സമാധാനം വിദൂരമായ പശ്ചിമേഷ്യ

ഇറാന്‍ ആണവ പദ്ധതിയുടെ പരമോന്നത നേതാവ് മുഹ്സീൻ ഫക്രിസാദെ വധിക്കപ്പെട്ടതോടെ മധ്യപൂര്‍വ്വേഷ്യ കൂടുതല്‍ പ്രശ്നാധിഷ്ഠിതമായി മാറുന്നു. ഫക്രിസാദെയുടെ കൊലപാതകത്തിൽ ഇസ്രയേലിനുള്ള പങ്കിന്റെ ഗുരുതര സൂചനകള്‍ ചൂണ്ടിക്കാട്ടി ഇറാന്‍ പകപൂണ്ട് നില്‍ക്കുമ്പോള്‍ മേഖലയിലെ സ്വതമേ സചേതമായ യുദ്ധ സാഹചര്യം കൂടുതല്‍ തെളിയുകയാണ്. ഫക്രിസാദെ‌ കൊല്ലപ്പെട്ടതിന് കൃത്യമായ പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ ഇറാന്‍ പ്രസിഡന്‍റ് ഹസ്സൻ റൂഹാനി പശ്ചിമേഷ്യയില്‍ സാമധാനം ഇനിയും വിദൂരമാണെന്ന സൂചനയാണ് നല്‍കുന്നത്.

ആണവ പിതാവിന്‍റെ കൊലപാതകത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയും വ്യക്തമാക്കിയതാണ്. ഫക്രിസാദെയെ വധിച്ചത് ഇസ്രയേലാണെന്നും സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ചുണ്ടിക്കാട്ടി ഇറാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു കത്തു നല്‍കുകയും ചെയ്തു. ഇരട്ടത്താപ്പ് അവസാനിപ്പിച്ച് കൊലപാതകത്തെ അപലപിക്കാന്‍ രാജ്യാന്തര സമൂഹം തയാറാകണമെന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് പറഞ്ഞത്. തുടർച്ചയായ ആക്രമണങ്ങളും പ്രധാനപ്പെട്ട വ്യക്തികളുടെ കൊലപാതകങ്ങളും ഇറാനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യം ഒരു തിരിച്ചടിയുടെ സാധ്യത സജീവമാക്കുന്നു.

ഇറാനെതിരായ സൈനിക നടപടിയുടെ പ്രത്യാഘാതം വിപുലമായിരിക്കുമെന്നും അത് ഒഴിവാക്കുന്നതാണു നല്ലതെന്നും വിദഗ്ദര്‍ ഉപദേശിച്ചിട്ടും രഹസ്യ നീക്കങ്ങളിലൂടെ ഇറാനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ ഭരണകൂടവും പിന്‍മാറാന്‍ സന്നദ്ധരായിരുന്നില്ല. ഇതിന് തെളിവായി ഇറാന്‍റെ പ്രതിരോധ മേഖലയില്‍ നിര്‍ണ്ണായക സാന്നിദ്ധ്യമായ രണ്ട് വ്യക്തികള്‍ കൊലചെയ്യപ്പെട്ടു. വൈറ്റ് ഹൗസിലെ അവസാന നാളുകളില്‍ പ്രസിഡന്റ് ട്രംപ് ഇസ്രയേലുമായി ചേര്‍ന്ന് ഇറാനെതിരെ അതിരൂക്ഷമായ നടപടികള്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അല്‍ ഖായിദയുടെ രണ്ടാമത്തെ തലവനായിരുന്ന മുഹമ്മദ് അല്‍ മസ്രി ഇറാനില്‍ വധിക്കപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നത്. അതിവിദഗ്ദരായ കമാന്‍ഡോകളാല്‍ ചുറ്റപ്പെട്ട് അതിശക്തമായ സുരക്ഷാവലയത്തില്‍ ചലിച്ചിരുന്ന ഫക്രിസാദെയുടെ കൊലപാതകമാണ് രണ്ടാമത്തേത്.

ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹുവും

2010നും 2012നും ഇടയില്‍ ഇറാന്‍റെ നാല് ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇറാൻ ആണവ ശാസ്ത്രജ്ഞൻ മജീദ് ഷഹ്രിയാരിയുടെ കൊലപാതകത്തിന്റെ പത്താം വാർഷികത്തിനു തൊട്ടുമുൻപാണ് ആണവ-മിസൈല്‍ ബുദ്ധി കേന്ദ്രമായ ഫക്രിസാദെയെ ഇറാന് നഷ്ടമായത്. ഇറാന്‍റെ ഭീഷണി കണക്കിലെടുത്തു മധ്യപൂര്‍വേഷ്യയിലേക്കു കൂടുതല്‍ അമേരിക്കന്‍ ബോംബറുകള്‍ ട്രംപ് വിന്യസിച്ചു കഴിഞ്ഞു. അമേരിക്ക ഏതെങ്കിലും തരത്തില്‍ ഇറാനെതിരെ ആക്രമണം നടത്തിയാല്‍ വലിയ തോതില്‍ തിരിച്ചടി നേരിടേണ്ടി വരിക ഇസ്രയേലിനായിരിക്കും. ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍നിന്നുള്ള ആക്രമണങ്ങളും ഇസ്രയേല്‍ നേരിടേണ്ടിവരും. ഗള്‍ഫ് രാജ്യങ്ങളുമായി ട്രംപിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയിരിക്കുന്ന സൗഹൃദം ഇറാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സഹായകമാകുമെന്ന പ്രതീക്ഷ ഇസ്രായേലിനുണ്ട്.

