ദുബായ്: രാജ്യത്തെ പൗരന്മാരുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവരാണ് യുഎഇ ഭരണാധികാരികൾ. രാജ്യത്തെ ഓരോ പൗരന്മാർക്കും, അന്യരാജ്യത്ത് നിന്ന് വന്ന് തൊഴിൽ ചെയ്യുന്നവർക്കും അവരുടെ അവകാശങ്ങൾ നൽകുന്നതിൽ ഏറെ ശ്രദ്ധ ഇവർ പുലർത്തുന്നു. തൊഴിൽ നിയമങ്ങൾ ഏറെ കർശനമാണ് യുഎഇയിൽ.
നിങ്ങൾ ശമ്പളമില്ലാതെ മണിക്കൂറുകളോളം ഓവർടൈം ജോലി ചെയ്യുകയാണോ, അല്ലെങ്കിൽ നിങ്ങളുടെ തൊഴിൽ ദാതാവ് നിങ്ങളെ അകാരണമായി ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഏറെ എളുപ്പത്തിൽ പരാതി നൽകാം. ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിലാണ് (MOHRE) നിങ്ങൾ പരാതി സമർപ്പിക്കേണ്ടത്. യുഎഇ തൊഴിൽ നിയമവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഈ മന്ത്രാലയം വഴിയാണ് പരിഹരിക്കപ്പെടുന്നത്.
നിങ്ങൾക്ക് തൊഴിൽ നിയമ പ്രകാരം ഒരു പരാതി നൽകാൻ ഉണ്ടെങ്കിൽ അതിനായി ചെയ്യേണ്ടത് ഇത്രമാത്രം
1. മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 80060 എന്ന നമ്പറിൽ വിളിക്കാം
2. MOHRE ആപ്പ് പ്ളേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തും പരാതി നൽകാം.
3. www.mohre.gov.ae എന്ന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കയറി filing a labour complaint എന്ന ഓപ്ഷനിൽ കയറിയും പരാതി നൽകാം.
ഇതിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ഓപ്ഷൻ വഴിയാണ് പരാതി നൽകുന്നതെങ്കിൽ അത് വഴി ഒരു അക്കൗണ്ട് ഉണ്ടാക്കി വേണം പരാതി നൽകാൻ. ഇതിനായി നിങ്ങളുടെ പാസ്പോർട്ട് വിവരങ്ങളും ലേബർ കാർഡിലെ നമ്പറും ആവശ്യമാണ്.
പരാതി നൽകി കഴിഞ്ഞാൽ ത്വ-ഫൗഖ് സെനറ്ററിൽ നിന്ന് 72 പ്രവർത്തി മണിക്കൂറിനുള്ളിൽ ഒരു ലീഗൽ അഡ്വൈസറിൽ നിന്ന് ഒരു ഫോൺ വരും. തുടക്കമെന്ന നിലക്ക് അദ്ദേഹം തന്നെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുന്നതിനായി ശ്രമിക്കും. എന്നാൽ ഇതിനായി യാതൊരു വിധ ഫീസും നൽകേണ്ടതില്ല. തികച്ചും സൗജന്യമാണ് ഈ സേവനം.
യുഎഇ തൊഴിൽ നിയമത്തിന്റെ ആർട്ടിക്കിൾ 6 പ്രകാരം പരാതി നൽകി കഴിഞ്ഞാൽ അതിന്റെ ചട്ടം എങ്ങിനെ ആണെന്ന് നോക്കാം
1. പരാതികൾ നൽകേണ്ടത് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം വഴിയാണ്.
2. ത്വ – ഫൗഖ് ഡിപ്പാർട്മെന്റിൽ നിന്നും പരാതിക്കാരനെയും എതിർകക്ഷിയെയും വിളിക്കും. ഈ ഘട്ടത്തിൽ തന്നെ നിങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമം നടത്തും. എന്നാൽ ഈ ഘട്ടത്തിൽ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കും
3. തുടർഘട്ടത്തിൽ രണ്ടാഴ്ചക്കുള്ളിൽ പരാതി ലേബർ കോടതിയിലേക്ക് എത്തും.
4. ഉന്നയിച്ച പരാതികൾ, ഇതുമായി ബന്ധപ്പെട്ട തെളിവ്, നേരത്തെ പരിഗണിച്ച വകുപ്പിലെ അഭിപ്രായം എന്നിവ ചേർത്തുള്ള ഒരു മെമോ രണ്ട് കക്ഷികൾക്ക് നൽകും.
5. പരാതി കോടതിയിൽ എത്തി മൂന്ന് ദിവസത്തിനുള്ള കേസ് പരിഗണിക്കുന്നതിനുള്ള തിയ്യതി കോടതി രണ്ട് കക്ഷികളെയും അറിയിക്കും.
6. ലേബർ വകുപ്പിൽ നിന്ന് ഒരു പ്രതിനിധിയോട് ഹാജരായി മെമ്മോയി പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കാൻ കോടതി നിർദേശിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ കോടതി വിധി പറയും.
ഒരു പരാതി നൽകാൻ ഉള്ള ഫീസ് എത്രയാണ്?
കോടതി ചെലവുകളുടെ പണം നൽകേണ്ടത് തൊഴിലാളിയാണ്. എന്നാൽ ഒരു ലക്ഷം ദിർഹത്തിന് താഴെയുള്ള പരാതിയാണെങ്കിൽ യാതൊരു വിധ ഫീസും നൽകേണ്ടതില്ല. ഒരു ലക്ഷത്തിന് മുകളിൽ ആണെങ്കിൽ ക്ലെയിമിന്റെ അഞ്ച് ശതമാനം ഫീസ് നൽകണം. എന്നാൽ ഇത് പരമാവധി 20,000 ദിർഹം നൽകിയാൽ മതി.