മടവൂര്‍: സൈനികന്റെ വീട്ടിലേക്ക് മാരാകായുധങ്ങളുമായി അതിക്രമിച്ചു കയറി കൊലപ്പെടുത്താന്‍ ശ്രമം. അക്രമത്തില്‍ പരിക്കേറ്റ സൈനികന് മടവൂര്‍ പഴുവടി ജി എസ് ഭവനില്‍ ജി എസ് സ്വാതി(32), അമ്മ ആര് ശ്യാമളയമ്മ(62), ഭാര്യ സരിക സതീഷ്(29) എന്നിവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മടവൂര്‍ പഴുവടി ബാബുസദനത്തില്‍ ടി ബാബു(64)വാണ് പോലീസിന്റെ പിടിയിലായത്. ബാബുവിനെ കോടതി റിമാന്‍ഡ് ചെയ്തു.
അക്രമത്തിന് നേതൃത്വം നല്കിയ ബാബുവിന്റെയും സ്വാതിയുടെയും വീടുകളുടെ സമീപത്തെ തകരപ്പറമ്പ് മടവൂര്‍ റോഡിന്റെ ടാറിങ് നടന്നു വരികയാണ്. വീട്ടിലേക്ക് വാഹനം കയറാന്‍ പറ്റുന്നവിധം ടാറിടണമെന്ന് സ്വാതി കരാറുകാരനോട് ആവശ്യപ്പെട്ടു. സമീപത്തുണ്ടായിരുന്ന ബാബു ഇതിനെതിരേ പ്രതികരിക്കുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിന്റെപ്രതികരമായാണ് സ്വാതിയെയും കുടുംബത്തെയും ആക്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ കാറില്‍ എത്തിയ സംഘം മാരാകായുധങ്ങളുമായി പുറകു വശത്തു കൂടി വീട്ടിനുള്ളില്‍ കയറി മൂന്നു പേരെയും മര്‍ദിക്കുകയായിരുന്നു. അക്രമത്തിനിടയിൽ ഭയന്ന് പുറത്തേക്ക് ഓടുന്നതിനിടെ മൂവരേയും കാറിടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു.
മുഖത്ത് എല്ലുകള്‍ക്ക് ഒടിവും വായില്‍ മുറിവും ഉണ്ടായ ശ്യാമളയമ്മ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്വാതിയുടെ കാലിന് പൊട്ടലും ശരീരത്തില്‍ അടിയേറ്റ പരിക്കുകളും ഉണ്ട്. സരിക സതീഷിന്റെ തലയ്ക്കാണ് പരിക്ക്.
അക്രമി സംഘത്തിലെ മൂന്നു പേരെ കൂടി പിടികൂടാനുണ്ട്. അക്രമികള്‍ സഞ്ചരിച്ച കാറും കണ്ടെത്തിയിട്ടില്ല. അതേ സമയം അക്രമി സംഘത്തിന്റെ മൊബൈല്‍ ഫോണ്‍ സംഭവ സ്ഥലത്ത് നിന്നു കണ്ടെത്തിയത് നാട്ടുകാര്‍ പള്ളിക്കല്‍ പൊലീസില്‍ ഏല്പിച്ചു.