ദുബായ്: കാണുന്നതെല്ലാം ക്യാമറയില്‍ പകര്‍ത്താന്‍ എല്ലാവര്ക്കും ആവേശമാണ്. എന്നാല്‍ യുഎഇയിലെ പൊതു ഇടങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ മൊബൈല്‍ ക്യാമറ ഓണാക്കുന്നതിന് മുമ്പ് ഇനി പല ആവര്‍ത്തി ചിന്തിക്കണം. പൊതുനിരത്തുകളില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കുന്നതിന് പുതിയ നിബന്ധനകളാണ് യുഎഇ സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്.
അനുവാദമില്ലാതെ ഫോട്ടോ എടുക്കല്‍:
യുഎഇയില്‍ അനുവാദമില്ലാതെ ഒരു വ്യക്തിയുടെ ഫോട്ടോ എടുക്കുന്നതും അത് പ്രചരിപ്പിക്കുന്നതും നിയമപ്രകാരം 1.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ ഇ്തതരം ഫോട്ടോകള്‍ വ്യക്തിക്ക് മാനഹാനിയുണ്ടാക്കുന്നതാണെങ്കില് ശിക്ഷയുടെ കാഠിന്യവും കൂടും. അനുവാദമില്ലാതെയുള്ള ഫോട്ടോ എടുക്കല്‍ മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് സര്‍ക്കാര്‍ കാണുന്നത്. ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഓഫീസിലെത്തിയ ഒരാള്‍ ,കരയുന്ന ഫോട്ടോ മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് നേരത്തേ വലിയ വിവാദമായിരുന്നു.
വാഹനാപകടങ്ങളുടെ ചിത്രമെടുക്കല്‍:
യുഎഇയില്‍ വാഹനാപകടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ക്യാമറയില്‍ പകര്‍ത്തുന്നതും തെറ്റാണെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്കുന്നു. ഇത് നിയമനടപടികള്‍ക്ക് ഇടവരുത്തുമെന്നതോടൊപ്പം ജനങ്ങളില്‍ പല തെറ്റിദ്ധാരണകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഇടവരുത്തുകയും ചെയ്യും.ഇത്തരം ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന് മുമ്പ് ഇതിന്റെ ആധികാരികത ഉറപ്പുവരുത്തണമെന്നും അബൂദാബി പോലീസിലെ ഡയറക്ടര്‍ ഓഫ് കമാന്റ് അഫയേഴ്സ് മേജര്‍ ജനറല്‍ സാലിം ഷഹീം അല്‍ നുഐമി പറഞ്ഞു.
വാഹനമോടിക്കുമ്പോള്‍ ചിത്രം എടുത്താല്‍:
യുഎഇയില്‍ വാഹനമോടിക്കുന്നതിനിടെ കാണുന്ന രസകരമായ കാഴ്ചകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ശീലം ഒഴിവാക്കണമും പൊലീസ് മുന്നറിയിപ്പ് നല്കി. ഇത്തരം പ്രവര്‍ത്തി ട്രാഫിക് നിയമങ്ങളുടെ ലംഘനമാണ്. ഇത് നിയമനടപടികളിലേക്കും പിഴ ചുമത്തുന്നതിലേക്കും നയിക്കും. 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് സാധാരണ ഗതിയില്‍ ഇതിന് ലഭിക്കുക. എന്നാല്‍ കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ച് പിഴയും വര്‍ധിക്കും.