എന്നാല്‍, ജോ ബൈഡന്‍ അധികാരത്തിലെത്തിയാല്‍ ഇറാനോടു മൃദുസമീപനം സ്വീകരിക്കാന്‍ സാധ്യതയുള്ളതായാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. ഒരുപിടി നയതന്ത്രതല ചർച്ചകൾക്കുശേഷം 2015 ൽ ആണവപദ്ധതിയിൽ ഒരു ധാരണയ്ക്ക് തയ്യാറായതോടെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇറാനുമായി ഒപ്പുവച്ച സമാധാന കരാറില്‍ നിന്ന് ട്രംപ് പിന്മാറിയെങ്കിലും കരാറിലേക്കു മടങ്ങിയെത്താന്‍ തന്റെ പക്കല്‍ പദ്ധതികളുണ്ടെന്നാണ് ബൈഡന്‍റെ വാദം. ഇത് ഇസ്രയേല്‍ ശക്തമായി എതിര്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഇസ്രയേലുമായി ചേര്‍ന്നുള്ള ട്രംപിന്‍റെ നടപടികള്‍ കൊട്ടിഘോഷിച്ച സമാധാന ചര്‍ച്ചകളുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നതും ആശങ്കയാണ്.

മുഹ്സീൻ ഫക്രിസാദെ എന്ന വന്‍മരം

മുഹ്സീൻ ഫക്രിസാദെ

വര്‍ഷങ്ങളായി ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായ മുഹ്സീന്‍ ഫക്രിസാദെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയോടൊപ്പം നിരന്തരം വേദി പങ്കിട്ടിരുന്ന വ്യക്തിയാണ്. ഇസ്‌ലാമിക് റെവലൂഷണറി ഗാര്‍ഡിലെ ഉദ്യോഗസ്ഥനും ടെഹ്‌റാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാലയിലെ പ്രഫസറുമായിരുന്ന ഫക്രിസാദെ പ്രതീക്ഷ എന്ന് അര്‍ഥം വരുന്ന ‘അമാദ്’ എന്ന ഇറാനിയന്‍ ആണവപദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്ന, ഇറാന്‍റെ തറുപ്പു ചീട്ടായിരുന്നു. സമാധാനപരമായ ആവശ്യങ്ങള്‍ക്കു മാത്രമാണ് ആണവപദ്ധതികളെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും അണുബോംബ് നിര്‍മാണ പദ്ധതികളാണ് അണിയറയില്‍ നടക്കുന്നതെന്ന പാശ്ചാത്യ ശക്തികളുടെ ആരോപണം സജീവമായിരുന്നു.

ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിൻറെ റിസര്‍ച്ച്‌ ആന്‍റ് ഇന്നൊവേഷന്‍ ഓര്‍ഗനൈസേഷന്‍ വിഭാഗത്തിൻറെ തലവനായിരുന്ന ഫക്രിസാദെയെ 2006 മുതലാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും മൊസാദും പിന്തുടര്‍ന്നു തുടങ്ങിയത്. 2011ലാണ് ആണവപദ്ധതികളില്‍ അദ്ദേഹത്തിനുള്ള നിര്‍ണായക പങ്ക് ചാരസംഘടനകള്‍ തിരിച്ചറിഞ്ഞത്. ഫക്രിസാദെയുടെ മരണം ഇറാന്റെ ആണവപദ്ധതികള്‍ക്കു വന്‍ തിരിച്ചടിയാകുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. അത്രയേറെ വിപുലമായ വിവരശേഖരമാണ് അദ്ദേഹത്തിന് ആണവപദ്ധതികളെക്കുറിച്ച് ഉണ്ടായിരുന്നത്. ഇറാന്‍ ഭരണകൂടത്തിന് അതിവിനാശകരമായ ആണവബോംബ് ഉറപ്പാക്കുന്നതിനു പ്രതിജ്ഞാബദ്ധമായിരുന്നു അദ്ദേഹം. ബാലിസ്റ്റിക് മിസൈല്‍ വിദഗ്ദന്‍ കൂടിയായ അദ്ദേഹം ഇറാന്റെ മിസൈല്‍ പദ്ധതികളിലും നിര്‍ണ്ണായക സ്ഥാനം വഹിച്ചു.


