ലക്നോ: ലൗ ജിഹാദ് തടയാനെന്ന പേരിൽ നടപ്പിലാക്കിയ നിയമത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ മുസ്ലിം മതക്കാർക്ക് നേരെയുള്ള ആക്രമം തുടരുന്നു. മുസ്ലിം യുവാവ് ഹിന്ദു യുവതിയെ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന അഞ്ജാത ഫോണ്‍ സന്ദേശത്തെ തുടർന്ന് ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം ദമ്പതികളെ പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. യുവാവിന് പോലീസിന്റെ ക്രൂര മർദ്ദനമാണ് നേരിടേണ്ടി വന്നത്.
എന്നാൽ, ഇരുവരും മുസ്ലിംകളാണെന്ന് മനസ്സിലാക്കി പിറ്റേദിവസം വിട്ടയക്കുകയായിരുന്നു. യുവതിയുടെ സഹോദരൻ സ്ഥലത്തെത്തി പൊലീസിന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. പിന്നീട് ബുധനാഴ്ച രണ്ടുപേരും വിവാഹിതരായി.
എന്നാൽ, ചൊവ്വാഴ്ച കശ്യ പൊലീസ് സ്റ്റേഷനിൽവെച്ച് പൊലീസ് തന്നെ ലെതര്‍ ബെല്‍റ്റുകൊണ്ട് മർദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തുവെന്ന് 39കാരനായ വരൻ ഹൈദർ അലി പറഞ്ഞു. അതേസമയം, ലൗ ജിഹാദാണെന്ന് കിംവദന്തി പ്രചരിപ്പിച്ചവരെ കശ്യ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സഞ്ജയ് കുമാർ കുറ്റപ്പെടുത്തി.
ഇരുവരും പ്രായപൂർത്തിയായവരും ഒരേ മതക്കാരാണെന്ന് തിരിച്ചറിഞ്ഞതോടെ ദമ്പതികളെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ. ഹൈദര്‍ അലിയെ മര്‍ദ്ദിച്ചുവെന്ന ആരോപണം എസ്.പി വിനോദ് കുമാര്‍ സിങ് നിഷേധിച്ചു.