സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അങ്കത്തട്ടുണർന്നു കഴിഞ്ഞു. കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍, ഹരിത ചട്ടങ്ങള്‍ തുടങ്ങി പരിമിതികള്‍ക്കുള്ളില്‍ ചൂടേറിയ പ്രചരണവുമായി സ്ഥാനാര്‍ത്ഥികള്‍ ജനങ്ങള്‍ക്കിടയില്‍ സജീവമാവുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. തെക്കന്‍ കേരളത്തില്‍ ഇടതു കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയാണ് കൊല്ലം. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ പതിനൊന്നിടത്തും ഇടത് പ്രതിനിധികള്‍. 84 ജില്ലാ ഡിവിഷനുകളില്‍ നാലിടത്ത് ഒഴികെ എല്‍ഡിഎഫ് അംഗങ്ങള്‍. നഗരസഭ രൂപീകരിച്ചതു മുതല്‍ ഭരണത്തില്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുമില്ല. ഇതൊക്കെക്കൊണ്ടു തന്നെ ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.
മികച്ച പ്രവര്‍ത്തന മാതൃകയായ കൊല്ലം ജില്ലാ പഞ്ചായത്ത് ദേശീയ തലത്തിലടക്കം വളരെ പ്രശംസ പിടിച്ചുപറ്റിയതാണ്. രണ്ടുതവണ ദേശീയ പുരസ്കാരം, മൂന്നുതവണ സംസ്ഥാന സര്‍ക്കാർ പുരസ്കാരം, നാലുതവണ ആരോഗ്യമേഖലയിലെ സംഭാവനയ്ക്കുള്ള ബഹുമതി, പ്രഥമ ആർദ്ര കേരളം പുരസ്കാരം എന്നിവ പഞ്ചായത്തിന് ലഭിച്ചു. ഇനിയും ഉയര്‍ച്ചയിലേക്ക് പഞ്ചായത്തിന്‍റെ ഖ്യാതി വളര്‍ത്താനുള്ള പദ്ധതികള്‍ തന്നെയാണ് ഇടതു സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ടുവയ്ക്കുന്നതും. അതിനു തക്കതായ സാരഥികളാണ് ഇത്തവണയും എല്‍ഡിഎഫിനെ നയിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ പ്രവര്‍ത്തന പരിചയത്തിനപ്പുറം രാഷ്ട്രമീമാംസ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് തികഞ്ഞ ജനപ്രതിനിധിയുടെ ലക്ഷണങ്ങള്‍ കാട്ടിയ ഡോ. കെ ഷാജിയെപ്പോലുള്ളവര്‍ ഉത്തമ ഉദാഹരണമാണ്. മുമ്പ് മത്സരിച്ചപ്പോഴെല്ലാം വിജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് കെ ഷാജി ഇത്തവണ കൊല്ലം ജില്ലാ പഞ്ചായത്ത് കരവാളൂര്‍ ഡിവിഷനില്‍ നിന്ന് ജനവിധി തേടുന്നത്.
“വിജയിക്കുമെന്നുള്ള പൂര്‍ണ്ണ വിശ്വാസത്തോടെയാണ് മത്സരിക്കാനിറങ്ങുന്നത്. ഇതുവരെ മത്സരിച്ചപ്പോഴും അധികാരത്തിലിരുന്നപ്പോഴും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തായാലും പൊതുരാഷ്ട്രീയ രംഗത്തായാലും ജനങ്ങള്‍ക്കിടയില്‍ നിന്ന് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നാണ് എന്‍റെ വിശ്വാസം. അത് ജനങ്ങളുടെ പ്രതികരണത്തില്‍ നിന്ന് എനിക്ക് ഉത്തമമായി ബോധ്യപ്പെട്ടിട്ടുള്ളതുമാണ്” ഡോ. കെ ഷാജി അന്വേഷണം.കോമിനോട് പറഞ്ഞു.
“യഥാര്‍ത്ഥത്തില്‍ രാഷ്ട്രമീമാംസ എന്നത് രാഷ്ട്രീയമായ കാര്യങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. അതിന്‍റെയൊരു സൈദ്ധാന്തിക അടിത്തറയില്‍ നിന്നുകൊണ്ട് മാത്രമെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്താന്‍ കഴിയൂ. ഇതിന്‍റെ അഭാവമാണ് രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നത്. മാര്‍ക്സിയന്‍ സിദ്ധാന്തത്തിലധിഷ്ടിതമായ രാഷ്ട്രീയ പ്രവര്‍ത്തനം പഠിക്കാന്‍ കഴിഞ്ഞെങ്കിലും അതിന്‍റെ പ്രായോഗികത ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമെ മനസ്സിലാക്കാന്‍ സാധിക്കൂ” ഇത്തരത്തില്‍ സിദ്ധാന്തവും പ്രായോഗികതയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചതാണ് തന്‍റെ രാഷ്ട്രീയ പൊതുജീവിതത്തിന്‍റെ വിജയമെന്ന് ഷാജി പറഞ്ഞുവയ്ക്കുന്നു.
കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് 1983-1985 പൊളിറ്റിക്കല്‍ സയന്‍സ് ബാച്ചിലെ രണ്ടാം റാങ്കുകാരനായ ഷാജി 1989ലായിരുന്നു തിരുവല്ലാ മാര്‍ത്തോമ കോളേജില്‍ ലക്ചററായി സ്ഥാനമേറ്റത്. പിന്നീട് 1994 ലാണ് കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. ഇവിടെ നിന്ന് രാഷ്ട്രമീമാംസ വിഭാഗം തലവനായാണ് ഷാജി വിരമിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ എസ്എഫ്ഐയിലും പിന്നീട് യുവജന സംഘടനയായ ഡിവൈഎഫ്ഐയിലും ഷാജി ജില്ലാതലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ധ്യാപക സംഘടനയുടെ സംസ്ഥാന തല പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഷാജി ആ കാലയളവില്‍ തന്നെ പ്രാദേശിക തലത്തില്‍ സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
നിലവില്‍ സിപിഐ(എം) പുനലൂര്‍ ഏരിയ കമ്മിറ്റി അംഗമായ ഷാജി 1995-2000 കാലയളവില്‍ ആദ്യ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാനായാണ് പൊതുരംഗത്ത് സജീവമാകുന്നത്. അന്ന് ബ്ലോക്ക് പഞ്ചായത്തിന് ആസ്ഥാന മന്ദിരം പണിയുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചു. ആ കാലത്ത് തന്നെ ജനകീയാസൂത്രണത്തിന്‍റെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായും പ്രവര്‍ത്തിച്ചു. 2000 ത്തില്‍ യുഡിഎഫിന് വലിയ മുന്‍തൂക്കമുള്ള പൊയ്കമുക്ക് വാര്‍ഡില്‍ നിന്ന് 280 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ച് കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായി സ്ഥാനമേറ്റു. ആ കാലയളവിലാണ് കരവാളൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മല്‍ ഗ്രാമ പുരസ്കാരത്തിനര്‍ഹമാകുന്നത്. സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ദേശീയ തലത്തില്‍ ലഭിക്കുന്ന അവാര്‍ഡാണ് നിര്‍മല്‍ പുരസ്കാരം. പൂനെയില്‍ വച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതിയായിരുന്ന ശ്രീമതി പ്രതിഭ പാട്ടീലായിരുന്നു അവാര്‍ഡ് ദാനം നടത്തിയത്.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ സഹായിക്കാന്‍ ഷാജി ശക്തമായി ഇടപെട്ടിരുന്നു. ശബരിമലയിലെ മാലിന്യ പ്രശ്ന പരിഹാരം പോലുള്ള നൂതന പദ്ധതികള്‍ നടപ്പിലാക്കുന്നതടക്കം മാതൃകപരമായ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്നു. കേരള സര്‍വ്വകലാശാല സിന്‍റിക്കേറ്റംഗമായും ഷാജി സുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചു. കേരളത്തിലെ എല്ലാ കോളേജുകളുടെയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതും പുതിയ ബാച്ചുകളും കോഴ്സുകളും കൊണ്ടുവരുന്നതും അദ്ധ്യാപകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതുമടക്കമുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി.
“2013 മുതല്‍ 2018 വരെ ഞാന്‍ കേരള സര്‍വ്വകലാശാല സിന്‍റിക്കേറ്റംഗമായി പ്രവര്‍ത്തിച്ചിരുന്നു. ആ കാലയളവിലാണ് ആറുകോടി രുപയോളം ചെലവഴിച്ച് പാളയം ക്യാമ്പസിലെ ഡോ. കെആര്‍ നാരായണന്‍ മെമ്മോറിയല്‍ സ്റ്റുഡന്‍റ്സ് അമിനിറ്റി സെന്‍ററിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൂടാതെ കിഫ്ബി വഴി ഏകദേശം മൂന്നൂറു കോടി രൂപയുടെ പ്രൊജക്റ്റുകള്‍ കേരള സര്‍വ്വകലാശാലയ്ക്ക് ലഭിച്ചു. ഇതിന്‍റെ ഭാഗമായുള്ള വലിയൊരു പ്രൊജക്ട് സമര്‍പ്പിച്ച ശേഷമാണ് എന്‍റെ കാലാവധി അവസാനിക്കുന്നതും ഞാന്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതും. പിന്നീട് മുഴുവന്‍ സമയവും സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായി കഴിയുകയാണ്” ഷാജി പറഞ്ഞു.
