മനുഷ്യാവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയും ഇതിനെതിരെ ശക്തമായ രീതിയിൽ പ്രതിഷേധമിരമ്പുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ ചില ഓര്‍മ്മപ്പെടുത്തലുകളുമായാണ് ലോക മനുഷ്യാവകാശ ദിനം കടന്നുപോയത്. പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, ലോകമെങ്ങുമുള്ള മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സാമൂഹികനീതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുമുള്ള സന്ദര്‍ഭമാണ് ഈ കോവിഡ് കാലം. റിക്കവർ ബെറ്റർ–സ്റ്റാൻഡ് അപ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ എന്നതായിരുന്നു ഇത്തവണ മനുഷ്യാവകാശ ദിന പ്രമേയവും. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തി മെച്ചപ്പെട്ട സമൂഹം പടുത്തുയര്‍ത്തുന്നതിന്‍റെ പ്രാധാന്യമാണ് ഈ പ്രമേയം അര്‍ത്ഥമാക്കുന്നത്. സാമൂഹിക നീതി നിഷേധിച്ചുകൊണ്ടല്ല, ഉറപ്പാക്കിക്കൊണ്ടു വേണം കോവിഡിനെ അതിജീവിക്കാനെന്ന ആഹ്വാനമാണിത്.
കോവിഡ് ഭീതിയുടെ മറവിൽ ലോക ജനതയുടെ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും ധ്വംസിക്കപ്പെടുന്ന ദുര്‍വിധിക്കാണ് നാം സാക്ഷിയാകുന്നത്. സമ്പന്നർക്കും ദരിദ്രർക്കുമിടയിലെ വിടവിന്‍റെ വീതി വര്‍ദ്ധിപ്പിച്ച് ദാരിദ്ര്യം കൂടുതല്‍ പിടിമുറുക്കിയതോടെ സാമൂഹിക അസമത്വം അസാധാരണമാം വിധം ശക്തി പ്രാപിച്ചു. രോഗത്തോട് മത്സരിച്ച് മുന്നിലെത്തിയ സാമ്പത്തിക പ്രതിസന്ധി ഇരട്ടപ്രഹരമായി. അതേസമയം, ലോകമാസകലമുള്ള നിരാലംബരായ മനുഷ്യരില്‍ നിന്ന് അവകാശങ്ങള്‍ പറിച്ചെടുത്ത് നിര്‍ദാക്ഷിണ്യം കുതിക്കുന്ന വൈറസിനെ ഇനിയും പിടിച്ചു കെട്ടാന്‍ സാധിച്ചില്ലെന്നത് ആശങ്കകളുടെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
അവകാശങ്ങള്‍ക്ക് ആപ്പുവച്ച കൊറോണ
ഓരോ വ്യക്തിക്കും സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശം. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, പാർപ്പിടം, ഭക്ഷണം, വസ്ത്രം എന്നിവ ലഭിക്കാനുള്ള അവകാശം, വാർധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനു മുന്നിലുള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലിൽ പാർപ്പിക്കില്ല എന്ന ഉറപ്പ്, ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽതന്നെ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളാണ്. എന്നാല്‍, ഇവയോരോന്നും കൊറോണ വൈറസ് വ്യാപനത്തോടെ ലംഘിക്കപ്പെട്ടുവെന്നതിനുള്ള തെളിവ് ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വന്നു.
കോവിഡ് 19 ന്‍റെ ഉത്ഭവ കേന്ദ്രമെന്ന് കരുതപ്പെടുന്ന ചൈനയില്‍ വൈറസ് വ്യാപനം പ്രതിരോധിക്കാനും ഭരണകൂടത്തിന്‍റെ മുഖം രക്ഷിക്കാനുമുള്ള തത്രപ്പാടിനിടയില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടന്നത്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യമാണ് പ്രധാനമായും ഹനിക്കപ്പെട്ടത്. പൊതുജനാരോഗ്യത്തിന് അപകടമെന്ന് തോന്നുന്ന വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ വന്‍ തോതില്‍ സെന്‍സര്‍ ചെയ്യപ്പെട്ടു. വൈറസ് വ്യാപനം നിയന്ത്രണാതീതമായത് തുടക്കത്തില്‍ അതിനെ അവഗണിച്ചതുകൊണ്ടാണെന്ന രൂക്ഷ വിമര്‍ശനത്തിന് ചൈന പാത്രമാവുകയും ചെയ്തു. സാര്‍സിനു സമാനമായ പകര്‍ച്ചവ്യാധിയുടെ തുടക്കമാണെന്ന മുന്നറിയിപ്പ് നല്‍കിയ ഡോ. ലീ വെന്‍ലിയാങിന് അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നുവെന്നു കാട്ടി അധികൃതര്‍ സമന്‍സ് അയക്കുകയാണുണ്ടായത്. ഇത്തരം ‘നിയമവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് ഡോ. ലീയ്ക്ക് പൊലീസ് സ്‌റ്റേഷനില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടി വന്നു. കോവിഡ് ബാധിതനായ ഡോക്ടര്‍ പിന്നീട് മരണപ്പെടുകയും ചെയ്തു.
