ഭീതിതമായ, ആശങ്ക ഭരിതമായ, പ്രതിസന്ധികള്‍ നിറഞ്ഞ ഒരു വര്‍ഷമായിരുന്നു 2020. ലോകമാസകലം കോവിഡ് മഹാമാരിയുടെ പിടിയിലായതിനു പിന്നാലെ അസാധാരണമായ സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായ വര്‍ഷം. പരിസമാപ്തിയുടെ അവസാന നാളുകളിലെത്തുമ്പോള്‍ ഒരു തിരിച്ച് പോക്ക് സ്വപ്നങ്ങളില്‍ പോലും ആഗ്രഹിക്കാനാകാത്ത ഓര്‍മ്മകളാണ് 2020 നല്‍കിയത്. കോവിഡ് മാത്രമല്ല പൊതുനിരത്തുകളില്‍ ജനം സമരചരിതം കുറിച്ച വര്‍ഷം കൂടിയായിരുന്നു ഇന്ത്യയ്ക്ക് 2020. ഭരണകൂട ഭീകരതയും നീതി നിഷേധവും ന്യൂനപക്ഷ ചൂഷണവും തീവ്ര ദേശീയതയിലൂന്നിയ അക്രമരാഹിത്യങ്ങളും കൊടുങ്കാറ്റും പേമാരിയും കാലാവസ്ഥ വ്യതിയാനവും ഒടുക്കം പാടത്ത് പൊന്നുവിളയിച്ച കര്‍ഷകന്‍ ദേശീയപാതയില്‍ അന്തിയുറങ്ങേണ്ട അവസ്ഥ വരെ ഈ വര്‍ഷം നിസ്സഹായയായി നോക്കി നിന്നു.
2019ന്‍റെ അന്ത്യത്തോടെ പൗരത്വ ഭേദഗതി നിയമം സൃഷ്ടിച്ച ഭരണകൂടവിരുദ്ധ സമരപരമ്പരകള്‍ അതിന്‍റെ ഔന്നിത്യത്തിലെത്തിയത് 2020ലായിരുന്നു. എന്നാല്‍ ഇന്ന്, രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും ചൂടുള്ള പ്രതിഷേധാഗ്നിയാണ് തലസ്ഥാന നഗരിയില്‍ സംഘടിച്ച കര്‍ഷകരില്‍ നിന്ന് പ്രവഹിക്കുന്നത്. ഇതിന്‍റെ ലാഞ്ചനകളോടുകൂടിയാണ് 2021 പിറക്കാനിരിക്കുന്നത്. പൂര്‍ണ്ണമായും കടിഞ്ഞാണിടാന്‍ കഴിയാതെ വ്യാപിക്കുന്ന കോവിഡ് മറുവശത്തുണ്ട്. തഥവസരത്തില്‍ ശുഭപ്രതീക്ഷകള്‍ കൈവിടാതെ പ്രത്യാശകള്‍ക്കിടം നല്‍കുക മാത്രമേ സാധ്യമാകൂ. 2021 എങ്ങനെ ഭവിക്കുമെന്നതിന്‍റെ സൂചനകള്‍ 2020തന്നെ നല്‍കുന്നുണ്ട്. കഴിഞ്ഞ പന്ത്രണ്ട് മാസക്കാലയളവില്‍ രാജ്യം കടന്നു പോയ സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ ഒരു ദീര്‍ഘ വീക്ഷണം സാധ്യമാണ്.
സമരത്തില്‍ പിറന്ന ജനുവരി
2019 ഡിസംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പൗരത്വ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിക്കുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാ ദേശ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങി ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള, മുസ്ലീങ്ങള്‍ ഒഴികെ ആറ് മതസ്ഥര്‍ക്ക് പൗരത്വം അനുവദിക്കുന്ന നിയമം ഒരു പ്രത്യേക വിഭാഗത്തെ മാറ്റി നിര്‍ത്താനുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ പ്രഖ്യാപിത അജണ്ടയുടെ ഭാഗമായിരുന്നു. അങ്ങനെ രാജ്യത്ത് ആദ്യമായി പൗരത്വത്തിന്റെ വ്യവസ്ഥകളില്‍ മതപരിഗണന ഉള്‍പ്പെടുത്തി. 2019 ഡിസംബര്‍ 4ന് കേന്ദ്ര മന്ത്രി സഭ പാസാക്കിയ ബില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്ന് 2019 ഡിസംബര്‍ 10ന് ലോക്‌സഭയിലും ഡിസംബര്‍ 11 ന് രാജ്യ സഭയിലും പാസായി. 2019 ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അനുമതിയോടെ ഒരു നിയമത്തിന്റെ പദവി ലഭിക്കുകയും 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു.
ഡൽഹി ഷഹീൻ ബാഗിൽ പൗരത്വനിയമവിരുദ്ധ മുദ്രാവാക്യങ്ങളോടെയായിരുന്നു പുതുവര്‍ഷം പിറന്നത്. രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ സംഘടിച്ച ആയിരക്കണക്കിന് ജനങ്ങള്‍ തത്തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്ന നിയമം നഖശിഖാന്തം എതിര്‍ത്ത് ഭരണകൂടത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ചോദ്യം ചെയ്തു. അങ്ങിങ്ങായി അറസ്റ്റുകളും സംഘര്‍ഷങ്ങളും മൂര്‍ച്ചയുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളുമായിരുന്നു 2020ന്‍റെ ആദ്യ വാരം കണ്ടത്. മുസ്ലീം വിഭാഗത്തെ രാജ്യം രണ്ടാം കിട പൗരന്‍മാരായി പരിഗണിക്കുന്ന പൗരത്വ നിയമ ഭേദഗതി, നിയമത്തിന് മുന്നില്‍ എല്ലാവർക്കും തുല്യ സംരക്ഷണം നിഷ്കര്‍ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 14ന്റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായ ജനവികാരമാണ് രാജ്യത്തെ തെരുവുകളില്‍ പൊട്ടിപ്പുറപ്പെട്ടത്.
ജാമിയ മിലിയയിലെ വിദ്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തിന്റെ തെക്കുഭാഗത്തെ ആറുവരിപ്പാതയില്‍ പത്ത് ഉമ്മമാര്‍ ചേര്‍ന്ന് ആരംഭിച്ച ഷഹീന്‍ ബാഗ് സമരമാണ് 2020 ജനുവരി മാസത്തിന്‍റെ പ്രതിച്ഛായ. മുൻനിര രാഷ്ട്രീയക്കാരുടെയോ പ്രധാന നേതാക്കളുടെയോ പിന്തുണയില്ലാതെ, താൽക്കാലികമായി സ്ഥാപിച്ച ടെന്റുകളിൽ തുടങ്ങിയ സമരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തിച്ചേര്‍ന്നപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളുടെ മുഖമായി മാറി ഷഹീന്‍ ബാഗ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ തണുപ്പിനെയും അവഗണിച്ച് വീട്ടമ്മമാരും മുത്തശ്ശിമാരും യുവതികളും വിദ്യാർഥികളും മുതൽ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ വരെ പിന്നീട് സമരത്തിന്‍റെ ഭാഗമായി.
റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പരേഡ് നടക്കുമ്പോൾ 15 കിലോമീറ്റർ അകലെയുള്ള ഷഹീൻ ബാഗിൽ അമ്മമാർക്കൊപ്പം റിപ്പബ്ലിക് ദിനമാഘോഷിച്ചത് പതിനായിരങ്ങളാണ്. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താന്‍ വേണ്ടിയാണ് താന്‍ സമരത്തിനിറങ്ങിയതെന്ന പ്രഖ്യാപനവുമായി സമരമുഖത്ത് സജീവമായ 82 കാരിയായ ബില്‍കീസ് ദാദി ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഇടം നേടുക വരെയുണ്ടായി. സമരത്തെ കെടുത്താന്‍ സംഘപരിവാരങ്ങള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയിട്ടും കാക്കി സേനയെ ഇറക്കി ഭീഷണി സ്വരം മുഴക്കിയിട്ടും തളരാത്ത വീറോടെ തുടര്‍ന്ന സമരം മാസങ്ങള്‍ നീണ്ടു. ഒടുക്കം കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സമരപ്പന്തല്‍ ശൂന്യമായത്.
