2014 ഏപ്രിൽ 14ാം തീയതി പകല്‍, നൈജീരിയയിലെ ബോൺ പ്രവിശ്യയിലെ ചിബോക് ഗവൺമെന്റ് സെക്കൻഡറി സ്‌കൂളിന് അന്നൊരു പതിവു പ്രവൃത്തി ദിവസമായിരുന്നു. വാർഷിക പരീക്ഷ അടുത്ത സമയമായിരുന്നതിനാൽ അതിനുള്ള തയ്യാറെടുപ്പുകളില്‍ വ്യാപൃതരായിരുന്നു കുട്ടികള്‍. സ്‌കൂളിന്റെ പ്രശാന്തതയെ ഭേദിച്ചുകൊണ്ട് വെടിയൊച്ചകൾ മുഴങ്ങിയത് പെട്ടെന്നായിരുന്നു. ആയുധധാരികളായ, പട്ടാള വേഷമണിഞ്ഞ ‘ബൊക്കോ ഹറാം’ എന്ന നിരോധിത സംഘടനയിലെ ഭീകരരുടെ ഒരു സംഘം സ്‌കൂൾ വളപ്പിലേക്ക് ഇരച്ചുകയറി. നാലഞ്ചു ട്രക്കുകളില്‍ വന്നിറങ്ങിയ അവരുടെ ലക്ഷ്യം സ്കൂള്‍ കൊള്ളയടിക്കുകയായിരുന്നു.
എന്നാല്‍ സ്കൂളില്‍ പെണ്‍കുട്ടികളെ കണ്ട മാത്രയില്‍ സംഘത്തലവന്‍റെ മട്ടുമാറി. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമാണ് എന്ന കടുത്ത തീവ്രവാദനയമുള്ള ബൊക്കോ ഹറാം സംഘം സ്‌കൂളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവാൻ തീരുമാനിച്ചു. ആവുന്നത്ര പേരെ തങ്ങളുടെ ട്രക്കുകളിൽ കുത്തി നിറച്ചു, ബാക്കിയുള്ളവരെ പൊരിവെയിലത്ത് നടത്തിച്ചു. അവരെ തടയാനുള്ള ധൈര്യം സ്ഥലത്തെ പൊലീസിനോ പട്ടാളത്തിനോ ഉണ്ടായില്ല. 57 പെണ്‍കുട്ടികള്‍ പോകും വഴി തന്നെ ട്രക്കുകളില്‍ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
നൈജീരിയയുടെ വടക്കുകിഴക്കൻ പ്രവിശ്യയിൽ 2,258 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന സാംബിസാ വനത്തിനുള്ളിലെ കൊണ്ടുംഗാ പ്രദേശത്തേക്കായിരുന്നു തീവ്രവാദികള്‍ പെണ്‍കുട്ടികളെ കൊണ്ടുപോയത്. ബൊക്കോ ഹറാമിന്റെ ശക്തികേന്ദ്രമായിരുന്ന ആ കാടുകൾക്കുള്ളിൽ അവരുടെ ക്യാംപുകൾ പ്രവർത്തിച്ചു പോന്നിരുന്നു. തങ്ങളുടെ ഒളിപ്പോരാളികളുടെ ലൈംഗിക അടിമകളാക്കാനും ക്യാംപുകളിൽ പാചകമടക്കമുള്ള ജോലികൾ ചെയ്യിക്കാനുമായിട്ടാണ് പെണ്‍കുട്ടികളെ ഇവര്‍ തട്ടിക്കൊണ്ടു പോയത്.