“നിയമവിരുദ്ധമായ ഉള്ളടക്കം” പ്രചരിപ്പിക്കുന്നതായി ചൂണ്ടികാട്ടി ചൈനയുടെ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ മഹാമാരികള്‍ കേന്ദ്രീകൃതമായ പ്ലേഗ്.ഇങ്ക് എന്ന ഗെയിം, എല്ലാ ചൈനീസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്നും ഉടനടി നീക്കം ചെയ്യുക വരെയുണ്ടായി. കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ ചൈനീസ് സർക്കാർ സെൻസർ ചെയ്തിട്ടുണ്ടെന്നും ചിലത് പൂഴ്ത്തിവച്ചെന്നുമാണ് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്. വൈറസിനെ നേരിടാൻ മെഡിക്കൽ സമൂഹത്തിന് ഉപയോഗപ്രദമായതും ആളുകളെ രോഗത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സഹായിക്കുന്നതുമായ വിവരങ്ങളാണ് ചൈനീസ് അധികാരികൾ തടഞ്ഞുവയ്ക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റീജിയണൽ ഡയറക്ടർ നിക്കോളാസ് ബെക്വെലിൻ അന്ന് വിമർശിച്ചതുമാണ്.
പോളണ്ടില്‍ മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ നിന്ന് ഡോക്ടർമാരെ വിലക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ച മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ വ്യാപകമായി ശിക്ഷിക്കപ്പെടുകയും ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പോളിഷ് ഭരണഘടനയുടെ ആർട്ടിക്കിൾ 2, 54, 61 പ്രകാരം മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് അഭിപ്രായ പ്രകടനത്തിനും പൊതുജനങ്ങള്‍ക്ക് മഹാമാരി സംബന്ധിച്ച വിവരങ്ങള്‍ അറിയാനും അവകാശമുണ്ടെന്ന് പോളിഷ് ഓംബുഡ്‌സ്മാൻ ആദം ബോഡ്‌നർ ആരോഗ്യ വകുപ്പിനെ അറിയിച്ചത്. എന്നാല്‍, ആരോഗ്യ മന്ത്രാലയത്തിന്‍റെയോ, ദേശീയ ഹെല്‍ത്ത് ഏജന്‍സിയുടെയോ അറിവില്ലാതെ ഒരു വിവരവും പ്രചരിപ്പിക്കരുതെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം. ഇത് വന്‍ ദുരന്തമായി ഭവിക്കുമെന്ന് രാജ്യത്തെ മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ സംഘടനകള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ, കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ പ്രകോപനം ഉണ്ടാക്കുന്നതും ഭീതി പരത്തുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന പേരില്‍ 19ഓളം പേരെയാണ് തുര്‍ക്കിയില്‍ നിയമ നിർവ്വഹണ ഏജൻസികൾ അറസ്റ്റ് ചെയ്തത്. കൂടാതെ പ്രാദേശിക ദിനപത്രങ്ങളില്‍ ജോലി ചെയ്യുന്ന ഏഴോളം മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലായി. മുഖ്യധാര മാധ്യമമായ ഹേബര്‍ ടര്‍ക്ക് അടക്കം മൂന്ന് വാര്‍ത്താചാനലുകള്‍ക്ക് പിഴയടക്കേണ്ടിയും വന്നു. കുറഞ്ഞ അളവിലുള്ള പരിശോധനയും വൈറസ് പകരാനുള്ള ഉയർന്ന സാധ്യതകളും അർത്ഥമാക്കുന്നത് രോഗനിർണയം ചെയ്യപ്പെടാതെ നിരവധി കേസുകള്‍ ഇനിയുമുണ്ട് എന്നാണെന്നും ഇത് സർക്കാർ സ്ഥിരീകരിച്ച കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നുമായിരുന്നു ഹേബര്‍ ടര്‍ക്കിനു വേണ്ടി ആരോഗ്യ വിദഗ്ദന്‍റെ റിപ്പോര്‍ട്ട്. ഇതിന്‍റെ പേരിലായിരുന്നു ചാനലിനെതിരെ പിഴ ചുമത്തിയത്.
