ഫാസിസത്തിന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള പുതിയ മാര്‍ഗ്ഗങ്ങളാകുമ്പോള്‍ ഇന്ത്യയെന്ന മതേതര- ജനാധിപത്യ രാഷ്ട്രത്തിന്‍റെ അടിത്തറകള്‍ ഇളകി, അത് കാലാപകലുഷിത ഭൂമിയായി പരിണമിക്കുകയാണ്. മനുഷ്യന്റെ ജൈവീക വികാരമായ പ്രണയം പോലും നികൃഷ്ടമായ രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ട് ഫാസിസ്റ്റ് ക്യാമ്പുകള്‍ ഭിന്നിപ്പിന്‍റെ വിത്തുകള്‍ പാകി രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. പ്രപഞ്ചത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വ്യാഖ്യാനങ്ങള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും പാത്രമായ ജിഹാദ് എന്ന വാക്ക് രാഷ്ട്രീയ കുതന്ത്രമാക്കി മാനുഷിക ബന്ധങ്ങള്‍ മതഭ്രാന്തെന്ന അളവുകോലുകൊണ്ട് അളന്ന് അസംബന്ധങ്ങള്‍ക്ക് വഴിതുറക്കുകയാണിവിടെ.
ലൗ ജിഹാദിനെതിരായ നിയമനിര്‍മ്മാണം മുന്‍നിര്‍ത്തി ശക്തമായ പ്രതികരണങ്ങളുമായി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന എന്നിവിടങ്ങളില്‍ അധികാരത്തിലിരിക്കുന്ന സംഘപരിവാരങ്ങള്‍ രംഗത്ത് വന്നു കഴിഞ്ഞു. ‘ലൗ ജിഹാദ്’ ഇപ്പോഴും നടപ്പിലുണ്ടെന്നും അത് നിര്‍ത്തലാക്കണമെന്നുമാണ് അവരുടെ ഭീഷണി. ലൗ ജിഹാദ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ശിക്ഷ ഏര്‍പ്പെടുത്താനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്‍റെ പ്രസ്താവനകള്‍ക്ക് പിന്നാലെ തന്‍റെ നിലപാടുകള്‍ അരക്കിട്ടുറപ്പിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തിക്കഴിഞ്ഞു. വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ ‘മാനം’ കൊണ്ട് കളിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വന്ന ആദിത്യ നാഥ് ലൗ ജിഹാദിനെതിരെ നിയമ നിര്‍മ്മാണത്തിനായുള്ള പ്രാരംഭ നടപടികള്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്.
നിലവിലെ നിയമത്തില്‍ ലൗ ജിഹാദ് എന്നൊരു നിര്‍വചനമില്ലെന്നും ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കീഴില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഈ വര്‍ഷം ആദ്യം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍, ലൗ ജിഹാദ് കേസുകളില്‍ നിയമനിര്‍മാണത്തെപ്പറ്റി കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന വാദവുമായാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രംഗത്തെത്തിയത്. അതേസമയം, ലൗ ജിഹാദ് ഒരു സാമൂഹിക വിപത്താണെന്നാണ് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പ്രസ്താവന.
ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ‘ലൗ ജിഹാദ്’ എന്ന വിചിത്രമായ കുറ്റാരോപണം പ്രാവര്‍ത്തികമാക്കിത്തുടങ്ങിയത്. മുസ്ലീം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ കേരള ചരിത്രത്തില്‍ വേറെയുണ്ടാകാനിടയില്ല. ലൗ ജിഹാദ് വിഷയത്തില്‍ നിരന്തരം നിരപരാധിത്വം തെളിയിക്കുവാന്‍ ഒരു സമുദായം ഒന്നാകെ വലിച്ചിഴക്കപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ വിധ്വംസക രാഷ്ട്രീയത്തിന് പൊതുവേ വളക്കൂറില്ലാത്ത കേരളത്തില്‍ ഇത് സംഭവിച്ചുവെങ്കില്‍ ഹിന്ദു ദേശീയതയും തീവ്ര മതരാഷ്ട്രീയ അജണ്ടകളും സിരകളില്‍ വഹിക്കുന്ന ഭരണകര്‍ത്താക്കളില്‍ നിന്ന് അന്യായ നിലപാടുകള്‍ പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ ലൗ ജിഹാദിനെ ഒരു മാരകായുധമാക്കി നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ സ്വാസ്ഥ്യവും മതാതീതമായ സ്ത്രീ പുരുഷ ബന്ധങ്ങളെയും പ്രണയത്തെയും വിവാഹങ്ങളെയും ഇല്ലാതാക്കുന്നതിനെ നാം കരുതിയിരിക്കണം.