“കൊല്ലം ജില്ല പഞ്ചായത്തിന് വലിയൊരു പാരമ്പര്യമുണ്ട്. നിലവിൽ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സഖാവ് എസ് ജയമോഹൻ പ്രസിഡന്‍റായിരുന്നിട്ടുണ്ട്. സഖാവ് ജോര്‍ജ്ജ് മാത്യൂ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാനായിരുന്നിട്ടുണ്ട്. കൂടാതെ, നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ കൊല്ലം ജില്ലയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ജയമോഹന്‍ സഖാവൊക്കെ കൊല്ലം ജില്ലയെ അതിന്‍റെ ഔന്നത്യങ്ങളിലെത്തിച്ച വ്യക്തിത്വമാണ്. അതിനും മുകളിലേക്ക് പോകാന്‍ ഇനിയും എന്ത് ചെയ്യാന്‍ കഴിയുമെന്നതാണ് ചര്‍ച്ചയാവുന്നത്. അതിനായി ജയമോഹന്‍ സഖാവും ജോര്‍ജ്ജ് മാത്യുവുമൊക്കെ നമ്മോടൊപ്പം തന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇതോടൊപ്പം എന്‍റെ അറിവും ശേഷിയും കൂടി കൊല്ലം ജില്ലയുടെ ഉന്നമനത്തിനായി ഉപകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ,” തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചാലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഷാജി പ്രതികരിച്ചത് ഇങ്ങനെയാണ്.
ഇത്തവണ കെ ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി നിസ്സാരക്കാരനല്ല. പുനലൂര്‍ മേഖലയിലെ കോണ്‍ഗ്രസ്സിന്‍റെ മുതിര്‍ന്ന നേതാവും കരവാളൂര്‍ പഞ്ചായത്തിലെ ആദ്യ പ്രസിഡന്‍റിന്‍റെ മകന്‍ കൂടിയായ ഷിബു ബെഞ്ചമിനാണ് യുഡിഎഫ് സാരഥി. ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രതിഷേധം വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സാന്നിധ്യം ഉറപ്പാക്കി മികച്ച പോരാട്ടം കാഴ്ചവെക്കാൻ ബിജെപിയും ഒരുങ്ങുന്നുണ്ട്. കൊണ്ടുപിടിച്ച പ്രചരണ പരിപാടികള്‍ക്ക് തടസ്സമായി കോവിഡ് നിലനില്‍ക്കുന്നതിനാല്‍ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്.
കോവിഡ് വ്യാപനം ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതായും പ്രോട്ടോക്കോള്‍ ലംഘിക്കപ്പെടാതെ പ്രചരണം ശക്തമായി മുന്നോട്ട് പോകുന്നതായും ഷാജി പറഞ്ഞു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വിവാദങ്ങളും ആരോപണങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പ്രേരിതമായ പൊള്ളയായ വാദങ്ങള്‍ക്ക് മുന്നില്‍ ജനഹിതം ഇടതു മുന്നണിക്കെതിരാവില്ലെന്ന ശുഭാപ്തി വിശ്വാസവും ഷാജി പ്രകടിപ്പിച്ചു.
“ഞാന്‍ ദിവസങ്ങളായി നൂറു കണക്കിന് ആളുകളുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. അവരിലൊരാളു പോലും ഈ ആരോപണങ്ങളില്‍ വിശ്വസിച്ചുകൊണ്ട് നമുക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നതേ ഇല്ല. നമ്മള്‍ ജീവിക്കുന്നത് സത്യാനന്തര കാലഘട്ടത്തിലാണ്. സത്യം ആവശ്യമില്ലാത്തതും അസത്യം അത്യാവശ്യമായിട്ടുള്ളതുമായ നിലയിലേക്ക് സമൂഹത്തിന്‍റെ പൊതു ബോധത്തെ കെട്ടുകഥകളിലൂടെയും വ്യാജ പ്രചരണങ്ങളിലൂടെയും നിര്‍മ്മിച്ചെടുത്ത് വ്യാജ സമ്മതികള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകളാണ് കോര്‍പ്പറേറ്റ് രാഷ്ട്രീയം നടത്തിക്കൊണ്ടിരിക്കുന്നത്. അതൊന്നും ജനങ്ങള്‍ സാരമാക്കില്ല. കാരണം അവര്‍ക്ക് ആവശ്യമുള്ളത് നമ്മള്‍ കൊടുക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ ചെയ്യുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരുടെ കണ്‍മുന്നിലുണ്ട്. അവരുടെ ഹൃദയത്തിലുണ്ട്. അവര്‍ ഇടതു മുന്നണിയെ ഒരു കാരണവശാലും കൈവിടില്ല,” ഇത് ഡോ. കെ ഷാജിയുടെ വിജയ പ്രതീക്ഷ തുളുമ്പുന്ന വാക്കുകള്‍.