മിക്ക രാജ്യങ്ങളിലും രോഗബാധിതരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും സൈബര്‍ സംവിധാനങ്ങളും ആപ്ലിക്കേഷനുകളും ഉപയോഗിച്ച് വന്‍തോതില്‍ നിരീക്ഷിച്ചത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ചൈനയില്‍ ക്വാരന്‍റൈനിലായ വ്യക്തികളുടെ വീടുകളില്‍ സിസിടിവി സ്ഥാപിച്ചായിരുന്നു നിരീക്ഷണം. ഹോങ്കോങ്ങില്‍ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്ത റിസ്റ്റ്-ബാൻഡ് ധരിക്കാൻ ആളുകള്‍ നിർബന്ധിതരായി. ഇതോടെ അവര്‍ എവിടെ പോയാലും എന്ത് ചെയ്താലും നിരീക്ഷണ വിധേയമാവുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ നേരിടാൻ ലോകമെമ്പാടുമുള്ള സർക്കാരുകൾ ഉപയോഗിക്കുന്ന മൊബൈൽ ലൊക്കേഷൻ ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുമെന്ന് 2020 മെയ് 13 ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
വൈറസ് വ്യാപനം തുടര്‍ന്നപ്പോള്‍ തിരക്കേറിയ ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരുടെ അവകാശങ്ങളും നിഷ്കരുണം ലംഘിക്കപ്പെട്ടു. ഒരു കമ്പോഡിയൻ ജയിലിൽ തടവുകാർ മനുഷ്യത്വരഹിതമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന വീഡിയോ 2020 ഏപ്രിൽ 10 ന് ആംനസ്റ്റി ഇന്റർനാഷണൽ പങ്കിട്ടിരുന്നു. 25ഓളം തടവുകാരെ തിങ്ങി പാര്‍പ്പിച്ച അങ്ങേയറ്റം തിരക്കേറിയ ജയിലില്‍ ശാരീരിക അകലം പാലിക്കുന്നത് അസംഭവ്യമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഭക്ഷണം ലഭിക്കാത്തതിനു പിന്നാലെ വെനെസ്വേലയിലെ ഗ്വാനാരെയില്‍ തടവുകാര്‍ പ്രക്ഷോഭം തുടങ്ങുകയും 46 തടവുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കലാപത്തില്‍ ജയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലാറ്റിന്‍ അമേരിക്ക, ടാന്‍സാനിയ, ഈജിപ്ത്, യുഎഇ, യുഎസ് തുടങ്ങി വിവിധ രാജ്യങ്ങളിലെ തിരക്കേറിയ ജയിലുകളില്‍ അതീവ ദയനീയമായ സാഹചര്യങ്ങള്‍ തടവുകാരില്‍ കോവിഡ് പടരാന്‍ കാരണമായിരുന്നു. മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയപ്പോഴാണ് തടവുകാരെ മോചിപ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചത്.
കോവിഡ് കാലത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും വ്യാപകമായി ധ്വംസിക്കപ്പെട്ടു. യുഎസില്‍ ഫിലിപ്പിനോ-അമേരിക്കന്‍സിനിടയില്‍ വന്‍ തോതില്‍ രോഗം പടര്‍ന്നത് ആഗോള തലത്തില്‍ വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. നഴ്സുമാരായ ഫിലിപ്പിനോ- അമേരിക്കന്‍സിന് ശരിയായ രീതിയില്‍ പിപിഇ കിറ്റുകള്‍ പോലും ലഭ്യമായിരുന്നില്ല. ഹിസ്പാനിക്കുകള്‍ക്കിടയിലും ആഫ്രിക്കന്‍- അമേരിക്കന്‍സിനിടയിലും വന്‍ തോതില്‍ രോഗ വ്യാപനം ഉണ്ടായി. ഇവരുടെ ജീവിത സാഹചര്യങ്ങളും ഭക്ഷണ ശൈലികളും ആരോഗ്യ നിലയും ഇതിന് കാരണമായി. ദേശീയ ശരാശരിയേക്കാൾ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ സാമ്പത്തികമായും ഏറെ പിന്നോക്കം പോയി.
രോഗ വ്യാപന തോത് നിയന്ത്രണാതീതമായപ്പോള്‍ രോഗികളുടെ എണ്ണം കൂടുകയും പരിശോധനകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തു. മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി ആശുപത്രി സന്ദര്‍ശിക്കുന്ന മിക്കവര്‍ക്കും ചികിത്സ നിഷേധിക്കേണ്ട അവസ്ഥയാണ് ഇതോടെ ആശുപത്രി അധികൃതര്‍ക്ക് വന്നത്. ഇത് ആരോഗ്യ പരിരക്ഷണം ലഭിക്കാനുള്ള പൗരന്‍റെ അവകാശത്തെ ഹനിക്കുന്നതായിരുന്നു. ഇതോടൊപ്പം മത സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങി അടിസ്ഥാനപരമായ പല അവകാശങ്ങളും ചോദ്യ ചിഹ്നമായി. രോഗം ബാധിച്ചവരെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള വിവേചനമാണ് മറ്റൊന്ന്.
കൂടാതെ വംശീയതയും വിദ്വേഷവും അസാധാരണ ശക്തിയോടെ പ്രചരിക്കുകയും ചെയ്തു. ചൈനീസ് വൈറസ് എന്ന ട്രംപിന്‍റെ പ്രയോഗമാണ് ഇതിന് ഉത്തമ ഉദാഹരണം. ഇതിന്‍റെ പേരില്‍ ട്രംപ് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം അദ്ദേഹത്തിന്‍റെ അഭിഭാഷകനും ന്യൂയോര്‍ക്ക് മുന്‍ മേയറുമായ റൂഡി ഗുലാനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോഴും ട്രംപ് ഇതേ വാക്ക് വീണ്ടും ഉപയോഗിച്ചു. ഏഷ്യന്‍ രാജ്യങ്ങളുടെ സംസ്കാരവും ജീവിത ശൈലികളും വന്‍ തോതില്‍ വിമര്‍ശിക്കപ്പെട്ട അവസ്ഥയും സംജാതമായി. മറ്റ് ലോക രാജ്യങ്ങളിലെന്ന പോലെ വന്‍ തോതില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട കാലമാണ് മഹാമാരി ഇന്ത്യയ്ക്കും നല്‍കിയത്.
