ന്യൂ ഡല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനെ സ്വകാര്യവത്കരിക്കുന്നതിനോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ച ലേല അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തീയതി ഇന്നലെ അവസാനിച്ചു. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും സൗദി ആരാംകോ, ബ്രിട്ടീഷ് പെട്രോളിയം, ഫ്രാന്‍സിലെ ടോട്ടല്‍, റഷ്യയിലെ റോസ്നെഫ്റ്റും താത്പര്യപത്രം സമര്‍പ്പിച്ചില്ല.
ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിലെ (ബിപിസിഎല്‍) 52.98 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിനുള്ള ഇടപാടില്‍ ഒന്നിലധികം ബിഡുകള്‍ ലഭിച്ചതായി വില്‍പ്പന കൈകാര്യം ചെയ്യുന്ന നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു. ടിഎയുടെ പരിശോധനയ്ക്ക് ശേഷം ഇടപാട് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.