2015ല്‍ രാജ്യന്തര കരാറിന്റെ ഭാഗമായി ഇറാന്‍ എല്ലാ ആണവപദ്ധതികളും നിര്‍ത്തിവച്ചെങ്കിലും ഫക്രിസാദെ രഹസ്യമായി ചില നീക്കങ്ങള്‍ ത്വരിതപ്പെടുത്തിയെന്ന ആരോപണവുമായി ഇസ്രയേല്‍ രംഗത്തു വന്നിരുന്നു. രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ഫക്രിസാദെയുമായി ചര്‍ച്ച നടത്തണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇറാന്‍ അത് നിരസിക്കുകയും ചെയ്തു. അദ്ദേഹം ഒരു വിദ്യാഭ്യാസവിദഗ്ധന്‍ മാത്രമാണെന്നായിരുന്നു ഇറാന്‍ ഇതിനായി മുന്നോട്ടുവച്ച ന്യായീകരണം. എന്നാല്‍ പ്രൊഫസര്‍ പദവി ഒരു മറ മാത്രമാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു 2007ല്‍ പുറത്തുവന്ന യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. 2008ല്‍ ഫക്രിസാദെയ്‌ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

2018ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫക്രിസാദെയുടെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചിരുന്നു. ടെഹ്‌റാനില്‍നിന്ന് ആണവപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രയേല്‍ കണ്ടെടുത്തുവെന്ന് വെളിപ്പെടുത്തിയ നെതന്യാഹു ‘മുഹ്‌സീന്‍’ എന്ന പേര് ഓര്‍ത്തുവയ്ക്കണമെന്നാണ് പറഞ്ഞത്. രാജ്യാന്തര നേതാക്കളോ മറ്റുള്ളവരോ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഫക്രിസാദെയുടെ വധത്തിന് പിന്നിൽ ഇസ്രയേൽ കൈകളാണെന്ന് യുഎസ് മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. 62 പേരുടെ ഉയർന്ന പരിശീലനം നേടിയ ഒരു ഹിറ്റ് സ്ക്വാഡാണ് കൊലപാതകം നടത്തിയതെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. കൃത്യമായ പ്ലാനിങ്, മാപ്പിങ് എന്നിവയിലൂടെ വെടിവെക്കാൻ പ്രത്യേക പരിശീലനം ലഭിച്ച സ്നൈപ്പേർസിനെ വരെ ഉപയോഗിച്ചായിരുന്നു കൊലപാതകം. ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ബോംബുകളും പ്രയോഗിച്ചു.


ഫക്രിസാദെയുടെ സുരക്ഷാ സംഘത്തിന്റെ ചലനം സൂക്ഷ്മമായി നിരീക്ഷിച്ചായിരുന്നു അക്രമികളുടെ നീക്കം. അബ്സാർഡിലെ തന്റെ സ്വകാര്യ വില്ലയിലേക്ക് പോകുന്ന സമയത്താണ് ഫക്രിസാദെ കൊല്ലപ്പെടുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പെട്ടെന്ന് പ്രചരിക്കാതിരിക്കാനും അതിവേഗ വൈദ്യ സഹായം ലഭിക്കാതിരിക്കാനും കില്ലർ ടീം ഈ പ്രദേശത്തെ വൈദ്യുതി പൂർണമായും വിഛേദിച്ചിരുന്നു. മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകൾക്ക് നടുവിലാണ് ഫക്രിസാദെ സഞ്ചരിച്ചിരുന്നത്. ആദ്യ കാർ റൗണ്ട്എബൗട്ടിൽ പ്രവേശിച്ചതിനു ശേഷമാണ് കൊലയാളികൾ ആക്രമണം നടത്തിയത്. ഫക്രിസാദെയുടെ പുറകിലത്തെ കാർ തടയാനായി നേരത്തെ സജ്ജമാക്കിവെച്ചിരുന്ന നിസ്സാൻ പിക്കപ്പ് വാൻ പൊട്ടിത്തെറിച്ചു. കാർ ബോംബ് പൊട്ടിത്തെറിച്ച ശേഷം 12 കൊലയാളികൾ ഫക്രിസാദെയുടെ കാറിനും ഒന്നാമതായി കടന്നുപോയ സംരക്ഷണ വാഹനത്തിനും നേരെ വെടിയുതിർത്തു. ഇതിനു തൊട്ടുപിന്നാലെ കൊലപാതക സംഘത്തിന്റെ നേതാവ് ഫക്രിസാദെയെ കാറിൽ നിന്ന് പുറത്തെടുത്ത് റോഡിലിട്ട് വെടിവച്ച് മരണപ്പെട്ടുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

വാഹനത്തിൽ ബോംബ് വെക്കാനും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും സഹായിച്ചത് ഒരു സ്ത്രീയാണെന്നും ഇത് മൊസാദിന്റെ ചാര സുന്ദരിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിമോട്ട് നിയന്ത്രിത മെഷീന്‍ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫക്രിസാദെയുടെ കൊലപാതകത്തിലെ അമേരിക്കന്‍ ഇടപെടല്‍ സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിനെപ്പറ്റി വിശദമായി അറിവുള്ള മാധ്യമ പ്രവർത്തകൻ യോസി മെൽമാന്‍റെ പോസ്റ്റ് ട്രംപ് റീട്വീറ്റ് ചെയ്തിരുന്നു. ഫക്രിസാദെയുടെ കൊലപാതകം ഇറാനു വലിയ തിരിച്ചടിയാണെന്നായിരുന്നു മെൽമാന്‍റെ ട്വീറ്റ്.