കോവിഡും ഇന്ത്യന്‍ ജനതയും
ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം 2020 മനുഷ്യാവകാശ ധ്വംസനങ്ങളുടെ പെരുമഴക്കാലമായിരുന്നു. ഭരണകൂട ഭീകരതയുടെ ഭാഗമായി അടിസ്ഥാന പരമായ അവകാശങ്ങള്‍ പോലും നിര്‍ദയം ലംഘിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. കോവിഡ് മഹാമാരി കൂടിയായപ്പോള്‍ ഇതിന്‍റെ വ്യാപ്തിയും വര്‍ദ്ധിച്ചു. തൊഴിലാളി പലായനമായിരുന്നു കോവിഡ് കാലത്ത് രാജ്യം കണ്ട ഏറ്റവും ഭയാനകമായ അവസ്ഥ. ഡല്‍ഹിയില്‍ നിന്നും മറ്റ് പട്ടണങ്ങളില്‍ നിന്നും പുറന്തള്ളിയ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് നടത്തിയ മടക്കയാത്ര അത്യന്തം ദയനീയമായിരുന്നു. മനുഷ്യര്‍ വഴിയില്‍ വീണുമരിക്കുന്നതും, വിശ്രമത്തിനിടെ തീവണ്ടി കയറി ചതഞ്ഞരഞ്ഞതും, ഒഴിഞ്ഞ വയറുമായി ഭാണ്ഡക്കെട്ടുകള്‍ പേറി, കുട്ടികളെ ചുമലില്‍ തൂക്കി നിരാലംബരായി സംസ്ഥാനാതിര്‍ത്തികള്‍ കടന്നതും ലോക്ക് ഡൗണ്‍ വേളയില്‍ രോഗത്തെക്കാള്‍ ആശങ്ക പടര്‍ത്തിയ വാര്‍ത്തകളും കാഴ്ചകളുമായിരുന്നു.
അതിഥി തൊഴിലാളികളെ അനാഥ തൊഴിലാളികളാക്കിയതും പൊറുക്കാനാവാത്ത മനുഷ്യാവകാശ ധ്വംസനമാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴിലും വരുമാനവും ഭക്ഷണവും താമസ സൗകര്യവും ഇല്ലാതായതും തൊഴിലുടമകളും സര്‍ക്കാരും കൈയൊഴിഞ്ഞതും ആയിരക്കണക്കിന് തൊഴിലാളികളെയാണ് പലായനത്തിന് നിര്‍ബന്ധിതരാക്കിയത്. രോഗ വ്യാപനം അതിന്‍റെ മൂര്‍ദ്ധന്യത്തിലെത്തി നിന്ന ആ സാഹചര്യത്തില്‍ രോഗ വാഹകരായി തൊഴിലാളികളെ ചിത്രീകരിച്ച് മാനുഷിക പരിഗണനകളൊന്നും നല്‍കാതെ മൗനം പാലിച്ച ഭരണകൂടം ഏറെ വൈകിയാണ് പലായനത്തിന്‍റെ സാമൂഹിക പ്രത്യാഘാതം തിരിച്ചറിഞ്ഞതും തൊഴിലാളികളെ സുരക്ഷിതരായി വീടുകളിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചതും.
പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും മനുഷ്യന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസരങ്ങളിലും തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത ജനവിഭാഗത്തെ ലക്ഷ്യം വെക്കുന്ന, ഭരണകൂടത്തിന്‍റെ ഫാസിസ്റ്റ് നിലപാടുകളും ഈ കോവിഡ് കാലത്ത് കണ്ടു. മുസ്ലിംകളെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള തന്ത്രപരമായ സന്ദര്‍ഭമായി കൊറോണയെ മുതലെടുത്തു. ഡല്‍ഹിയില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മതവിശ്വാസികള്‍ കോവിഡ് വ്യാപനത്തിന് കാരണക്കാരാണെന്ന് സമൂഹത്തിന്‍റെ ഉന്നത പദവികള്‍ അലങ്കരിക്കുന്നവര്‍ വരെ ആവര്‍ത്തിച്ച് പറഞ്ഞത് ഇതിന് ഉദാഹരണമാണ്.
കൊറോണക്കാലത്തെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനും വൈറസ് വ്യാപനത്തെ മതവല്‍കരിക്കുന്നത് തടയാനും അടിയന്തിര മാര്‍ഗ നിര്‍ദേശങ്ങള്‍ ഇറക്കാനും, ഇസ്ലാമോഫോബിക് വിദ്വേഷ പ്രസംഗങ്ങളില്‍ ഗവേഷണം നടത്തുന്ന സൗത്ത് ഏഷ്യന്‍ മനുഷ്യാവകാശ സംഘടന ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും കൊറോണക്കാലത്ത് ഇന്ത്യയില്‍ വർധിച്ചു വരുന്ന മുസ്ലിം വിരുദ്ധതയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്കനുസൃതമായി സംരക്ഷിക്കണമെന്നാണ് ഒഐസി രാജ്യങ്ങളുടെ സ്വതന്ത്ര സ്ഥിരം മനുഷ്യാവകാശ കമീഷന്‍ (IPHRC) ഘടകം അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്. ലോകം, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യയില്‍ വര്‍ഗീയ പകര്‍ച്ചവ്യാധി കൊറോണ വൈറസിന്‍റെ മുകളിലേറി ആനന്ദ നൃത്തമാടുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് തന്നെ വിമര്‍ശിക്കുകയുണ്ടായി.
