സമൂഹത്തിന്റെ സമൃദ്ധി പുഷ്ടിയുള്ള കാര്‍ഷികരംഗമാണെന്ന് തന്‍റെ സിദ്ധാന്തങ്ങളിലൂടെ പഠിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ഇന്ത്യ, ആത്യന്തികമായി ഒരു കാര്‍ഷിക സമ്പദ്ഘടനയെന്ന നിലയ്ക്ക് തന്നെ വിശേഷിപ്പിക്കപ്പെടേണ്ട രാജ്യം, എഴുപത് ശതമാനം ജനങ്ങളും നേരിട്ടോ അല്ലാതെയോ ഇടപെടുന്ന കാര്‍ഷിക രംഗം. എന്നാല്‍ ഇന്ന് ലാത്തി ചാര്‍ജിനാലും കണ്ണീര്‍വാതക ഷെല്ലുകളാലും ജലപീരങ്കികളാലുമാണ് ഇന്ത്യന്‍ കര്‍ഷക സമൂഹം ആദരിക്കപ്പെടുന്നത്. ഭരണകൂടത്തിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പാടത്ത് നിന്ന് തെരുവുകളിലേക്ക് സംഘടിച്ച് പ്രതിഷേധത്തിന്‍റെയും അവകാശ സമരങ്ങളുടെയും ചരിത്രം തിരുത്താന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുകയാണ്.
കാര്‍ഷികമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നതിനെതിരായ സമര പരമ്പരയ്ക്കാണ് രാജ്യം സാക്ഷിയാകുന്നത്. പ്രതിഷേധ ശബ്ദങ്ങളെ തടുത്ത് കാക്കിക്കാവലാളുകള്‍ തീര്‍ത്ത കോട്ട വാതിലുകള്‍ക്കപ്പുറം അധികാരികള്‍ മറഞ്ഞിരുന്നാലും പതിനായിരങ്ങളുടെ നിലനില്‍പ്പിനു വേണ്ടിയുള്ള മുറവിളികള്‍ക്കു മുന്നില്‍ മുട്ടുവിറയ്ക്കുമെന്നതിന്‍റെ തെളിവാണ് ഡല്‍ഹി ചലോ മാര്‍ച്ച്. മോദി സര്‍ക്കാരിന്‍റെ കാടന്‍ നിയമം പിന്‍വലിച്ച് അനുകൂല നടപടികള്‍ ഉണ്ടാകുന്നതുവരെ സമരമുഖത്ത് ആരവങ്ങള്‍ കരുത്തോടെ ഉയരുമെന്ന് കര്‍ഷകര്‍ ഉറപ്പിച്ചു പറയുമ്പോള്‍ ഓര്‍ക്കണം അവര്‍ക്കു നേരെയുള്ള ഉപദ്രവം അതിരുകള്‍ ഭേദിച്ചിരിക്കുന്നു എന്ന വസ്തുത.
ഒരു സര്‍ക്കാരിന് രാജ്യത്തെ കര്‍ഷകരെ പല വിധേന ദ്രോഹിക്കാം. അവരുടെ പ്രത്യയശാസ്ത്രത്തില്‍ കര്‍ഷകര്‍ക്ക് യാതൊരു സ്ഥാനവും ഇല്ലാതിരിക്കാം. അവരുടെ നയങ്ങള്‍ കര്‍ഷകരെ പാര്‍ശ്വവത്കരിക്കാം. കര്‍ഷകരുമായി ബന്ധപ്പെട്ട അവരുടെ നിലപാടുകള്‍ സ്വാര്‍ത്ഥ രാഷ്ട്രീയ താത്പര്യങ്ങളാല്‍ പ്രേരിതമായിരിക്കാം. ഇതിനു മുന്‍പ് വന്ന സര്‍ക്കാരുകളെല്ലാം ഇതില്‍ ഏതെങ്കിലും വിധത്തില്‍ കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പറഞ്ഞ മൂന്ന് വിധേനയും കര്‍ഷകരെ ചൂഷണം ചെയ്ത ആദ്യത്തെ സര്‍ക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്- ഇത് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവിന്‍റെ വാക്കുകള്‍.