ലൗ ജിഹാദ് ഒരു രാഷ്ട്രീയ കുതന്ത്രം
സ്‌നേഹം, പ്രേമം, പ്രണയം തുടങ്ങിയ അര്‍ത്ഥങ്ങള്‍ തരുന്ന ഇംഗ്ലീഷ് വാക്കാണ് ‘ലൗ’. ഇസ്‌ലാമിലെ ഏറ്റവും വിവാദമാക്കപ്പെട്ടിട്ടുള്ള വ്യവഹാരങ്ങളില്‍ മുന്‍നിരയിലുള്ള സംജ്ഞയാണ് ‘ജിഹാദ്’. പരിശ്രമിക്കുക, പ്രയത്‌നിക്കുക എന്നതെല്ലാമാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. രാഷ്ട്രീയ തത്വചിന്തയില്‍ അത് ഭരണകൂട നിര്‍ദേശ പ്രകാരമുള്ള സായുധപോരോട്ടം കൂടിയാണ്. മുസ്‌ലിമായ വ്യക്തി മുസ്‌ലിമല്ലാത്ത ആളുകളെ വകവരുത്താനുള്ള യുദ്ധ തന്ത്രമാണ് ജിഹാദെന്ന ദുര്‍വ്യാഖ്യാനങ്ങളും നിലവിലുണ്ട്. ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയിലെ ഒരു തത്വമായ ജിഹാദിന് ആധുനിക യുഗത്തില്‍ എത്രത്തോളം പരിണാമം സംഭവിച്ചു എന്നുള്ളത് ‘ലൗ ജിഹാദ്’ വീണ്ടും വിവാദമാകുന്ന സന്ദര്‍ഭത്തിലാണ് പരിശോധിക്കപ്പെടേണ്ടത്.
സംഘപരിവാര്‍ നിര്‍മ്മിതിയെന്ന് പരക്കെ അറിയപ്പെടുന്ന ലൗ ജിഹാദിന്റെ ഉത്ഭവം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നല്ല. കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്‌ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദത്തിന്റെ പേരാണ് ലൗ ജിഹാദ്. ഒരുപക്ഷെ കേരളത്തിലാണ് ഇതിന്റെ ബീജാവാപവും, പിറവിയും എന്നത് തന്നെയാകണം ഈ രാഷ്ട്രീയ സംജ്ഞ ഇത്രയേറെ പ്രചരിക്കാനും ചൂടേറിയ സംവാദങ്ങള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ഇടം നല്‍കാനും കാരണമായത്.
മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കര്‍ണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ ഗൗരവമേറിയ മറ്റൊരു തലത്തിലേക്ക് പോയി. വിവാദങ്ങള്‍ വ്യാപകമായതോടെ കേരളത്തില്‍ ലൗ ജിഹാദ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനായി അന്നത്തെ സംസ്ഥാന ഡിജിപി ജേക്കബ് പുന്നൂസിനോടും ആഭ്യന്തരമന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലൗ ജിഹാദ് പ്രസ്ഥാനങ്ങളുണ്ടെങ്കില്‍ അവര്‍ക്കുള്ള ദേശീയ- അന്തര്‍ദ്ദേശീയ ബന്ധവും അത്തരക്കാര്‍ക്ക് മയക്കുമരുന്ന്- കൊള്ളസംഘങ്ങള്‍ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.
ഇതിനുപിന്നാലെ ലൗ ജിഹാദിനെ പ്രധാനപ്പെട്ട പ്രശ്‌നമായി കാണണമെന്ന ആവശ്യമുന്നയിച്ച് കേരളത്തിലെ ഹൈന്ദവസംഘടനകളും ബിജെപിയും സജീവമായി. ഇതിന്റെ പേരില്‍ കേരളത്തിലെയും കര്‍ണ്ണാടകയിലെയും കുറെ ന്യൂനപക്ഷ യുവാക്കള്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലുമായി പീഡിപ്പിക്കപ്പെട്ടു. പക്ഷെ, സംഘപരിവാറിന് ഉദ്ദേശിച്ചതുപോലെ ഒരു രാഷ്ട്രീയ നേട്ടം കൊയ്യാനായില്ല. കേരള ഡിജിപി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇത്തരത്തില്‍ സംഘടനകള്‍ കേരളത്തില്‍ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കിയിരുന്നു.
ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം കുപ്രചാരണങ്ങള്‍ എന്നും നീതിപീഠത്തിന്റെ മനസ്സിനെ ഇത് വേദനിപ്പിക്കുന്നു എന്നുമാണ് അന്ന് കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് എം ശശിധരന്‍ വിധിന്യായത്തില്‍ പറഞ്ഞത്. മാത്രമല്ല പൊലീസ് മനഃപൂര്‍വ്വം കെട്ടിച്ചമച്ച കേസാണിതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ജസ്റ്റിസ് ശശിധരന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ സാധാരണമായതിനാല്‍ അതൊരു കുറ്റമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനെക്കുറിച്ച് പൊലീസ് സത്യവാങ്മൂലം നല്കണമെന്നായിരുന്നു കോടതി നിര്‍ദേശം.