തബ്ലീഗ് ജമാഅത്തിന്‍റെ അശ്രദ്ധയും വീഴ്ചയും പര്‍വതീകരിച്ചും നിന്ദ്യമായ രീതിയില്‍ അതിനെ ചിത്രീകരിച്ചും, ഭരണകൂട താല്‍പ്പര്യ സംരക്ഷകരായ വലിയ വിഭാഗം മാധ്യമങ്ങളും മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള സംഘടിത പോര്‍മുഖത്തില്‍ അണി ചേര്‍ന്നു എന്നതായിരുന്നു ദൗര്‍ഭാഗ്യകരം. ഇന്ത്യന്‍ സമൂഹത്തെ ബാധിച്ച അണുബാധയായി മുസ്ലിംകളെ ചിത്രീകരിക്കുന്നവയായിരുന്നു മിക്ക റിപ്പോര്‍ട്ടുകളും. ഇസ്ലാമോഫോബിയ സ്ഫുരിക്കുന്ന ‘നിസാമുദ്ദീന്‍ ഇഡിയറ്റ്സ്’, ‘ഗ്രീന്‍ കൊറോണ വൈറസ്’, ‘നിസാമുദ്ദീന്‍ ടെററിസ്റ്റ്’, ‘കൊറോണ ജിഹാദ്’, ‘കൊറോണ ഭീകരവാദം’ കൊറോണ ബോംബ് തബ്ലീഗി’, ‘കോവിഡ് 786’ സംജ്ഞകളും ഹാഷ് ടാഗുകളുമായിരുന്നു അന്ന് വ്യാപകമായി പ്രചരിച്ചത്.
അതേസമയം, ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍റെ സ്ഥാനാരോഹണത്തിന് വലിയ ആള്‍ക്കൂട്ടം പങ്കെടുത്തിരുന്നു. അയോധ്യയില്‍ യോഗി ആദിത്യനാഥിന്‍റെ മുന്‍കൈയില്‍ മതസമ്മേളനം നടത്തിയിരുന്നു. തബ്ലീഗ് വിവാദത്തിന് ശേഷം പോലും കോവിഡ് ഹോട്സ്പോട്ടായ കല്‍ബുര്‍ഗിയില്‍ സിദ്ധലിംഗേശ്വര ക്ഷേത്രത്തില്‍ രഥോല്‍സവത്തില്‍ നൂറുകണക്കിനു ഭക്തര്‍ പങ്കെടുത്തിരുന്നു. നമസ്‌തേ ട്രംപ് ആഘോഷം നടന്ന അഹമ്മദാബാദില്‍ പോസിറ്റീവ് കേസുകളും മരണസംഖ്യയും കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും ചര്‍ച്ചാ വിഷയമായില്ലെന്നത് ഭരണകൂടത്തിന്‍റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.
തബ്ലീഗ് സമ്മേളനം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളില്‍ വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതി പരിഗണിക്കവെ, അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ട സ്വാതന്ത്ര്യങ്ങളിലൊന്ന് അഭിപ്രായ സ്വാതന്ത്ര്യമാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പരാതിയില്‍ മാധ്യമങ്ങള്‍ വിദ്വേഷ പ്രചാരണം നടത്തിയിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം തള്ളിയ കോടതി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ‘സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തികച്ചും നിന്ദ്യവും നിര്‍ലജ്ജവുമാണ്. നിങ്ങള്‍ ഇക്കാര്യങ്ങളെ സമീപിക്കുന്നതുപോലെ കോടതിയെ സമീപിക്കരുത്. മോശം റിപ്പോര്‍ട്ടിങ്ങിനുള്ള ഉദാഹരണങ്ങള്‍ ഇല്ലെന്നാണ് നിങ്ങള്‍ ഹര്‍ജിയില്‍ പറയുന്നത്. നിങ്ങള്‍ ഒരുപക്ഷേ അംഗീകരിച്ചില്ലെങ്കിലും മോശം റിപ്പോര്‍ട്ടിങ്ങ് ഇല്ലായിരുന്നെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാനാകും’- എന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ ചോദ്യം.
ദുരന്തങ്ങളും ദുരിതങ്ങളും പേറുന്ന സ്ത്രീകള്‍
ലോകത്ത് നടന്നിട്ടുള്ള മഹായുദ്ധങ്ങളിലും ദുരന്തങ്ങളിലും അപ്രസക്തരായ ജനതയായിരുന്നു സ്ത്രീകള്‍. എന്നാല്‍ എല്ലാ ദുരന്തങ്ങളുടെയും ഏറ്റവും തീവ്രമായ പ്രത്യാഘാതം അനുഭവിച്ച ഇരകളും സ്ത്രീയായിരുന്നു. എക്കാലവും ദുരന്തങ്ങളുടെ ആഘാതങ്ങള്‍ അവര്‍ക്കുമേല്‍ കനത്ത പ്രഹരമേല്‍പ്പിച്ചു കടന്നുപോയിക്കൊണ്ടിരുന്നു. അതൊന്നും ആരും അറിഞ്ഞിരുന്നില്ല. എവിടെയും രേഖപ്പെടുത്തിയിരുന്നില്ല. ലോകം മുഴുവനും വ്യാപിച്ച മഹാമാരിയിലും സ്ത്രീയുടെ അവസ്ഥ സമാനമായിരുന്നു.
