ലണ്ടൻ: കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിന്റെ പുതിയ രൂപത്തെ ഇംഗ്ലണ്ടിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. ഈ വൈറസ് കൂടുതൽ അപകടകാരിയാണെന്നാണ് ആദ്യ സൂചനകൾ. ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ പുതിയ വൈറസ് അതിവേഗം വ്യാപിക്കുന്നതായാണ് വിവരം. പുതുതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.
ഈ വൈറസ് അതിവേഗം രോഗം പടർത്തുന്നതാണെന്ന് ഹാൻകോക്ക് മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയെ വിവരം ധരിപ്പിച്ചതായും നിലവിൽ നൽകിത്തുടങ്ങിയ വാക്സിൻ പുതിയ വൈറസിനെതിരെ ഫലപ്രദമാകുമോയെന്ന് ആശങ്കയുണ്ടെന്നും ഹാൻകോക്ക് പറഞ്ഞു.
അതേസമയം, കോവിഡ് വ്യാപനം കൂടുതൽ ശക്തമായ സാഹചര്യത്തിൽ ലണ്ടനിൽ ബുധനാഴ്ച മുതൽ നിയന്ത്രണങ്ങൾ കർക്കശമാക്കി. തിയറ്ററുകളും പബ്ബുകളും റസ്റ്റാറൻറുകളും വീണ്ടും അടച്ചിടും.