ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ടി-20 ഇന്ന്. ആദ്യ ടി-20 മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഈ മത്സരം വിജയിച്ച് പരമ്പര സമനില പിടിക്കാനാവും ഓസ്ട്രേലിയയുടെ ശ്രമം. അതേസമയം, ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയാവട്ടെ ഈ മത്സരം വിജയിച്ച് ടി-20 പരമ്പര സ്വന്തമാക്കാനായാവും ഇറങ്ങുക.
പരുക്കാണ് ആതിഥേയരെ അലട്ടുന്ന പ്രശ്നം. ഡേവിഡ് വാർണർ, ആഷ്ടൺ അഗാർ, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവർക്ക് നേരത്തെ പരുക്കേറ്റിരുന്നു. ഫിഞ്ചിനും പരുക്കാണ്. ഇന്ന് കളിക്കുമോ ഇല്ലയോ എന്നതിൽ വ്യക്തതയില്ല. മിച്ചൽ സ്റ്റാർക്ക് ആവട്ടെ കുടുംബപരമായ പ്രശ്നങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങി.
പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്വേന്ദ്ര ചഹാൽ ഇറങ്ങും. കഴിഞ്ഞ മത്സരത്തിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി കളിയിലെ താരമായ ചഹാലിനൊപ്പം ബുംറയെ കളിയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ആദ്യ ടി-20യിൽ വിശ്രമം അനുവദിച്ച താരം മുഹമ്മദ് ഷമിക്ക് പകരം എത്തിയേക്കും. ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസൺ ടീമിൽ തുടരും.