രണ്ടു പതിറ്റാണ്ടോളമായി ബൊക്കോ ഹറാമിന്‍റെ ഭീകരവാദ നയങ്ങള്‍ക്ക് പാത്രമാവുകയാണ് നൈജീരിയന്‍ ജനത. വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ നിന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് 300ലധികം സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത് തങ്ങളാണെന്ന് ബൊക്കോ ഹറാം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ബൊക്കോ ഹറാമിന്‍റെ അക്രമരാഹിത്യം വാര്‍ത്തകളില്‍ വീണ്ടും ഇടം നേടി. കട്സിനയിലെ ബോയ്സ് സെക്കൻഡറി സ്കൂളിൽനിന്നാണ് ഇത്തവണ കുട്ടികളെ തട്ടിക്കൊണ്ടു പോയത്. വടക്കുകിഴക്കൻ നൈജീരിയയിലെ ഭീകരരുടെ ശക്തികേന്ദ്രത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ മാറിയാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം 344 കുട്ടികള്‍ മോചിതരായിരുന്നു. എന്നാല്‍ എത്ര കുട്ടികളെയാണ് തീവ്രവാദികള്‍ തട്ടികൊണ്ടു പോയത് എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. ഭീകരർ പുറത്തുവിട്ട വീഡിയോയിൽ തട്ടിക്കൊണ്ടുപോയ 520 പേരിൽ ഒരാളാണ് താനെന്ന് ഒരു കുട്ടി പറയുന്നുണ്ട്. മോചിതരാകാന്‍ ഇനിയും കുട്ടികള്‍ ബാക്കിയുണ്ടെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. അതേസമയം, കുട്ടികളുടെ മോചനം രാജ്യത്തിനും അന്താരാഷ്ട്ര സമൂഹത്തിനും വലിയ ആശ്വാസമായെന്നായിരുന്നു നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ നവംബര്‍ അവസാന വാരത്തോടെ നൈജീരിയയിൽ നടന്ന ഭീകരാക്രമണത്തിൽ 110 കർഷകരെയാണ് ബൊക്കൊ ഹറാം ഭീകരർ വധിച്ചത്. നൈജീരിയയിലെ വടക്കൻ ബൊർനോ സ്റ്റേറ്റിൽ വിളവെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. നെൽകൃഷിക്ക് പേരുകേട്ട ബൊർനോ സമുദായാഗംങ്ങളാണ് കൊല്ലപ്പെട്ടത്. കർഷകരെ സായുധ കലാപകാരികൾ വളഞ്ഞിട്ട് കൊലപ്പെടുത്തുകയായിരുന്നു.
ബൊക്കോ ഹറാം തീവ്രവാദികള്‍ ഗ്രാമീണരിൽ നിന്നും അനധികൃത നികുതി പിരിക്കാറുണ്ട്. എന്നാല്‍ ചില ഗ്രാമവാസികൾ ഈ കൊള്ളയടിയെ ചെറുക്കാൻ തുടങ്ങിയിരുന്നു. പണം പിരിക്കാനെത്തിയ തീവ്രവാദി സംഘത്തിലൊരാളെ കര്‍ഷകര്‍ സുരക്ഷാ സേനയ്ക്ക് കൈമാറിയതിനു പിന്നാലെയാണ് കൂടുതൽ ബൊക്കോ ഹറാം തീവ്രവാദികൾ ഗ്രാമീണരെ അവരുടെ കൃഷിയിടങ്ങളിൽ ആക്രമണത്തിരയാക്കിയത്. കൂട്ടകൊലപാതകത്തിനു ശേഷം വയലുകളും കൃഷിയിടങ്ങളും കലാപകാരികൾ കത്തിക്കുകയും ചെയ്തിരുന്നു.
ബൊക്കൊ ഹറാം തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന് സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യുന്നത് ആയിരക്കണക്കിന് നൈജീരിയന്‍ പൗരന്മാരാണ്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജൻസി (UNHCR) 2019 ല്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം നൈജീരിയയുടെ അയല്‍രാജ്യമായ കാമറൂണില്‍ ഒരു ലക്ഷത്തോളം നൈജീരിയന്‍ അഭയാര്‍ത്ഥികളുണ്ടെന്ന് വ്യക്തമാക്കുന്നു. നൈജീരിയയിലെ ജനസംഖ്യ നാൾക്കുനാൾ കുറഞ്ഞുവരികയാണെന്നും ബൊക്കോ ഹറാമിനെ ഭയന്ന് രാജ്യം വിടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സി വക്താവ് ബാബര്‍ ബലോച്ച് അന്ന് അപലപിച്ചിരുന്നു.
