ബെംഗളൂരു: എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെയുളള ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തളളി. ഇഡിയുടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതി തളളിയത്.
അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി നല്‍കിയത്. അതേസമയം, മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബിനീഷിനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ ഇഡി ഇന്ന് ബംഗളൂരു സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. ബിനീഷിന്റെ ബിനാമികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളും കോടതിയെ അറിയിച്ചേക്കും.
അതേസമയം, ബിനീഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലെ ‘കോടിയേരി’ വീടും ഭാര്യയുടെയും ബിനാമികളുടെയും സ്വത്തും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. കളളപ്പണ നിയമപ്രകാരമാണിത്. രജിസ്ട്രേഷന് ഐജിയ്ക്ക് ഈ ആവശ്യം ഉന്നയിച്ച് ഇഡി കത്ത് നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂബിന്റെയും ആസ്തികളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.