പ്രതിഷേധ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും രാജ്യം മഴുവന്‍ കത്തിപ്പടര്‍ന്നപ്പോള്‍ പൗരത്വനിയമത്തെ ന്യായീകരിക്കാന്‍ ബിജെപി ഗൃഹസന്ദര്‍ശനമടക്കമുള്ള വ്യാപക പ്രചരണത്തിന് ജനുവരി ആദ്യ വാരത്തോടെ തുടക്കമിട്ടിരുന്നു. അതേസമയം, രാജ്യ വ്യാപകമായി പതിനായിരങ്ങളെ പങ്കെടുപ്പിച്ച് റാലികള്‍ നടന്നപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദിനെ പോലെ നിരവധി നേതാക്കള്‍ അറസ്റ്റിലായി. ഇവരുടെ മോചനം ആവശ്യപ്പെട്ട് സമരപരിപാടികള്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ചു.
ഇക്കാലയളവില്‍ കേന്ദ്രത്തിന്‍റെ നിയമ പരിഷ്കരണത്തെ നിശിതമായി എതിര്‍ത്തുകൊണ്ട് കേരളം രംഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യമായി പ്രമേയം പാസാക്കിയത് കേരളമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ അഭ്യർഥിച്ചു കൊണ്ട് 11 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. പിന്നീട് ഭരണഘടനയുടെ 131ആം സെക്ഷന് കീഴിൽ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. 60 മുതൽ 70 ലക്ഷം വരെ ആളുകളെ അണിചേര്‍ത്ത് 620 കിലോ മീറ്റർ നീളമുള്ള മനുഷ്യ ചങ്ങല തീര്‍ത്താണ് സംസ്ഥാനം റിപ്പബ്ലിക് ദിനത്തില്‍ പൗരത്വ നിയമത്തിനെതിരെ നിലകൊണ്ടത്.
ഡൽഹി ജാമിയ മിലിയയിൽ പൗരത്വ സമരത്തിന് നേരെ സംഘ്പരിവാര്‍ തീവ്രവാദി വെടിയുതിർത്തത് ജനുവരി 30നായിരുന്നു. ആർക്കാണ് ആസാദി വേണ്ടത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ഇയാൾ വെടി വെച്ചത്. ഒപ്പം ഡൽഹി പോലീസ് സിന്ദാബാദ് എന്നും ജയ് ശ്രീറാം എന്നും മുദ്രാവാക്യങ്ങൾ മുഴക്കി. ജമ്മു കാശ്മീർ സ്വദേശി ഷാഹിൻ നജാറിന് അക്രമത്തില്‍ പരിക്കേല്‍ക്കുയും ചെയ്തു.
തലസ്ഥാനം കലാപ കലുഷിതമായ ഫെബ്രുവരി
പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഫെബ്രുവരി 22-23 തീയതിയോടെ ആയിരത്തോളം വരുന്ന വനിതകൾ, സീലാംപൂർ-ജാഫ്രാബാദ് പാത ഉപരോധിച്ചു. ഇതിനു തക്കതായ മറുപടി നല്‍കണമെന്ന ആഹ്വാനവുമായി ഫെബ്രുവരി 23ന് മൗജ്പൂർ ചൗക്കിൽ ബിജെപി നേതാവ് കപില്‍ മിശ്രയും അനുയായികളും സംഘടിച്ചു. ജഫ്രാബാദ് ഉപരോധിക്കുന്നവരെ മൂന്നു ദിവസത്തിനുള്ളിൽ നീക്കണമെന്നും, പോലീസിനു അതിനു കഴിഞ്ഞില്ലെങ്കിൽ തന്റെ കൈകൾ കൊണ്ട് അതു ചെയ്യുമെന്നും, ആ നടപടി സമാധാനപരമായിരിക്കില്ലെന്നും കപിൽ മിശ്ര പ്രസ്താവിച്ചു. വിദ്വേഷ പരാമര്‍ശമടങ്ങിയ വീഡിയോ, മിശ്ര തന്നെ സാമൂഹ്യമാധ്യമമായ ട്വിറ്ററിൽ പങ്കുവെച്ചു. ഇതിനു പിന്നാലെ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അതേസമയം, രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ എന്ന് ആഹ്വാനം ചെയ്തും പ്രവര്‍ത്തകരെ കൊണ്ട് മുദ്രാവാക്യം ഏറ്റുവിളിപ്പിച്ചും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ മറ്റൊരു വിവാദത്തിന് തിരികൊളുത്തി.
ഡൽഹിയുടെ വടക്ക് കിഴക്കൻ മേഖലകളില്‍ ഉടലെടുത്ത സംഘർഷം അടുത്തുള്ള മൗജ്പൂർ, ചന്ദ് ബാഗ്, യമുന വിഹാർ തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുകയും കലാപ കലുഷിതമാവുകയും ചെയ്തു. ഇതില്‍ അമ്പത്തിമൂന്ന് പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. കലാപകാരികൾ നിരവധി പേരെ കൊന്നു കൊക്കകളിൽ തള്ളി. തെരുവുകൾ കീഴടക്കിയ അക്രമികൾ കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. മസ്ജിദുകൾക്കു മേൽ കാവിക്കൊടി കെട്ടി പ്രകോപനമണ്ടാക്കി, വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. കലാപ ബാധിത പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. നൂറുകണക്കിനാളുകൾ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. അപ്പോഴും ഡൽഹി പൊലീസ് നിഷ്ക്രിയരായി ദൃക്സാക്ഷികൾ മാത്രമായി നിന്നു.
അക്രമികൾ മൂന്നു ദിവസം അഴിഞ്ഞാടിയശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ രാജ്യത്തിന്‍റെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ രംഗപ്രവേശം ചെയ്തത്. ആസൂത്രിതമായ അക്രമത്തിനു മുന്നിൽ രാഷ്ട്രീയകക്ഷികൾ മരവിച്ചുനിൽക്കുന്ന കാഴ്ചയാണ് ഡൽഹിയിൽ കണ്ടത്. പൊലീസിന്‍റെ നിഷ്കൃയത്വം ചോദ്യംചെയ്ത, കലാപത്തിന് തിരി കൊളുത്തിയ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അടക്കമുള്ള ബിജെപി നേതാക്കളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലായെന്നു ചൂണ്ടിക്കാട്ടിയ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധറിനെ രാത്രിക്ക് രാത്രിയായിരുന്നു സ്ഥലം മാറ്റിയത്. ഫെബ്രുവരി 23 നു അർദ്ധരാത്രിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം ശാന്തമായതു മാര്‍ച്ച് ഒന്നാം തിയ്യതിയോട് കൂടിയാണെന്ന യാഥാർഥ്യം മറച്ചുവെച്ച് വെറും 36 മണിക്കൂർ കൊണ്ട് കലാപം അമർച്ച ചെയ്യാൻ പൊലീസിന് കഴിഞ്ഞുവെന്നായിരുന്നു കേന്ദ്രം വീമ്പു പറഞ്ഞത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശന വേളയിലായിരുന്നു ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കൂറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ട്രംപും മോദിയും അമിത് ഷായുമൊക്കെ ഗുജറാത്തിലായിരുന്ന വേളയിലായാണ് വടക്കു കിഴക്കൻ ഡൽഹി കത്തിയെരിഞ്ഞത്. കലാപം ട്രംപിന്റെ സന്ദർശനത്തെ യാതൊരു തരത്തിലും ബാധിച്ചില്ലെന്നതും ഡൽഹിയിലെ കലാപത്തെ കേവലം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമായി ട്രംപ് ചുരുക്കി കണ്ടുവെന്നതും ഏറെ ശ്രദ്ധേയമാണ്. ഡൊണാൾഡ് ട്രംപ് സന്ദർശനം കഴിഞ്ഞു പോയതോടെ മാത്രമേ പ്രധാനമന്ത്രി കലാപത്തെക്കുറിച്ച് പ്രതികരിച്ചുള്ളൂ. ട്രംപിന്റെ സന്ദർശനവേളയിൽ രാഷ്ട്രത്തെ അപമാനിക്കാൻ മുൻകൂട്ടി തയ്യാറാക്കി നടത്തിയ ഒന്നായിരുന്നു ഡൽഹി കലാപം എന്നതായിരുന്നു സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം.