എന്നാല്‍ അവിടം കൊണ്ട് ഒന്നും തീര്‍ന്നില്ല. കേരളം ഏറെ ചര്‍ച്ച ചെയ്ത ഹാദിയ- ഷെഫിന്‍ ജഹാന്‍ കേസ് ലൗ ജിഹാദ് ആണെന്നാരോപിച്ച് ചില രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയതോടെ വീണ്ടും ലൗ ജിഹാദ് ചര്‍ച്ചകള്‍ പെരുകി. കോട്ടയം ജില്ലയില്‍ വൈക്കം സ്വദേശികളായ അശോകന്‍- പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില എന്ന 25 വയസുകാരിയായ ഹോമിയോപതി ഡോക്ടര്‍ ട്രെയിനി ഇസ്‌ലാം മതം സ്വീകരിച്ച് ഹാദിയയായി മാറിയതും അവരുടെ വിവാഹം സംബന്ധിച്ച വിവാദങ്ങളുമായിരുന്നു ചര്‍ച്ചകള്‍ക്കാധാരം. കേസില്‍ എന്‍ഐഎ അന്വേഷണത്തിന് വരെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2018 മാര്‍ച്ച് എട്ടിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാലവിധിയില്‍ ഹാദിയ- ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്ന് വിധിക്കുകയും മറ്റ് ആരോപണങ്ങള്‍ വേറെ തന്നെ അന്വേഷിക്കണമെന്ന് ഉത്തരവിടുകയുമായിരുന്നു.
അക്കാലയളവില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ പോലും ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് ലേഖന പരമ്പരകള്‍ വന്നു. നമ്മുടെ ചില ദൃശ്യ മാധ്യമങ്ങളും അത് വാര്‍ത്താപരമ്പരയാക്കി. ലൗ ജിഹാദ് എന്നത് ഹിന്ദുത്വയില്‍ രൂപപ്പെടുത്തിയ ഒരു വര്‍ഗ്ഗിയ പ്രചാരണം മാത്രമായിരുന്നു എന്ന് നീതിപീഠവും പൊലീസും തിരിച്ചറിഞ്ഞതിനു ശേഷവും നിലനില്‍പ്പിനായി എന്നും നുണപ്രചരണങ്ങളെ ആശ്രയിക്കുന്ന ഹിന്ദുത്വ ബന്ധമുള്ള വെബ്സൈറ്റുകളും സംഘടനകളും ഈ ആരോപണം സജീവമായി നിലനിര്‍ത്താനും, രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന നവസാമൂഹികപ്രസ്ഥാനങ്ങളെ കരിവാരിത്തേക്കാനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. ആരോഗ്യകരമായ സ്ത്രീ- പുരുഷ സൗഹൃദങ്ങളെ ക്യാമ്പസ്സുകളില്‍ പോലും സംശയദൃഷ്ടിയോടെ കാണുന്ന അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സാമൂഹികാവസ്ഥയായിരുന്നു ഇതിന്‍റെ ഫലം.
സംഘപരിവാറിന്‍റെ പ്രഹസനങ്ങള്‍ ശരിവച്ച് കേരളത്തിലെ ചില രാഷ്ട്രീയ കക്ഷികളും രംഗത്തുവന്നെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഇവിടെ ഉദാഹരിക്കാവുന്നതാണ്. കേരളത്തില്‍ നിന്ന് ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കട്ടികളെ ലൗ ജിഹാദിന്‍റെ പേരില്‍ നാടുകടത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.
ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ രണ്ട് പേരുടെ മെസേജ് വന്നെന്നും തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നും രക്ഷിക്കണമെന്നും അവര്‍ പറഞ്ഞതായും എംഎല്‍എ പറഞ്ഞു. രാജ്യത്തെ പെണ്‍കുട്ടികളെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ മതംമാറ്റി മുസ്‌ലിമാക്കി ഉപയോഗിക്കുകയാണെന്നായിരുന്നു പിസി ജോര്‍ജ്ജിന്‍റെ ആരോപണം. രാഷ്ട്രീയ കക്ഷികള്‍ക്ക് പുറമെ ക്രൈസ്തവ കൂട്ടായ്മയായ സീറോ മലബാര്‍ സഭയും ലൗ ജിഹാദ് സംബന്ധിച്ച ആരോപണങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതാണ്. എന്നാല്‍, ഈ ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ തന്നെ വിശദീകരണം നല്‍കിയിരുന്നു.
ലൗ ജിഹാദ് എന്ന തെരഞ്ഞെടുപ്പ് അജണ്ട
ഹരിയാന, യുപി, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങി നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സമീപകാലത്ത് തെരഞ്ഞെടുപ്പ് നേരിട്ടതും നേരിടുന്നതുമാണ്. ജനങ്ങള്‍ക്ക് അവര്‍ നല്‍കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ലൗ ജിഹാദ് നിരോധിക്കാന്‍ പ്രത്യേക നിയമനിര്‍മാണം. സംഘപരിവാര്‍ അജണ്ടകളിലെ പ്രധാന വിഷയമായി ലൗ ജിഹാദ് മാറിക്കഴിഞ്ഞുവെന്നതിന്റെ ഉദാഹരണമാണ് ഈ സംസ്ഥാനങ്ങളുടെ സമീപകാല പ്രസ്താവനകള്‍. നാസി ജര്‍മ്മിനിയില്‍ നിന്ന് ജൂതന്മാരെ തുരത്താന്‍ ഹിറ്റ്ലര്‍ നടത്തിയ പ്രചാരണങ്ങളില്‍ ഒന്നായിരുന്നു ജൂതന്‍മാരായ പയ്യന്‍മാര്‍ വ്യാജ പ്രണയത്തിലൂടെ ജര്‍മന്‍ പെണ്‍കുട്ടികളെ തട്ടിയെടുക്കുമെന്ന ആരോപണം. ഈ നാസി പ്രചാരണ തന്ത്രത്തിന്‍റെ ലാഞ്ചനകള്‍ ലൗ ജിഹാദിലും കാണാം.
