ഹൈദരാബാദ്: നിര്‍ണായകമായ ഹൈദരാബാദ് കോര്പ്പറേഷന് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. തപാല്‍ വോട്ടുകളെണ്ണിയപ്പോള്‍ 14 ഡിവിഷനുകളില്‍ 10 ഇടത്ത് ബിജെപിയും 4 ഇടത്ത് ടിആര്‍എസും മുന്നിട്ടു നില്ക്കുന്നു. നഗരത്തിലാകെ 30 കേന്ദ്രങ്ങളിലായാണ് രാവിലെ മുതല്‍ വോട്ടെണ്ണല്‍ നടക്കുന്നത്.
സിആര്‍പിഎഫിനെയും പൊലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതിനാല്‍ ഫല പ്രഖ്യാപനങ്ങളും ലീഡ് നിലയും അറിയുന്നത് വൈകുമെന്നാണ് വിവരം.
നിയമ സഭാ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായ രീതിയില്‍ ചരിത്രത്തിലില്ലാത്ത രീതിയിലുള്ള പ്രചരണമാണ് ഹൈദരബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പിലുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ അടക്കുമുള്ള നേതാക്കള്‍ ഹൈദരാബാദിലെത്തിയിരുന്നു.