്രകൾക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കര, വ്യോമ, ജല ഗതാഗത്തിന് പൂർണമായും വിലക്ക് ഏർപ്പെടുത്തി.