2013 ല്‍ ഉത്തര്‍പ്രദേശില്‍ ‘ലൗ ജിഹാദ്’ കുപ്രചരണം ഹിന്ദു– മുസ്‌ലിം കലാപത്തിലാണ് അവസാനിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ പോലും സഹവര്‍ത്തിത്വത്തോടെ ജീവിച്ച മുസഫര്‍ നഗറിലെ രണ്ട് സമുദായക്കാര്‍ ഈ കുപ്രചരണത്തില്‍ വീഴുകയും പരസ്പരം പോരടിക്കുകയും ചെയ്തു. 2014 സെപ്റ്റംബര്‍ 13ന് യുപിയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലവ് ജിഹാദ് പ്രചാരണവുമായി ആര്‍എസ്എസ് വീണ്ടും രംഗപ്രവേശം ചെയ്യുകയും ലവ് ജിഹാദിന് ഇരയാകുന്ന ഹിന്ദുസ്ത്രീകളെ രക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
സംഘപരിവാറില്‍പ്പെട്ട വിഎച്ച്പി, ബജ്‌റംഗ്ദള്‍, ഹിന്ദു ജാഗരണ്‍ മഞ്ച്, ധര്‍മ ജാഗരണ്‍ മഞ്ച് എന്നിവയും ലവ് ജിഹാദ് പ്രചാരണം നടത്തിയിരുന്നു. മുസ്ലിം യുവാക്കള്‍ ചേലാകര്‍മ്മം ചെയ്യുന്നതിനാല്‍ ഹൈന്ദവ യുവതികള്‍ക്ക് പരമാവധി ലൈംഗിക ആനന്ദം പ്രദാനം ചെയ്യാന്‍ സാധിക്കുന്നതു കൊണ്ടാണ് ഹിന്ദു യുവതികള്‍ ഇത്തരം കെണികളില്‍ പെട്ടുപോകുന്നത് എന്ന വിഎച്ച്പി നേതാവ് ഗിരിരാജ് കിഷോറിന്റെ പ്രസ്താവന സംഘപരിവാരങ്ങള്‍ പാര്‍ലമെന്ററി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഏതറ്റം വരെയും പോകുമെന്നതിന് തെളിവായിരുന്നു. ഇതിനായി സ്വന്തം സമുദായത്തിലെ യുവതീ യുവാക്കളെ അപമാനിക്കുന്നത് ഒരു വിഷയമേ അല്ലാതായി.
ഒരു ഹിന്ദു യുവതിയെ മുസ്ലിം വിശ്വാസി വിവാഹം ചെയ്താല്‍ 100 മുസ്ലിം സ്ത്രീകളെ വിവാഹം ചെയ്ത് ഹിന്ദുമതത്തിലേക്ക് മാറ്റണമെന്നായിരുന്നു അന്ന് ഗോരഖ്പൂര്‍ എംപിയായിരുന്ന യോഗി ആദിത്യനാഥിന്‍റെ ആരോപണം. ഉത്തര്‍പ്രദേശില്‍ ‘ലവ് ജിഹാദ്’ നിലനില്‍ക്കുന്നുവെന്നും അഖിലേഷ് യാദവ് സര്‍ക്കാര്‍ അതിനു ചൂട്ടു പിടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ഗുജറാത്ത് മോഡലിനേയും നരേന്ദ്ര മോദിയേയും ഉയര്‍ത്തി പിടിച്ചാണ് ബിജെപി 2014ല്‍ ഇലക്ഷന്‍ പ്രചാരണം നടത്തിയത്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് അമിത്ഷായും സംഘവും ഏര്‍പ്പെട്ടത്. ‘നമ്മുടെ സ്ത്രീകളുടെ മാനം കവരുന്നവരാണ് മുസ്ലിങ്ങള്‍’ എന്ന തരത്തിലായിരുന്നു അമിത് ഷായുടെ പ്രസംഗങ്ങള്‍. ‘നമ്മുടെ പെണ്‍കുട്ടികളുടേയും മരുമക്കളുടേയും മാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പ്’ എന്നായിരുന്നു മുസഫര്‍നഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് സഞ്ജീവ് ബല്യാന്റെ ഇലക്ഷന്‍ മുദ്രാവാക്യം.