യുപിഎ ഭരണകാലത്തെ കർഷക ആത്മഹത്യകള്‍ വിമർശനവിധേയമാക്കി ഭരണത്തിലേറിയ നേതാവാണ് നരേന്ദ്ര മോദി. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ തനിക്ക് ഇനി ഉറക്കമില്ലെന്ന് വീമ്പു പറഞ്ഞ നേതാവ്. എന്നാല്‍ തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലെത്തിയപ്പോള്‍ കര്‍ഷകര്‍ ദിനംപ്രതി ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ശവപ്പറമ്പായി മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ മാറി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ടുദശാബ്ദങ്ങളിലായി ഇന്ത്യൻ കാർഷികമേഖലയെ ഗ്രസിച്ചിരിക്കുന്ന ഗൗരവതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാരിനു താൽപ്പര്യമില്ലെന്ന് പകല്‍പോലെ വ്യക്തം. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന, വലതുപക്ഷനയങ്ങളെ പുണരുന്ന സർക്കാരിന്റെ അജണ്ടയിൽ ഏറ്റവും അവസാനത്തേതാണ് കാർഷികമേഖല. കഴിഞ്ഞ ആറുവര്‍ഷക്കാലയളവിനിടയില്‍ ഇന്ത്യന്‍ തെരുവുകളില്‍ അണിചേര്‍ന്ന കര്‍ഷക സമരങ്ങള്‍ തന്നെയാണ് ഈ പ്രസ്താവനയ്ക്ക് തെളിവ്.
കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍
2014 ലെ പൊതു തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഏറെ കൊട്ടിഘോഷിക്കപ്പെടുകയും കര്‍ഷകര്‍ക്കിടയില്‍ ബിജെപിക്ക് ഏറെ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്ത ഒരു വാഗ്ദാനം ആണ് ഉല്‍പാദന ചെലവ് കഴിച്ച് 50 ശതമാനം ലാഭം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം. പല രീതിയില്‍ മോദി സര്‍ക്കാര്‍ ഈ വാഗ്ദാനത്തിന് തികച്ചും വിപരീതമായി പ്രവര്‍ത്തിച്ചിരിക്കുന്നു എന്നും കാണാം. ഇത്തരമൊരു വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കുക എന്നത് അസാധ്യമാണ് എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം അവതരിപ്പിക്കുക വരെ ഉണ്ടായി. തന്റെ പാര്‍ട്ടി അങ്ങനെയൊരു വാഗ്ദാനമേ നല്‍കിയിട്ടില്ല എന്നാണ് ഒന്നാം മോദി സര്‍ക്കാരിലെ കൃഷിമന്ത്രിയായ രാധാ മോഹന്‍ സിങ് പാര്‍ലമെന്റില്‍ വാദിച്ചത്.
പിന്നീട്, ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ‘ഉത്പാദന ചെലവ്’ എന്ന പ്രയോഗത്തെ വളച്ചൊടിക്കുകയും താങ്ങുവില വര്‍ധിപ്പിച്ചതിലൂടെ ബിജെപി സര്‍ക്കാര്‍ തങ്ങളുടെ വാഗ്ദാനം പാലിച്ചിരിക്കുന്നു എന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പ്രഖ്യാപിച്ച താങ്ങുവില നല്‍കാന്‍ പോലും സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കർഷകർക്ക് ആദായവില ഉറപ്പാക്കും, കാർഷിക കടങ്ങൾ എഴുതിത്തള്ളും, കർഷകആത്മഹത്യ ഒഴിവാക്കും, വിള ഇൻഷുറൻസ് ഉൾപ്പെടെ നടപ്പാക്കി കർഷകരെ സംരക്ഷിക്കും എന്നിവയും വെറും വാഗ്ദാനങ്ങള്‍ മാത്രമായി. കൂടാതെ, കർഷകരെ ദ്രോഹിക്കുന്നവിധത്തിൽ ഭൂമിഏറ്റെടുക്കൽനിയമം ഭേദഗതി ചെയ്യാനും മോദി സർക്കാർ തയ്യാറായി.