മൊസാദ്; ബുദ്ധിമാന്മാരായ ചാരന്മാര്‍

ഇസ്രയേല്‍ എന്ന ചെറിയരാജ്യത്തിന്റെ സുരക്ഷ മൊത്തമായി വഹിക്കുന്ന അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടനയാണ് മൊസാദ്. 1949 ഡിസംബര്‍ 13ന് രൂപീകരിച്ചതു മുതല്‍ ഇന്നുവരെ ബുദ്ധിയിലും ശക്തിയിലും മൊസാദിനെ കടത്തിവെട്ടുന്ന ഒരു ചാരസംഘടന ഉണ്ടായിട്ടില്ല. റഷ്യയുടെ ചാരസംഘടനയായ കെജിബി, അമേരിക്കയുടെ സിഐഎ എന്നിവയുടെയെല്ലാം സ്ഥാനം മൊസാദിനു പിന്നില്‍ മാത്രമായിരുന്നു. അത്യാധുനീക രഹസ്യായുധങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലുമാണ് മൊസാദ് ഒന്നാമനായി വാഴുന്നത്.


കഴിഞ്ഞ ഏഴു ദശാബ്ദക്കാലമായി അതി സങ്കീര്‍ണമായ പല ഓപ്പറേഷനുകളും ഏറ്റെടുത്ത മൊസാദ് നേടിയ വിജയങ്ങള്‍ ഏവരേയും അമ്പരപ്പിക്കുന്നതാണ്. സ്ഥാപക ഡയറക്ടറായ റൂവന്‍ ഷില്ലോവ മുതല്‍ നിലവിലെ ഡയറക്ടര്‍ യോസി കോഹന്‍വരെയുള്ളവര്‍ മൊസാദിന്റെ രഹസ്യപാരമ്പര്യം കാത്തുസൂക്ഷിച്ചു. മൊസാദിലേക്ക് ആളുകളെ റിക്രൂട്ടു ചെയ്യുന്നതുപോലും അതീവ രഹസ്യമായാണ്. കൂട്ടത്തില്‍ ഒരാള്‍ ഒറ്റിയാല്‍ അയാളുടെ ആയുസ് എണ്ണപ്പെട്ടെന്നാണ് മൊസാദിന്റെ നിയമം.

ഭൂമിയില്‍ അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മൊസാദ് തങ്ങളുടെ കരുത്തു തെളിയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 1976ല്‍ ഉഗാണ്ടയില്‍ നടത്തിയ ഓപ്പറേഷന്‍ എന്റബേ. ഇപ്പോഴത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സഹോദരന്‍ ലെഫ്. കേണല്‍ യോനാഥന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലായിരുന്നു ആ ഓപ്പറേഷന്‍. 1976 ജൂണ്‍ 27ന് ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ഫ്രാന്‍സ് വിമാനം പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍ എന്ന സംഘടനയില്‍പ്പെട്ട ഭീകരരും ജര്‍മനിയില്‍ നിന്നുള്ള ഭീകരരും ചേര്‍ന്ന് റാഞ്ചിയതോടെയാണ് സംഭവത്തിന്‍റെ തുടക്കം.

യോനാഥന്‍ നെതന്യാഹു

വിമാനത്തില്‍ 248 യാത്രക്കാരുണ്ടായിരുന്നു. പാരീസിലെത്തേണ്ട വിമാനം ഭീകരരുടെ സമ്മര്‍ദഫലമായി ഏതന്‍സ് വഴി തിരിച്ചുവിട്ട് ലബിയയിലെ ബെംഗാസി വിമാനത്താവളത്തില്‍ ഇറക്കി. അവിടെ നിന്നും നേരെ ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തിലേക്ക്. അന്ന് ഉഗാണ്ട ഭരിച്ചിരുന്നത് ഏകാധിപത്യത്തിനും ക്രൂരതയ്ക്കും പേരുകേട്ട ഇദി അമീനായിരുന്നു. പ്രതീക്ഷിച്ചതുപോലെ ഇദി അമീന്‍ വിമാനം റാഞ്ചിയവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ജൂതന്മാരും ഇസ്രായേലുകാരുമൊഴികെയുള്ള യാത്രക്കാരെയെല്ലാം ഭീകരര്‍ രണ്ടു ദിവസത്തിനുള്ളില്‍ മോചിപ്പിച്ചു. അവശേഷിച്ചത് 94യാത്രക്കാരും 12 വിമാനജീവനക്കാരും ഉള്‍പ്പെടെ 106 പേര്‍.