പിന്നീട് കലാപം സംബന്ധിച്ച് 17,500 പേജുള്ള കുറ്റപത്രത്തിൽ 15 ഓളം പേരുകള്‍ പരാമര്‍ശിച്ചു. ഗൂഢാലോചനയില്‍ പങ്കുള്ള പ്രതികള്‍ക്ക് വിദേശ സഹായം ലഭിച്ചതായും ചൂണ്ടിക്കാട്ടി. നിരവധി അറസ്റ്റുകളുണ്ടായി. മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, നതാഷ നര്‍വാള്‍, ദേവങ്കണ കലിത, മുന്‍ പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകരായ താഹിര്‍ ഹുസൈന്‍, ഇസ്രത്ത് ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി കേസെടുക്കാനും അനുമതി ലഭിച്ചു കഴിഞ്ഞു. കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ച സഫൂറ സര്‍ഗാറിന് നിരന്തരം ജാമ്യം നിഷേധിക്കപ്പെട്ടു. നിയമ പോരാട്ടത്തിനൊടുവില്‍ അടുത്തിടെയാണ് സഫൂറയ്ക്ക് ജാമ്യം ലഭിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹത്തെയും അണിനിരത്തുന്ന തലത്തിലേക്കുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജാമിയ കോഡിനേഷന്‍ കമ്മിറ്റിയിലെ അംഗമായിരുന്നു സഫൂറ സര്‍ഗാര്‍. ഗര്‍ഭിണിയായിരുന്ന സഫൂറയ്ക്ക് മാനുഷിക പരിഗണന പോലും നല്‍കാതെയായിരുന്നു മാസങ്ങളോളം തടവിലാക്കിയത്. അതേസമയം, ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്‍റെ പേരില്‍ മലയാളം ചാനലുകളായ ഏഷ്യാനെറ്റിനെയും മീഡിയ വണ്ണിനെയും കേന്ദ്രം നാല്പത്തി എട്ടു മണിക്കൂർ നിരോധിച്ചു. ഇത് രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധങ്ങൾക്ക് തിരി കൊളുത്തി. കേന്ദ്രത്തിന് ഒടുവിൽ വിലക്ക് പിൻവലിക്കേണ്ടതായി വന്നു.
ലോക്ക് ഡൗണിലായ മാര്‍ച്ച്
അടച്ചുപൂട്ടലുകളുടെയും അതിജീവന ശ്രമങ്ങളുടെയും ഇടയില്‍ പെട്ടുപോയ ജീവിതമാണ് കോവിഡ് കാലത്തിന്‍റെ പ്രത്യേകത. അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോയ ജനം രോഗ ഭീതിയിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കാലിട്ടടിച്ചു. പൂര്‍ണ്ണമായും കരയ്ക്കടുക്കാന്‍ ഇന്നും സാധിച്ചില്ലെന്നത് മറ്റൊരു വസ്തുത. മാര്‍ച്ച് മാസം തുടക്കം മുതല്‍ക്കെ രാജ്യത്ത് കൊറോണ വ്യാപനം ആശങ്കപ്പെടുത്തിക്കൊണ്ട് മുന്നേറുകയായിരുന്നു. പ്രതിരോധ നടപടിയെന്ന രീതിയില്‍ സമ്പൂര്‍ണ്ണ അടച്ചിടലായിരുന്നു ഏക വഴി. മറ്റു രാജ്യങ്ങളിലെന്ന പോലെ ഇന്ത്യയും ഇതേ വഴി സ്വീകരിച്ചു. മാര്‍ച്ച് 24 ന് രാത്രിയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പലതരം പ്രത്യാഘാതങ്ങള്‍ക്ക് കാരണമായി. തകര്‍ന്നിരുന്ന സമ്പദ് മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീണു. സാമൂഹിക അന്തരീക്ഷവും ഗാര്‍ഹിക അന്തരീക്ഷവും എല്ലാം ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി. അപരവിദ്വേഷവും പരസ്‌നേഹവുമൊക്കെ പലഘട്ടങ്ങളിലായി വെളിപ്പെട്ടു. രണ്ട് മാസത്തെ വേനലവധിക്കാലം മുഴുവന്‍ വീടിനുള്ളില്‍ അടച്ചിടപ്പെട്ട കുട്ടികള്‍, സ്‌കൂള്‍, കോളേജ് തുറക്കുന്ന സമയം കഴിഞ്ഞിട്ടും മോചിതരായില്ല. ഒരു അക്കാദമിക് വര്‍ഷം മുഴുവന്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടു. വീട്ടകങ്ങളിലെ അടച്ചിടലുകളില്‍, നിന്ന് അതിജീവനത്തിനായുള്ള സാമൂഹികവായു തേടുകയാണ് ഇപ്പോള്‍ കുട്ടികള്‍. ഇതിനിടയില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് സ്ത്രീകളും കുട്ടികളും വ്യാപകമായി വിധേയമാകുന്നുമുണ്ട്. വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാ മനോഭാവങ്ങളും നിസ്സാരമായി തള്ളിക്കളയാനാവില്ല.
വ്യാപകമായ തൊഴില്‍ നഷ്ടവും വരുമാനം നിലച്ചതും പട്ടിണിയും ദുരിതവുമായിരുന്നു ലോക്ക് ഡൗണ്‍ ജീവിതം ജനങ്ങള്‍ക്കു നല്‍കിയത്. ഘട്ടം ഘട്ടമായി ഇളവുകളോടു കൂടി മാസങ്ങളോളം നീണ്ട ലോക്ക് ഡൗണ്‍ കഴിഞ്ഞപ്പോഴേക്കും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ മൂക്കും കുത്തി വീഴുകയായിരുന്നു. രാജ്യം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകവെയാണ് ഡൽഹിയിൽ തബ്ലീഗ് ജമാഅത്ത് മത സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നിരവധിയാളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തു വരുന്നത്. നിസാമുദ്ദീനിലെ ചടങ്ങിൽ രോഗം സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവരും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തെന്ന വാർത്ത പുറത്ത് വന്നു. ഇതിന് പിന്നാലെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സമ്മേളനവുമായി ബന്ധപ്പെട്ട മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ തബ്ലീഗ് ജമാഅത്ത് ചർച്ചയാകാൻ തുടങ്ങി
കോവിഡ്19 ന്‍റെ ഏറ്റവും വലിയ ഹോട്സ്പോട്ടുകളിലൊന്നായി നിസാമുദ്ദീൻ മാറിയത് വളരെ പെട്ടെന്നായിരുന്നു. മാര്‍ച്ച് അവസാന വാരത്തോട് കൂടി ജമ്മു കശ്മീരിലെ 65കാരൻ മരിച്ചതോടെയാണ് മത സമ്മേളനവും പ്രതിനിധികളും വാര്‍ത്തകളിലിടം നേടുന്നത്. പിന്നീട് തമിഴ്നാട്, തെലുങ്കാന, കേരളം, വെസ്റ്റ് ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തബ്ലീഗുമായി ബന്ധപ്പെട്ട് കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നു. പലയിടങ്ങളിലും നിരവധിപ്പേർ മരിക്കുകയും ചെയ്തു. പിന്നീട് രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചതിന് സര്‍ക്കാരില്‍ നിന്നടക്കം തബ്ലീഗ് സമ്മേളനത്തിന് പഴി കേള്‍ക്കേണ്ടി വന്നു. തബ്ലീഗ് സമ്മേളനത്തിന്റെ പേരില്‍ ഒരു സമുദായത്തെയാകെ പ്രതികളാക്കുന്ന വ്യാജ സന്ദേശങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഏപ്രില്‍ ഒന്നോടെ ട്വിറ്ററില്‍ കൊറോണ ജിഹാദ് എന്ന ഹാഷ് ടാഗ് ട്രന്‍ഡിംഗാവുകയും ചെയ്തു. രോഗവ്യാപനത്തെ പോലും വര്‍ഗീയവത്കരിക്കുന്ന നാളുകളായിരുന്നു പിന്നീട് ഉണ്ടായത്.