തെരഞ്ഞെടുപ്പിന് ശേഷം ദേശീയ മാധ്യമങ്ങളില്‍ തട്ടികൊണ്ടു പോകലും, കൂട്ടബലാത്സംഗവും നിര്‍ബന്ധ മതപരിവര്‍ത്തനവും അടക്കമുള്ള വാര്‍ത്തകളാണ് നിറഞ്ഞു നിന്നത്. ഇതിനു പിന്നാലെ നടന്ന ഹിന്ദു സംഘടനകളുടെ പ്രതിഷേധ പരിപാടികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. ഹിന്ദി പത്രങ്ങളൊക്കെ തന്നെ കഴിഞ്ഞ അനേകം വര്‍ഷങ്ങളായി ലൗ ജിഹാദ് എന്ന പദം ആഘോഷിക്കുകയാണെന്നു തന്നെ പറയാം. അദ്വാനിയുടെ രഥയാത്രയും രാമക്ഷേത്രവും ഒരു കാലത്ത് സംഘപരിവാര്‍ വിദഗ്ദമായി ഉപയോഗിച്ച് ഇന്ത്യയുടെ മതേതരത്വത്തില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചു. പിന്നീട് കോടാനുകോടികള്‍ മുടക്കി മാധ്യമങ്ങളെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളെയും പിആര്‍ ഗിമ്മിക്കുകളെയും മുന്‍നിര്‍ത്തി നരേന്ദ്ര മോദിയെന്ന തുറുപ്പുചീട്ടിറക്കി വിജയം നേടി. എന്നാല്‍, രാമക്ഷേത്രവും മോദി മാജിക്കും രാഷ്ട്രീയ ഗോദയിലെ എടുക്കാച്ചരക്കുകളായിരിക്കുന്നു എന്നതിന്‍റെ തെളിവായാണ് ലൗ ജിഹാദെന്ന ജിന്ന് സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പ്രഹസനങ്ങള്‍
ലൗ ജിഹാദ് വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന രേഖ അലഹബാദ് ഹൈക്കോടതി വിധിയാണ്. 2020 ഒക്‌ടോബര്‍ 30 ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ച ദമ്പതികളുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. പെണ്‍കുട്ടി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹർജി തള്ളിയത്. വിവാഹത്തിന് വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തരുതെന്ന 2014ലെ നൂര്‍ജഹാന്‍ ബീഗം കേസിലെ വിധി ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കോടതി നടപടി. എന്തെങ്കിലും ഒരു കാര്യം സാധിക്കുന്നതിന് വേണ്ടി മാത്രം മതം മാറുന്നത് സത്യസന്ധമായ കാര്യമാവില്ലെന്നും കോടതി നിരീക്ഷിച്ചു. ആര്‍ട്ടിക്കിള്‍ 226 പ്രകാരം കേസില്‍ ഇടപെടാന്‍ താത്പര്യമില്ലെന്നും കോടതി പറഞ്ഞിരുന്നു. മതപരിവര്‍ത്തനം നടത്തപ്പെടുന്നുണ്ടെങ്കില്‍ അതില്‍ വിശ്വാസവും ആത്മാര്‍ത്ഥതയുമുണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇതിനു പിന്നാലെയാണ് അപരവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശവുമായി യോഗി ആദിത്യനാഥ് പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ സഹോദരിമാരുടെ മാനം കൊണ്ട് കളിക്കുന്നവരെ രാമ നാമ സത്യ ചൊല്ലി പറഞ്ഞയക്കുമെന്നായിരുന്നു ഭീഷണി. ഹിന്ദു ആചാര പ്രകാരമുള്ള ശവസംസ്‌കാര ചടങ്ങിനിടെ ചൊല്ലുന്ന മന്ത്രമാണ് രാമ നാമ സത്യ. ലൗ ജിഹാദിനെതിരായ നിയമ നിര്‍മ്മാണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ശുപാര്‍ശ നല്‍കി ഒരു മുഴം മുന്നേ എറിഞ്ഞ് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് യുപി. എന്നാല്‍ ഇല്ലാത്ത ലൗ ജിഹാദിനെതിരെ കൊടുമ്പിരികൊള്ളുന്ന പ്രസ്താവനകളുടെയും വാഗ്ദാനങ്ങളുടെയും ആവശ്യമെന്തെന്നാണ് മുഴച്ചു നില്‍ക്കുന്ന ചോദ്യം.
ലൗ ജിഹാദ് എന്ന് പേരിട്ട് യുപി പൊലീസ് അന്വേഷണം ആരംഭിക്കുന്ന കേസുകളെല്ലാം പെട്ടെന്ന് തന്നെ അവസാനിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ലൗ ജിഹാദ് ഉണ്ട് എന്നതിന് തെളിവായി കഴിഞ്ഞ ആഗസ്റ്റ് 20ന് യോഗി ആദിത്യനാഥിന്‍റെ മീഡിയ അഡ്‍വൈസര്‍ ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ശാലിനി യാദവ് എന്ന യുവതിയായിരുന്നു ആ വീഡിയോയിലുണ്ടായിരുന്നത്. അതിന് ശേഷം യുപി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. യുപിയിലെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനായിരുന്നു അന്വേഷണചുമതല.