കൊറോണ വൈറസ് ലിംഗഭേദമില്ലാതെ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുമ്പോഴും സ്ത്രീയ്ക്ക് പ്രതിരോധിക്കേണ്ടി വന്നത് രോഗത്തെ മാത്രമായിരുന്നില്ല, ഗാര്‍ഹിക പീഡനത്തെക്കൂടിയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്താണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ മാനസികമായും ശാരീരികമായും ആക്രമിക്കപ്പെട്ടത്. ലോക്ക് ഡൗണ്‍ വേളയിലെ തൊഴിലില്ലായ്മ, സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ അടച്ചിരിക്കുന്ന അവസ്ഥ, സാമൂഹിക ബന്ധത്തിനുള്ള അവസരങ്ങള്‍ നഷ്ടപ്പെടല്‍, ലഹരി ഉപയോഗിക്കാനുള്ള അവസരം നിഷേധിക്കപ്പെടല്‍ തുടങ്ങിയവ പുരുഷനില്‍ കടുത്ത മാനസിക അസ്വസ്ഥത ഉണ്ടാക്കി. ഈ അസ്വസ്ഥയുടെ പ്രതിഫലനം കായികമായും മാനസികമായും പീഡനങ്ങളായി വന്ന് പതിച്ചത് വീടിനുള്ളിലെ സ്ത്രീകളിലും കുട്ടികളിലുമായിരുന്നു.
ലോക്ക്ഡൗണില്‍ സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാന്‍ കഴിയുമായിരുന്നില്ല. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ അടുത്തുള്ള വീടുകളില്‍ അഭയം പ്രാപിക്കുന്നതിനും പരിമിതികളുണ്ട്. സുരക്ഷിതമായ ഇടങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥ വന്ന് ചേരുകയും ചെയ്തു. തീരെ നിവൃത്തികെട്ടവര്‍ ഓണ്‍ലൈന്‍ മുഖേനയാണ് വനിതാ കമ്മീഷനിലും മറ്റും പരാതിപ്പെട്ടത്. സാങ്കേതിക വിദ്യാ പരിജ്ഞാനമില്ലാത്തവര്‍ക്ക് ഇത് ബുദ്ധിമുട്ടായി. ഇതിനിടയിലും കുടുംബത്തിന്റെ വൈകാരിക അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ നിശബ്ദമായവർ ഏറെയാണ്. സാമ്പത്തിക അരക്ഷിതാവസ്ഥ, ദാരിദ്ര്യം, രോഗഭീതി, ഒറ്റപ്പെടല്‍ എന്നിവയും സ്ത്രീകളില്‍ മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഗര്‍ഭിണികളായ സ്ത്രീകളില്‍ കോവിഡ് കാലം വന്‍ ആശങ്കകളാണ് സൃഷ്ടിച്ചത്. ഗാര്‍ഹിക പീഡനത്തോടൊപ്പം കുഞ്ഞിന് രോഗം പകരുമെന്ന ഭയം അവരെ മാനസിക വിഭ്രാന്തിയിലേക്കാണ് നയിച്ചത്.
ലോക്ക് ഡൗണ്‍ കാലയളവില്‍ നിരവധി പരാതികള്‍ ദേശീയ വനിത കമ്മീഷന്‍ മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവന്നത് ഉത്തരേന്ത്യയില്‍ നിന്നായിരുന്നുവെന്ന് വനിത കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കേരളത്തില്‍ നിന്നും വളരെ കുറഞ്ഞ പരാതികളെ ഉണ്ടായിരുന്നുള്ളു എന്നത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. അതിന്റെ കാരണം നിരന്തരമുള്ള സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രവും സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങളില്‍ കേരളത്തില്‍ സ്ത്രീകള്‍ കൊണ്ടുവന്നിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങളുമാണ്. ഏതൊരു മേഖലയിലും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവരുന്നത് പോലും അനുവദിക്കാതെ സൂക്ഷ്മമായി ഇടപെടുന്ന പ്രബുദ്ധ സമൂഹമായി കേരളം മാറിയിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.
സ്ത്രീ ജനങ്ങളുടെ കാര്യം പറഞ്ഞു വരുമ്പോള്‍ മാഹാമാരി ഏല്‍പ്പിച്ച പ്രത്യാഖാതങ്ങളില്‍ ഏറിയ പങ്കും ചെന്ന് പതിച്ച ലൈംഗിക തൊഴിലാളികളെ മാറ്റി നിര്‍ത്താനാവില്ല. സര്‍വ്വസ്വവും വഴിതിരിച്ചു വിട്ട കോവിഡ് കാലത്ത് മുഖ്യധാരയില്‍ സജീവമായിരുന്ന തൊഴില്‍ മേഖലകള്‍ വരെ സ്തംഭിച്ചപ്പോള്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു അതിരുവല്‍ക്കരിക്കപ്പെട്ട ലൈംഗിക വൃത്തി. ഒരു പക്ഷെ കോവിഡ് നിയന്ത്രണങ്ങള്‍ ഏറ്റവും അധികം ബാധിക്കപ്പെട്ട മേഖല ഇതാണ്. ശരീരം അകലം പ്രാപിച്ചപ്പോള്‍ സമൂഹത്തില്‍ നിന്ന് വീണ്ടും അകന്ന ജനത. അതായിരുന്നു ലൈംഗിക തൊഴിലാളികള്‍.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ തൊഴില്‍ മേഖലയും പതിയെ ഉണരാന്‍ തുടങ്ങിയപ്പോഴും ലൈംഗിക വൃത്തി നിര്‍ജ്ജീവാവസ്ഥയില്‍ തുടരുകയാണ്. രാജ്യത്തെ ചുവന്ന തെരുവുകളില്‍ അതിജീവനത്തിന്‍റെ പാത തെളിയാതെ പകച്ചു നില്‍ക്കുന്ന എട്ടു ലക്ഷത്തിലധികം സ്ത്രീകളുണ്ട്. പട്ടിണി, കടം, രോഗം, അവഗണന എന്നിങ്ങനെ മുമ്പത്തേതിനെക്കാള്‍ കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് അവര്‍ കടന്നു പോകുന്നത്.
