ലണ്ടന്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരങ്ങളെ പിന്തുണച്ച് ലണ്ടനില്‍ വന്‍ പ്രക്ഷോഭം. ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ട്രാഫല്‍ഗര്‍ ചത്വരത്തിലേക്ക് പ്രകടനം നടത്തി. ‘ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്ക്കുന്നു’ എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു ബ്രിട്ടനിലെ സിഖുകാര്‍ അടക്കമുളളവരുടെ പ്രതിഷേധം.
പ്രക്ഷോഭത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബ്രിട്ടീഷ് സിഖ് വംശജരാണ് കൂടുതലും പ്രതിഷേധത്തില്‍ പങ്കെടുത്തത്.
പ്രത്യേക അനുമതിയില്ലാതെ എങ്ങനെ ഇത്തരത്തിലൊരു ഒത്തുചേരല്‍ ഉണ്ടായിയെന്ന് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന് വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കർഷകരെ പിന്തുണയ്ക്കുന്നു എന്ന വ്യാജേന ഇന്ത്യാവിരുദ്ധ അജണ്ടയാണ് അവർ നടപ്പിലാക്കുന്നത്.”- ഇന്ത്യൻ ഹൈക്കമ്മീഷൻ വക്താവ് പറഞ്ഞു.