അതിഥികളെ അനാഥരാക്കിയ ഏപ്രില്‍
ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴിലും വരുമാനവും ഭക്ഷണവും താമസ സൗകര്യവും ഇല്ലാതായതും തൊഴിലുടമകളും സര്‍ക്കാരും കൈയൊഴിഞ്ഞതും രാജ്യത്തെ ആയിരക്കണക്കിന് വരുന്ന അതിഥി തൊഴിലാളികളെയാണ് പലായനത്തിന് നിര്‍ബന്ധിതരാക്കിയത്. രോഗ വ്യാപനം അതിന്‍റെ മൂര്‍ദ്ധന്യത്തിലെത്തി നിന്ന ആ സാഹചര്യത്തില്‍ രോഗ വാഹകരായി തൊഴിലാളികളെ ചിത്രീകരിച്ച് മാനുഷിക പരിഗണനകളൊന്നും നല്‍കാതെ മൗനം പാലിച്ച ഭരണകൂടം ഏറെ വൈകിയാണ് പലായനത്തിന്‍റെ സാമൂഹിക പ്രത്യാഘാതം തിരിച്ചറിഞ്ഞതും തൊഴിലാളികളെ സുരക്ഷിതരായി വീടുകളിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചതും.
സ്റ്റാന്‍റേര്‍ഡ് വര്‍ക്കേര്‍സ് ആക്ഷന്‍ നെറ്റ് വര്‍ക്ക് (SWAN) എന്ന എന്‍ജിഒയുടെ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ അതിഥി തൊഴിലാളികളില്‍ 78%പേര്‍ക്ക് മാര്‍ച്ച് മാസത്തിലെ കൂലികിട്ടിയിട്ടില്ല. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 500രൂപ പോലും ഇന്ത്യയിലെ 30%ആളുകളില്‍ എത്തിയിട്ടില്ലെന്ന് അസിം പ്രേംജി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. 82%പേര്‍ക്കും സര്‍ക്കാരില്‍നിന്നും റേഷനും കിട്ടിയില്ല. മാത്രമല്ല 64% തൊഴിലാളികളുടെ കൈയിലും നൂറുരൂപയില്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജോലിയില്ലാത്ത, കൂലിയില്ലാത്ത ഭക്ഷണമോ പണമോ കൈയ്യില്‍ ഇല്ലാത്ത മനുഷ്യര്‍ ആഗ്രഹിക്കുക, തന്റേതല്ലാത്ത ഒരുദേശത്തുനിന്നും എത്രയും പെട്ടെന്ന് സ്വന്തം നാട്ടില്‍ എത്താനായിരിക്കും. ആ സാധുമനുഷ്യരെ നമ്മള്‍ എറിഞ്ഞുകൊടുത്തത് രോഗത്തിന്റെയും പട്ടിണിയുടെയും, യാത്രയുടെയും, നിത്യദുരിതത്തിന്റെയും അനിശ്ചിതത്വത്തിലേക്കാണ്.
മനുഷ്യര്‍ വഴിയില്‍ വീണുമരിക്കുന്നതും, വിശ്രമത്തിനിടെ തീവണ്ടി കയറി ചതഞ്ഞരഞ്ഞതും, ഒഴിഞ്ഞ വയറുമായി ഭാണ്ഡക്കെട്ടുകള്‍ പേറി, കുട്ടികളെ ചുമലില്‍ തൂക്കി നിരാലംബരായി സംസ്ഥാനാതിര്‍ത്തികള്‍ കടന്നതും ലോക്ക് ഡൗണ്‍ വേളയില്‍ രോഗത്തെക്കാള്‍ ആശങ്ക പടര്‍ത്തിയ വാര്‍ത്തകളും കാഴ്ചകളുമായിരുന്നു. വിണ്ടുകീറിയ കാല്‍പാദങ്ങളുമായി മുന്നൂറും അഞ്ഞൂറും കിലോമീറ്ററുകള്‍ നടന്നു തീര്‍ത്ത് രാജ്യത്തിന്റെ മറ്റേ അറ്റത്തുള്ള സ്വന്തം ഗ്രാമത്തില്‍ എത്താന്‍ അവര്‍ സഹിച്ച സമാനതകള്‍ ഇല്ലാത്ത യാതനയാണ് ഇതരസംസ്ഥാന തൊഴിലാളികളെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്.
പ്രഖ്യാപനങ്ങളുടെ മെയ് മാസം
കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്‍റെ മൂന്നാം ഘട്ടം അവസാനിക്കാൻ അഞ്ചു ദിവസം ബാക്കി നിൽക്കെയാണ് വമ്പന്‍ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. രാജ്യത്തെ എല്ലാ മേഖലകളേയും ഉത്തേജിപ്പിക്കുന്നതിനായി 20 ലക്ഷം കോടിയുടെ പാക്കേജായിരുന്നു അത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പാക്കേജ് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ നല്‍കാത്ത പ്രധാനമന്ത്രി, ധനമനന്ത്രി നിര്‍മ്മല സീതാരാമന്‍ വരും ദിവസങ്ങളില്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് നിര്‍ത്തുകയായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലായി നിര്‍മ്മല സീതാരാമന്‍ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ വിശദീകരിച്ചു.
സ്വയം പര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ പാക്കേജിനായി ജിഡിപിയുടെ 10 ശതമാനമാനമാണ് കേന്ദ്രം നീക്കിവച്ചത്. “ആത്മനിർഭർ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘സ്വാശ്രയത്വം’ എന്നാണ്. ഭൂമി, പണലഭ്യത, തൊഴിൽ നിയമനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് സാമ്പത്തിക പാക്കേജ്. സാമ്പത്തികം, അടിസ്ഥാനസൗകര്യങ്ങൾ, സംവിധാനം, ജനസംഖ്യാശാസ്‌ത്രം, ആവശ്യകത എന്നിവയാണ് ആത്മ നിർഭാർ ഭാരതിന്റെ അഞ്ച് തൂണുകൾ,” ഇതായിരുന്നു പാക്കേജിന്‍റെ ആദ്യ ഘട്ട പ്രഖ്യാപനം നടത്തവെ ധനമന്ത്രി പറഞ്ഞത്.
കോവിഡ് 19 ലോക്ക് ഡൗൺ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ ആയിരക്കണക്കിന് തൊഴിലാളികളെയും വിദ്യാര്‍ഥികളെയും നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിച്ചതായിരുന്നു മെയ് മാസത്തിന്‍റെ മറ്റൊരു പ്രത്യേകത. സാമൂഹിക അകലം പാലിച്ച് ആരോഗ്യപരിശോധനകള്‍ക്കു ശേഷമാണ് നോൺ സ്റ്റോപ് ട്രെയിനുകളില്‍ യാത്ര അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലായിരുന്നു തൊഴിലാളികളെ സ്റ്റേഷനിലേയ്ക്കും തിരിച്ചു വീടുകളിലേയ്ക്കും സുരക്ഷിതമായി എത്തിച്ചിരുന്നത്.
ലോക്ക് ഡൗൺ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടതിന്‍റെ ഫലമായായിരുന്നു ശ്രമിക് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. അതേസമയം, സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് യാത്രക്കിടെ 97 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്നായിരുന്നു റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചത്. ഹൃദയാഘാതം, തലച്ചോറിലെ രക്തസ്രാവം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയാണ് ഭൂരിഭാഗം പേരുടെയും മരണ കാരണമെന്നും മന്ത്രി അറിയിച്ചിരുന്നു.
വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് മിഷന്‍റെ ഒന്നാം ഘട്ടവും മെയ് മാസത്തിലായിരുന്നു ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ച ഈ ദൗത്യത്തിന്‍റെ ഭാഗമായി 34.10 ലക്ഷത്തോളം പേർ ഇന്ത്യയിൽ എത്തിയതായാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ കണക്ക്. ഡിസംബര്‍ 31 വരെ എട്ടാം ഘട്ടത്തിന്‍റെ കാലാവധി നീട്ടിയിട്ടുണ്ട്. ഇതില്‍ 15 രാജ്യങ്ങളിൽനിന്ന് 897 വിമാനസർവീസുകളിലായി ഒന്നരലക്ഷം പേരെ ഇന്ത്യയിലെത്തിക്കും. വന്ദേഭാരത് ദൗത്യത്തില്‍ പങ്കാളിയായ വിമാനമായിരുന്നു ആഗസ്ത് മാസത്തില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍റ് ചെയ്യവെ അപകടത്തില്‍പ്പെട്ടത്. വിമാനം രണ്ടായി മുറിയുകയും വിമാനത്തിൻ്റെ ക്യാപ്റ്റൻ ഉൾപ്പടെ നിരവധി പേരുടെ ജീവൻ കവരുകയും ചെയ്ത അപകടം നാടിനെ നടുക്കിയ ദുരന്തമായിരുന്നു.
ചൈനീസ് വിരുദ്ധത ഊട്ടിയുറപ്പിച്ച ജൂണ്‍
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം അതിന്‍റെ പാരമ്യത്തിലെത്തിയ മാസമായിരുന്നു. 2017ല്‍ ദോക്ലാമിലെ ഏറ്റുമുട്ടലിന് ശേഷം ഇന്തോ- ചൈനീസ് സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ വന്നു. ഈ വര്‍ഷം മെയില്‍ തന്നെ ചൈനയുടെ ആക്രമണവും കടന്നുകയറ്റവും അതിര്‍ത്തിയില്‍ രൂക്ഷമായിരുന്നു. പാങ്കോംഗിലെ സോ തടാകത്തിന്റെ ഉത്തര തീരത്ത് ഇരു സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഇത് പ്രകോപനമുണ്ടാക്കുന്ന തരത്തിലേക്ക് മാറുകയായിരുന്നു. പാങ്കോംഗിലേതിന് സമാന സംഭവം സിക്കിം സെക്ടറിലെ നാകുലാ ചുരത്തിന് സമീപമുള്ള അതിര്‍ത്തിയിലും സംഭവിച്ചു.
ഇന്ത്യ ലേ തടാകത്തിന് സമീപത്തുള്ള മേഖലയില്‍ നിര്‍ണായകമായ റോഡ് നിര്‍മിക്കുന്നതിനെ ചൈന ശക്തമായി എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ദാര്‍ബുക്- ഷായോക്ക്- ദോലത്ത് ബേഗ് ഓള്‍ഡി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന മറ്റൊരു റോഡും ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ നിര്‍മിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്തോ-ചൈനീസ് നിയന്ത്രണ രേഖയില്‍ ഇരുരാജ്യങ്ങളും സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു.
ജൂണ്‍ 16 ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 1975ന് ശേഷം ആദ്യമായിട്ടാണ് ചൈനയുമായിട്ടുള്ള പോരില്‍ ഇന്ത്യക്ക് സൈനികരെ നഷ്ടമാവുന്നത്. അതേസമയം, ചൈനീസ് സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. 40 ചൈനീസ് സൈനികര്‍ വരെ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.
ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ അതിക്രമിച്ച് കടന്നുവെന്നായിരുന്നു ചൈനയുടെ ആരോപണം. ഇന്ത്യ ഈ ആരോപണം തള്ളി. ഇന്ത്യയുടെ ഭൂപ്രദേശത്താണ് ഈ ആക്രമണം നടന്നതെന്നും ഇന്ത്യ ആരോപിച്ചു. ചൈന പട്രോളിംഗ് നിയമങ്ങള്‍ ലംഘിക്കുന്നുവെന്നായിരുന്നു പരാതി. ഗാല്‍വാന് ശേഷം ഈസ്റ്റേണ്‍ ലഡാക്കിലായിരുന്നു ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. കഴിഞ്ഞ ആറുമാസമായി നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
സെപ്തംബറില്‍ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യീയും കൂടിക്കാഴ്ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനും അഞ്ച് നിര്‍ദേശങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചിരുന്നു. സൈനിക സാന്നിധ്യം കുറയ്ക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ട്. ഇത് ഇന്ത്യ പാലിച്ച് വരികയാണ്. ചൈനയുടെ അതിര്‍ത്തിയിലെ പ്രവര്‍ത്തികളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. അതേസമയം, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം മുറുകിയപ്പോള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ബഹിഷ്കരിക്കണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ജനപ്രിയമായ ടിക് ടോക്, പബ്ജി തുടങ്ങി ചൈനീസ് ബന്ധമുള്ള നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകളാണ് രാജ്യം പല തവണയായി നിരോധിച്ചത്.
പ്രളയ ഭീതി പരത്തിയ ജൂലൈ
പ്രളയക്കെടുതിയില്‍ അസമും ബിഹാറും വലഞ്ഞ മാസമായിരുന്നു ജൂലൈ. കോവിഡ് മഹാമാരി അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ വന്‍ ആശങ്കയായിരുന്നു പ്രളയം സൃഷ്ടിച്ചത്. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞതാണ് പ്രളയത്തിന് കാരണമായത്. അസമില്‍ 26 ജില്ലകളിലെ 2,525 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങി. 26,31,343 പേരെയാണ് പ്രളയം ബാധിച്ചത്. 1,15,515.25 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. കാസിരംഗ ദേശീയ ഉദ്യാനത്തിലെ 120 മൃഗങ്ങള്‍ ചത്തു. ബിഹാറിലെ 10 ജില്ലകളെയാണ് പ്രളയം ഏറെ ദുരിതത്തിലാക്കിയത്. ആറ് ലക്ഷത്തി മുപ്പത്തിയാറായിരം പേരെ പ്രളയം ബാധിച്ചു.
ഏഴു ലക്ഷത്തോളം കോവിഡ് കേസുകളാണ് ജൂലൈയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയ്ക്ക് ശേഷം ലോകത്ത് കോവിഡ് മാരകമായി ബാധിച്ച രാജ്യമായിരുന്നു ഇന്ത്യ.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പുതിയ ദേശീയ വിഭ്യാസന നയം ജൂലൈ അവസാനത്തോടെയാണ് ചര്‍ച്ചയായത്. അങ്കണവാടി മുതല്‍ കോളേജ് തലത്തിലുള്ള ഉന്നതപഠനം വരെയുള്ള വിദ്യഭാസ രീതികളെ ഉടച്ചു വാര്‍ക്കുകയും നിലവില്‍ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമല്ലാത്ത മൂന്ന് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളെ കൂടി ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത നയം 2030 ഓടെ പൂര്‍ണാര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരും.
സംഘപരിവാര്‍ ആഘോഷിച്ച ആഗസ്ത്
സംഘപരിവാറിനെ സംബന്ധിച്ച് ആഘോഷങ്ങളുടെ മാസമായിരുന്നു ആഗസ്ത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റിയ സംതൃപ്തിയില്‍ നിര്‍വൃതിയടഞ്ഞ മാസം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്‍റെ ഒന്നാം വാര്‍ഷികമായിരുന്നു ആദ്യ ആഘോഷം. ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാനുച്ഛേദമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള പ്രമേയം 2019 ആഗസ്ത് 5നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ കൊണ്ടുവന്നത്. കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിട്ടാണ് പ്രത്യേക പദവി റദ്ദാക്കിയതിനെ കേന്ദ്രസർക്കാർ വിശേഷിപ്പിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ഭീകരാക്രമണങ്ങൾ കുറഞ്ഞെന്നും, ക്രമസമാധാനം മെച്ചപ്പെട്ടതായും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.
