ബൽറാംപുർ: ഉത്തർ പ്രദേശിൽ മാധ്യമപ്രവർത്തകന്റെയും സുഹൃത്തിന്റെയും കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ. ലലിത് മിശ്ര, കേശവാനന്ദ് മിശ്ര അധവാ റിങ്കു, അക്രം അലി എന്നിവരാണ് അറസ്റ്റിലായത്. രണ്ടുദിവസം മുമ്പാണ് 35കാരനായ മാധ്യമപ്രവർത്തകൻ രാകേഷ് സിങ്, സുഹൃത്ത് പിൻറു സാഹുവിനെയും വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.
അറസ്റ്റിലായ മൂന്ന് പ്രതികളും കൊലപാതക കുറ്റം സമ്മതിച്ചതായി ബൽറാംപുർ പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാളായ കേശവാനന്ദിന്റെ മാതാവ് ഗ്രാമത്തലവയാണ്. ഇവരുടെ കൈവശം വരുന്ന ഫണ്ടുമായി ബന്ധപ്പെട്ട് രാകേഷ് സിങ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതേ തുടർന്ന് പ്രതികൾക്ക് രാകേഷ് സിങ്ങിനോട് പക തോന്നി. പ്രതികൾ ചില സംഭാഷണങ്ങൾ നടത്താനെന്ന പേരിൽ രാകേഷ് സിങ്ങിന്റെ വീട്ടിലെത്തുകയും എല്ലാവരും ചേർന്ന് മദ്യം കഴിച്ചശേഷം മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകം അപകടമരണമാണെന്ന് വരുത്തിതീർക്കാൻ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചാണ് വീട് കത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി. പ്രാദേശിക പത്രത്തിലാണ് രാകേഷ് സിങ് ജോലി ചെയ്തിരുന്നത്. 32 കാരനായ സുഹൃത്ത് പിൻറു സാഹുവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
തീപിടത്തിൽ ഇരുവരുടെയും ശരീരത്തിന് 90 ശതമാനം പൊള്ളലേറ്റിരുന്നു. സാഹു സംഭവ സ്ഥലത്തുവെച്ചും രാകേഷ് ആശുപത്രിയിൽവെച്ചുമാണ് മരിക്കുന്നത്.