ആരാണ് ബൊക്കോ ഹറാം? നൈജീരിയന്‍ മണ്ണില്‍ എങ്ങനെ അവര്‍ തഴച്ചു വളര്‍ന്നു? സമാധാന പരമായി ജീവിക്കാനുള്ള ജനതയുടെ അവകാശങ്ങള്‍ ഹനിച്ച്, അരും കൊലകളുടെയും കൊടും പീഡനങ്ങളുടെയും പാതയിലൂടെ സഞ്ചരിക്കുന്ന ഈ തീവ്രവാദ സംഘടനയെ നിയന്ത്രിക്കാന്‍ നൈജീരിയന്‍ സര്‍ക്കാരിന് എന്തുകൊണ്ട് സാധിക്കുന്നില്ല? അക്രമങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ബാധ്യസ്ഥരായ പട്ടാളം എന്തുകൊണ്ട് നിഷ്ക്രിയരാകുന്നു?
ബൊക്കോ ഹറാം; ഭീകരതയുടെ പര്യായം
‘പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധം’എന്നാണ് നൈജീരിയയിലെ ഗ്രാമീണ ഭാഷയായ ഹൗസയിൽ ബൊക്കോ ഹറാം എന്ന വാക്കിന്റെ അർത്ഥം. അവർ സ്വയം വിളിക്കുന്ന മറ്റൊരു പേര്, ‘ജമാഅത്തു അഹ്ലിസ് സുന്ന ലിദ്ദ അവതി വൽ ജിഹാദ്’ എന്നാണ്. പ്രവാചകൻ പഠിപ്പിച്ചതും ജിഹാദും പ്രചരിപ്പിക്കുന്നവർ എന്നാണ് ആ പേരിന്റെ അർത്ഥം. ഈ തീവ്രവാദ പ്രസ്ഥാനം നൈജീരിയൻ താലിബാൻ എന്നും അറിയപ്പെടുന്നുണ്ട്. നൈജീരിയയുടെ വടക്കൻ സ്റ്റേറ്റുകളായ യോബെ, കാനോ, ബൗച്ചി, ബോർണോ, കടുന എന്നിവിടങ്ങളിലാണ് ബൊക്കോ ഹറാമിന് സ്വാധീന ശക്തി ഏറെയുള്ളത്. ശരിയത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല എന്ന കാരണത്താൽ നൈജീരിയയിലെ ഗവൺമെന്‍റിനെയും ബൊക്കോ ഹറാം അംഗീകരിക്കുന്നില്ല.
നൈജീരിയയുടെ തെക്കൻ മേഖല ക്രൈസ്‌തവ ഭൂരിപക്ഷവും വടക്കൻ മേഖല മുസ്‌ലിം ഭൂരിപക്ഷവുമാണ്. ഈ വിഭജനം മുതലെടുത്താണു ബൊക്കോ ഹറാം പ്രവർത്തനം. തൊണ്ണൂറുകൾ മുതൽക്ക് തന്നെ ഈ തീവ്രവാദ സംഘടന നിലവിലുണ്ട് എങ്കിലും 2002 ൽ മുഹമ്മദ് യൂസുഫ് എന്ന നേതാവിന്റെ കീഴിൽ ഇത് പുനഃസംഘടിപ്പിക്കപ്പെടുന്നതോടെയാണ് പ്രസ്ഥാനം വീണ്ടും പുഷ്ടിപ്പെടുന്നത്. 2003 ഡിസംബറിൽ 200 ലധികം വരുന്ന ബൊക്കോ ഹറാം തീവ്രവാദികൾ ചേർന്ന് നൈജർ അതിർത്തിയിലുള്ള യോബെയിൽ നിരവധി പോലീസ് പോസ്റ്റുകൾ ആക്രമിച്ചിരുന്നു.
2009 ൽ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ 700 ലധികം ബൊക്കോ ഹറാം പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തു. ഈ കലാപത്തില്‍ തീവ്രവാദികളുടെ ആസ്ഥാനമായ പള്ളി തകർക്കപ്പെടുകയും സംഘടനയുടെ നേതാക്കളായ യൂസുഫിനെയും, ശിഷ്യൻ അബൂബക്കർ ഷെകുവിനെയും വധിച്ചതായും പൊലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ 2010 ജൂലൈയിൽ ഷെകുവിന്റെ ഒരു വീഡിയോ പുറത്തുവന്നു. താൻ മരിച്ചിട്ടില്ല എന്നും, താനാണ് ബൊക്കോ ഹറാമിന്റെ നേതാവെന്നുമായിരുന്നു ഇതിലൂടെ അയാള്‍ പ്രഖ്യാപിച്ചത്.
