ലഖ്നൗ: അമ്പതോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. ചിത്രകൂട് സ്വദേശിയായ രാംഭവാനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
അഞ്ചുമുതല്‍ 16 വയസ്സുവരെ പ്രായമുളള കുട്ടികളെയാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇയാള്‍ പീഡിപ്പിച്ചതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പീഡനത്തിന്റെ ചിത്രങ്ങളും വീഡിയോകളും വിറ്റ് പണം സന്പാദിക്കുകയും ചെയ്തു. ബാന്ദ, ചിത്രകൂട്, ഹമിര്‍പുര്‍ ജില്ലകളിലാണ് ഇയാള്‍ പീഡനങ്ങള്‍ നടത്തിയതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ബാന്ദ ജില്ലയില്‍നിന്നാണ് രാംഭവാനെ സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. കൂട്ടുപ്രതികളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ അപേക്ഷ നല്‍കും
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകളും എട്ടുലക്ഷത്തോളം രൂപയും സെക്സ്ടോയികളും ലാപ്ടോപ്പും മറ്റു ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തി. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ വലിയശേഖരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
കുട്ടികളെ മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നല്കി പ്രലോഭിപ്പിച്ചാണ് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.