ഹിന്ദു പെണ്‍കുട്ടികള്‍ ആരൊക്കെയാണ് മുസ്‍ലിം യുവാക്കളെ വിവാഹം കഴിച്ചത്, ആരൊക്കെയാണ് മുസ്‍ലിം യുവാക്കളുമായി പ്രണയത്തിലുള്ളത് എന്നായിരുന്നു പ്രധാന അന്വേഷണം. 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, യോഗിയുടെ മീഡിയ അഡ്‍വൈസര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്നും, യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത 14 കേസുകളില്‍ 7 കേസുകളിലും അന്വേഷണം അവസാനിപ്പിച്ചെന്നും എന്‍ഡിടിവി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. തങ്ങളുടെ വിവാഹം, ഇഷ്ടപ്പെട്ട് പരസ്പര ധാരണയോടെയായിരുന്നുവെന്നും സുഖമായും സന്തോഷത്തോടെയുമാണ് തങ്ങളുടെ ജീവിതമെന്നും ‘മുസ്‍ലിം ഭര്‍ത്താവും ഹിന്ദു ഭാര്യയും’ ഏക സ്വരത്തില്‍ പറഞ്ഞതിനാലാണ്, അന്വേഷണമാരംഭിച്ച 14 കേസുകളില്‍ പകുതിയും രണ്ടുമാസത്തിന് ശേഷം ക്ലോസ് ചെയ്തതെന്ന് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ ഉദ്യോഗസ്ഥനായ വികാസ് പാണ്ഡെ വിശദീകരിക്കുകയും ചെയ്തിരുന്നു.
നിയമനിര്‍മ്മാണത്തിനുള്ള മത്സരം
യുപിയ്ക്ക് ശേഷം ലൗ ജിഹാദ് വിഷയത്തില്‍ പരസ്യ പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറായിരുന്നു രംഗത്ത് വന്നത്. ഫരീദാബാദില്‍ കോളേജ് വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്ന സംഭവം ലൗ ജിഹാദുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇതിനെതിരെയുള്ള നിയമനിര്‍മാണത്തെ പറ്റി ആലോചിച്ചുവരികയാണ്. നിയമപരമായ വ്യവസ്ഥകള്‍ പ്രാബല്യത്തിലാക്കുന്നതോടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. നിരപരാധിയായ ഒരു വ്യക്തിയ്ക്കും ശിക്ഷ ലഭിക്കില്ലെന്നുമായിരുന്നു ഖട്ടറിന്‍റെ പ്രസ്താവന.
നേരത്തെ ഹരിയാന ആഭ്യന്തര മന്ത്രിയായ അനില്‍ വിജ്, ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തണമെന്നാവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ലൗ ജിഹാദിനെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നായിരുന്നു വിജ് പറഞ്ഞത്. ലൗ ജിഹാദെന്ന സാമൂഹിക തിന്മയില്ലാതാക്കാന്‍ ഒരു നിയമ നിര്‍മ്മാണത്തിന്‍റെ സാധുത വിദഗ്ദരുമായി ചര്‍ച്ച ചെയ്യുന്നുവെന്ന പരാമര്‍ശവുമായാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വിഷയത്തില്‍ ആശങ്ക അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങൾ എന്ത് ചെയ്യുന്നുവെന്ന് അറിയില്ല. കർണാടക ഇതിന് അറുതി വരുത്തുവാൻ പോവുകയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
പ്രണയത്തിന്റെ പേരില്‍ ജിഹാദ് നടത്തുന്നത് അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ലൗ ജിഹാദ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ഉറപ്പാക്കുന്ന നിയമം വാഗ്ദാനം ചെയ്ത് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര കളത്തിലിറങ്ങിയത്. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും പ്രതികള്‍ക്ക് കഠിനശിക്ഷ തന്നെ ഏര്‍പ്പെടുത്തുമെന്നും മിശ്ര പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് വിഭാഗത്തിലാണ് ലൗ ജിഹാദ് കേസുകള്‍ ഉള്‍പ്പെടുത്തുക. മതം മാറ്റത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും ശിക്ഷയേര്‍പ്പെടുത്തും. ജിഹാദ് അല്ലാത്ത സാധാരണ മതപരിവര്‍ത്തനത്തിനും ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും. മതംമാറ്റത്തിന് ഒരു മാസം മുമ്പ് ജില്ലാ കളക്ടറെ അറിയിക്കണം തുടങ്ങിയ മുന്നറിയിപ്പും മിശ്ര നല്‍കി.
ലൗ ജിഹാദെന്ന മിഥ്യാ ധാരണയ്ക്ക് പുറത്ത് തികഞ്ഞ ആവേശത്തോടെ പ്രതികരണങ്ങള്‍ വാരിച്ചൊരിയുന്ന ഈ നേതാക്കള്‍ ‘മാനം’ നഷ്ടപ്പെടുന്നതും ചൂഷണത്തിനിരയാകുന്നതുമായ പെണ്‍കുട്ടികള്‍ക്കും നിരാലംബരായ മാതാപിതാക്കള്‍ക്കും തണലായി സമൂഹത്തിന് ദൂരവ്യാപക ദോഷം ചെയ്യുന്നതായി വിലയിരുത്തപ്പെടുന്ന ‘തിന്മ’യെ അകറ്റാനല്ല ശ്രമിക്കുന്നതെന്ന് നിസ്സംശയം പറയാം. രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെ ഇന്ത്യയുടെ മതേതര മനസിനെ ഭിന്നിപ്പിക്കുക തന്നെയാണ് ലക്ഷ്യം. ലൗ ജിഹാദ് വ്യത്യസ്തമായ പേരിലും ഭാവത്തിലും ഇന്ത്യയിലുടനീളം രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തി, ന്യൂനപക്ഷങ്ങളെ പ്രതിക്കൂട്ടിലിട്ട് വിചാരണ ചെയ്ത് തുരത്തി, രാഷ്ട്രത്തെ കാവിവത്കരിക്കാനുള്ള അപ്രഖ്യാപിത അജണ്ടയാണിതെന്നതും വ്യക്തം.
