കാഠ്മണ്ഡു: നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയാണ് 275 അംഗ പാര്‍ലമെന്റ് പിരിച്ചുവിട്ടത്-എഎന്‍ഐ റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ച വിവാദമായ എക്സിക്യൂട്ടീവ് ഓര്‍ഡറുമായി ബന്ധപ്പെട്ട് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ പ്രചണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍ എന്നിവരില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ഒലി നേരിട്ടത്. ഈ വിവാദങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ഞായറാഴ്ച മന്ത്രിസഭയിലെ നാല് പേര് രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റിനെ ഒലി സന്ദര്‍ശിച്ചിരുന്നു. ഇടക്കാല സര്‍ക്കാറിനെ ഒലി തന്നെ നയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു. മൂന്ന് അംഗങ്ങളുടെ സാന്നിധ്യത്തില്‍ പോലും മീറ്റിംഗുകള്‍ വിളിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശം പ്രധാനമന്ത്രിക്ക് നല്‍കുന്നതായിരുന്നു പുതിയ നിയമം.
ഏപ്രില്‍ 30, മേയ് 10 ദിവസങ്ങളില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.