ഇദി അമീനുമായി ചര്‍ച്ച നടത്താന്‍ ഇസ്രയേല്‍ ശ്രമിച്ചെങ്കിലും തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്ന നടപടികളില്‍ നിന്നും അമീന്‍ പിന്മാറിയില്ല. ഒടുവില്‍ മൊസാദ് കളത്തിലിറങ്ങി. മൊസാദിന്റെ പദ്ധതിപ്രകാരം ഇസ്രയേലി സൈന്യം നാലു ഹെര്‍ക്കുലീസ് ഹെലിക്കോപ്റ്ററില്‍ കമാന്‍ഡര്‍ യോനാഥന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ എന്റബെ വിമാനത്താവളത്തില്‍ പറന്നിറങ്ങി. തീവ്രവാദികളെയും ഉഗാണ്ടന്‍സേനയെയും ഇസ്രയേലി സേന ക്ഷണനേരത്തിനുള്ളില്‍ ചുട്ടെരിച്ചു. ഏറ്റുമുട്ടലില്‍ മൂന്നു യാത്രികര്‍ മരണമടഞ്ഞു. ബാക്കിയുള്ളവരെ മോചിപ്പിക്കുകയും ചെയ്തു. സൈന്യത്തെ മുമ്പില്‍ നിന്നു നയിക്കുകയും യാത്രക്കാരെ മോചിപ്പിക്കുകയും ചെയ്‌തെങ്കിലും യോനി എന്നു സുഹൃത്തുക്കള്‍ വിളിക്കുന്ന യോനാഥന്‍ നെതന്യാഹുവിന് അവരോടൊപ്പം സന്തോഷം പങ്കുവയ്ക്കാനുള്ള ഭാഗ്യമുണ്ടായില്ല. നെഞ്ചില്‍ വെടിയേറ്റ് 30ാം വയസ്സിലാണ് അദ്ദേഹം മരണപ്പെട്ടത്.

ബന്ദികളുമായി ഹെർക്കുലീസ് വിമാനങ്ങൾ ഇസ്രായേലിൽ തിരിച്ചെത്തിയപ്പോള്‍

ഇന്ത്യയുമായി ഇസ്രയേല്‍ നല്ല ബന്ധം സൂക്ഷിക്കുന്നതുപോലെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുമായി മൊസാദിന് ദൃഢ ബന്ധമാണുള്ളത്. പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൈനികബന്ധത്തിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധിവരെ മൊസാദിന്റെ സഹായം തേടിയിട്ടുണ്ടെന്നാണ് ചരിത്ര രേഖകള്‍ നല്‍കുന്ന സൂചന. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം മൊസാദിന്റെ ഏജന്റുമാര്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ആരാലും തിരിച്ചറിയാന്‍ കഴിയാത്തവണ്ണമുള്ള പ്രവര്‍ത്തന രീതികള്‍ ഇവരെ സുരക്ഷിതരാക്കുന്നു. ആണവ ശാസ്ത്രജ്ഞന്‍മാരെ വകവരുത്തി ഇറാന്റെ ആണവപദ്ധതികള്‍ തടസ്സപ്പെടത്തുന്നതിന് പുറകില്‍ ഇസ്രയേലിന്‍റെ മൊസാദാണെന്ന ആരോപണങ്ങള്‍ ശക്തമാണ്. കൂടാതെ അല്‍ ഖായിദയുടെ നമ്പര്‍ 2 ആയിരുന്ന മുഹമ്മദ് അല്‍ മസ്രിയുടെ കൊലപാതകമടക്കം മൊസാദിന്‍റെ പദ്ധതിപ്രകാരമാണെന്നാണ് പറയപ്പെടുന്നത്.

ഇറാനെ പ്രതിരോധത്തിലാക്കുന്ന കൊലപാതക പരമ്പരകള്‍

മസൂദ് അലിമൊഹമ്മദി, മജീദ് ഷഹ്രിയാരി, ഡാരിയൂഷ് റെസൈനെജാദ്, മുസ്തഫ അഹ്മദി റോഷൻ തുടങ്ങി നാല് ഇറാനിയൻ ആണവ ശാസ്ത്രജ്ഞരാണ് 2010 മുതല്‍ 2012 വരെയുള്ള രണ്ട് വര്‍ഷക്കാലയളവില്‍ കൊല്ലപ്പെട്ടത്. 2011-2013 കാലയളവില്‍ ഇറാന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ തലവനായിരുന്ന ആണവ ശാസ്ത്രജ്ഞന്‍ ഫെറിഡൂൺ അബ്ബാസി 2010ല്‍ നടന്ന കൊലപാതക ശ്രമത്തില്‍ നിന്ന് മാരക പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കാറുകളിൽ മാഗ്നറ്റിക് ബോംബുകൾ ഘടിപ്പിച്ചാണ് ഇതില്‍ രണ്ട് കൊലപാതകങ്ങൾ നടത്തിയത്. ഡാരിയൂഷ് റെസൈനെജാദിനെ വെടിവച്ച് കൊന്നപ്പോള്‍ മോട്ടോർ സൈക്കിൾ ബോംബ് സ്ഫോടനത്തിലാണ് മസൂദ് അലിമൊഹമ്മദി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ശാസ്ത്രജ്ഞർ ആയുധ പരിപാടികളിൽ യാതൊരു പങ്കുമില്ലാത്ത സാധാരണക്കാരാണെന്നു നിരവധി പ്രസിദ്ധീകരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദങ്ങളുമുണ്ടായി.