പാർലമെന്റ് 2013ൽ പാസാക്കിയ ഭൂമിഏറ്റെടുക്കൽ നിയമത്തിന്റെ ഗുണപരമായ വശങ്ങൾ ഇല്ലാതാക്കുന്ന ഭേദഗതിക്കാണ് മോദി സർക്കാർ 2014‐2015 കാലത്ത് ശ്രമിച്ചത്. ഭൂമി ഏറ്റെടുക്കാൻ കർഷകരുടെ അനുമതി വാങ്ങണം, സാമൂഹ്യാഘാത പഠനം നടത്തണം, മതിയായ നഷ്ടപരിഹാരം നൽകണം, ഏറ്റെടുക്കുന്ന ഭൂമി അഞ്ച് വർഷത്തിനുള്ളിൽ നിർദിഷ്ട ആവശ്യത്തിന് ഉപയോഗിച്ചില്ലെങ്കിൽ മുൻഉടമയ്ക്ക് തിരിച്ചുനൽകണം എന്നീ വ്യവസ്ഥകൾ നിയമത്തിൽ നിന്ന് നീക്കാനാണ് ഭേദഗതിക്ക് ശ്രമിച്ചത്. ഇതിനെതിരെ, നൂറിൽപ്പരം കർഷക‐ജനകീയ പ്രസ്ഥാനങ്ങളുടെ പൊതുവേദിയായ ‘ഭൂമി അധികാർ ആന്ദോളന്‍റെ’ നേതൃത്വത്തിൽ ഉയർത്തിയ ചെറുത്തുനിൽപ്പിന്റെ ഫലമായി സർക്കാരിനു നിയമഭേദഗതിയിൽനിന്ന് പിന്തിരിയേണ്ടിവന്നു.
ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് ചില പ്രധാനപ്പെട്ട പദ്ധതികളുടെ പ്രവര്‍ത്തനം തികച്ചും നിഷ്ഫലമായിരുന്നു. ജലസേചന പദ്ധതികളില്‍ 10 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കപ്പെട്ടത്. പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജനക്കു വേണ്ടി അതിന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് 450 ശതമാനം കൂടുതല്‍ പണം മാറ്റിവെച്ചെങ്കിലും 10 ശതമാനം കൂടുതല്‍ ഗുണഭോക്താക്കളെ മാത്രമേ പദ്ധതിക്ക് ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. ദേശീയ കാര്‍ഷിക വിപണി (നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ്) അഥവാ ഇ-നാം പ്രഖ്യാപനത്തിനൊത്ത് എവിടെയും എത്തിയില്ല. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്ന പദ്ധതിയും വന്‍ പരാജയമായിരുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തിലേറിയതിനു ശേഷം ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ വരള്‍ച്ച രാജ്യത്തിന്റെ പല ഭാഗങ്ങളെയും പിടികൂടി. 1960കള്‍ക്ക് ശേഷം വരള്‍ച്ച കൈകാര്യം ചെയ്യുന്നതില്‍ ഇത്രയും വീഴ്ച വന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. ആഗോളവിപണിയില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില കൂപ്പുകുത്തിയതും ഇക്കാലയളവിലായിരുന്നു. കര്‍ഷകര്‍ കിട്ടുന്ന വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നോക്കിനിന്ന സര്‍ക്കാര്‍ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നും ഇറക്കുമതിയുടെ അളവ് കൂട്ടിയും കര്‍ഷകരെ കൂടുതല്‍ വിഷമത്തിലാഴ്ത്തി. ഇതിനു പിന്നാലെ വന്ന നോട്ടു നിരോധനം ഇരട്ടപ്രഹരമായിരുന്നു.
കര്‍ഷകരുടെ സാഹചര്യം അങ്ങേയറ്റം ദാരുണമായ നിലയിലേക്ക് നീങ്ങിയിട്ടും അവരുടെ സഹായത്തിനെത്താന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. പകരം അവരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന നടപടികള്‍ അതീവ താല്‍പ്പര്യത്തോടെ ഏകോപിപ്പിക്കുന്നുണ്ട്. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന നീക്കമാണ് സമീപകാലത്ത് പാസാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങൾ. ആയിരക്കണക്കിന് കർഷകരെ അക്ഷരാർത്ഥത്തിൽ തെരുവിലാക്കുന്ന സ്ഥിതിയാണ് ഇതോടെ ഉണ്ടാകാന്‍ പോകുന്നത്.