രോഗഭീതിയും കടക്കെണിയും പരാധീനതകള്‍ കണ്ടറിഞ്ഞ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ വിമുഖത കാട്ടുന്ന ഭരണ സംവിധാനങ്ങളും ഇവരെ ദുരിതത്തിലാക്കുമ്പോള്‍ അതിജീവനം വലിയ ചോദ്യചിഹ്നമായി ശേഷിക്കുന്നു. ഭൂരിപക്ഷം ലൈംഗിക തൊഴിലാളികളും തങ്ങളുടെ സ്ഥിരം തൊഴില്‍ വിട്ട് മറ്റൊരു ജോലിക്കു ശ്രമിക്കുന്നുണ്ടെങ്കിലും സാധാരണ സാഹചര്യങ്ങളില്‍ പോലും ലൈംഗിക തൊഴിലാളിയെ മാറ്റി നിര്‍ത്തുന്ന സമൂഹം അവരെ സ്വീകരിക്കുമോ എന്നതാണ് മുഴച്ചു നില്‍ക്കുന്ന ചോദ്യം.
കേരള ജനതയുടെ അവകാശങ്ങള്‍ കോവിഡ് അപഹരിച്ചുവോ?
കോവിഡ് നിയന്ത്രണങ്ങളുടെയും പ്രോട്ടോകോളുകളുടെയും പേരില്‍, ഐക്യ കേരളത്തിലെ ജനങ്ങള്‍ക്കും തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. രോഗത്തെ സംബന്ധിച്ച് അവബോധം പകരുന്നതിന് ബദലായി ജനങ്ങളെ ഏത്തമിടീച്ച പൊലീസ് പട മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് കുപ്രസിദ്ധമായ ഉത്തരേന്ത്യയുടെയോ, ട്രംപിന്‍റെ അമേരിക്കയുടെയോ, ഉന്നിന്‍റെ കൊറിയയുടെയോ ആയിരുന്നില്ല. പ്രബുദ്ധ കേരളത്തിന്‍റേതായിരുന്നു.
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി, കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ജനങ്ങളെ ഏത്തമിടീച്ച കണ്ണൂർ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞതാണ്. ഒരു സാഹചര്യത്തിലും പൊലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. അങ്ങനെയിരിക്കെയാണ് കണ്ണൂർ എസ്പിയെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ച പരമമായ മനുഷ്യാവകാശ ലംഘനമെന്ന രീതിയില്‍ വിവാദമായത്.
ആഗോള തലത്തില്‍ വളരെ പ്രശസ്തി നേടിയ കോരളത്തിന്‍റെ കോവിഡ് പ്രതിരോധ മാതൃകയ്ക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ട് പൊട്ടിപ്പുറപ്പെട്ട വിവാദമായിരുന്നു കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സപിഴവിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം. ചികിത്സ അനാസ്ഥ സംബന്ധിച്ച് മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്. വാർഡിലേക്ക് മാറ്റാവുന്ന രീതിയിൽ സുഖപ്പെട്ട രോഗിയായിരുന്ന ഹാരിസ് അശ്രദ്ധമൂലമാണ് മരിച്ചത്. ഡോക്ടർമാർ ഇടപെട്ട് വിവരങ്ങൾ പുറത്ത് വിട്ടില്ല. പുറം ലോകം അറിയാത്തതിനാൽ മാത്രമാണ് ജീവനക്കാർ രക്ഷപ്പെട്ടതെന്നായിരുന്നു നഴ്സിംഗ് ഓഫീസര്‍ ജലജ ദേവിയുടെ ഓഡിയോ സന്ദേശത്തിലുണ്ടായിരുന്നത്
സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നത്. എന്നാൽ പൊലീസ് നടപടി ആശുപത്രി അധികൃതരുടെ മുഖം രക്ഷിക്കാനാണെന്നാണ് ഹാരിസിന്റെ കുടു൦ബം ആരോപിക്കുന്നത്. ഡിജിറ്റൽ തെളിവ് പൊലീസ് ശേഖരിച്ചിട്ടില്ല. സൂ൦ മീറ്റിംഗ് വിശദാ൦ശങ്ങളോ, ഓഡിയോ സന്ദേശം സംബന്ധിച്ച വിവരങ്ങളോ പൊലീസ് ശേഖരിച്ചില്ല. ഇത് കേസ് ഒതുക്കി തീ൪ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും തുട൪ നടപടികൾ സ്വീകരിക്കുമെന്നുമാണ് കുടുംബത്തിന്‍റെ പ്രതികരണം.