കൊല്ലപ്പെട്ട ഇറാനിയൻ ശാസ്ത്രജ്ഞരുടെ സ്മാരകം

ഈ കൊലപാതകങ്ങളിൽ ഇസ്രയേലിന് പങ്കുണ്ടെന്നാണ് ഇറാൻ സർക്കാർ ആരോപിച്ചത്. പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗവും യുഎസ് ഉദ്യോഗസ്ഥരും ഇസ്രയേൽ ബന്ധം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. 2011- 2012 ല്‍ മൊസാദിനെ പ്രതിനിധീകരിച്ച് കൊലപാതകത്തില്‍ പങ്കാളികളായെന്ന് ആരോപിച്ച് നിരവധി ഇറാനികളെയും ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തു. അതേസമയം, ഈ കൊലപാതകങ്ങളില്‍ ഇസ്രയേല്‍ തങ്ങളുടെ ഇടപെടല്‍ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇറാന്‍റെ ആണവ പദ്ധതികള്‍ ഏത് വിധേനയും സമ്മതിക്കില്ലെന്നായിരുന്നു അന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയായിരുന്ന മോഷെ യാലോണിന്‍റെ പ്രസ്താവന.

ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്താനുള്ള പദ്ധതിയില്‍ ഇറാന്‍ സംഘടനയായ പീപ്പിൾസ് മുജാഹിദീന് (എം‌ഇ‌കെ) പങ്കുള്ളതായി എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ക്ക് ഇസ്രായേല്‍ ധനസഹായം, പരിശീലനം ആയുധം എന്നിവ ലഭിച്ചതായായിരുന്നു വിവരം. എന്നാല്‍, പിന്നീട് ഒരു മുതിർന്ന സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ ഇത് നിഷേധിച്ചു. സ്വകാര്യ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സ്ട്രാറ്റ്‌ഫോറിന്‍റെ അന്വേഷണത്തില്‍ 2007ല്‍ അഞ്ചാമതൊരു ശാസ്ത്രജ്ഞനെകൂടി മൊസാദ് വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി തെളിഞ്ഞിരുന്നു.

സമാന സംഭവങ്ങളുടെ പരമ്പരയെത്തുടർന്നാണ് യുഎസിന്റെ യുദ്ധക്കെടുതികളെക്കുറിച്ചും ഇസ്രയേലിന്റെ ക്രൂരതകളെക്കുറിച്ചും ഇറാന്‍ നിരന്തരം വിമര്‍ശനങ്ങളുമായി എത്തിയത്. ഇക്കാലയളവില്‍ തന്നെയാണ് സ്റ്റക്സ്നെറ്റ് വൈറസ് ആക്രമണത്തിനും ഇറാൻ വേദിയായത്. രാജ്യത്തെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ഡിജിറ്റൽ ആക്രമണമായിരുന്നു ഇത്. ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായിരുന്നു തകര്‍ക്കപ്പെട്ടത്. യു‌എസ് എൻ‌എസ്‌എ, സി‌ഐ‌എ, ഇസ്രയേലി ഇന്റലിജൻസ് എന്നിവരാണ് ഇതിനു പിന്നിലെന്നായിരുന്നു നിഗമനം. ഓട്ടമാറ്റിക് മെഷീൻ പ്രോസസ്സുകൾ പ്രോഗ്രാം ചെയ്യുന്ന ലോജിക് കൺട്രോളറുകളെ (പി‌എൽ‌സി) വരുതിയിലാക്കിയ വൈറസ്, നിരവധി സെൻട്രിഫ്യൂജുകൾ നശിപ്പിക്കുകയും സ്വയം പൊട്ടിത്തെറിക്കാൻ വഴിയൊരുക്കുകയുമായിരുന്നു. ഹാർഡ്‌വെയർ തകരാറിലാക്കാൻ കഴിവുള്ള ആദ്യത്തെ അറിയപ്പെടുന്ന വൈറസാണിത്.

നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം, സ്ഫോടനത്തിനു പിന്നാലെ എടുത്ത ഉപഗ്രഹ ചിത്രത്തില്‍

സംഘര്‍ഷ സുലഭമായ മധ്യപൗരസ്ത്യ മേഖല

ഇറാഖിലെ ബഗ്ദാദിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐആര്‍ജിസി) കമാൻഡർ ജനറൽ ഖാസിം സുലൈമാനി (62) കൊല്ലപ്പെട്ടത് ഈ വർഷം ജനുവരിയിലാണ്. അന്നു മുതൽ മധ്യപൗരസ്ത്യ മേഖലയിൽ സംഘർഷം രൂക്ഷമാണ്. ആയത്തുല്ല അലി ഖൊമേനി കഴിഞ്ഞാൽ ഏറ്റവും ശക്തനായ സുലൈമാനി, ഇറാന്റെ യുദ്ധക്കണ്ണ് എന്നാണ് പൊതുവെ വിശേഷിക്കപ്പെടുന്നത്.

ഇറാന്റെ സേനാ വിഭാഗമായ റവല്യൂഷനറി ഗാർഡ്‌സിൽ, വിദേശ സൈനിക നടപടികളുടെയും രഹസ്യാന്വേഷണത്തിന്റെയും ചുമതലയുള്ള ഖുദ്‌സ് ഫോഴ്സിന്റെ തലവനായിരുന്നു സുലൈമാനി. ഇറാനിൽ വീരനായക പരിവേഷമുള്ള ഏറ്റവും കരുത്തനായ സേനാ കമാൻഡര്‍. മധ്യപൂർവ ദേശത്ത് ഇറാന്റെ സൈനിക തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു അദ്ദേഹം. ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതി വിഭാഗം, ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല ഷിയാ വിഭാഗങ്ങൾ എന്നിവയുടെ കടിഞ്ഞാൺ സുലൈമാനിയുടെ കയ്യിലായിരുന്നു.