2015-16 ൽ പ്രസിദ്ധീകരിച്ച പത്താമത് കാർഷിക സെൻസസ് പ്രകാരം, ഇന്ത്യയിലെ 86.2 ശതമാനം വരുന്ന ഭൂരിഭാഗം കർഷകരും രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ള ചെറുകിട, നാമമാത്ര കർഷകരാണ്. എന്നാൽ, ഇന്ത്യയുടെ മൊത്തം വിളനിലങ്ങളുടെ വിസ്തൃതിയുടെ 47.3 ശതമാനം മാത്രമാണ് ഇവർക്ക് സ്വന്തമായിട്ടുള്ളത്. സർവേ പ്രകാരം 126 ദശലക്ഷത്തിലധികം ചെറുകിട, നാമമാത്ര കർഷകരുടെ കൈവശമുള്ളത് 74.4 ദശലക്ഷം ഹെക്ടർ ഭൂമിയാണ്. ശരാശരി ഓരോ കർഷകനും 0.6 ഹെക്ടർ ഭൂമി. ഇത് തങ്ങളുടെ കുടുംബങ്ങളെ സാമ്പത്തികമായി നിലനിർത്താൻ കഴിയുന്ന തരത്തിലുള്ള മിച്ചോത്പാദനത്തിന് ഒട്ടും തന്നെ പര്യാപ്തമല്ല.
ഈ സാഹചര്യത്തിലാണ് കാർഷിക വിപണികളിലെ വ്യാപാര രീതികൾ നിയന്ത്രിക്കുന്നതിനും കരാർ കൃഷിക്ക് സൗകര്യമൊരുക്കുന്നതിനുമായി കാർഷിക ഉൽപാദന വിപണന സമിതി (എപിഎംസി) നിയമം, എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് എന്നിവ ഭേദഗതി ചെയ്തുകൊണ്ടുള്ള മൂന്ന് പുതിയ കാർഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. കാർഷിക മേഖലയുടെ ‘1991 മൊമന്റ്’ എന്ന് അവകാശപ്പെടുന്ന ഈ നിയമങ്ങള്‍ ദശലക്ഷക്കണക്കിന് ഇന്ത്യൻ കർഷകർക്ക് അതിർത്തിയില്ലാത്ത വിപണികൾ സൃഷ്ടിക്കുമെന്നും, അങ്ങനെ 2022-ഓടെ കാർഷിക വരുമാനം ഇരട്ടിയാക്കാനുള്ള സർക്കാരിന്റെ ലക്ഷ്യം കൈവരിക്കാനാകുമെന്നുമാണ് കേന്ദ്ര സർക്കാർ വാദം. എന്നാല്‍ കർഷകരെ ദുരിതത്തിലാക്കുന്നതിനോടൊപ്പം തന്നെ ഫെഡറലിസത്തിനെതിരായ ഒരു ആക്രമണം കൂടിയാണ് ഈ നിയമനിർമാണം.
നിലവിലുള്ള കാർഷികോല്പന്ന വിപണന സമിതി (അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി അഥവ എപിഎംസി)കളുടെ പരിമിതികളും പോരായ്മകളും കർഷകർ തിരിച്ചറിയുന്നു. അവയ്ക്കു പരിഹാരം കാണുന്നതിന് പകരം കോർപ്പറേറ്റ് ഭീമന്മാരുടെ ദയാദാക്ഷിണ്യത്തിന് കർഷകനെ എറിഞ്ഞുകൊടുക്കുന്നതാണ് പുത്തൻ കാർഷിക നിയമങ്ങൾ. എന്ത്, എങ്ങനെ കൃഷിചെയ്യണമെന്നും ഉത്പന്നം എവിടെ വിറ്റഴിക്കണമെന്നും നിശ്ചയിക്കാനുള്ള കർഷകന്റെ സ്വാതന്ത്ര്യത്തിന്മേലും അവകാശത്തിലുമാണ് മോദിയുടെ കർഷക നിയമങ്ങൾ കൈകടത്തുന്നത്.
കൃഷിക്ക് ആവശ്യമായ വിത്ത്, വളം, ജലസേചനം, വൈദ്യുതി, സാമ്പത്തിക പിന്തുണ എന്നീ ഉത്തരവാദിത്വങ്ങളില്‍ നിന്ന് കയ്യൊഴിഞ്ഞ് കർഷകനെ കോർപ്പറേറ്റ് അടിമകളാക്കി മാറ്റുന്ന പ്രക്രിയയാണിത്. ഭരണഘടനാ ചട്ടക്കൂടിനു കീഴിൽ, കൃഷി ഒരു സംസ്ഥാന വിഷയമാണ്. കാർഷിക ഉത്പാദനം, വിപണനം, സംസ്കരണം എന്നിവയുടെ ചലനാത്മകതയെ നേരിടുന്ന തരത്തില്‍ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നിരിക്കെയാണ് കാര്‍ഷിക രംഗം മുഴുവനായും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കാന്‍ പദ്ധതിയിടുന്നത്.