സംഘപരിവാറിന്‍റെ ബഹിഷ്കരണ ഭീഷണികള്‍
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന ഭരണഘടനാ സ്ഥാപനമായ വനിത കമ്മീഷന്‍ വരെ ലൗ ജിഹാദ് വിഷയത്തില്‍ വിമര്‍ശനാത്മകമായ പ്രസ്താവനകള്‍ നിരത്തിയതാണ്. രാജ്യത്ത് ലൗ ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ രേഖ ശര്‍മ്മയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നതടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സംഘപരിവാര്‍ സംഘടനകളുടെ ‘ലൗ ജിഹാദ്’ എന്ന പ്രചാരണം രാജ്യത്തെ സ്വതന്ത്ര സംവിധാനത്തിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഏറ്റുപിടിക്കുന്നതിലെ ദുരവസ്ഥ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്.
എന്നാല്‍, ലൗ ജിഹാദ് കേസുകളെപ്പറ്റി തങ്ങളുടെ കൈയില്‍ യാതൊരു വിവരവുമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ തന്നെ വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ പരാമര്‍ശിക്കുകയുണ്ടായി. അശോക യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അനികേത് ആഗ ഒക്‌ടോബര്‍ 23ന് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കമ്മീഷന്‍ മറുപടി നല്‍കിയത്. ലൗ ജിഹാദ് കേസുകളുടെ എണ്ണമൊന്നും സൂക്ഷിച്ചിട്ടില്ലെന്നാണ് കമ്മീഷന്‍ മറുപടിയില്‍ പറയുന്നത്. സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വരെ ‘ലൗ ജിഹാദ്’ എന്നൊന്നില്ലെന്ന് പറയുമ്പോള്‍ എന്തിന്‍റെ അടിസ്ഥാനത്തിലാണ് ലൗ ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നതായി വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞത്?
ടാറ്റ ഗ്രൂപ്പിന്‍റെ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്കിന്‍റെ മതസൗഹാര്‍ദ്ദം കാണിക്കുന്ന ‘ഏകത്വം’ എന്ന പരസ്യം ലൗ ജിഹാദിന്‍റെ പേരില്‍ വിവാദമായ പശ്ചാത്തലം മുതലെടുത്തായിരുന്നു വനിത കമ്മീഷന്‍ അദ്ധ്യക്ഷയുടെ വസ്തുത വിരുദ്ധമായ വാദം. മുസ്ലിം വിശ്വാസിയായ അമ്മായി അമ്മയും ഹൈന്ദവ വിശ്വാസിയായ മരുമകളും തമ്മിലുള്ള ഊഷ്മള ബന്ധം ചിത്രീകരിച്ചതായിരുന്നു പരസ്യത്തിലെ പിഴവ്. ഇത് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വ്യാഖ്യാനിച്ച് ഹിന്ദുത്വ വാദികള്‍ ബഹിഷ്‌കരണ ഭീഷണിയും മുഴക്കി ബോയ്‌കോട്ട് തനിഷ്‌ക് (#BoycottTanishq ) എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സംഘടിത സൈബര്‍ ആക്രമണത്തിന് തിരികൊളുത്തുകയായിരുന്നു.
ഒടുക്കം കമ്പനിക്ക് പരസ്യം പിന്‍വലിക്കേണ്ട അവസ്ഥ വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ഗുജറാത്തിലെ ഗാന്ധിഗ്രാമിലെ തനിഷ്ക് ഷോറൂമില്‍ ആക്രമണമഴിച്ചുവിട്ട് മാനേജറെക്കൊണ്ട് മാപ്പെഴുതി വാങ്ങിയതടക്കമുള്ള നടപടി മതേതരത്വമെന്ന ഭരണഘടനാ മൂല്യം നാലു വീതം മൂന്നു നേരമെന്ന കണക്കില്‍ ഉദ്ഘോഷിക്കുന്ന ഇന്ത്യാമഹാരാജ്യത്തിന് എക്കാലവും ലജ്ജാവഹമായിരിക്കും.
അതേസമയം, സംഘപരിവാറിന്‍റെ ബഹിഷ്കരണ ഭീഷണി നേരിടുന്നതും നേരിട്ടതുമായ പ്രമുഖ ബ്രാന്‍റുകളുടെയും സംരംഭങ്ങളുടെയും കലാസൃഷ്ടികളുടെയും അനന്തമായ പട്ടികയില്‍ ഒന്നുമാത്രമാണ് തനിഷ്ക്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ രാജ്യത്തെ പ്രമുഖ കമ്പനികള്‍ക്ക് വന്‍ പണം മുടക്കി നിര്‍മ്മിച്ച പരസ്യചിത്രങ്ങളും മറ്റും അന്യായമായ ആരോപണങ്ങളുടെ പേരില്‍ പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. നേരത്തെ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ സര്‍ഫ് എക്സലിനെതിരെയും സംഘപരിവാര്‍ ആക്രമണം നടത്തിയിരുന്നു. ഹോളി ആഘോഷവുമായി ബന്ധപ്പെടുത്തി ഹിന്ദു- മുസ്ലീം കുട്ടികളുടെ സൗഹാര്‍ദ്ദം കാണിക്കുന്ന പരസ്യ ചിത്രമായിരുന്നു ബലിയാടായത്. പരസ്യം പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നും സംഘപരിവാരങ്ങള്‍ മുറവിളികൂട്ടിയെങ്കിലും കമ്പനി അതിന് തയ്യാറായില്ല എന്നതാണ് ഇവിടെ ശ്രദ്ധേയം.