വിവിധ വികസന പദ്ധതികളും അൻപതോളം പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കശ്മീരില്‍ ആരംഭിച്ചതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മാസങ്ങളോളം നീണ്ട കർഫ്യൂ, ഇന്റർനെറ്റ് നിരോധനം, ജനപ്രതിനിധികളെ വീട്ടുതടങ്കലിലാക്കല്‍ തുടങ്ങി ജനങ്ങൾക്ക് സ്വാതന്ത്ര്യം എന്നത് വിലക്കപ്പെട്ട കനിയായി മാറിയെന്നാണ് പ്രതിപക്ഷ വിമര്‍ശനം.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് പുതിയ ക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടതാണ് ആഗസ്തില്‍ സംഘപരിവാരങ്ങള്‍ക്ക് ആഘോഷത്തിന് അവസരം നല്‍കിയ മറ്റൊരു സംഭവം. രാമജന്മഭൂമിയിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് പുതിയ ക്ഷേത്രത്തിൻ്റെ ഭൂമിപൂജ നടന്നത്. അയോധ്യയിലെ തര്‍ക്കഭൂമിയിൽ ക്ഷേത്രം നിര്‍മിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് വര്‍ഷം കൊണ്ട് ക്ഷേത്രത്തിൻ്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. 161 അടി ഉയരമുള്ള ക്ഷേത്രം നാഗരിക ശൈലിയിലാകും നിര്‍മ്മിക്കുക.
നീതി നിഷേധത്തിന്‍റെ സെപ്തംബര്‍
ഹത്രാസിൽ 19കാരിയായ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം നടന്നത് സെപ്തംബര്‍ മാസത്തിലായിരുന്നു. സെപ്റ്റംബർ 14നാണ് അമ്മയ്ക്കൊപ്പം പുല്ലുവെട്ടാനിറങ്ങുന്ന പെണ്‍കുട്ടിയെ കാണാതാകുന്നത്. പിന്നീട് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടബലാത്സംഗ ശ്രമത്തിനിടെയാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്തു. മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകാതെ, അവരുടെ അനുവാദമില്ലാതെ തിരക്ക് പിടിച്ച് പൊലീസ് തന്നെ സംസ്കരിക്കുകയാണുണ്ടായത്. ഇതിനു പിന്നാലെ യുപി സര്‍ക്കാരും പൊലീസ് സേനയും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. അതേസമയം, ഹത്രാസ് ബലാത്സംഗ കേസില്‍ നാലു പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചുവെന്ന ശുഭ വാര്‍ത്തയും എത്തിയിട്ടുണ്ട്.
കൃത്യനിർവഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഹത്രാസ് എസ് പി വിക്രാന്ത് വീർ, സർക്കിൾ ഓഫീസർ രാം ശബ്ദ്, ഇൻസ്പെക്ടർ ദിനേശ് കുമാർ വർമ്മ, സബ് ഇൻസ്പെക്ടർ ജഗ് വീർ സിംഗ്, കോൺസ്റ്റബിൾ മഹേഷ് പൽ എന്നിവർക്കെതിരെ നടപടിയെടുത്തത്. പെൺകുട്ടിക്ക് നീതി തേടിയുള്ള പോരാട്ടത്തിൽ പാർട്ടി ഭേദമന്യേ പല മുതിർന്ന നേതാക്കളും പങ്കു ചേര്‍ന്ന് വ്യാപക പ്രതിഷേധ പരമ്പരകളാണ് രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നടന്നത്.
പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ഹത്രാസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ വന്‍ പൊലീസ് സന്നാഹമാണ് അതിര്‍ത്തികളില്‍ കാവല്‍ നിന്നത്. സംഭവത്തില്‍ പ്രതിഷേധങ്ങള്‍ തുടര്‍ന്നുള്ള മാസങ്ങള്‍ വരെ നീണ്ടു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ ക്യാംപസ് ഫ്രണ്ട് പ്രവർത്തകര്‍ക്കൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായത് ഹത്രാസ് സന്ദര്‍ശനത്തിനിടെയാണ്. മാസങ്ങളായി ഇവര്‍ ജാമ്യം നിഷേധിക്കപ്പെട്ട് തടവറയില്‍ കഴിയുകയാണ്.
2020ല്‍ ഏറെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പാസാക്കുന്നത് സെപ്തംബര്‍ 27നാണ്. കാര്‍ഷിക ഉത്പന്ന വ്യാപാര വാണിജ്യ (പ്രോത്‌സാഹിപ്പിക്കല്‍ സൗകര്യപ്പെടുത്തല്‍) നിയമം 2020, കര്‍ഷക (ശാക്തീകരണ സംരക്ഷണ) വിലയുറപ്പ് സേവന കരാര്‍ നിയമം, അവശ്യ സാധന നിയമഭേദഗതി എന്നിവയാണ് നിലവില്‍ രാജ്യത്ത് പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ നിയമ പരിഷ്കരണങ്ങള്‍. കാര്‍ഷിക മേഖലയെ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകൾക്ക് അടിയറ വയ്ക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെയടക്കം ആരോപണം. ബിജെപിയുടെ എറ്റവും പഴയ സഖ്യകക്ഷി ശിരോമണി അകാലിദൾ ഈ നീക്കത്തിൽ പ്രതിഷേധിച്ച് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിനെ രാജിവെപ്പിക്കുകയും മുന്നണി വിടുകയും വരെ ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി നടന്ന കര്‍ഷക പ്രതിഷേധം വന്‍ തോതില്‍ ശക്തിയാര്‍ജ്ജിച്ച് തലസ്ഥാന നഗരി തന്നെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.
ബാബറി മസ്ജിദ് കേസില്‍ നിര്‍ണ്ണായക വിധി വന്നത് സെപ്തംബര്‍ 30നായിരുന്നു. പള്ളി തകര്‍ക്കലിനു പിന്നില്‍ ആസൂത്രണം നടന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയുടെതായിരുന്നു വിധി. എൽകെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരെയാണ് 28 വര്‍ഷം പഴക്കമുള്ള കേസില്‍ കോടതി വെറുതെ വിട്ടത്.
പള്ളി തകർത്തത് ആകസ്മികം ആയിരുന്നുവെന്നും ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്നുമാണ് കോടതി കണ്ടെത്തിയത്. സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്നൗ സിബിഐ കോടതിയുടെ നിര്‍ണായക വിധി. ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിച്ചത്. രാജ്യം മുഴുവൻ ശ്രദ്ധിച്ച ഒരു കേസിന്റെ വിചാരണയ്ക്കും വിധിക്കുംവേണ്ടി മൂന്നുപതിറ്റാണ്ടോളം കാത്തുനിൽക്കേണ്ടിവന്നുവെന്നത് ഈ കേസ് നൽകുന്ന പാഠങ്ങളിലൊന്നാണ്. ഒരു വ്യവഹാരം എത്രവേണമെങ്കിലും വലിച്ചുനീട്ടാൻ തത്പരകക്ഷികൾക്ക് കഴിയുമെന്നത് ഈ കേസിന്റെ നാൾവഴിയിലൂടെ വായിച്ചെടുക്കാം.
ഹൈദരാബാദിനെ വെള്ളത്തിലാക്കിയ ഒക്ടോബർ
നൂറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ മഴയാണ് തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിനെ ഒക്ടോബർ മാസത്തിൽ പ്രളയത്തിലാഴ്ത്തിയത്. മഴക്കെടുതിയിൽ 50ഓളം പേരാണ് മരിച്ചത്. ഹൈദരാബാദ് നഗരത്തിന്റെ 45 ശതമാനവും വെള്ളത്തിൽ മുങ്ങി. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായത്. കോവിഡ് ഭീതി സജീവമായ സാഹചര്യത്തിൽ രക്ഷാ പ്രവർത്തനങ്ങൾ ഏറെ സങ്കീർണമായി. പ്രളയ ദുരിതാശ്വാസത്തിനായി സിനിമ സാംസ്‌കാരിക പ്രവർത്തകരിൽ നിന്ന് വൻ സഹായമാണ് തെലങ്കാനയ്ക്ക് ലഭിച്ചത്.
അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുന്നതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്ന് തെലങ്കാന ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മഴവെള്ളത്തിൽ 80 ശതമാനവും മണ്ണിലേക്കിറങ്ങി പോവാതെ ഭൂമിയിൽ കെട്ടി നിന്നാണ് സംസ്ഥാനത്ത് നാശനഷ്ടങ്ങളുണ്ടായതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് തുടർന്നാൽ 2050 ആകുമ്പോഴേക്കും സംസ്ഥാനം പ്രളയത്തിൽ അകപെട്ട് പോകുമെന്ന് ഹൈക്കോടതി മുന്നറിയിപ്പും നൽകി.
സർക്കാർ അനുമതിയോടു കൂടി ഭൂമികളും പ്രദേശങ്ങളും നിയമവിരുദ്ധമായി ജനങ്ങൾ കയ്യേറുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് എംപി കോമതിറെഡ്‌ഡി വെങ്കട്ട് റെഡ്‌ഡിയും മറ്റു അംഗങ്ങളും ചേർന്നാണ് പൊതുതാൽപര്യ ഹർജി നൽകിയത്. സംസ്ഥാനത്ത് വികസനത്തിന്റെ പേരിൽ സർക്കാർ അനുമതി നൽകിയ കെട്ടിട നിർമ്മാണങ്ങളെല്ലാം നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഒറ്റപ്പെട്ട സമരങ്ങൾ ഈ കാലയളവിലും ഉണ്ടായിരുന്നു. അതേസമയം, ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് മിക്ക തൊഴിൽ മേഖലകളും പൂർവ്വ സ്ഥിതി പ്രാപിച്ചിരുന്നു. എന്നാൽ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ സംസ്ഥാനങ്ങൾ തീരുമാനത്തിലെത്തിയിരുന്നില്ല. കോവിഡ് പ്രോട്ടോകോളുകൾ കാറ്റിൽ പറത്തി ബിഹാറിൽ തെരഞ്ഞെടുപ്പ് റാലികൾ തകൃതിയായി നടക്കുന്ന കാഴ്ചയ്ക്കും ഒക്ടോബർ സാക്ഷിയായി. ചേരിപ്പൊരുകളും വാഗ്ദാന പെരുമഴയും കൊണ്ടുപിടിച്ച പ്രചരണങ്ങളും കൊടുമ്പിരി കൊണ്ടത് ഒക്ടോബർ അവസാന വാരമായിരുന്നു. ഒന്നാം ഘട്ട വോട്ടെടുപ്പ് ഒക്ടോബർ 28നും രണ്ടും മൂന്നും ഘട്ടങ്ങള്‍ നവംബർ മൂന്ന്, ഏഴ് തീയതികളിലുമായാണ് നടന്നത്.
കർഷക സമരം മൂർച്ഛിച്ച നവംബർ
ബിഹാർ ഇലക്ഷൻ അവസാന ഘട്ട വോട്ടെടുപ്പ്, ഫല പ്രഖ്യാപനം, ആത്മഹത്യാ പ്രേരണ കുറ്റത്തിന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയുടെ അറസ്റ്റ്, ഐപിഎൽ പൂരത്തിന്റെ ഫൈനൽ പോരാട്ടം തുടങ്ങി നവംബർ ആദ്യവാരം സംഭവ ബഹുലമായിരുന്നു. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതിനൊപ്പം ഡൽഹിയിൽ വായു മലിനീകരണം നവംബറിൽ രൂക്ഷമായിരുന്നു. വായു ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയിലെത്തിയതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആദ്യ വരത്തോടെ വ്യക്തമാക്കിയിരുന്നു. ഉത്സവസീസണുകൾ കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. സമ്പൂർണ്ണ അടച്ചുപൂട്ടലിൽ വാഹനം ഓടാതെയും ഫാക്ടറികൾ പ്രവർത്തിക്കാതെയും ഇരുന്ന സാഹചര്യത്തിൽ ഇത്തവണ മലീനീകരണം കുറയുമെന്നാണ് ഡൽഹിക്കാർ കരുതിയത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു.
താപനിലയിലെ മാറ്റം, കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കൽ എന്നിവയാണ് സ്ഥിതി സങ്കീർണ്ണമാക്കുന്നതെന്നും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മലിനീകരണ തോത് 40 ശതമാനം വർധിപ്പിക്കുന്നുവെന്നുമാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. വായു മലിനീകരണം കൂട്ടുമെന്നതിനാല്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഗുരുതര സാഹചര്യം കണക്കിലെടുത്ത് വായു മലീനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഉത്തർപ്രദേശിൽ ലൗ ജിഹാദിനെതിരായ ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകിയതും നവംബറിലാണ്. ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവർത്തനത്തിന് ഒന്നു മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ചുമത്താവുന്നതാണ് ഓർഡിനൻസ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും ഓഡിനൻസിൽ പറയുന്നു.
മനുഷ്യന്റെ ജൈവീക വികാരമായ പ്രണയം പോലും നികൃഷ്ടമായ രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ട് ഫാസിസ്റ്റ് ക്യാമ്പുകള്‍ ഭിന്നിപ്പിന്‍റെ വിത്തുകള്‍ പാകി രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുന്ന സ്ഥിതിവിശേഷമാണ് ഇതോടെ സംജാതമാകുന്നത്. ലൗ ജിഹാദിനെതിരായ നിയമനിര്‍മ്മാണം മുന്‍നിര്‍ത്തി ശക്തമായ പ്രതികരണങ്ങളുമായി ഉത്തര്‍പ്രദേശിനു പുറമെ മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന എന്നിവിടങ്ങളില്‍ അധികാരത്തിലിരിക്കുന്ന സംഘപരിവാരങ്ങള്‍ രംഗത്ത് വന്നിരുന്നു. തങ്ങളുടെ സഹോദരിമാരുടെ മാനം കൊണ്ട് കളിക്കുന്നവരെ രാമ നാമ സത്യ (ഹിന്ദു ആചാര പ്രകാരമുള്ള ശവസംസ്‌കാര ചടങ്ങിനിടെ ചൊല്ലുന്ന മന്ത്രം) ചൊല്ലി പറഞ്ഞയക്കുമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഭീഷണി.
നിലവിലെ നിയമത്തില്‍ ലൗ ജിഹാദ് എന്നൊരു നിര്‍വചനമില്ലെന്നും ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കീഴില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഈ വര്‍ഷം ആദ്യം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മിഥ്യാധാരണകള്‍ ചൂണ്ടിക്കാട്ടി വര്‍ഗീയത പരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
രാജ്യത്ത് ലൗ ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു വെളിപ്പെടുത്തിയത് ഇതിനിടെ വന്‍ വിവാദമായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ ‘ലൗ ജിഹാദ്’ എന്ന പ്രചാരണം രാജ്യത്തെ സ്വതന്ത്ര സംവിധാനത്തിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഏറ്റുപിടിക്കുന്നതിലെ ദുരവസ്ഥ തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടത്. ടാറ്റ ഗ്രൂപ്പിന്‍റെ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്കിന്‍റെ മതസൗഹാര്‍ദ്ദം കാണിക്കുന്ന ‘ഏകത്വം’ എന്ന പരസ്യം ലൗ ജിഹാദിന്‍റെ പേരില്‍ വിവാദമായ പശ്ചാത്തലം മുതലെടുത്തായിരുന്നു വനിത കമ്മീഷന്‍ അദ്ധ്യക്ഷയുടെ വസ്തുത വിരുദ്ധമായ വാദം.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കർഷകർ സംഘടിക്കുകയും തലസ്ഥാനം ലക്ഷ്യമാക്കി മാർച്ച് ചെയ്യുകയും ചെയ്തത് നവംബർ അവസാന വരത്തോടെ ആയിരുന്നു. ഡൽഹി ചലോ എന്ന മാർച്ച് പ്രതിരോധിക്കാൻ കേന്ദ്ര നിർദേശ പ്രകാരം അതിർത്തി പ്രദേശങ്ങളിൽ പൊലീസ് ബാരിക്കേടുകൾ സ്ഥാപിക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും പ്രതിഷേധക്കാർക്ക് നേരെ ലാത്തിചാർജ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രതിരോധങ്ങൾ ഉത്തേജനമാക്കിക്കൊണ്ട് കർഷകർ മുന്നേറി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി വൻ ജന പ്രവഹമാണ് ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ നിയമ ഭേദഗതിയിൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി പ്രതിഷേധം ശക്തമാകുകയാണ്. പ്രധാനമായും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷക സംഘടനകളാണ് പ്രതിഷേധത്തിന് പിന്നിൽ. രാജ്യത്തിന്റെ സമര ചരിത്രത്തിൽ പുത്തൻ ഏടുകൾ തുറക്കുകയായിരുന്നു ഈ കർഷക പ്രതിഷേധം.