ജനദ്രോഹപരമായ ഈ നയങ്ങളാണ് മോദി ഭരണകൂടത്തിന്റെ വാഗ്ദാന ലംഘന പരമ്പരകളുടെ അനുഭവപാഠം ഏറെയുള്ള ജനത ചോദ്യം ചെയ്യുന്നത്. എന്നാല്‍ കുത്തഴിഞ്ഞ കാര്‍ഷിക നയങ്ങളോടുള്ള അമര്‍ഷം തെരുവുകളില്‍ പ്രതിധ്വനിക്കുന്നത് ഇതാദ്യമായല്ലെന്നത് നാം ഓര്‍ക്കണം. വ്യവസ്ഥാപിത മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയോ മദ്രാവാക്യങ്ങളോ ഇല്ലാതെ അവകാശ സമരങ്ങള്‍ അനവധി കടന്നു പോയിട്ടുണ്ട് സംഘപരിവാര്‍ ഭരണത്തിനു മുന്നിലൂടെ. പക്ഷെ എന്നിട്ടും നിലനില്‍പ്പിനായി തെരുവില്‍ ആക്രോശിക്കേണ്ട ഗതി കര്‍ഷകരില്‍ നിന്നും അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തില്‍ നിന്നും ഒഴിഞ്ഞു പോയിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം അതിന്‍റെ ലക്ഷ്യം സാധൂകരിച്ച്, ഫാസിസ്റ്റ് സങ്കുചിത ദേശീയതയുടെ വ്യാജ സാമാന്യബോധത്തിന്‍റെ മുനയൊടിക്കുമെന്ന പ്രത്യാശയ്ക്ക് ആഴമേറുന്നത്.
രക്തസാക്ഷിത്വം വഹിച്ച മന്‍സോര്‍ പ്രക്ഷോഭം
കടുത്ത വിളനാശവും വിളകള്‍ക്ക് വിലയില്ലാത്ത സാഹചര്യവും സംസ്ഥാനത്തെ കര്‍ഷകരുടെ നട്ടെല്ലൊടിച്ച സാഹചര്യത്തിലാണ് മധ്യപ്രദേശില്‍ കര്‍ഷകരുടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിഷേധാത്മക സമീപനം കര്‍ഷകരുടെ രോഷം രൂക്ഷമാകാന്‍ കാരണമായി. കുറഞ്ഞ വേതനവും അമിത ലാഭമുണ്ടാക്കുന്ന ഇടനിലക്കാരും കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കി. തങ്ങളുടെ വിളകള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2017 ജൂണ്‍ ഒന്നിനാണ് കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. താങ്ങാനാവാത്ത സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് ഉള്ളിയും തക്കാളിയും ഉരുളക്കിഴങ്ങുമെല്ലാം റോഡില്‍ എറിഞ്ഞു നശിപ്പിച്ച് അവര്‍ പ്രതിഷേധിച്ചു.
ഉള്ളിക്ക് മികച്ച വില നല്‍കാത്തതിലും ശേഖരിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിലും പ്രകോപിതരായാണ് കര്‍ഷകര്‍ പ്രക്ഷോഭം ശക്തമാക്കിയത്. ഒരു കിലോ ഉള്ളിക്ക് ഒരുരൂപയും രണ്ടു രൂപയുമെക്കെയാണ് ആ കാലയളവില്‍ ലഭിച്ചിരുന്നത്. വരള്‍ച്ച മൂലമുണ്ടായ നഷ്ടം നികത്താനും കര്‍ഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോ ബിജെപി സര്‍ക്കാരോ തയ്യാറായില്ല. ഇതിനു പിന്നാലെ കര്‍ഷകര്‍ റെയില്‍ തടഞ്ഞും, കല്ലെറിഞ്ഞും വാഹനങ്ങള്‍ കത്തിച്ചും സമരം കടുപ്പിച്ചു. വെടിയുണ്ടകള്‍ കൊണ്ടായിരുന്നു പൊലീസ് ഇതിനെ നേരിട്ടത്. സെഹോര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍ ജില്ലകളില്‍ പ്രക്ഷോഭകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ആറു കര്‍ഷകരെയാണ് മന്‍സോറില്‍ പൊലീസ് വെടിവെച്ചു കൊന്നത്.