ഖാസിം സുലൈമാനി

സിറിയൻ ആഭ്യന്തര യുദ്ധത്തിൽ പ്രസിഡന്റ് ബഷർ അൽ അസദിനുവേണ്ടി ഷിയാ സായുധ വിഭാഗങ്ങളെ രംഗത്തിറക്കി, ഇറാഖിൽ ഐഎസിനെ അമർച്ച ചെയ്തതിലും സുലൈമാനി നിര്‍ണ്ണായക പങ്കു വഹിച്ചു. അറബ് വസന്തത്തിന്റെ അലകളിൽ 2011ൽ അധികാര ഭ്രഷ്ടനാകുന്നതിന്റെ വക്കിലെത്തിയ സിറിയ പ്രസിഡന്റ് ബഷർ അൽ അസദിനെ രക്ഷിച്ചതും സുലൈമാനിയുടെ നേതൃത്വത്തിൽ യുദ്ധക്കളത്തിൽ ഇറാൻ നടത്തിയ ഇടപെടലായിരുന്നു. ഇത്തരത്തില്‍ മധ്യപൂർവദേശത്ത് ഇറാന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള എല്ലാ പരോക്ഷ സൈനിക ഇടപെടലുകളുടെയും തലപ്പത്ത് സുലൈമാനി ഉണ്ടായിരുന്നു.

സിറിയൻ ആഭ്യന്തരയുദ്ധം മൂർഛിച്ചുനിൽക്കേ, 2015ൽ സുലൈമാനി മോസ്കോയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അസദിനുവേണ്ടി റഷ്യൻ പോർവിമാനങ്ങൾ സിറിയയിൽ പറന്നിറങ്ങിയത്. യുഎസിന്റെയും ഇസ്രയേലിന്റെയും നോട്ടപ്പുള്ളിയായിരുന്നു ഖാസിം സുലൈമാനി. യുഎസുമായുള്ള ഏത് ഒത്തുതീർപ്പും പൂർണമായ കീഴടങ്ങലാകും എന്ന പ്രഖ്യാപനം പോലെ കടുത്ത യുഎസ് വിരുദ്ധ നിലപാട് തന്നെയാണ് ഇറാനിയന്‍ ജനതയ്ക്ക് മുന്നില്‍ സുലൈമാനിയെ ജനപ്രിയനാക്കിയത്. മരണ ശേഷം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കൊപ്പം ഒഴുകിയത് പതിനായിരങ്ങളാണ്. തിക്കിലും തിരക്കിലും പെട്ട് 40 -ലേറെ പേർ മരിച്ചതോടെ സംസ്കാരം മാറ്റിവയ്‌ക്കേണ്ടിവരെ വന്നിരുന്നു. സുലൈമാനി വധത്തിനുപിന്നാലെ യുഎസിനു നേരെ ഭീഷണികളും ആക്രമണങ്ങളും നടത്തി സംഘർഷപാതയിലാണ് ഇറാൻ. അതിനിടയിലാണ് ആണവ പദ്ധതികള്‍ക്ക് കൊള്ളിവെക്കാന്‍ ട്രംപ് ഇസ്രയേലിനെ കൂട്ടുപിടിച്ച് കളത്തിലിറങ്ങിയത്.


1998ൽ ആഫ്രിക്കയിലെ 2 യുഎസ് എംബസികളിൽ ആക്രമണം നടത്തി ഇരുന്നൂറിലേറെ പേരെ കൊന്നതിനു പിന്നിലെ സൂത്രധാരന്‍, അൽഖായിദ കമാൻഡറും അധികാര ശ്രേണിയിൽ രണ്ടാമനുമായ അബ്ദുല്ല അഹമ്മദ് അബ്ദുല്ല അഥവ അബു മുഹമ്മദ് അൽ മസ്രിയുടെ കൊലപാതകമായിരുന്നു സമീപകാലത്ത് മധ്യപൂര്‍വ്വേഷ്യയെ കലുഷിതമാക്കിയ യുഎസ്- ഇസ്രയേല്‍ നീക്കം. കഴിഞ്ഞ ഒക്ടോബര്‍ 7നായിരുന്നു സംഭവം. ടെഹ്‌റാനില്‍ സുരക്ഷിതനായി കഴിഞ്ഞിരുന്ന മസ്രിയെ മൊസാദിന്റെ പ്രത്യേക കമാന്‍ഡോകള്‍ നുഴഞ്ഞുകയറി കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇറാന്‍ സര്‍ക്കാര്‍ ഈ അവകാശവാദം തള്ളിയിരുന്നു.

അമേരിക്കയ്ക്കു വേണ്ടിയാണ് ഇസ്രയേല്‍ ചാരസംഘടന മസ്രി വധം നടപ്പാക്കിയതെന്നാണു പറയപ്പെടുന്നത്. ബിന്‍ ലാദന്റെ വലംകൈ ആയിരുന്ന മസ്രിയെയാണ് അമേരിക്കയ്ക്ക് എതിരായ പല ആക്രമണങ്ങളുടെയും ചുമതല ഏല്‍പ്പിച്ചിരുന്നത്. അന്നു മുതല്‍ സിഐഎയുടെയും മൊസാദിന്റെയും നോട്ടപ്പുള്ളിയായിരുന്നു മസ്രി. 1998-ല്‍ കെനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ യുഎസ് എംബസി ആക്രമിച്ച ദിവസം തന്നെയാണു മസ്രിയെ വധിക്കാനും തെരഞ്ഞെടുത്തത്.

