ന്യൂഡൽഹി: സ്വകാര്യ വൽക്കരണത്തിൻറെ ഭാഗമായി ബിപിസിഎൽ സബ്സിഡി നിരക്കിൽ നൽകുന്ന എൽപിജി കണക്ഷനുകൾ മറ്റു പൊതുമേഖലാ കമ്പനികളിലേയ്ക്ക് മാറ്റിയേക്കും.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഇന്ത്യൻ ഓയിൽ എന്നിവയിലേക്ക് ആകും ഭാരത് ഗ്യാസ് ഉപഭോക്താക്കളെ മാറ്റുക. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എച്ച്പിയും ഇന്ത്യൻ ഓയിലിന്റെ ഇൻഡേനും ആണ് എൽപിജി വിതരണം ചെയ്യുന്നത്. പെട്രോളിയം മന്ത്രാലയം കണക്ഷനുകൾ മാറ്റുന്നതിനായി ഉടനെ മന്ത്രിസഭ അനുമതിതേടും. മൂന്നു മുതൽ അഞ്ചു വർഷം കൊണ്ട് കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
സബ്സിഡി തുക പൊതുമേഖല എണ്ണക്കമ്പനികൾക്ക് യഥാസമയം ലഭിക്കാറില്ല. വില നിയന്ത്രണം പെട്രോളിന്റെയും ഡീസലിന്റെയും നീക്കിയതിനു ശേഷം നിലവിൽ പാചകവാതകത്തിനും മണ്ണെണ്ണയ്ക്കുമാണ് സബ്സിഡി നൽകി വരുന്നത്. സബ്സിഡി ഇനത്തിൽ 2020 സാമ്പത്തിക വർഷം അവസാനം കമ്പനികൾക്ക് ലഭിക്കാനുള്ളത് 27000 കോടി രൂപയാണ്. ഐഓസിക്ക് 50 ശതമാനവും ബിപിസിഎല്ലിന് 25 ശതമാനവും എച്ച്പിസിഎല്ലിന് 25 ശതമാനം തുകയുമാണ് നൽകാനുള്ളത്. പുതിയ ഉടമകൾ സ്വകാര്യവൽക്കരണം പൂർത്തിയായാൽ ഇതിനെതിരെ രംഗത്ത് വരാൻ ഇടയുണ്ട്. ഇതിനാലാണ് നിലവിലുള്ള ഉപഭോക്താക്കളെ മറ്റ് പൊതുമേഖലാ കമ്പനികളിലേയ്ക്ക് മാറ്റുന്നത്.