ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന് എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ പ്രതിനിധിസംഘം രാഷ്ട്രപതിയെ കണ്ട് നിവേദനം സമര്‍പ്പിച്ചു.
നിയമങ്ങള്‍ കര്‍ഷകവിരുദ്ധമാണ്. പാസാക്കിയ രീതി തന്നെ ജനാധിപത്യവിരുമാണ്. കര്‍ഷകര്‍ക്ക് സര്‍ക്കാരിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Read also: നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ: കേന്ദ്ര നിര്‍ദേശങ്ങള്‍ തള്ളി; നിയമം പിന്‍വലിക്കും വരെ സമരം
കാര്‍ഷിക രംഗം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് നടന്നത്. എന്നാല്‍ നിര്‍ഭയരായ കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കാര്‍ഷിക നിയമങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതാണെന്നും, കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരഹരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു.
ജനാധിപത്യ വിരുദ്ധമായി പാസാക്കിയ കാര്‍ഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.