എന്നാല്‍ വെടിയുണ്ടകള്‍ക്ക് തകര്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല കര്‍ഷകരുടെ പോരാട്ട വീര്യമെന്നതിന് തെളിവായിരുന്നു രാജസ്ഥാനിലെ സിക്കറില്‍ ആരംഭിച്ച നീണ്ട കര്‍ഷക സമരം. ഹിമാചല്‍ പ്രദേശിലും യുപിയിലും പഞ്ചാബിലും കര്‍ഷകര്‍ തെരുവിലിറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി. ഒടുവില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ കീഴടങ്ങി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി സമരസമിതിയിലുള്ള ഭാരതീയ കിസാന്‍ സംഘ് അടക്കമുള്ള സംഘടനകള്‍ ചര്‍ച്ചകള്‍ നടത്തുകയും സര്‍ക്കാര്‍ വിളകള്‍ സംഭരിക്കാമെന്ന നിലപാടിലേയ്ക്ക് എത്തിച്ചേരുകയുമായിരുന്നു.
മധ്യപ്രദേശിലുണ്ടായ കര്‍ഷക ആത്മഹത്യകളുടെ ഭൂരിഭാഗവും 2016 ഫെബ്രുവരി മുതല്‍ 2017 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടയിലാണെന്നായിരുന്നു കണക്കുകള്‍. കര്‍ഷകരോ കര്‍ഷക തൊഴിലാളികളോ ആയ 1,982 പേരാണ് ഇക്കാലയളവില്‍ ആത്മഹത്യ ചെയ്തത്. വിളനാശം, ഉത്പാദിപ്പിച്ച വിളകള്‍ വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യം, വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത അവസ്ഥ, ദാരിദ്ര്യം തുടങ്ങിയവയൊക്കെയാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഘടകങ്ങളെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കൂടാതെ, അമിത മഴയും ഒന്നിനു പുറകെ ഒന്നായി വരുന്ന വരള്‍ച്ചയും സംസ്ഥാനത്തിന്റെ കാര്‍ഷിക രംഗത്തിന്റെ നട്ടെല്ലൊടിച്ചു. കര്‍ഷകരില്‍ മിക്കവരും ഹുണ്ടികക്കാരില്‍നിന്ന് പലിശയ്ക്ക് പണം കടംവാങ്ങിയാണ് കൃഷിചെയ്തത്. കാലാവസ്ഥയുണ്ടാക്കിയ തിരിച്ചടി അവരുടെ നിലനില്‍പ്പിനെ ബാധിച്ചു. സര്‍ക്കാര്‍ നല്‍കിയ പലിശരഹിത വായ്പ വളരെക്കുറച്ച് കര്‍ഷകര്‍ക്ക് മാത്രമാണ് പ്രയോജനം ചെയ്തത്. അതുകൊണ്ടുതന്നെ കടം എഴുതിത്തള്ളണമെന്ന കര്‍ഷകരുടെ ആവശ്യം നടപ്പായാല്‍ പോലും വളരെ കുറച്ച് പേര്‍ക്കേ അതുകൊണ്ടുള്ള പ്രയോജനം ലഭിക്കൂ എന്നതായിരുന്നു സ്ഥിതി. മധ്യപ്രദേശ് സര്‍ക്കാര്‍ കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നായിരുന്നു കര്‍ഷകര്‍ മുന്നോട്ടവച്ച പ്രധാന ആരോപണം. അതേസമയം, സര്‍ക്കാര്‍ കര്‍ഷകരുടെ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും കലാപത്തെ ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
അടങ്ങാത്ത കര്‍ഷക രോഷം
കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടാണ് 2018ല്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ആദിവാസികള്‍ അടക്കമുള്ള കര്‍ഷകരുടെ പ്രക്ഷോഭം. ഏറെക്കാലമായുള്ള ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെവന്നതോടെയാണ് സമരം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 30,000 കര്‍ഷകരുടെ ലോങ് മാര്‍ച്ച് 2018 മാര്‍ച്ച് ആറാം തീയതിയാണ് നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്ന് ആരംഭിച്ചത്.
സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ വീതം സഞ്ചരിച്ചാണ് കര്‍ഷകര്‍ 180 കിലോമീറ്റര്‍ താണ്ടി മുംബൈയില്‍ എത്തിച്ചേര്‍ന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റ് വളയാനായിരുന്നു തീരുമാനം. സമരത്തിന്റെ രൂക്ഷത ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നവിസ് തയ്യാറായത്. 12 അംഗങ്ങള്‍ അടങ്ങുന്ന കര്‍ഷക നേതാക്കളും ആറ് സര്‍ക്കാര്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പ്രക്ഷോഭകരുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
ഇതിനു പിന്നാലെ നടന്ന രാജ്യ തലസ്ഥാനത്തെ ചെങ്കടലാക്കിയ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലിയും സമര ചരിത്രം തിരുത്തിക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ലക്ഷങ്ങളെ സംഘടിപ്പിച്ചു. 2018 സെപ്തംബര്‍ അഞ്ചിന് രാംലീല മൈതാനിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റിലെ വമ്പിച്ച പൊതുയോഗത്തോടെയായിരുന്നു സമാപിച്ചത്. കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന മോദി സര്‍ക്കാരിനെതിരായ ശക്തമായ താക്കീതായിരുന്നു കിസാന്‍ സഭയുടെയും,സിഐടിയുവിന്റെയും അഗ്രിക്കള്‍ച്ചര്‍ വര്‍ക്കഴ്‌സ് യൂണിയന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലി. നല്ല ദിനങ്ങള്‍ സമ്മാനിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദിസര്‍ക്കാരിനെ പുറത്താക്കി രാജ്യത്ത് യഥാര്‍ത്ഥ നല്ല ദിനങ്ങള്‍ കൊണ്ടുവരുമെന്നായിരുന്നു സമരം ഒറ്റക്കെട്ടായി പ്രഖ്യപിച്ചത്.
ഭാരതീയ കിസാന്‍ യൂണിയന്‍റെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡില്‍ നിന്ന് യുപി വഴി ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ ‘കിസാന്‍ ക്രാന്തി പദയാത്ര’ നടന്നത് ഇതേ വര്‍ഷമായിരുന്നു. സെപ്റ്റംബര്‍ 23ന് ഉത്തരാഖണ്ഡിലെ പതഞ്ജലിയില്‍ നിന്ന് തുടങ്ങി ഒക്ടോബര്‍ രണ്ടിന് ഡല്‍ഹിയിലെ കിസാന്‍ഘട്ടില്‍ സമാപനം എന്നായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്റെ പരിപാടി. മോദിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ എഴുപതിനായിരത്തോളം വരുന്ന കര്‍ഷകരാണ് ഈ പദയാത്രയില്‍ അണിനിരന്ന് തലസ്ഥാനത്തേക്ക് സംഘടിച്ചെത്തിയത്. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഗാസിയാബാദില്‍ വച്ച് പൊലീസ് സമരക്കാരെ തടയുകയും സമാധാനപരമായി നീങ്ങുകയായിരുന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ വന്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഡല്‍ഹി പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പലര്‍ക്കും പരുക്കേറ്റു.
‘ചോര്‍ സര്‍ക്കാര്‍’ (കള്ളന്മാരുടെ സര്‍ക്കാര്‍) എന്ന മുദ്രാവാക്യമായിരുന്നു ഈ റാലിയില്‍ മുഴങ്ങിക്കേട്ടത്. കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അന്നും മുഖ്യമന്തി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിപിഎം, സമാജ് വാദി പാര്‍ട്ടി നേതാക്കളും റാലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാര്‍ ഗാന്ധിജിയുടെ 150ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ കര്‍ഷകരെ ലാത്തിചാര്‍ജ്ജ് ചെയ്യുകയും അവര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയുമാണ്. കര്‍ഷകരെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല തങ്ങളുമെന്ന് വ്യക്തമാക്കുകയാണ് മോദി സര്‍ക്കാര്‍ എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. കര്‍ഷകരുടെ ആവശ്യം പരിഗണിക്കാമെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രാജ് നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയെങ്കിലും പതിവു പല്ലവിയായി അതും അവശേഷിച്ചു. അങ്ങനെ കര്‍ഷക രോഷം വീണ്ടും തലസ്ഥാനത്തേക്ക് ഇരച്ചെത്തി.
