ന്യൂഡല്‍ഹി: കോവിഡിന്റെ ഏറ്റവും മോശം അവസ്ഥ ഇന്ത്യ മറികടന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. എന്നാല്‍ കോവിഡ് മുന്‍കരുതലുകള്‍ തുടര്‍ന്നും ശക്തമായി പാലിക്കേണ്ടതുണ്ട്. മാസ്ക് ധരിക്കല്‍, കൈകള്‍ ശുചിയാക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവയില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ജനുവരിയില്‍ ഏത് ആഴ്ചയും വാക്സിന് വിതരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് നിലവില്‍ മൂന്നു ലക്ഷത്തോളം കോവിഡ് രോഗികളാണുള്ളത്. ഏതാനും മാസം മുമ്പ് 10 ലക്ഷത്തോളം കേസുകളുണ്ടായിരുന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു. എന്നാല്‍ 95 ലക്ഷത്തിലേറെ പേരും കോവിഡ് മുക്തരായി. ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണ് നമ്മുടേതെന്നും ആരോഗ്യമന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ജനങ്ങള്‍ക്ക് നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനഎന്നും മന്ത്രി വ്യക്തമാക്കി. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും സൗകര്യങ്ങളൊരുക്കുന്നതില്‍ കഴിഞ്ഞ നാലുമാസമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്.
കോവിഡ് വാക്സിന് വിതരണത്തിനായി ജില്ലാ തലത്തിലും, ബ്ലോക്ക് തലത്തിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനായി ടാസ്ക് ഫോഴ്സുകള്‍ രൂപീകരിച്ചിട്ടുണ്ട്. 260 ജില്ലകളിലായി ഇരുപതിനായിരത്തിലേറെ വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കി വരികയാണ്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, സൈനികര്‍, 50 വയസ്സിന് മേല്‍ പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ തുടങ്ങി 30 കോടി പേര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്സിന് വിതരണം ചെയ്യാനാകുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.