ന്യൂഡൽഹി: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) നഴ്സിംഗ് ജീവനക്കാര്‍ നടത്തി വരുന്ന സമരം പിന്‍വലിച്ചു. ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സമരം പിൻവലിച്ചത്. കോടതി ഉത്തരവിനെ മാനിച്ചാണ് സമരം പിന്‍വലിച്ചതെന്ന് നഴ്സസ് യൂണിയന് വ്യക്തമാക്കി.
സമരത്തിനെതിരെ എംയിസ് നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്. പ്രശ്ന പരിഹാരത്തിന് കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് യൂണിയന് നാളെ ഹര്‍ജി നല്‍കും. ആവശ്യങ്ങള്‍ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് നഴ്സുമാര്‍ പിന്മാറണമെന്നും കോവിഡ് അടക്കമുള്ള നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമരം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ശമ്പളത്തിലെ അപാകത പരിഹരിക്കുക, സ്വകാര്യ ഏജന്‍സി വഴിയുള്ള നഴ്സുമാരുടെ കരാര്‍ നിയമനങ്ങള്‍ നിര്‍ത്തിലാക്കുക, മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങള്‍ നല്‍കുക, നഴ്സിംഗ് നിയമനത്തില്‍ ആണ്-പെണ് അനുപാതികം പാലിക്കുക ഉള്‍പ്പെടെ 23 ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചായിരുന്നു നഴ്സുമാരുടെ സമരം.