സിനിമ, പുസ്തകങ്ങള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍, പ്രസംഗങ്ങള്‍ തുടങ്ങി മതനിരപേക്ഷ ചേരിയിൽ ഉറച്ചു നിന്ന് ശക്തമായ നിലപാടെടുക്കുന്ന ഏതൊരു സൃഷ്ടിയും ആക്രമിക്കപ്പെടുകയാണ്. ഈ ഹിന്ദുത്വഭീകരതയെ തുറന്നുകാട്ടുന്നവരാരുമാകട്ടെ അവര്‍ക്കെതിരെ അനുനിമിഷം പുതിയ ഭീഷണികളും വിലക്കുകളും കൊലവിളിയുമായി രംഗത്ത് വരികയാണ് ഗാന്ധിജിയുടെയും ഗോവിന്ദ് പൻസാരെയുടെയും ധാബോൽക്കറുടെയും കലബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും ഘാതകർ.
ഡിജിറ്റല്‍ ഉള്ളടക്കങ്ങളെല്ലാം സെന്‍സര്‍ഷിപ്പ് നടപടികള്‍ക്ക് വിധേയമാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടിയാണ് ഒടുക്കം വന്നത്. ആധുനികതയുടെ കുത്തൊഴുക്കില്‍ അടിതെറ്റിയ മതങ്ങളും അവയുടെ പ്രാചീനമായ മൂല്യബോധവും അധികാരത്തിന്‍റെ മറവില്‍ പിന്നെയും തഴച്ചു വളരുകയാണ്. “എന്താണ് ആവിഷ്കാര സ്വാതന്ത്ര്യം? ഒന്നിനെയും എതിർക്കാതെയും, നോവിക്കാതെയും ഉള്ള ആവിഷ്കാരം മരണമടഞ്ഞതാണ്” എന്ന സല്‍മാന്‍ റുഷ്ദിയുടെ വാക്കുകളാണ് ഇവിടെ ഓര്‍ത്തുപോകുന്നത്.
സമാനരീതിയില്‍ പ്രണയത്തിന്റെ വര്‍ഗ്ഗീയവത്ക്കരണ സാധ്യതകള്‍ ആരാഞ്ഞുകൊണ്ട് സംഘപരിവാര്‍ ലൗ ജിഹാദ് ഉപയോഗപ്പെടുത്തുകയാണ്. ധാരാളം മതേതര പ്രണയങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും വേദിയായ, പുരോഗമനപരമായ കേരള സമൂഹത്തില്‍ പോലും മിശ്രവിവാഹങ്ങള്‍ ഫാസിസ്റ്റ് ഭീതിയോടെയാണ് നടക്കുന്നതെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാകില്ല. ചില അപൂര്‍വ്വ അവസരങ്ങളിലെങ്കിലും നമ്മുടെ പൊലീസും ജുഡീഷ്യറിയുമെല്ലാം ആഴവും പരപ്പുമുള്ള ഇത്തരം കെണിയില്‍പ്പെട്ട് തെറ്റിദ്ധരിക്കപ്പെടുന്നു എന്നതും അസ്വസ്ഥതയുളവാക്കുന്ന വസ്തുതയാണ്.
ഹിന്ദുത്വ വലതുപക്ഷത്തിനും സവര്‍ണ്ണ ഹിന്ദുക്കള്‍ക്കും ഗുണകരമായ ലൗ ജിഹാദ് മനുഷ്യവകാശ ലംഘനം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ തന്നെ ലംഘനമാണ്. ശക്തമായ അപരവിരോധം വളര്‍ത്തി ദളിതരും മുസ്ലീങ്ങളുമടങ്ങുന്ന ന്യൂനപക്ഷ വിഭാഗത്തെ ചൂഷണം ചെയ്യുക തന്നെയായിരിക്കും ലൗ ജിഹാദിനെതിരെ വരാനിരിക്കുന്ന നിയമങ്ങളുടെ നട്ടെല്ല്. ഫാസിസം അവിവേകികളുടെ താവളമാണ്. സംസ്കാരം അവരുടെ ഉത്തരവാദിത്തമല്ല. ഫാസിസത്തിന്റെ വരവിനെ തടയുകയല്ലാതെ അവരെ നന്നാക്കിയെടുക്കുക സാധ്യമല്ല. അതിനാല്‍ രാഷ്ട്രീയമായ ജാഗ്രതയാണ് ഇന്ന് ജനസാമാന്യത്തിന് ആവശ്യം.