വിവിധ ഘടക സംഘടനകളുടെ കൊടികളുമായി ആയിരങ്ങളാണ് കിസാന്‍ മുക്തി മാര്‍ച്ചില്‍ പങ്കെടുത്തിരുന്നത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനായി പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നായിരുന്നു അന്ന് കര്‍ഷകര്‍ ഉന്നയിച്ച പ്രധാന ആവശ്യം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക വിളകള്‍ക്ക് മിനിമം വിലസ്ഥിരത ഉറപ്പാക്കുക, നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവച്ചു. 207 സംഘടനകള്‍ ചേര്‍ന്നായിരുന്നു കോ-ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചത്. 21 രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. മേധപട്കര്‍, യോഗേന്ദ്ര യാദവ് തുടങ്ങി സാമൂഹ്യ പ്രവര്‍ത്തകരും കര്‍ഷകര്‍ക്കൊപ്പം അണിനിരന്നിരുന്നു.
ചരിത്രമാകുന്ന ‘ഡല്‍ഹി ചലോ’
കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ തലസ്ഥാന നഗരിയിലേക്ക് മാർച്ച് ചെയ്ത കർഷകരെ തടയാൻ പൊലീസും അർധസൈനിക വിഭാഗങ്ങളും ഒരുക്കിയ എല്ലാ പ്രതിരോധ സന്നാഹങ്ങളെയും തകർത്തെറിഞ്ഞാണ് ഇത്തവണ കര്‍ഷക സമരം മുന്നേറുന്നത്. ജലപീരങ്കികളും കണ്ണീർവാതക പ്രയോഗവും ഗ്രനേഡുകളും ലാത്തിയടികളും കർഷകരുടെ സമരവീര്യത്തെ തകർത്തില്ല. പകരം ഈ പ്രതിരോധത്തെ ഉത്തേജനമായി കണ്ട് മുന്നേറുകയാണ് കര്‍ഷകര്‍. പൊലീസ് പടയെ ഉപയോഗിച്ച് താല്‍ക്കാലിക ജയിലുകളില്‍ അവരെ തടവിലാക്കാമെന്ന അധികാരികളുടെ വ്യാമോഹങ്ങളും അസ്ഥാനത്തായി. ഡല്‍ഹി നഗരത്തിലെ സ്റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അനുമതി നല്‍കാത്തതായിരുന്നു തിരിച്ചടിയായത്.
പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും ഉപയോഗിച്ച് കർഷകരെ അടിച്ചമർത്താമെന്ന വ്യാമോഹം വിനാശകരമാകുമെന്ന തിരിച്ചറിവ് മോദി ഭരണവൃത്തങ്ങൾക്ക് ഉണ്ടായെന്നുവേണം കരുതാൻ. ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന കർഷക‑സൈനിക ഐക്യദാർഢ്യത്തിന്റെ മുദ്രാവാക്യത്താല്‍ സുരക്ഷാസേനയുമായി കര്‍ഷകര്‍ ഏറ്റുമുട്ടി. ഏതു പ്രതികൂലാവസ്ഥയിലും നീണ്ടുനിൽക്കുന്ന പോരാട്ടത്തിന് തയ്യാറെടുത്താണ് അവര്‍ തലസ്ഥാന നഗരിയിലേക്ക് കടന്നിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണകള്‍ക്കപ്പുറം കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ബുദ്ധിജീവികളുമടക്കമുള്ള പൊതുസമൂഹത്തിന്‍റെ സമരൈക്യത്തിന് ഊന്നൽ നൽകിയെന്നതും ഈ കര്‍ഷക പ്രതിഷേധത്തെ വ്യത്യസ്തമാക്കുന്നു.
പാർലമെന്ററി കീഴ്‌വഴക്കങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റിൽപറത്തി പാസാക്കിയെടുത്ത കർഷക നിയമങ്ങൾ കർഷകർക്ക് ഏറെ പ്രയോജനകരമായ നിയമമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന സമരങ്ങളെ തണുപ്പിക്കാന്‍ വിളകള്‍ക്ക് താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള കണ്ണില്‍പൊടിയിടുന്ന നീക്കങ്ങളുണ്ടാകുമ്പോഴും ഇതെല്ലാം തള്ളി കര്‍ഷകര്‍ ഉറച്ച മനസ്സോടെ മുന്നേറുകയാണ്. ഇക്കാരണങ്ങള്‍ തന്നെയാണ് ഡല്‍ഹി ചലോ മാര്‍ച്ച് വിപ്ലവകരമായ മാറ്റത്തെ പ്രഖ്യാപിക്കുന്ന പ്രക്ഷോഭമായിരിക്കുമെന്ന നിഗമനത്തിലെത്തിക്കുന്നതും.