കോവിഡ് ആശുപത്രികളില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ നിഷേധിച്ചതിനാല്‍ മരണപ്പെടുന്നതും, വൈദ്യ സഹായം കിട്ടാന്‍ വൈകിയതിനാല്‍ ഗര്‍ഭിണിക്ക് കുഞ്ഞു നഷ്ടപ്പെടുന്നതും, കോവിഡ് രോഗികളുടെ പേരുകള്‍ പരസ്പരം മാറുന്നതും, ബന്ധുക്കളുടെ അറിവില്ലാതെ രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നതും തുടങ്ങി നിരവധി പരാതികള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് സംസ്ഥാനത്തിന്‍റെ ഖ്യാതിക്ക് കറയായി.
കോവിഡ് രോഗിയായ യുവതി ആംബുലന്‍സ് ഡ്രൈവറാല്‍ പീഡിപ്പിക്കപ്പെട്ടതായിരുന്നു കേരള ജനതയെ ഒന്നടങ്കം അമ്പരിപ്പിച്ച മറ്റൊരു സംഭവം. യുവതിയെ പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ‘108’ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ വധശ്രമക്കേസില്‍ പ്രതിയായിരുന്നു എന്നത് വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. ഇത്തരമൊരു വ്യക്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായ പങ്ക് വഹിക്കുന്ന ‘108’ ആംബുലന്‍സിന്‍റെ ഡ്രൈവറായത് എങ്ങനെയെന്നായിരുന്നു സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപയോഗിച്ച ആരോപണം. കോവിഡിനെ തുരത്താന്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ സംഭവം സര്‍ക്കാരിന് വന്‍ ക്ഷീണവുമായിരുന്നു.
ഇത് അസാധാരണ സംഭവമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തനിക്കെതിരെ മെഡിക്കൽ രേഖകൾ ഇല്ലെന്ന പ്രതിയുടെ വാദം കേട്ട സെഷൻസ് കോടതി, പ്രതി ദയ അർഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. ഇതിനു പിന്നാലെ പീഡന വാര്‍ത്തകള്‍ പലതും വന്നിരുന്നു. തിരുവനന്തപുരം പാങ്ങോട് കോവിഡ് രോഗിയെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന കേസില്‍ ഇരയുടെ സത്യവാങ്മൂലത്തോടെ നിര്‍ണായക വഴിത്തിരിവാണുണ്ടായത്. പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്ന് ഇര വ്യക്തമാക്കിയപ്പോള്‍ ആരോപണ വിധേയനായ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ഹൈക്കോടതി ജാമ്യവും അനുവദിച്ചു. കോഴിക്കോട് ഉള്ള്യേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ആശുപത്രി ജീവനക്കാരനെ സസ്പെൻഡ് ചെയ്ത സംഭവവും ഇതിനിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടറെ കാണാനാണെന്ന് പറഞ്ഞ് ആശുപത്രിയിലെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി
മേല്‍പ്പറഞ്ഞ കേസുകളില്‍ മിക്കതും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടവയാണ്. എന്നാല്‍ അവ കടലാസില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജഡ്ജി അധ്യക്ഷനായിട്ടു പോലും ശിക്ഷിക്കാനുള്ള അധികാരം നൽകാത്തതിനാൽ കമ്മിഷനെ ആർക്കും പേടിയില്ല എന്നു തന്നെ വേണമെങ്കില്‍ പറയാം.
മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഏഴ് ദശാബ്ദങ്ങള്‍ പിന്നിട്ടു കഴിഞ്ഞ ഈ അവസരത്തിലും അവകാശ നിഷേധങ്ങളുടെ വ്യാപ്തി എങ്ങും വർധിച്ചുവരുന്നതായാണ് കാണുന്നത്. വിവിധങ്ങളായ അവകാശങ്ങളെ അടയാളപ്പെടുത്തുന്ന പ്രഖ്യാപനത്തിന്റെ സത്തയെ തന്നെ ചോദ്യംചെയ്യുന്ന അവകാശലംഘനങ്ങളുടെ കഥകള്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടു കൂടി കൂടുതല്‍ പൈശാചികവും അസാധാരണവുമായി മാറുകയാണ്. മനുഷ്യാവകാശങ്ങൾ യാഥാർഥ്യമാകണമെങ്കിൽ ജാതി, മത, വർഗ, ലിംഗ, ഭാഷ, രാഷ്ട്രീയ വിവേചനങ്ങൾ ഇല്ലായ്മ ചെയ്യേണ്ടിയിരിക്കുന്നു. ഇത് ഓരോ രാജ്യത്തിലെയും ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. കോവിഡാനന്തരം കെട്ടിപ്പടുക്കുന്ന സമൂഹമെങ്കിലും കഴിഞ്ഞ കാലം നല്‍കിയ പാഠങ്ങളുടെ വെളിച്ചത്തില്‍ അസമത്വങ്ങളുടെ കെട്ടുപൊട്ടിച്ച് അവകാശങ്ങളുടെ ആഘോഷമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.