കർഷക രോഷം ജ്വലിച്ച ഡിസംബർ
ദൂരവ്യാപകമായ ഖ്യതി പിടിച്ചു പറ്റിക്കൊണ്ട് പുരോഗമിക്കുകയാണ് കർഷക പ്രതിഷേധം. കൊടും തണുപ്പും കൊറോണയും വകവയ്ക്കാതെ, സര്‍ക്കാര്‍ ഇടപെടലുകളില്‍ പതറാതെ, തങ്ങളുടെ ആവശ്യങ്ങളില്‍ കുറഞ്ഞ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ, തലസ്ഥാന നഗരിയില്‍ തമ്പടിച്ച് പോരാട്ട വീര്യം ചോരാതെ പൊരുതുകയാണ് രാജ്യത്തെ കര്‍ഷകര്‍. കാർഷിക നിയമം പിൻവലിക്കും വരെ സമരം ശക്തമാക്കാനാണ് അവരുടെ തീരുമാനം. തണുപ്പും മറ്റു പ്രതികൂല സാഹചര്യങ്ങളും താങ്ങാനാകാതെ വായോധികരായ കർഷകർ സമര മുഖത്ത് മരിച്ചു വീഴുകയാണ്. എന്നാൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ നിന്ന് ഒരാടിപോലും പിന്നോട്ട് പോകാൻ മണ്ണിന്റെ മക്കൾ തയ്യാറല്ല.
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ നേതാക്കളോ കൊടിയോ മുദ്രാവാക്യങ്ങളോ ജനകീയ സമരങ്ങള്‍ക്ക് ആവശ്യമില്ലെന്ന വസ്തുത ഊട്ടിയുറപ്പിച്ചു കൊണ്ടാണ് കർഷക മുന്നേറ്റം. തളര്‍ത്താനും അടിച്ചമര്‍ത്താനും വിദ്വേഷച്ചുവ കലര്‍ത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളെ മറികടന്ന് വിട്ടുവീഴ്ചകള്‍ക്കിടം നല്‍കാതെ സമരോത്സുകരായ കര്‍ഷകര്‍ ചരിത്രമാവുകയാണ്. ഈ നിലയ്ക്കാത്ത വീര്യത്തിന് മുന്നിൽ മുട്ടുമടക്കുകയല്ലാതെ മറ്റ് വഴികൾ ഭരണകൂടത്തിനു മുന്നിലില്ല. ജനവികാരം വ്രണപ്പെടുമ്പോൾ ഉയരുന്ന പ്രതിഷേധ സ്വരങ്ങളെ വാഗ്ദാനങ്ങൾ നൽകി തല്ലി കെടുത്താമെന്ന ഭരണകൂട തന്ത്രങ്ങൾ ഇനി വിലപോകില്ലെന്ന് കേന്ദ്രത്തിന് ഇതിനോടകം ബോധ്യപ്പെട്ട് കഴിഞ്ഞു. ഇനി സന്ധി സംഭാഷണങ്ങളല്ല, കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമാണ് വഴി.
അതിനിടെ പുതിയ പാര്‍ലമെന്‍റ് മന്ദിരം പണികഴിപ്പിക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രി. ഇന്ത്യ 2022ൽ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് പുതിയ പാർലമെന്‍റ് മന്ദിരത്തിലായിരിക്കും. ഇതിന്‍റെ ആദ്യപടിയായി ഡിസംബര്‍ പത്താം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിന് തറക്കല്ലിട്ടു. ത്രികോണാകൃതിയിലുള്ള മന്ദിര സമുച്ചയത്തിന്‍റെ നിർമാണം 21 മാസം കൊണ്ട് പൂർത്തിയാക്കും. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. പുതിയ മന്ദിരത്തിൽ രാജ്യസഭ നിലവിലുള്ളതിനേക്കാൾ നാലിരട്ടി വലുപ്പമുള്ളതായിരിക്കും ലോക്സഭ നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ളതും.
രണ്ടു കാരണങ്ങൾ കൊണ്ടാണ് പുതിയ പാർലമെന്‍റ് മന്ദിരം ഇന്ത്യ നിർമിക്കുന്നത്. ഒന്നാമത്തേത്, നിലവിലുള്ള മന്ദിരത്തിന്‍റെ ബലക്ഷയം. രണ്ടാമത്തേത്, മണ്ഡല പുനർനിർണയത്തിൽ ലോക്സഭാ-രാജ്യസഭാ സീറ്റുകൾ വർദ്ധിപ്പിച്ചേക്കാം എന്ന ദീര്‍ഘ വീക്ഷണം. അതേസമയം, കോവിഡ് മഹാമാരിയിലും സാമ്പത്തിക പ്രതിസന്ധിയിലും ജനം വലയുമ്പോള്‍ കോടികള്‍ മുതല്‍ മുടക്കിയുള്ള പുതിയ മന്ദിര നിര്‍മ്മാണം വിവിധ കോണുകളില്‍ നിന്ന് വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് മധ്യപ്രദേശിലെ കര്‍ഷകരോട് പ്രധാനമന്ത്രി സംവദിക്കാനൊരുങ്ങിയത്. കാര്‍ഷിക നിയമങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് നടപ്പിലാക്കിയതല്ലെന്നാണ് മോദിയുടെ വാദം. കര്‍ഷകരുടെ ജീവിതം സമാധാനപൂര്‍ണമാക്കാനും അവരുടെ പുരോഗതിയും കാര്‍ഷിക മേഖലയിലെ ആധുനികവത്കരണവും മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയപാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. പിന്നീട് പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യമെന്ന സ്ഥിരം പല്ലവിയില്‍ നിര്‍ത്തി.
അതേസമയം, കർഷക സമരത്തിൽ സുപ്രീംകോടതിയും ഇടപെട്ട് കഴിഞ്ഞു. ചർച്ചയ്ക്കു വഴിയൊരുക്കാൻ വേണ്ടി കാർഷികനിയമങ്ങൾ തൽക്കാലം നടപ്പാക്കില്ലെന്ന ഉറപ്പ് സമരക്കാർക്കു നൽകാനാകില്ലേയെന്നാണ് കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചത്. അതായത് പ്രതിസന്ധിയിലായ സർക്കാർ കടുംപിടുത്തങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങുന്ന നാളുകൾ വിദൂരമല്ലെന്ന് സാരം. അങ്ങനെയെങ്കിൽ 2020 ന്റെ പരിസമാപ്തി അത്യന്തം ആനന്ദ പൂരിതമായിരിക്കും. ശപിച്ചു തള്ളി നീക്കിയ ഈ വര്‍ഷം ജനകീയ സമര ചരിത്രത്താളുകളില്‍ വെന്നിക്കൊടി പാറിച്ച് സദാ തിളങ്ങി നില്‍ക്കുകയും ചെയ്യും.