ബൊക്കൊ ഹറാം ഭീകരതയിലേക്കു രാജ്യാന്തരശ്രദ്ധ ക്ഷണിക്കാൻ വഴിതെളിച്ച സംഭവമായിരുന്നു 2014ല്‍ ചിബൊക്കിലെ സ്കൂളില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടികളുടെ മോചനത്തിനായി തുടങ്ങിയ ബ്രിങ് ബാക്ക് അവർ ഗേൾസ് എന്ന ഓൺലൈൻ ക്യാംപെയ്‌നിൽ മിഷേൽ ഒബാമ മുതൽ മലാല യൂസഫ്‌സായി വരെ പങ്കാളികളായി. പക്ഷേ അന്നത്തെ പ്രസിഡന്‍റ് ഗുഡ്‌ലക്ക് ജൊനാഥനും സര്‍ക്കാരും കാട്ടിയ അനാസ്ഥയില്‍ കാലങ്ങളോളും ഇരകളുടെ കുടുംബങ്ങള്‍ കണ്ണീരിലാഴ്ന്നു.
“അള്ളാഹു എന്നോട് ആജ്ഞാപിക്കുകയായിരുന്നു അവരെ തട്ടിക്കൊണ്ടു പോവാൻ.. ഞാൻ അത് നിറവേറ്റുക മാത്രമാണ് ചെയ്തത് ..” എന്നായിരുന്നു തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ബൊക്കോ ഹറാം തലവൻ അബൂബക്കർ ഷേക്കുവിന്‍റെ പ്രസ്താവന. ആ പെൺകുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയച്ചത് അവരുടെ മാതാപിതാക്കൾ ചെയ്ത ഗുരുതരമായ കുറ്റകൃത്യമാണെന്നും, ആ കുട്ടികൾ വഴിതെറ്റിപ്പോവും മുമ്പ്, ഒമ്പതോ പത്തോ വയസ്സിൽ തന്നെ അവരെ വിവാഹം കഴിച്ചയച്ചിരുന്നെകിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു എന്നും ഷേക്കു പറഞ്ഞിരുന്നു.
ബൊക്കോ ഹറാമുമായി നടന്ന ചർച്ചകൾക്കൊടുവിൽ പല വ്യവസ്ഥകളും പാലിച്ചുകൊണ്ട് 107 കുട്ടികളെ അവർ വിട്ടയച്ചിരുന്നു. കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കൊടുംക്രൂരതകളുടെ ആഘാതത്തില്‍ നിന്ന് മോചിതരാവാത്തവരായിരുന്നു അവര്‍. ചിബോക്ക് പെണ്‍കുട്ടികളില്‍ നല്ല ശതമാനം പിന്നെയും തടവില്‍ തുടര്‍ന്നു. ആ കുട്ടികളുടെ കൗമാരം നിർദ്ദയം അവരിൽ നിന്നും ഹനിക്കപ്പെട്ടു. അവരിൽ ഭൂരിഭാഗവും ലൈംഗികമായ പീഡനങ്ങൾക്ക് ഇരയായി. പലരും തങ്ങളെ ആക്രമിച്ചവരുടെ കുഞ്ഞുങ്ങളെ പ്രസവിച്ചു.
തീവ്രവാദികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടുവന്ന കുട്ടികൾ അവർ അനുഭവിച്ച ക്രൂരതകളുടെ ഞെട്ടിക്കുന്ന കഥകൾ ലോകത്തോട് വെളിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ടവരിൽ അമുസ്ലീങ്ങളായിരുന്ന പെൺകുട്ടികളെ അവർ ബലമായി മതം മാറ്റി. പലരെയും സംഘത്തിലെ പുരുഷന്മാരുടെ ഭാര്യമാരാക്കി. മിക്കവാറും എല്ലാവരും തന്നെ ലൈംഗിക അടിമകളാകാൻ നിർബന്ധിതരാക്കി. ചിലരെയൊക്കെ അയൽ രാജ്യങ്ങളായ ഛാഡിലേക്കും കാമറൂണിലേക്കും കൊണ്ടുപോയി.
