ന്യൂസ്
ന്യൂഡൽഹി: വാക്സിൻ നിർമാതാക്കൾക്ക് നിയമനടപടികളിൽനിന്ന് സർക്കാർ സംരക്ഷണം നൽകണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാർ പൂനെവാലെ. ചെന്നൈയിൽ ഓക്സഫഡ് വാക്സിൻ സ്വീകരിച്ച ഒരാൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് പൂനെവാലെയുടെ പ്രതികരണം.
നിർമാതാക്കൾക്ക്, പ്രത്യേകിച്ച് പകർച്ചവ്യാധി സമയത്ത് വാക്സിനുകൾക്കെതിരായ നിയമ നടപടികളിൽനിന്ന് സംരക്ഷണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പേര് അന്യായമായി അപകീർത്തിപ്പെടുത്തുന്നതിനെതിരെ നിയമസുരക്ഷ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ വ്യവഹാരങ്ങൾക്കെതിരെയും വാക്സിൻ നിർമാതാക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.
കോവാക്സും മറ്റു രാജ്യങ്ങളും ഇതുസംബന്ധിച്ച ചർച്ച ആരംഭിച്ചു. നിസാര ആരോപണങ്ങൾ ഉയരുമ്പോൾ മാധ്യമങ്ങളിൽ വാർത്തകൾ വരുമ്പോൾ തെറ്റിദ്ധരിക്കപ്പെടാം. അതിനാൽ കൃത്യമായ വാർത്തകൾ പുറത്തുവിടാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.