സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തോല്‍വി. ഓസ്ട്രേലിയ ഉയര്‍ത്തിയ 375 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കു നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരന്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി.
മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് തടസമായത്. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളും(22) ശിഖര്‍ ധവാനും 5.2 ഓവറില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. മൂന്നാമനായെത്തിയ നായകന് വിരാട് കോഹ്ലി ഫോമിലാണെന്ന് തോന്നിപ്പിച്ചെങ്കിലും 21 റണ്‍സുമായി മടങ്ങി. ഒരറ്റത്ത് ഉറച്ചുനിന്ന ധവാന് ശ്രദ്ധയോടെ ബാറ്റ് വീശി അര്‍ദ്ധ സെഞ്ച്വറി കുറിച്ചു. എന്നാല്‍ മധ്യനിരയില്‍ ശ്രേയസ് അയ്യരും(2) കെ.എല്‍ രാഹുലും(12) നിരാശപ്പെടുത്തിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീണപ്പോള്‍ ധവാനൊപ്പം ചേര്‍ന്ന ഹര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്കി. സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ പാണ്ഡ്യ 76 പന്തില്‍ നാല് സിക്സറുകളും 7 ബൗണ്ടറികളും സഹിതം 90 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. ധവാന് 74 റണ്‍സെടുത്തു. ജഡേജ 25 റണ്‍സുമായി പുറത്തായപ്പോള്‍ നവ്ദീപ് സൈനി 35 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു.
ഓസീസിനായി ആഡം സാംപ 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ജോഷ് ഹേസല്‍വുഡ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 374 റണ്‍സ് നേടിയത്. ആരോണ്‍ ഫിഞ്ചിന്റെയും( 124 പന്തില്‍ 114 റണ്‍സ്), സ്റ്റീവന്‍ സ്മിത്തിന്റെയും(66 പന്തില്‍ 105 റണ്‍സ്) സെഞ്ചുറിയുടെയും ഡേവിഡ് വാര്‍ണറുടെ (69 റണ്‍സ്) അര്‍ദ്ധ സെഞ്ചുറിയുടെയും മികവിലാണ് ആതിഥേയര്‍ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. ഗ്ലെന്‍മാക്സ്വെല്‍ 19 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി പത്തോവറില്‍ 59 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രീത് ബുംറ, നവദീപ് സെയ്നി, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.