തട്ടിക്കൊണ്ടു പോകപ്പെട്ട പലരിലും ആ ആക്രമണം കടുത്ത മാനസികാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. രക്ഷപ്പെടാൻ ഒരു വഴിയുമില്ല എന്ന് അവരെ തീവ്രവാദികൾ ആവർത്തിച്ചാവർത്തിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ പലരും അവർക്ക് ചാർത്തിക്കിട്ടിയ വൈവാഹിക ജീവിതങ്ങളിൽ ഒതുങ്ങിക്കൂടാൻ തങ്ങളുടെ മനസ്സുകളെ പാകപ്പെടുത്തി. തങ്ങൾ ഇവിടെ സന്തുഷ്ടരാണെന്നും, തിരികെപ്പോവാൻ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടികളെക്കൊണ്ട് പറയിപ്പിച്ച് വീഡിയോ പ്രചാരണങ്ങളും ബോക്കോ ഹറാം നടത്തുകയുണ്ടായി.
2016 ൽ ഒരു പ്രാദേശിക സംഘടനയുടെ പരിശ്രമഫലമായി ആമിനാ അൽ കേകി എന്നൊരു പെൺകുട്ടിയെ അവളുടെ കൈക്കുഞ്ഞിനൊപ്പം രക്ഷിച്ചു. 2017 ല്‍ രാകിയാ അബൂബക്കർ എന്ന മറ്റൊരു പെൺകുട്ടിയെ ആറുമാസം പ്രായമുള്ള ഒരു കൈക്കുഞ്ഞുമായി നൈജീരിയൻ പട്ടാളം ഒരു ബൊക്കോ ഹറാം കേന്ദ്രത്തിൽ നിന്നും രക്ഷിച്ചിരുന്നു. 2016 നും 2018 നും ഇടയിലായി പല തവണ നടത്തിയ ചർച്ചകളിൽ പിന്നെയും കുട്ടികളെ വിട്ടയക്കുകയുണ്ടായി.
നിലയ്ക്കാത്ത ക്രൂരതകള്‍
ചിബോക്ക് സംഭവം നടന്ന് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ഫെബ്രുവരി 19ന്, സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും ബൊക്കോ ഹറാം തീവ്രവാദികളുടെ ക്രൂരതയ്ക്ക് ഇരയായി. യോബ് സംസ്ഥാനത്തെ ദാപ്ചി ഗേൾസ് സ്കൂളാണു ഇക്കുറി ആക്രമിക്കപ്പെട്ടത്. തോക്കുകളും ഗ്രനേഡുകളുമായി സ്കൂളിലേക്ക് ഇരച്ചുകയറിയ ബൊക്കോ ഹറാം തീവ്രവാദികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടികളെ വാഹനങ്ങളില്‍ കയറ്റി സ്ഥലംവിടുകയായിരുന്നു. തീവ്രവാദികളെ പ്രതിരോധിക്കാന്‍ മാര്‍ഗമില്ലാത്ത സ്കൂള്‍ അധികൃതര്‍ക്ക് അന്ന് നിസഹായ ദൃക്സാക്ഷികളാകാനേ സാധിച്ചുള്ളൂ.
സ്കൂളില്‍ ഉണ്ടായിരുന്ന 900 കുട്ടികളില്‍ നിരവധിപേര്‍ മതില്‍ ചാടിയും മറ്റും രക്ഷപെട്ടു. ഓടുന്ന വഴി പലരും തീവ്രവാദികളുടെ കയ്യില്‍പ്പെട്ടു. ചിബോക്ക് പട്ടാളമെന്ന് തെറ്റിദ്ധരിപ്പിച്ചും കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ തീവ്രവാദികള്‍ക്കായെന്ന് രക്ഷപെട്ടവര്‍ സാക്ഷ്യപ്പെടുത്തി. തുണിയും കയറും ഉപയോഗിച്ച് വാഹനത്തിനുള്ളില്‍ കെട്ടിയിട്ട കുട്ടികളുമായി ശര വേഗത്തില്‍ വാഹനങ്ങള്‍ പോയി മറഞ്ഞു.