അബു മുഹമ്മദ് അൽ മസ്രി

ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ പ്രത്യേക വിഭാഗമായ ‘കിഡോണ്‍’ ആണ് മസ്രി വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വിവരം. മകള്‍ മറിയത്തെ നേതൃനിരയിലേക്കു കൊണ്ടുവരാനുള്ള നീക്കത്തിലായിരുന്നു മസ്രിയെന്ന വിവരത്തെ തുടര്‍ന്ന് ഇരുവരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മസ്രിയും മകളും ടെഹ്റാൻ നഗരപ്രാന്തത്തിൽ വാഹനമോടിച്ചു പോകുമ്പോള്‍ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം വെടിവച്ചുകൊല്ലുകയായിരുന്നു. മറിയത്തിന്‍റെ ഭര്‍ത്താവും ബിന്‍ ലാദന്റെ മകനുമായ ഹംസാ ബിന്‍ ലാദനെ കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ഏജന്‍സികള്‍ കൊലപ്പെടുത്തിയിരുന്നു.

പ്രതിരോധ വഴിയില്‍ തടസ്സം സൃഷ്ടിക്കുന്ന ഇത്തരം ബാഹ്യ ഇടപെടലുകളില്‍ ഇറാന്‍റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നത് നിര്‍ണായകമാണ്. ആണവ പിതാവ് മുഹ്സീന്‍ ഫക്രിസാദെയുടെ കൊലപാതകം പലതിന്റേയും തുടർച്ചയായാണ് രാജ്യാന്തര സമൂഹം വിലയിരുത്തുന്നത്. തങ്ങളുടെ ആണവ പദ്ധതികളുടെ ‘മാസ്റ്റർ ബ്രൈയ്നിനെ’ സ്വന്തം രാജ്യത്ത് വച്ച് തന്നെ ഇസ്രയേൽ-അമേരിക്ക ചാര സംഘം വെടിവെച്ചുകൊന്നതിൽ പകരം വീട്ടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു കഴി‍ഞ്ഞു. ഫക്രിസാദെയുടെ മരണത്തോടെ ആണവപദ്ധതി അവസാനിപ്പിക്കില്ലെന്നും ഇറാനിലെ സിവിലിയൻ ആണവ പരീക്ഷണങ്ങൾ തുടരുകയാണെന്നും ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി വ്യക്തമാക്കിയതാണ്.

ഹസ്സൻ റൂഹാനി

ഇറാനുമായുള്ള ആണവ കരാറിലേക്ക് മടങ്ങിയെത്താനുള്ള നിയുക്ത യുഎസ് പ്രസിഡൻറ് ജോ ബൈഡന്‍റെ ശ്രമങ്ങളെ ഇല്ലാതാക്കാനാണ് ഈ വധംകൊണ്ട് ഇസ്രയേൽ ഉദ്ദേശിച്ചതെന്ന് വാദിക്കുന്നവരുണ്ട്. ബൈഡൻ അധികാരമേറാനിരിക്കെ ഈ കൊലപാതകം സമയം കൃത്യമായി നിർണയിച്ച് നടന്നതാണെന്ന് ബരാക് ഒബാമയുടെ ഇറാൻ കാര്യ ഉപദേശകനായിരുന്ന റോബർട്ട് മാല്ലേയും കരാർ സംബന്ധിച്ച് പുനർവിചിന്തനം നടത്താനുള്ള ബൈഡൻ ഭരണകൂടത്തിന്‍റെ ശ്രമങ്ങളെ തടയാനുദ്ദേശിച്ചുള്ളതാണ് ആസൂത്രിത കൊലയെന്ന് യൂറോപ്യൻ കൗൺസിലിന്‍റെ വിദേശകാര്യ സഹ ചെയർ കാൾ ബിലിഡ്തും നിരീക്ഷിക്കുന്നു.

ഇറാൻെറ പ്രതികരണം ചൂണ്ടികാട്ടി ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന് പറയുന്നവരുണ്ട്. എന്നാൽ, ഇസ്രയേലിനെതിരെ പെട്ടൊന്നൊരു സൈനിക തിരിച്ചടി നിലവിലെ അവസ്ഥയിൽ ഇറാന് കഴിയില്ലെന്നാണ് പശ്ചിമേഷ്യന്‍ നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ച് സൗദി- യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇസ്രയേൽ നേരിട്ട് ‘സൗഹൃദം’ സ്ഥാപിച്ച സാഹചര്യത്തില്‍. അതുകൊണ്ട് മേഖലയിലെ രാഷ്ട്രീയ മാറ്റങ്ങൾ കൂടി ഉൾകൊണ്ടു മാത്രമെ ഇറാന് ഇസ്രയേലിനെതിരെ എന്തെങ്കിലും ചെയ്യാനാവൂ.