ആക്രമണം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പട്ടാളം തിരിഞ്ഞുനോക്കിയില്ലെന്ന വിമര്‍ശനം ഇത്തവണയും ശക്തമായിരുന്നു. ആക്രമണവും തട്ടിക്കൊണ്ടുപോകലും സ്ഥിരീകരിക്കാന്‍ ആദ്യം നൈജീരിയന്‍ സര്‍ക്കാര്‍ തയാറായില്ല. മണിക്കൂറുകള്‍ക്ക് ശേഷം മിലിട്ടറി ജെറ്റുകള്‍ ദാപ്ച്ചിക്കുമുകളില്‍ പറക്കുമ്പോഴേയ്ക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. തീവ്രവാദികളുടെ കേന്ദ്രമെന്ന് തെറ്റിദ്ധരിച്ച് അഭയാര്‍ത്ഥികളും സന്നദ്ധപ്രവര്‍ത്തകരും താമസിക്കുന്ന ക്യാംപ് നൈജീരിയന്‍ പട്ടാളം ആക്രമിക്കുകയും ചെയ്തു. ഇതില്‍ 52 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരുക്കേറ്റു.
തട്ടിക്കൊണ്ടുപോയ അതേ ദിവസം തന്നെ അഞ്ച് കുട്ടികള്‍ മരിച്ചിരുന്നു. പിന്നീട് സർക്കാരുമായുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ തീവ്രവാദികള്‍ വിട്ടയക്കുകയായിരുന്നു. പക്ഷെ ലേ ഷരിബു എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മാത്രം വിട്ടയച്ചില്ല. തന്‍റെ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ അവൾ വിസമ്മതിച്ചതായിരുന്നു ഇതിന് കാരണം.
നിഷ്ക്രിയമാകുന്ന ഭരണകൂടം
ചിബോക്കില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ രക്ഷിക്കുക എന്ന ലക്ഷ്യം വെച്ച് സമയോചിതമായ ഒരിടപെടലും നൈജീരിയൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം ഇന്നും നിലനില്‍ക്കുന്നുണ്ട്. സംഭവം നടന്ന് ഒരാഴ്ചയ്ക്കകം പെൺകുട്ടികളെ തടഞ്ഞുവെച്ചിരിക്കുന്ന ഇടം ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സ് കണ്ടെത്തുകയും ‘ഓപ്പറേഷൻ ടോറസ്’ എന്നൊരു രഹസ്യാന്വേഷണ മിഷൻ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ റെസ്ക്യൂ മിഷനുള്ള അനുമതി നൈജീരിയൻ സർക്കാർ നിഷേധിച്ചു. ഇത് രാജ്യത്തിൻറെ അഭിമാന പ്രശ്നമാണെന്നും, നൈജീരിയൻ ഇന്റലിജൻസും പട്ടാളവും ചേർന്ന് അവരെ കണ്ടെത്തുമെന്നും, അതിന് ആരുടേയും സഹായം ആവശ്യമില്ല എന്നുമായിരുന്നു അവരുടെ പ്രതികരണം.
ബൊക്കാ ഹറാമിന്‍റെ അന്ത്യവും ചിബോക്ക് പെണ്‍കുട്ടികളുടെ മോചനവും വാഗ്ദാനം ചെയ്താണ് പ്രതിപക്ഷ നേതാവും മുൻ പട്ടാളഭരണാധികാരിയുമായ മുഹമ്മദ് ബുഹാരി അധികാരത്തിലേറിയത്. എന്നാല്‍ തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ ബുഹാരിയും പരാജയപ്പെട്ടെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ പിന്നെയുമുണ്ടായി. ചിബോക്കിന് ശേഷം കുട്ടികളടക്കം ഇരുന്നൂറിൽപ്പരം സ്‌ത്രീകളെ ഭീകരർ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നാണു രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനെസ്‌റ്റിയുടെ കണക്കുകൾ.
പ്രാദേശിക സുരക്ഷാ സേന ബൊക്കോ ഹറാമിന്റെ അസാമാന്യ തന്ത്രങ്ങളുടെ മുന്നില്‍ മുട്ടുകുത്തുന്ന സ്ഥിതി വിശേഷമാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. അക്രമം നടക്കുന്ന സ്ഥലത്തേക്ക് പെട്ടെന്നെത്താന്‍ സഞ്ചാര യോഗ്യമായ റോഡുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തത് ഇതിനൊരു കാരണമാണ്. പ്രാദേശികമായി സൈന്യത്തെ ഏകോപിപ്പിക്കാന്‍ ഛാഡിലെ എൻജമെന ആസ്ഥാനമായി ഒരു മൾട്ടി-നാഷണൽ ജോയിന്റ് ടാസ്ക് ഫോഴ്സ് (എംഎൻജെടിഎഫ്) സ്ഥാപിച്ചിരുന്നു. പക്ഷേ ഛാഡ് തടാകം മുഴുവൻ സുരക്ഷിതമാക്കാനോ ബൊക്കോ ഹറാമിന്റെ ചിതറിപ്പോയ ഗ്രൂപ്പുകളെ ഇല്ലാതാക്കാനോ ഇത് പര്യാപ്തമായിരുന്നില്ല.
ദുർബലമായ രാഷ്ട്രീയ നേതൃത്വം, ഫലപ്രദമായ ഒരു പ്രത്യാക്രമണത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നതിലുള്ള പരാജയം, സുരക്ഷ സംവിധാനങ്ങളുടെ അഭാവം, അക്രമത്തെ നേരിടാന്‍ അവശ്യ പരിശീലനവും ആയുധങ്ങളുമില്ലാത്ത സൈന്യം, വാഹനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അഭാവം, തുടങ്ങി നൈജീരിയന്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധികള്‍ മുതലെടുത്താണ് ബൊക്കോ ഹറാം ഭീകര പ്രസ്ഥാനം വളര്‍ന്നത്.
വിവിധ കാലയളവിലായി നടന്ന ആക്രമണങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും പരിഹാരം കാണാന്‍ സര്‍ക്കാരിനു മുന്നില്‍ വയ്ക്കുന്ന വ്യവസ്ഥകളിലൂടെ പുഷ്ടിപ്പെട്ട ബൊക്കോ ഹറാം പൂര്‍വ്വാധികം ശക്തിയോടെയാണ് ഇന്ന് നിലകൊള്ളുന്നത്. ജയിലില്‍ കഴിയുന്ന അണികളെ വിട്ടയക്കാനുള്ള വ്യവസ്ഥകളുടെ ഭാഗമായി സായുധ സംഘത്തെ പരിപോഷിപ്പിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് മോചനദ്രവ്യമായി ലഭിക്കുന്ന വന്‍ തുക സംഘടനയെ സാമ്പത്തികമായും ഭദ്രമാക്കുന്നു.
ആഫ്രിക്കയിൽ ഏറ്റവും ജനസംഖ്യയുള്ളതും ഏറ്റവും വലിയ സമ്പദ്‌ഘടനയുള്ളതുമായ രാജ്യമാണു നൈജീരിയ. എന്നാല്‍ ബൊക്കോ ഹറാം ഭീകരരുടെ വളർച്ച രാജ്യത്തു വൻ പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്. ഈ നിലയില്‍ പോയാല്‍ നാലുലക്ഷം കുട്ടികൾ പട്ടിണിയുടെ പിടിയിൽ അകപ്പെടുമെന്നാണ് യുണിസെഫിന്‍റെ കണക്ക്. സിറിയയിലും നൈജീരിയയിലും തീവ്രവാദപ്രസ്ഥാനങ്ങളുടെ ഇരകളാകുന്നത് നിരപരാധികളാണ്. കറുത്തവന്‍റെ വേദനയോട് പൊതുവേയുള്ള അവഗണന നൈജീരിയയുടെ കാര്യത്തിലും ലോകരാജ്യങ്ങള്‍ പുലര്‍ത്തുന്നു എന്ന വിമര്‍ശനവും ഇതോടൊപ്പം സജീവമായുണ്ട്.